Thursday, September 14, 2006

നാറാണത്ത്‌ ഭ്രാന്തന്‍ വിചാരണ ചെയ്യപ്പെടുന്നു

"എന്താണ്‌ പേര്‌?"
"നാറാണത്ത്‌ ഭ്രാന്തന്‍"
"നാറാണത്ത്‌ എന്നത്‌ വീട്ടുപേരാണോ?"
"അല്ല, വട്ടപ്പേരാണ്‌"
"അച്ഛന്റെ പേര്‌? "
"വരരുചി"
"അമ്മയുടെ പേര്‌?"
"പറച്ചി അല്ലെങ്കില്‍ പറയി"
"പറായി എന്നാണല്ലോ രേഖകളില്‍ കാണിച്ചിരിക്കുന്നത്‌"
"അത്‌ അച്ചടിപ്പിശകാണ്‌. യൂണിക്കോഡില്‍ ടൈപ്പുചെയ്യുമ്പോഴുള്ള പ്രശ്നമാണ്‌"
"താങ്കള്‍ക്കെതിരായി ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. അവയുടെ നിജസ്ഥിതി അറിയുന്നതിന്‌ കോടതി താങ്കളെ വിസ്തരിക്കാന്‍ പോകുന്നു."
വക്കീല്‍ ഒരു പുസ്തകമെടുത്ത്‌ പിടിച്ചു
"ഈ പുസ്തകത്തില്‍ തൊട്ട്‌ സത്യം ചെയ്യണം."
"എന്തിന്‌?"
"ഈ കോടതിയില്‍ സത്യം മാത്രമേ ബോധിപ്പിക്കൂ എന്നതിന്‌ തെളിവിന്‌"
"ബോധിപ്പിക്കാന്‍ കളവ്‌ കൂടി ഉണ്ടാകുന്ന ഒരു സമൂഹത്തിലേ സത്യം ബോധിപ്പിക്കുന്നതിന്‌ വീണ്ടും സത്യത്തിന്റെ ഒരു ഉറപ്പ്‌ ആവശ്യമുണ്ടാകുന്നുള്ളൂ. താക്കോല്‍ സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോലെവിടെ സൂക്ഷിക്കും എന്ന വിഡഢിത്തം. നിങ്ങള്‍ നിങ്ങളുടെ ലോകത്തിലാണ്‌. ഞാന്‍ എന്റെയും. എന്റെ ലോകത്തില്‍ സത്യത്തിന്‌ വേറെ ഒന്നിന്റേയും ഉറപ്പുവേണ്ട. അതായിത്തന്നെ ബോധിപ്പിച്ചാല്‍ മതി. കൂടാതെ ഈ കോടതിയില്‍ സത്യം മാത്രമേ ബോധിപ്പിക്കൂ എന്നതില്‍ കളവുബോധിപ്പിക്കാന്‍ വേറൊരു കോടതിയുണ്ട്‌ എന്ന ഒരു ധ്വനി ഇരിക്കുന്നുണ്ട്‌"
ആളുകള്‍ കൂട്ടത്തോടെ ചിരിക്കുന്നു. വക്കീല്‍ ചമ്മുന്നു
"യുവര്‍ ഓണര്‍ ഇയാള്‍ പ്രസംഗിക്കാന്‍ നില്‍ക്കുകയാണെന്ന്‌ തോന്നുന്നു."
"ക്ഷമിക്കണം മിസ്റ്റര്‍ നാറാണത്ത്‌. താങ്കള്‍ക്ക്‌ പരിമിതമായ ഉത്തരങ്ങള്‍ പറയാനേ അധികാരമുള്ളൂ."
ഭ്രാന്തന്‍ വലിയൊരു പാറക്കല്ല്‌ മനസ്സില്‍ ഉരുണ്ടുവരുന്ന പോലെ തലകുമ്പിട്ടു നിന്നു.
"താങ്കള്‍ എന്തുകൊണ്ടാണ്‌ താങ്കള്‍ക്ക്‌ വേണ്ടി ഹാജരാവാന്‍ ഒരു വക്കീലിനെ വെയ്ക്കാത്തത്‌?"
"നരകത്തില്‍ പോകാനിടയുള്ളവരില്‍ നിന്ന്‌ ഉപദേശം തേടരുതെന്ന്‌ പ്രമാണമുള്ളതു കൊണ്ട്‌"
"യുവര്‍ ഓണര്‍ ഇയാള്‍ വക്കീല്‍ കുലത്തെ അപമാനിക്കുന്നു. അത്‌ കോടതി അലക്ഷ്യമായി പരിഗണിക്കണം"
"വേണ്ടടാ കൂവേ നമുക്കിതൊക്കെ പരിചയമുള്ളതല്ലേ. കൊക്കെത്ര കുളം... എന്നതല്ലേ നമ്മുടെ പ്രമാണം"
