Thursday, September 07, 2006

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

ഇന്ന്‌ സ്ത്രീകള്‍ അവരുടെ ശരീരത്തിന്റെ സംരക്ഷകര്‍ മാത്രമാണ്‌. അല്ലാതെ ഉടമസ്ഥരല്ല. ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്നുകൊണ്ടാണ്‌ നമ്മുടെ മുഴുവന്‍ സ്ത്രീവാദങ്ങളും ആരംഭിക്കുന്നത്‌. പലപ്പോഴും ഈ വ്യത്യാസം പുരോഗമന സ്ത്രീവാദികള്‍ക്ക്‌ പോലും മനസ്സിലാകുന്നുമില്ല. അവരധികവും ഏറ്റവും ഭംഗിയായ രീതിയില്‍ ഈ സംരക്ഷണവലയം ഉറപ്പിക്കാനാണ്‌ അധ്വാനിക്കുന്നത്‌. സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌ നാം ഇതേപോലൊരു ചര്‍ച്ച നേരത്തെ നടത്തിയിട്ടുണ്ട്‌. ഫ്യൂഡല്‍ വിശ്വാസങ്ങളും മതം നല്‍കിയ സദാചാര സങ്കല്‍പങ്ങളുമാണ്‌ ഈ സംരക്ഷകറോളിലേക്ക്‌ സ്ത്രീയെ ഒതുക്കുന്നത്‌. ഇങ്ങനെ രൂപപ്പെട്ട ഒരു സമൂഹമായതിനാലാണ്‌ നാട്ടാന ഗര്‍ഭങ്ങള്‍ ഗോസിപ്പുകളായി തീരുന്നത്‌. ഏതു മന്ത്രിയുടെ പേരാണ്‌ ആന പറയുന്നത്‌ എന്നാവും ഇപ്പോള്‍ ആളുകള്‍ കാത്തിരിക്കുന്നത്‌. (തായ്‌ലാണ്ടിലും മറ്റും നാട്ടാന ഗര്‍ഭങ്ങള്‍ ഒരു സാധാരണ സംഭവമാണെന്നുമാത്രമല്ല മറ്റു കന്നുകാലികളെ ചവിട്ടിക്കുന്നതുപോലെ ആനകളേയും ഇണയെടുപ്പിക്കുന്നു. ഇത്‌ 'തെരാനോവ' ടെലിവിഷനില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. നമ്മുടേത്‌ ലൈംഗികാടിമത്വം നിലനില്‍ക്കുന്ന സമൂഹമായതിനാല്‍ അവിടെ മൃഗങ്ങള്‍ക്കും രക്ഷയില്ല)

ഒരു സ്ത്രീ സ്വയം തീരുമാനിച്ചാല്‍ പോലും അവളുടെ ശരീരം വിശേഷിച്ചും ലൈംഗിക ശരീരം സ്വാതന്ത്ര്യമാര്‍ജ്ജിക്കാനാവില്ല. അങ്ങനെ ഒരു സ്ത്രീ ധൈര്യം കാണിച്ചാല്‍ ഇന്നത്തെ മൊത്തം സ്ത്രീ സംഘടനകള്‍ പോലും അവരെ പിഴച്ചവളായേകാണൂ. കാരണം സംരക്ഷക എന്ന ചുമതല അവള്‍ക്ക്‌ നിര്‍വഹിക്കാനായില്ല. ലൈംഗിക ശരീരവുമായി ബന്ധപ്പെട്ട്‌ ചാരിത്ര്യം തുടങ്ങി ധാരാളം കാര്യങ്ങള്‍ അബലയായ അവളെ ഏല്‍പിച്ചിട്ടുണ്ട്‌ നാം. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളുടെ സംരക്ഷണ ചുമതല അബലയായവരുടെ കയ്യിലേല്‍പിക്കുന്നതില്‍ ഒരു തകരാറില്ലേ?