"താങ്കള്‍ വലിയ പാറക്കല്ലുകള്‍ ഉരുട്ടി മലയുടെ മുകളില്‍ കൊണ്ടുവെയ്ക്കുന്നു. അതിനാല്‍ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവര്‍ക്ക്‌ സ്വൈരമായി താമസിക്കാനാവുന്നില്ല എന്ന്‌ പരാതിയുണ്ടല്ലോ?"
"മുകളില്‍ കൊണ്ടുവെയ്ക്കുന്നു എന്നത്‌ ശരിയല്ല. ഞാനവ അപ്പോള്‍ തന്നെ ഉരുട്ടി വിടാറുണ്ട്‌."
"ഇതൊരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാറാണെന്നറിയാമല്ലോ. താങ്കളുടെ ഊര്‍ജജം ഇങ്ങനെ വേസ്റ്റാക്കുന്നതിനു പകരം താങ്കള്‍ക്കത്‌ പ്രയോജനകരവും ഉത്പാദനപരവുമായ മാര്‍ഗങ്ങളിലേയ്ക്ക്‌ തിരിച്ചുവിട്ടുകൂടേ?"
"താങ്കളുടെ വീക്ഷണത്തിലുള്ള പ്രയോജനവും ഉത്പാദനവുമല്ല എന്റെ വീക്ഷണത്തില്‍. ഞാന്‍ മാനസികമായ ഉല്ലാസമാണ്‌ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌."
"അത്‌കൊണ്ട്‌ സമൂഹത്തിന്‌ എന്താണ്‌ നേട്ടം?"
"സമൂഹത്തിന്‌ ഞാന്‍ സോദ്ദേശപരമായി ഒരു നേട്ടമുണ്ടാക്കിക്കൊടുക്കണം എന്നുപറയുമ്പോള്‍ വ്യക്തി എന്ന നിലയ്ക്ക്‌ എനിക്കാവശ്യമായ സന്തോഷങ്ങളെ ആര്‌ ഉത്പാദിപ്പിക്കും? ഞാന്‍ സമൂഹത്തിന്‌ പ്രയോജനം മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഉപകരണമല്ല. അതിനപ്പുറം മനസ്സ്‌ എന്ന ഒരു അവയവം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യനാണ്‌"
"യുവര്‍ ഓണര്‍ നോട്‌ ദ പോയന്റ്‌. സമൂഹം എന്ന യന്ത്രത്തിന്റെ ഒരു പാര്‍ട്‌സ്‌മാത്രമായ വ്യക്തി അതിനു തോന്നിയതുപോലെ ജീവിക്കുക എന്നത്‌ മുതലാളിത്ത വീക്ഷണമാണ്‌. അത്‌ സമൂഹത്തെ ക്ഷീണിപ്പിക്കും എന്നതിനാല്‍ അംഗീകരിക്കാനാവില്ല. ഇത്‌ വിശദീകരിച്ചുകൊണ്ടുള്ള ധാരാളം കോടതി വിധികള്‍ ചൂണ്ടിക്കാട്ടാനാവും"
"മിസ്റ്റര്‍ ഭ്രാന്തന്‍. താങ്കളെ സമൂഹം മാതൃകയാക്കുന്നെങ്കില്‍ അത്‌ എത്രമാത്രം പിന്തിരിപ്പനാവും?"
"ഇന്ന്‌ സമൂഹത്തിനുള്ള മാതൃകകള്‍ എത്രമാത്രം ഗുണകരമാണ്‌ എന്ന്‌ തെളിയിക്കുന്നതിന്‌ ഗവണ്‍മെന്റ്‌ കമ്മീഷനുകളെ നിയോഗിക്കണം. അതിനേക്കാള്‍ എത്രയോമെച്ചമാണ്‌ ഞാനവതരിപ്പിച്ച മാതൃക എന്നത്‌ അപ്പോഴേ ബോധ്യമാകൂ"
"മിസ്റ്റര്‍ ഭ്രാന്തന്‍, താങ്കള്‍ സ്ത്രീകളെ ഭയപ്പെടുത്തുന്നു എന്ന്‌ കേള്‍ക്കുന്നല്ലോ"
"തെളിവുണ്ടോ?"
"ചോദ്യം പാടില്ല ഉത്തരങ്ങളേ ആകാവൂ"
"വളരെ ചുരുക്കം ചില അവസരങ്ങളില്‍ ചോദ്യമാണ്‌ ഉത്തരങ്ങളേക്കാള്‍ ഫലപ്രദം"
"പരാതി ചുടലയില്‍ തമസിക്കും കാളി എന്ന സ്ത്രീയുടേതാണ്‌. താങ്കളുടെ ഇടതുകാലിലെ മന്ത്‌ വലതുകാലിലേക്കു മാറ്റിയത്‌ ഡോക്ടര്‍ കാളിയെ ഭയപ്പെടുത്തിയല്ലേ?"