ഒരു വസ്ഥുവായാണ്‌ സ്ത്രീ പരിഗണിക്കപ്പെട്ടിരുന്നത്‌, ഇപ്പോഴും പരിഗണിക്കുന്നത്‌. ഈ വസ്ഥു അഥവാ സ്ത്രീ ശരീരം അതിന്റെ യഥാര്‍ഥ ഉടമസ്ഥനുവേണ്ടി പരിശുദ്ധമാക്കി നിര്‍ത്തുക എന്ന ഭാരിച്ച ചുമതലയാണവള്‍ക്ക്‌. ഉടമസ്ഥനെ കണ്ടെത്തുമ്പോള്‍ താലി, സിന്തൂരം, മിസ്സിസ്‌, ശ്രീമതി സംബോധന തുടങ്ങി പലകാര്യങ്ങളും അതിന്റെ ഉടമസ്ഥനെ പരിചയപ്പെടുത്തുന്നതിനായുണ്ട്‌. ഒരു വാഹനത്തെ നോക്കൂ, അതിന്‌ നമ്പര്‍ പ്ലേറ്റ്‌, മറ്റു രേഖകള്‍ തുടങ്ങി ഉടമസ്ഥാവകാശം സൂചിപ്പിക്കുന്ന ധാരാളം സംഗതികളുണ്ട്‌. ഇതില്ലാതെ സൌകര്യത്തിന്‌ കിട്ടുന്ന ഒരു സ്ത്രീയെ കളഞ്ഞു കിട്ടിയ നിധിപോലെയാണ്‌ ആളുകള്‍ കയ്യിട്ടുവാരുക. ഇവിടെയുള്ള വിവക്ഷ എന്നത്‌ നിധിയോടുള്ള സ്നേഹമല്ല, മറിച്ച്‌ അന്യന്റെ മുതല്‍ കൈവശപ്പെടുത്തുമ്പോഴുള്ള ആര്‍ത്തിയെ തൃപ്തിപ്പെടുത്തുന്ന ഒരു സുഖമാണ്‌.

പുരുഷാധിപത്യത്തില്‍ സമൂഹം വളര്‍ന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. എല്ലാ അസ്വതന്ത്രതയും ചില സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കുന്നുണ്ട്‌. തങ്ങളുടെ അസ്വതന്ത്രത അവര്‍ക്ക്‌ നല്‍കിയ ചില സ്വാതന്ത്ര്യങ്ങളാണ്‌ അവര്‍ പുരുഷന്‍മാരെ തരം കിട്ടിയാല്‍ ശിക്ഷിക്കാനുപയോഗിക്കുന്നത്‌. ഇതിന്റെ തിക്തഫലങ്ങള്‍ നമ്മുടെ പുരുഷന്‍മാര്‍ ഇന്നനുഭവിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട്‌ ധാരാളം അന്ധവിശ്വാസങ്ങളുണ്ട്‌. അവയില്‍ ചിലതാണ്‌ സ്വന്തം ചാരിത്ര്യത്തെ ഒരു സ്ത്രീ തള്ളിപ്പറയില്ല. സ്വന്തം കുഞ്ഞിന്റെ പിതൃത്വത്തെ മാറ്റിപ്പറയില്ല, കാര്യലാഭത്തിന്‌ ചാരിത്ര്യത്തെ ആയുധമാക്കില്ല തുടങ്ങിയവ. അങ്ങനെ പറയാത്തവരുണ്ട്‌ എന്നത്‌ നിഷേധിക്കുന്നില്ല എന്നാല്‍ അങ്ങനെ പറയുന്നവരുമുണ്ട്‌ എന്നത്‌ വസ്തുതയാണ്‌. ഈ പരിതസ്ഥിതിയില്‍ നിര്‍മിക്കപ്പെട്ട സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കാന്‍ പോകുന്നേയുള്ളൂ. പുരുഷാധിപത്യത്തില്‍ വളര്‍ന്ന സമൂഹം അവരറിയാതെ സ്ത്രീക്ക്‌ നല്‍കിയ ഒരു "റിയാക്ഷനാണ്‌" ഇങ്ങനെ പറയാന്‍ കഴിയുക എന്നത്‌ ഒരു പാടു നല്ല നാണയങ്ങള്‍ക്കിടയില്‍ ചില കള്ള നാണയങ്ങളും. നേരത്തെ നാം പറഞ്ഞ വസ്തു എന്ന പരിഗണന കൊണ്ടാണ്‌ മറ്റാരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ ശത്രുവിനെപോലെ ആളുകള്‍ പെരുമറുന്നത്‌. സ്ത്രീയെ ശരീരത്തിന്റെ കൂടുതല്‍ കൂടുതല്‍ സംരക്ഷകരാക്കി മാറ്റുന്ന സമൂഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം ശത്രുക്കള്‍ തമ്മിലുള്ള ബന്ധമായാണ്‌ നിര്‍വചിച്ചു നിര്‍ത്തിയിരിക്കുന്നത്‌ . ഇങ്ങനെ പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഒരു പക്ഷം ആക്രമണകാരികളായില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിന്‌ പ്രതിവിധി, സ്ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം അവള്‍ക്ക്‌ കൊടുക്കുക എന്നതും സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പരസ്പരസ്നേഹത്തിന്റേയും അംഗീകാരത്തിന്റേയും ബഹുമാനിക്കലിന്റേതുമാക്കി വളര്‍ത്തുക എന്നതുമാണ്‌.

മനുഷ്യന്‌ കാമം ജന്‍മസിദ്ധമാണ്‌. പുരുഷനിലെ കാമത്തിനും അതിന്റെ പൂര്‍ത്തീകരണത്തിനും അവന്റെതായ വഴികളുണ്ട്‌. അവന്റെ ശരീരഘടന അതിനനുസരിച്ചായത്‌ അവന്റെ കുറ്റവുമല്ല. സ്ത്രീയുടെ ലൈംഗികതയ്ക്കും പൂര്‍ത്തീകരണത്തിനും ചില സ്ത്രൈണ വഴികളാണുള്ളത്‌. ഒരു പുരുഷനെന്ന നിലയ്ക്ക്‌ വളരെ കൃത്യമായി എനിക്കതറിയില്ല. എങ്കിലും കാമം സ്ത്രീയിലുമുണ്ടെന്നും അതിന്‌ അതിന്റേതായ പൂര്‍ത്തീകരണമുണ്ടെന്നും അവ സാധ്യമല്ലെങ്കില്‍ അവള്‍ക്കും പുരുഷന്റെ സമാനമായതോ അതിലധികമോ വിഷമതകളുണ്ടെന്നും അറിയാം. മാത്രമല്ല ലൈംഗികതയുടെ ആവശ്യം സൃഷ്ടിയുമായി ബന്ധപ്പെട്ടതതാണെന്നും ഇക്കാര്യത്തില്‍ സ്ത്രീക്കാണ്‌ കൂടുതല്‍ പ്രാധാന്യമെന്നതും കാരണം സ്ത്രീയുടെ ലൈംഗികാവശ്യകത കൂടുതലായിരിക്കാമെന്ന്‌ നാം ഊഹിക്കുന്നു. ഇങ്ങനെ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യത്തെ പാപമായി കണക്കാക്കപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? സത്യത്തില്‍ ഒരു മനുഷ്യന്‌ അവന്റെ ലൈംഗികാവശ്യത്തെ ചില ഘട്ടങ്ങളില്‍ അടക്കാനായില്ലെങ്കില്‍ അവന്‍ ക്രൂശിക്കപ്പെടുന്നതെന്തുകൊണ്ടാണ്‌? ഓര്‍ക്കുക പല രാജ്യങ്ങളിലും പരമാവധി ശിക്ഷയാണ്‌ ഇത്തരം കേസുകള്‍ക്ക്‌ നല്‍കുന്നത്‌. എന്നിട്ടും ആളുകള്‍ അത്‌ കാര്യമാക്കുന്നില്ലെങ്കില്‍ അത്‌ എന്തുകൊണ്ട്‌ എന്നാലോചിക്കേണ്ടതുണ്ട്‌. മറിച്ച്‌ ശരീരത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമായുള്ള സ്ത്രീ സമൂഹത്തില്‍ സ്ത്രീകള്‍ ലൈംഗികാവശ്യം ഉന്നയിച്ച ഒരു പുരുഷനെ ശത്രുവായി പരിഗണിക്കുകയില്ല. ഇതേ ആവശ്യം എനിക്കു കൂടി ഇല്ലാത്ത ഒരവസരത്തില്‍ അതുള്ള ഒരു സ്ത്രീയെ സമീപിക്കൂ എന്ന്‌ പറയുകയേയുള്ളൂ. വളരെപെട്ടെന്ന്‌ അതിരു കടക്കാവുന്ന ഒരു വിഷയമാണ്‌ ലൈംഗികത. അതിനാല്‍, ഇണയുടെ നിഷേധത്തില്‍ ഈ ആവശ്യങ്ങള്‍ അവസാനിക്കേണ്ടതാണ്‌. പക്ഷെ, ഈ ആവശ്യമേ പ്രകടിപ്പിക്കരുത്‌ എന്നു പറയുന്നത്‌ എങ്ങനെ ശരിയാവും?