"അവരാണ്‌ എന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചത്‌."
"ഇക്കാര്യത്തിന്‌ വിടേശത്ത്‌ നിന്ന്‌ ഫണ്ട്‌ കൈപ്പറ്റിയിട്ടുണ്ടെന്ന്‌ പറഞ്ഞാല്‍?"
"ശക്തിയായി നിഷേധിക്കും"
"ഒരു സ്ത്രീയെന്ന നിലയ്ക്ക്‌ കാളിയോട്‌ അപമര്യാദയായി പെരുമാറിയില്ലേ?"
"സ്ത്രീ പുരുഷന്‍ തുടങ്ങിയ വര്‍ഗീകരണങ്ങളില്‍ എനിക്ക്‌ താല്‍പര്യമില്ല, ആളുകളെ മനുഷ്യര്‍ എന്ന നിലയില്‍ കാണാനാണെനിക്കിഷ്ടം. പക്ഷെ നമുക്കിന്നില്ലാതെ പോയത്‌ ഒരു പൊതുസമൂഹമാണ്‌"
"താഴ്‌ന്ന ജാതിയില്‍പെട്ട കാളിയെ ജാതിപ്പേര്‌ വിളിച്ച്‌ അപമാനിച്ചില്ലേ?"
"മുകളിലത്തെ ഉത്തരം തന്നെ താഴത്തേതിനും. കൂടാതെ അമ്മവഴിവയില്‍ താണകുലജാതനായ ഞാനങ്ങനെ ചെയ്യില്ല"
"താങ്കള്‍ക്കെതിരെ സ്ത്രീപീഡനത്തിന്‌ വകുപ്പുണ്ട്‌ എന്നറിയാമോ?"
"അറിയില്ല. എങ്കിലും അങ്ങനെമാത്രം ആരോപിക്കരുതേ"
"ഈ പ്രശ്നത്തിന്‌ കാളിയുടെ സംഘത്തില്‍ അംഗമായ ശ്രീ കാഞ്ഞിരത്തില്‍ കുട്ടിച്ചാത്തനെ പിന്നീട്‌ വിസ്തരിക്കാന്‍ കോടതിയുടെ അനുമതിയുണ്ടാകണം"
"സാക്ഷി ഹാജരുണ്ടോ?"
"ഇല്ല"
"അപ്പോള്‍ ഉണ്ടാകുമ്പോള്‍ പരിഗണിക്കാം"
"താങ്കള്‍ താമസത്തിന്‌ ശ്മശാനങ്ങള്‍ തെരഞ്ഞെടുക്കുന്നു എന്നത്‌ ശരിയാണോ?"
"ശരിയാണ്‌"
"അത്‌ ആത്മാക്കള്‍ക്കുള്ളതല്ലേ. മനുഷ്യന്‍ അവിടെ പ്രവേശിക്കുന്നത്‌ കയ്യേറ്റമാണെന്ന്‌ പറഞ്ഞാല്‍ നിഷേധിക്കുമോ?"
"നിഷേധിക്കും. ഒന്ന്‌. മനുഷ്യന്‍ തന്നേയാണ്‌ ആത്മാവ്‌ എന്നത്‌. ഒന്ന്‌ മറ്റൊന്നില്‍ നിന്ന്‌ വിഭിന്നമല്ല. രണ്ട്‌. ഏതുമനുഷ്യനും എപ്പോഴും പ്രവേശിക്കാവുന്നതും ശ്മശാനത്തില്‍ മാത്രമാണ്‌. മൂന്ന്‌. താങ്കളുടെ പുറം ലോകത്തേക്കാള്‍ എത്രയോമെച്ചമാണ്‌ ശ്മശാനം. അതിന്‌ ഉത്തരവദി ഞനല്ല. സര്‍ക്കാരും സമൂഹവുമാണ്‌"
"ഇത്തരം പ്രസ്ഥാവനകള്‍ക്ക്‌ തെളിവുവേണം"
"എന്റെ അനുഭവമാണ്‌ സാക്ഷ്യം"
"എന്ത്‌ അനുഭവം?"
"സ്ത്രീകളെ വേറെ ഏതോ വര്‍ഗമായി പരിഗണിക്കുകയും സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ശത്രുക്കളെപോലെ ഏതുനിമിഷവും ആക്രമിക്കപ്പെടാനും ആരോപണവിധേയമാകാനും സാധ്യതയുള്ള ഭീതിതമായ ഒരന്തരീക്ഷത്തിനേക്കാള്‍ ശ്മശാനങ്ങള്‍ എത്രയോ മെച്ചം. സാക്ഷ്യങ്ങള്‍ ഇനിയുമുണ്ട്‌"
കോടതി ഇടപെട്ടു
"ആത്മാക്കളില്‍ നിന്ന്‌ പരാതി കിട്ടിയിട്ടുണ്ടോ?"
"യുവര്‍ ഓണര്‍ അത്‌ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്‌"
"പരാതിയായി എഴുതിക്കിട്ടിയിട്ടുണ്ടോ എന്നാണ്‌ ചോദ്യം"
"ഇല്ല"
"അപ്പോള്‍ കിട്ടിയ പരാതികളില്‍ മതി വിസ്താരം. വേലിക്കകത്തിരിക്കുന്നതിനെ എടുത്ത്‌ വേണ്ടാത്തിടത്ത്‌ വെയ്ക്കരുതെന്ന്‌ പഞ്ചാബ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുണ്ട്‌"
"നമുക്ക്‌ കാതലായ പ്രശ്നത്തെപ്പറ്റിപ്പറയാം. താങ്കളുടെ എല്ലുകള്‍ അല്ല കല്ലുകള്‍ ആളുകളെ ഭയപ്പെടുത്തുന്നു. താങ്കള്‍ക്ക്‌ മറ്റെന്തെങ്കിലും ചെയ്തുകൂടെ?"
"തനിക്ക്‌ തന്റെ പണി എനിക്ക്‌ എന്റേതും"
കോടതി ഇടപെട്ടു.
"താന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അണ്‍പാര്‍ല്യമെന്‍റ്റി പട്ടികയിലാണ്‌ പെടുത്തിയിട്ടുള്ളത്‌. ആവര്‍ത്തിക്കരുത്‌."
"കല്ലുരുട്ടി മല കയറ്റുന്നതില്‍ നിന്ന്‌ എന്തു നേട്ടമാണ്‌ താങ്കള്‍ പ്രതീക്ഷിക്കുന്നത്‌?"
"ലോകത്തിന്‌ അതിന്റെ വൃഥാവ്യായാമങ്ങളുടെ പൊള്ളത്തരം കാണിച്ചുകൊടുക്കുന്നു."
"താങ്കള്‍ ആളുകളെ വഴി തെറ്റിക്കുന്നു എന്നു പറഞ്ഞാല്‍.."
"ആളുകള്‍ക്ക്‌ തെറ്റാനൊരു വഴിയില്ല."
"ദാറ്റ്‌സ്‌ ഓള്‍ യുവര്‍ ഓണര്‍"
"എന്തിനാണ്‌ നാറാണത്ത്‌ ഭ്രാന്തന്‍ കല്ലുരുട്ടി മലകയറ്റുന്നത്‌ എന്ന്‌ കൃത്യമായി തെളിയിക്കാന്‍ പ്രോസിക്ക്യൂഷന്‌ കഴിയാത്തതിനാല്‍ പ്രശ്നം സി. ബി. െ‍എക്ക്‌ വിടാന്‍ ഈ കോടതി ഉത്തരവാകുന്നു. ആരോപിക്കപ്പെട്ട മറ്റു കേസുകള്‍ അതിനുശേഷം പരിഗണിക്കുന്നതായിരിക്കും. അത്‌ വരെ വിചാരണത്തടവുകാരനായി ഇയാളെ ജയിലിലടക്കാന്‍ ഉത്തരവാകുന്നു."
"ഒരപേക്ഷയുണ്ട്‌. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയയ്ക്കരുതേ."
"എന്തുകൊണ്ട്‌?"
"അത്‌ സംവരണജയിലാണ്‌. കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിന്‌ അടിയന്‌ ഭയമുണ്ട്‌"
"കോയമ്പത്തൂര്‍ പറ്റുമോ?"
"കുഴപ്പമില്ല. പുറത്തുവരാതിരിക്കാനാണെനിക്കിഷ്ടം. കാരണം ലോകം മൊത്തം ഒരു വലിയ ജയിലാണെന്ന്‌ ഫൂക്കോ പറഞ്ഞിട്ടുണ്ട്‌. അതിനാല്‍ ജയില്‍ എന്നു പറയുന്നതില്‍ ഞാന്‍ വലിയ വ്യത്യാസം കാണുന്നില്ല. നോക്കിയാല്‍ കാണുന്ന മതിലുകളില്ലെന്നേയുള്ളൂ. സൂക്ഷിച്ചു നോക്കിയാല്‍ താങ്കളുടെ ചുറ്റുമുള്ള വന്‍മതിലുകള്‍ താങ്കള്‍ക്ക്‌ ദൃശ്യമാകും"
"വേറെന്തെങ്കിലും"
"എനിക്കെതിരെയുള്ള ഒരു പരാതിയിലും അന്വേഷണം കേരളാപോലീസിനെ ഏല്‍പിക്കരുത്‌"
കോടതി തല്‍ക്കാലത്തേക്ക്‌ പിരിയുന്നു