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ പ്രേമം ചോദിക്കുന്നത്‌ എന്റെ സമൂഹത്തില്‍ വലിയ കുറ്റമായിരുന്നു. എന്റെ ബന്ധത്തില്‍പെട്ട ഒരു പെണ്‍കുട്ടിയോട്‌ ഒരു യുവാവ്‌ ഇതേപോലെ വഴിയില്‍ വെച്ച്‌ പ്രേമം ചോദിച്ചതിന്‌ പെണ്‍കുട്ടി കരഞ്ഞ്‌ വീട്ടില്‍ വരികയും വലിയ പ്രശ്നമാവുകയും ഒടുക്കം ഈ പ്രശ്നം എന്റെ ശ്രദ്ധയില്‍ വരികയും ചെയ്തു. ഒരു പെണ്‍കുട്ടിയോട്‌ സ്നേഹം ചോദിക്കുന്നത്‌ ഇത്രവലിയ അപരാധമോ എന്ന എന്റെ ചോദ്യത്തിന്‌ പക്ഷെ ആരും മറുപടി പറഞ്ഞില്ല. പണ്ട്‌ കലാകൌമുദിയില്‍ വന്ന ഒരു പെണ്‍ ലേഖനത്തിലെ ചില കാര്യങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കട്ടെ. ഈ ലേഖിക കൊച്ചിയില്‍ ഒരു വൈകുന്നേരം വാഹനം കാത്തിരിക്കുന്നു. അവര്‍ മാന്യനായ ഒരാളെ പരിചയപ്പെടുന്നു. അയാളൊരു സിനിമാപ്രവര്‍ത്തകനാണ്‌. രണ്ടുപേരും പരിചയപ്പെടുന്നു, ഹോട്ടലില്‍ പോകുന്നു. ചായ കുടിക്കുന്നു, കടിക്കുന്നു. പണം സിനിമാക്കാരന്‍ "പേയ്‌" ചെയ്യുന്നു. പുറത്തിറങ്ങിയപ്പോള്‍ നേരം വൈകി. അപ്പോള്‍ സിനിമാക്കാരന്‍ ഇങ്ങനെ ചോദിച്ചു.
"സമയം വൈകി. നിങ്ങളിനി വീട്ടിലെത്തുമ്പോള്‍ ഇരുട്ടും. വിരോധമില്ലെങ്കില്‍ ഞാനിവിടെ മുറിയെടുത്താണ്‌ താമസിക്കുന്നത്‌. ഇന്ന്‌ അവിടെ താമസിച്ച്‌ നാളെ പോകാം" ഈ വാചകമാണ്‌ അവരുടെ ലേഖനത്തിന്റെ കാതല്‍. ഇതു പറയുന്നതുവരെ അവര്‍ ഒരു അസാധാരണത്വവും അമാന്യതയും അയാളില്‍ ദര്‍ശിച്ചിരുന്നില്ല. അയാളുടെ കൂടെ ഹോട്ടലില്‍ കയറാം, ചായ കുടിക്കാം, കടിക്കാം, സെള്ളാം. അവസാനം വളരെ മാന്യമായി അയാളൊരു നിര്‍ദ്ദേശം വെച്ചതിന്‌
"നിങ്ങള്‍ കരുതുമ്പോലെയല്ല ലോകം. പറ്റുമെങ്കില്‍ എന്റെ കൂടെ വീടുവരെ വന്ന്‌ എന്നെ ഒന്നു സഹായിക്കൂ" എന്നു പറയുന്നതിനു പകരം അയാളെ ശകാരം കൊണ്ടു മൂടുകയാണ്‌ ഇവര്‍. കൂടെ കയ്യടിക്കാന്‍ കുറേ സ്ത്രീകളും അത്‌പോലെയുള്ള പുരുഷന്‍മാരും. ഞാനയാളുടെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും കാണുന്നില്ല. എന്റെ റൂമില്‍ എന്റെ കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടക്കാമെന്നൊന്നുമല്ല. ഒരു പക്ഷെ റൂമില്‍ നിങ്ങള്‍ കിടന്നോളൂ ഞാന്‍ പുറത്ത്‌ കിടന്നോളാം എന്നാവും അയാളുദ്ദേശിച്ചതെങ്കിലോ? പക്ഷെ എന്റെ റൂമില്‍ കിടക്കാന്‍ പോരുന്നോ എന്നായിപ്പോയി ചോദ്യം. മാന്യമായ രീതിയിലുള്ള ചോദ്യത്തിന്‌ മാന്യമായ രീതിയിലുള്ള ഒരു നിഷേധം കൊണ്ടു തീരേണ്ടിയിരുന്ന ഈ പ്രശ്നം കലാകൌമുദിയിലൂടെ ലോകത്തിന്റെ മുന്‍പില്‍ എഴുന്നള്ളിക്കുമ്പോള്‍ ഈ സ്ത്രീധരിച്ചിട്ടുണ്ടാകും എന്തോ മഹാകാര്യമാണ്‌ ചെയ്യുന്നത്‌. പൊതു ശത്രുവിന്‌ ഒരു പ്രഹരമേല്‍പിക്കാന്‍ കിട്ടിയ ഒരവസരം പാഴാക്കിയില്ല എന്ന സുഖം. പുരുഷാധിപത്യത്തിന്റെ വിഹ്വലതയില്‍ നിന്നുള്ള പ്രതികരണമായേ പല പീഡനങ്ങളേയും ഞാന്‍ കാണുന്നുള്ളൂ. എന്തുകൊണ്ടെന്നാല്‍ പുരുഷാധിപത്യത്തിലുള്ള സമൂഹം അതിന്റെ ആധിപത്യസ്വഭാവം കൈവിട്ടുപോകുമെന്ന ഭയത്തില്‍ നിന്നുണ്ടാകുന്ന, "നീ ഇത്രയൊക്കെയേയുള്ളൂ" എന്നു കാണിക്കാനുള്ള ഒരു വ്യഗ്രതയായിട്ടാണ്‌ ഇന്നത്തെ അക്രമങ്ങളെ ഞാന്‍ കാണുന്നത്‌. ചുരുക്കത്തില്‍ ഇന്നത്തെ സമൂഹവും അതിനെ മാറ്റിത്തീര്‍ക്കാന്‍ പരിശ്രമിക്കുന്നവരും തികച്ചും സ്ത്രിവിരുദ്ധവും അതിനാല്‍ തന്നെ മനുഷ്യവിരുദ്ധവുമായ കാഴ്ച്ചപ്പാടുകളാണ്‌ മുന്നോട്ടുവെയ്ക്കുന്നത്‌
--------------------------
Anecdot
പ്ലൂട്ടോ ജോസഫ്‌
പി.. ജെ ജോസഫിനെതിരായി ഐ. ജി സന്ധ്യ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ചില പ്രധാന ആരോപണങ്ങള്‍.
1- ജോസഫ്‌ മറ്റു മന്ത്രിമാരുടേതില്‍ നിന്ന്‌ വ്യത്യസ്തമായ ഒരു ദീര്‍ഘവൃത്ത ഓര്‍ബിറ്റില്‍ കറങ്ങുന്നു
2- ചില മന്ത്രിമാരുടെ ഓര്‍ബിറ്റുകളെ മുറിച്ചു കടന്നുപോകുന്നു.(മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച്‌ അഭിപ്രായം പറയുക തുടങ്ങിയവ ഉദാഹരണം)
3 ജോസഫിന്‌ മന്ത്രിമാര്‍ക്കുണ്ടാവേണ്ട മിനിമം ഭാരം, വലിപ്പം തുടങ്ങിയവയില്ല.4 അതില്‍ കൂടുതല്‍ വലിപ്പവും ഭാരവുമുള്ള ധാരാളം എം. എല്‍. ഏമാര്‍ ജോസഫ്‌ ഗ്രൂപ്പ്‌ അഥവാ കൈപ്പര്‍ ബെല്‍ട്‌ മേഘലയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്‌.
4 കഴിഞ്ഞ പതിനാറ്‌ വര്‍ഷമായി ജോസഫിന്റെ മന്ത്രി സ്ഥാനത്തെപ്പറ്റി രാഷ്ട്രീയ ശാസ്ത്രജ്ഞന്‍മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇനി ചില മന്ത്രിമാരുടെ പ്രതികരണങ്ങളും അതില്‍ കല്ലേച്ചിയുടെ ഇടപെടലുകളും ശ്രദ്ധിക്കാം.
ആദ്യമായി ശ്രീ ജോസഫ്‌
"എന്റെ ഇടതുകൈകൊണ്ടാണ്‌ അവരെ സ്പര്‍ശിച്ചതെന്ന്‌ പറയുന്നു. ആ കൈക്ക്‌ സ്വാധീനം കുറവാണ്‌."
ഈ പ്രസ്താവന പലതരത്തിലും നമുക്ക്‌ നിരീക്ഷിക്കാവുന്നതാണ്‌.
1 ഇപ്പോള്‍ മനസ്സിലായല്ലോ, ബലഹീനമായ ഇടതുകൈ എന്തിനു കൊള്ളാം? ഒരു മന്ത്രിസ്ഥാനം കളയുന്നതിനു കൊള്ളാം.
2 "കൈതട്ടി മറിഞ്ഞു വീണുവോ, നുര മൂടിയ മുന്തിരിക്കുടം" പോലൊരു ഉറപ്പേ ആ സ്ഥാനുണ്ടായിരുന്നുള്ളൂ എന്നു ചുരുക്കം. പൂന്താനത്തിന്‌ നമോവാകം. അങ്ങിതു പണ്ടേ പറഞ്ഞിരുന്നുവല്ലോ. ഞങ്ങള്‍ ഗൌനിച്ചില്ലെന്നേയുള്ളൂ. "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ....."
3 ചില അവയവങ്ങളുടെ ബലഹീനത മറ്റു ചില അവയവങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കും. അത്‌ പരിണാമ സിദ്ധാന്തത്തിന്‌ തെളിവായുപയോഗിക്കാം. "ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും"
4 ഇടതുപക്ഷത്ത്‌ തനിക്ക്‌ സ്വാധീനം കുറവാണെന്നു പറഞ്ഞാല്‍ ജോസഫിന്‌ വലതുവശത്തേക്കൊരു കണ്ണുണ്ടെന്നു ചുരുക്കം. മുന്നണി ബന്ധങ്ങള്‍ മാറാം. എന്തൊക്കെയായാലും "ഒന്നല്ലെ കയ്യിഹ ചമച്ചിതു നമ്മെയെല്ലാം"