20 comments:

അത്തിക്കുര്‍ശി said...

കല്ലേച്ചി,
കലക്കി..

വാളൂരാന്‍ said...

സരസമായ സംഭാഷണങ്ങളിലൂടെയും സാമൂഹ്യവിമര്‍ശനം ഇത്രഭംഗിയായി നടത്താമെന്ന്‌ ഇപ്പൊഴാണ്‌ ശരിക്കും വ്യക്തമായത്‌... നന്നായിട്ടുണ്ടേ.....

myexperimentsandme said...

ധാരാളം സമകാലിക സംഭവങ്ങള്‍ ഒരൊറ്റ പോസ്റ്റില്‍. വിമര്‍ശനത്തിന്റെ നല്ലൊരു രീതി. നന്നായിരിക്കുന്നു.

"സമൂഹത്തിന്‌ ഞാന്‍ സോദ്ദേശപരമായി ഒരു നേട്ടമുണ്ടാക്കിക്കൊടുക്കണം എന്നുപറയുമ്പോള്‍ വ്യക്തി എന്ന നിലയ്ക്ക്‌ എനിക്കാവശ്യമായ സന്തോഷങ്ങളെ ആര്‌ ഉത്പാദിപ്പിക്കും? “

നല്ല ചോദ്യം. അത് ആരുടെ കടമ?

Rasheed Chalil said...

ഒത്തിരി ഇഷ്ടമായി.

മഹേഷ് said...

കാര്യവിവരമുള്ളവരുടെ സാന്നിദ്ധ്യം ബ്ലോഗില്‍ കാണുന്നത് ഇത്തരം പോസ്റ്റുകളിലൂടെയാണ്.

രാജ് said...

നന്നായിരിക്കുന്നു കല്ലേച്ചി. എം.പി.നാരായണപ്പിള്ളയുടെ കഥകളിലെ കോടതി രംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

prapra said...

ഇത് സാമൂഹ്യ വിമര്‍ശനമാണോ, സത്യത്തിന്‌ നേരെ പിടിച്ച കണ്ണാടിയോ?

Unknown said...

കല്ലേച്ചീ,
വളരെ നാളുകള്‍ക്ക് ശേഷം എന്റേതായ രീതിയില്‍ ഞാന്‍ ആസ്വദിച്ച ഒരു പോസ്റ്റ്.

അധികം ആളുകള്‍ക്ക് കഴിയുന്ന ഒന്നല്ല ഇത് പോലുള്ള പോസ്റ്റുകള്‍.അഭിനന്ദനങ്ങള്‍!

Sudhir KK said...

കല്ലേച്ചീ, സാമൂഹ്യവിമര്‍ശനം വളരെ നന്നായിരിക്കുന്നു. വ്യക്തി സമൂഹത്തിനു കീഴ്‌പ്പെട്ടു ജീവിക്കണമെന്നും സോദ്ദേശപരമായി നേട്ടമുണ്ടാക്കാന്‍ പറ്റീലെങ്കിലും പാര പണിയാതെയെങ്കിലും ഇരിക്കണമെന്നുമാണ് എന്റെ വിശ്വാസം. കല്ലുരുട്ടിക്കയറ്റി താഴേക്കു തള്ളിയിടുന്നത് വിനോദമല്ല, മറിച്ച് സ്വാര്‍ത്ഥമായ സമൂഹത്തിനോടുള്ള നാറാണത്തു ഭ്രാന്തന്റെ പരിഹാസമാണ് എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. വൈയക്തികമായി അങ്ങനൊരു വിയോജിപ്പുണ്ടെങ്കിലും ഈ കൃതി ഉജ്ജ്വലമാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

ലിഡിയ said...

ഒരു വലിയ സത്യം,ലളിതമായ വാക്കുകളില്‍.

ഒരുപാട് ആഴങ്ങളുള്ള ചിന്തകള്‍

എല്ലാ അഭിനന്ദനവും അര്‍ഹിക്കുന്നു.(അഭിനന്ദിക്കാന്‍ നീയാര് എന്ന് ചോദിക്കില്ലെങ്കില്‍ സ്വീകരിച്ചോളൂ)

-പാര്‍വതി.

Adithyan said...

കല്ലേച്ചീ, വളരെ നന്നായിരിക്കുന്നു. താങ്കളുടെ ലേഖനങ്ങളില്‍ ഹാസ്യത്തിന്റെ അടിയൊഴുക്ക് സാധാരണ കാണാറില്ലായിരുന്നു. അതും വഴങ്ങും അല്ലെ?

വ്യക്തിയാണോ സമൂഹമാണോ വലുത് എന്ന ചോദ്യം അപ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. വ്യക്തിയില്ലാതെ സമൂഹമില്ല. സമൂഹമില്ലാതെ വ്യക്തിയും. വ്യക്തിയുടെ ആവശ്യങ്ങളും സമൂഹത്തിന്റെ പ്രവര്‍ത്തനരീതിയും പരസ്പരപൂരകങ്ങളാവണം എന്നാണ് എന്റെ കാഴ്ചപ്പാട്.

ജ്യോതിര്‍മയി /ज्योतिर्मयी said...

നാറാണത്തുഭ്രാന്താ, കൊട്‌ കൈ!
ഇന്നും നിലനില്‍ക്കുന്ന പലപല പ്രശ്നങ്ങളേയും രസകരമായി(?) കുറിയ്ക്കുകൊള്ളുന്ന വിധം അവതരിപ്പിച്ചിരിയ്ക്കുന്നു. നാറാണത്തുഭ്രാന്തനെ തെരെഞ്ഞെടുത്തതും വളരെ ഉചിതമായി.

സു | Su said...

പതിവുപോലെ നന്നായി. മൊത്തം ഹാസ്യം ആയതുകൊണ്ടാണോ അവസാനം വെക്കുന്ന ഫലിതം ഒഴിവാക്കിയത്? താങ്കളുടെ കുറേ പോസ്റ്റുകള്‍ വാ‍യിക്കാനുണ്ട്.

ഉമേഷ്::Umesh said...

കലക്കി, കല്ലേച്ചീ.

നല്ല സറ്റയര്‍ ആദ്യമായാണല്ലോ (മന്‍‌ജിത്തിന്റെയും സന്തോഷിന്റെയും ബെന്നിയുടെയും ചില പോസ്റ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍) ബൂലോഗത്തില്‍. കൊള്ളാം!

viswaprabha വിശ്വപ്രഭ said...