"പോലീസിനും കടലിനുമിടയില്‍ പെടുന്ന ആളുകളെന്തിന്‌ കടലില്‍ ചാടുന്നു?" മന്ത്രി കോടിയേരി
ഇതേപോലെരു ചോദ്യം പണ്ട്‌ ആന്‍ രാജകുമാരി ചോദിച്ചിരുന്നു. "റൊട്ടിചോദിച്ചു ബഹളം കൂട്ടുന്ന ഇവര്‍ക്കെന്താ കേക്ക്‌ തിന്നുകൂടേ" എന്ന്‌. മൂന്നുവയസ്സുകാരിയായ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയായല്ല ചരിത്രം ഈ ചോദ്യത്തെ വിലയിരുത്തിയത്‌. എന്നാല്‍ കോടിയേരി അങ്ങേക്ക്‌ മൂന്നു വയസ്സുകാരിയുടെ വിവരം പോലുമുണ്ടായില്ലല്ലോ ഈ ചോദ്യം ചോദിക്കുമ്പോള്‍. ഉത്തരം വളരെ ലളിതമല്ലേ, രണ്ടു വഴികള്‍ ഒരാള്‍ക്കു മുന്നിലുണ്ടാവുമ്പോള്‍ ആളുകള്‍ അതില്‍ മെച്ചമായത്‌ തെരഞ്ഞെടുക്കുന്നു. കടലില്‍ ചാടിയാല്‍ ഉപ്പുവെള്ളം കുടിച്ചു മരിക്കാം. പോലീസുപിടിച്ചാല്‍ മൂത്രം കുടിച്ചുമരിക്കാം.