കല്ലേച്ചീ,
ഒരിക്കല്‍ കൂടി ഈ സിദ്ധിയ്ക്കു മുന്നില്‍ ഈയുള്ളവന്റെ സാഷ്ടാംഗപ്രണാമം!

കുറുമാന്‍ said...

കല്ലേച്ചിയുടെ പോസ്റ്റുകള്‍ അതികം വായിച്ചിട്ടുമില്ല, കമന്റുകള്‍ ഇട്ടിട്ടുമില്ല.....വായിച്ച ഈ പോസ്റ്റ് മനസ്സില്‍ കൊണ്ടു. ഗുരുവായി കരുതി,ഗുരു ദക്ഷിണ സ്വീകരിച്ചാലും.....

സന്തോഷ് പറഞ്ഞ അതികം കുത്തു കോമകള്‍ ഈ കമന്റിന്റെ വികൃതമാക്കുന്നുവെങ്കിലും, മായ്ക്കാന്‍ സമയമില്ലാത്തതിനാല്‍ ക്ഷമിക്കൂ....

വന്ദനം ഗുരോ വന്ദനം

evuraan said...

അമ്മയുടെ പേര്‌?"
"പറച്ചി അല്ലെങ്കില്‍ പറയി"
"പറായി എന്നാണല്ലോ രേഖകളില്‍ കാണിച്ചിരിക്കുന്നത്‌"
"അത്‌ അച്ചടിപ്പിശകാണ്‌. യൂണിക്കോഡില്‍ ടൈപ്പുചെയ്യുമ്പോഴുള്ള പ്രശ്നമാണ്‌"


കല്ലേച്ചി, ഇഷ്ടപ്പെട്ടു എന്നറിയിക്കുന്നു.

ചിരിക്കാനും വകയുണ്ടായിരുന്നു..!

Manjithkaini said...

സ്ത്രീകളെ വേറെ ഏതോ വര്‍ഗമായി പരിഗണിക്കുകയും സ്ത്രീപുരുഷന്‍മാര്‍ പരസ്പരം ശത്രുക്കളെപോലെ ഏതുനിമിഷവും ആക്രമിക്കപ്പെടാനും ആരോപണവിധേയമാകാനും സാധ്യതയുള്ള ഭീതിതമായ ഒരന്തരീക്ഷത്തിനേക്കാള്‍ ശ്മശാനങ്ങള്‍ എത്രയോ മെച്ചം.

ഒരു പ്രവാചകന്റെ ആത്മാവുണ്ടീ വാക്കുകളില്‍. കൊള്ളാം, നന്നായി തുടങ്ങിയ പദങ്ങള്‍ക്ക് താങ്കളുടെ ജീവിതത്തില്‍ എന്തുമാത്രം പ്രസക്തിയുണ്ടെന്നറിയില്ല. എങ്കിലും പറയാതിരിക്കാനാകുന്നില്ല കല്ലേച്ചീ. അതിഗംഭീരം.

Anonymous said...

തിരിച്ചറിവുകളുടെ ചക്രവര്‍ത്തി വ്യക്തിയാണെന്നിരിക്കെ, വ്യക്തി നേടിയ അറിവുകളുടെയും ആവേഗങ്ങളുടേയും പ്രജയാണ്‌ സമൂഹമെന്നിരിക്കെ താങ്കളുടെ ചിന്തകളോട് എനിക്ക് അനുഭാവമുണ്ട്. ശക്തമായ കാന്തിക മണ്ഡലമുള്ള മസ്തിഷ്കങ്ങളീലേക്ക് ഇരുമ്പുതരികളെപ്പോലെ പറന്നു പോകുന്നു സമൂഹവും, പ്രതിരോധിക്കാനാവില്ല ആ ആകര്‍ഷണങ്ങളെ.

Anonymous said...

ഇന്നാ കല്ലേച്ചി, കൂടുതല്‍ വായനയ്ക്ക്

http://stripe.colorado.edu/~morristo/sisyphus.html

നാറാണത്തു ഭ്രാന്തന്റെ ഗ്രീക്കു വേ‍ഷന്‍.

-- സിമി.