"സര്‍ക്കാരിന്റേയും ഇന്റര്‍നെറ്റ്‌ സിറ്റിയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കും" അച്ച്യുതാനന്ദന്‍
"മുതലാളിത്തത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കും എന്ന്‌ പറയുന്ന രണ്ടാമത്തെ പദം സഖാവ്‌ പിന്‍വലിക്കണം. നാം തൊഴിലാളികളേയാണ്‌ സംരക്ഷിക്കേണ്ടത്‌"

ചോദ്യം. "ശ്രീ ഉമ്മന്‍ചാണ്ടി, അങ്ങയുടെ കാലത്തേതില്‍ നിന്നും തികച്ചും വിരുദ്ധവും അക്കാലത്ത്‌ പ്രതിപക്ഷങ്ങള്‍ പറഞ്ഞ അതേ വ്യവസ്ഥയിലും ഡി. ഐ. സി കരാറൊപ്പിടുന്നുവല്ലോ. താങ്കള്‍ ഡി. ഐ. സിയെക്കാള്‍ കൂടുതല്‍ അവര്‍ക്ക്‌ വേണ്ടി നിലകൊണ്ടിരുന്നു എന്നു പറഞ്ഞാല്‍?"
ഉത്തരം. ഫൈനല്‍ കരാറ്‌ വരട്ടെ നമുക്ക്‌ കാണാം.
ചോദ്യം. വരാനുള്ളതവിടെ നില്‍ക്കട്ടെ, അതപ്പോള്‍ നോക്കാം. ഇതുവരേ വന്നതില്‍ നിന്ന്‌ തികച്ചും താങ്കളെ സംശയിച്ചു കൂടെ?
ഉത്തരം ബ..ബ്ബ...ബ്ബ

19 comments:

കിരണ്‍ തോമസ് said...

കല്ലേച്ചി സംസാരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തക്കവണ്ണം നമ്മുടെ സമൂഹം വളര്‍ന്നോ എന്ന സംശയമാണ്‌ എനിക്കുള്ളത്‌. സ്ത്രീ സ്വാതന്ത്ര്യത്തേക്കുറിച്ചു പറയുമ്പോഴോക്കെ ഉയര്‍ന്നുവരുന്ന ഒരു പ്രശ്നമാണ്‌ സ്ത്രീ സുരക്ഷ. എങ്ങനേയുള്ള സമൂഹത്തിലാണ്‌ സ്ത്രീ സുരക്ഷയാകുന്നത്‌ എന്ന് വിഷയമാണ്‌ നാം ആദ്യം നോക്കേണ്ടത്‌ അത്തരത്തിലേക്ക്‌ ഒന്നും നമ്മുടെ സമൂഹമൊന്നും ഒരിക്കലും ഉയരില്ല. പുരോഗതി ഉണ്ടായി എന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹം സ്ത്രീയേക്കാണുന്നത്‌ പ്രസവിക്കാനും ഭക്ഷണം പാകം ചെയ്യാനും കുട്ടികളേ വളര്‍ത്താനും ഉള്ള ഒരാളായിട്ടാണ്‌. അതിന്‌ ചില മത സമൂഹങ്ങള്‍ തത്വിക വിശദീകരണവും നല്‍കിയിട്ടുണ്ട്‌. അതായത്‌ സ്ത്രീക്കും പുരുഷനും ജീവതത്തില്‍ വ്യത്യസ്ത കര്‍മ്മ മേഖലകളാണ്‌ എന്നതാണ്‌ സ്വത്തു സമ്പദ്യം പുരുഷനും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സ്ത്രീയും. എന്റെ ഒരു കണക്കുകൂട്ടലില്‍ ഒരു 50 വര്‍ഷാം കഴിഞ്ഞാലേ സ്ത്രീ തനിക്കൊപ്പം തുല്യായാണ്‌ എന്ന ബോധ്യം നമ്മുടേ പുരുഷന്മാര്‍ക്കുണ്ടാകൂ.

പെരിങ്ങോടന്‍ said...

ലേഖകന്‍ തന്നെ പലയിടത്തും സംശയം പ്രകടിപ്പിക്കുന്നതു പോലെ ‘സ്ത്രീ-പക്ഷ വാദികള്‍’ പോലും മനസ്സിലാക്കുവാന്‍ വിഷമം നേരിടുന്ന ആശയങ്ങള്‍. കാമം, ധനം, വിദ്യ ഇവയെല്ലാം എത്ര നേടിയാലും മതിവരാത്തവയത്രെ. കല്ലേച്ചി നിരീക്ഷിക്കുന്ന തരത്തിലുള്ള ഒരു ലിബറല്‍ സൊസൈറ്റി‍, ലൈംഗിക അരാജകത്വത്തില്‍ മുങ്ങിത്താഴാതിരിക്കണമെങ്കില്‍ അതു ഉട്ടോപ്പിയയിലായിരിക്കേണം സൃഷ്ടിക്കപ്പെടേണ്ടതു്.

Anonymous said...

കല്ലേച്ചീ, അക്ഷരത്തെറ്റുകള്‍.......”വസ്ഥു “ (വസ്തു), “സിന്തൂരം“ (സിന്ദൂരം)..കൂടുതല്‍ ശ്രദ്ധിക്കുമല്ലോ.
-സു-

Anonymous said...

“ലേഖകന്‍ “ പെരിങോടരേ ലേഖിക എന്നല്ലേ ഉദ്ദേശിച്ചത്? -കല്ലേച്ചി എന്നത്‌ സ്ത്രീലിംഗമാണെന്ന്‌ ഞാന്‍ വിചാരിക്കുന്നു. കൂടുതല്‍ കല്ലേച്ചി തന്നെ പറയട്ടെ.-സു-

പെരിങ്ങോടന്‍ said...

സത്യമോ? ഞാനിത്ര കാലവും കല്ലേച്ചി പുരുഷനാണെന്നാണു ധരിച്ചു പോന്നിരുന്നതു്. ഇനിയിപ്പോള്‍ സകീനയെപ്പോലെ കല്ലേച്ചിയും,

‘തിക്തഭാവത്തിന്റെ അഗ്നികുണ്ഡത്തിലീ ശാപവര്ഷത്തിന്റെ തീരാധ്വനികളിലെ-
ന്നന്തരാത്മാവിന്‍ രാഗമായ്തീരുമീ
അക്ഷരക്കൂട്ടമേ നീയും പുരുഷനോ?’

എന്നതു പോലുള്ളൊരു ചോദ്യം ബ്ലോഗിലെഴുതുമോ?

ജ്യോതിര്‍മയി said...

ലേഖികയല്ല,ലേഖകനാണല്ലേ.

പെണ്ണിനെ "വെറും" പെണ്ണായി കണക്കാക്കുന്നവരാണ്‌ ലൈഗികതയ്ക്കപ്പുറം അവളുടെ സ്വത്വത്തെ കാണാന്‍ തയ്യാറാവാത്തത്‌. അവരുടെ കാണാക്കരങ്ങളാണ്‌ സ്ത്രീയെക്കൊണ്ട്‌ ലൈഗികസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടിയ്ക്കുന്നത്‌.
സ്ത്രീ, പെണ്ണാണ്‌,വ്യക്തിയാണ്‌ "വെറും" പെണ്ണല്ല, . വളര്‍ന്നു വികസിയ്ക്കാന്‍ കഴിയുന്ന വ്യക്തിത്വം അവള്‍ക്കുണ്ട്‌. കാട്ടാളരില്ലാത്ത സമൂഹത്തിലും സംരക്ഷകരുള്ള സമൂഹത്തിലും ശരീരസുരക്ഷയ്ക്കുമപ്പുറം പലമേഖലകളില്‍ അവള്‍ക്കുയരാം. അതെയില്ലെങ്കില്‍, ഇല മുള്ളില്‍ വീണാലും മുള്ള്‌ ഇലയില്‍ വീണാലും ഇലയ്ക്കു തന്നെ കേട്‌ എന്ന വസ്തുത നിഷേധിയ്ക്കാനാവാത്തതിനാല്‍ ശരീരസംരക്ഷണവും ഒരു പ്രധാനകാര്യം തന്നെ.

"ഒരു സ്ത്രീ സ്വയം തീരുമാനിച്ചാല്‍ പോലും അവളുടെ ശരീരം വിശേഷിച്ചും ലൈംഗിക ശരീരം സ്വാതന്ത്ര്യമാര്‍ജ്ജിക്കാനാവില്ല"

ഇതാണോ സ്ത്രീസ്വാതന്ത്ര്യം? ഞാനിന്നൊരു സ്വതന്ത്രസ്ത്രീയെകണ്ടു. അവള്‍ക്കു പുനരധിവാസത്തിലൊന്നും ഒരു താല്‍പര്യവുമില്ല. എല്ലാദിവസവും കൂട്ടിന്‌ ആരെങ്കിലും ഉണ്ട്‌. ഭക്ഷണത്തിനും വസ്ത്രത്തിനും ധാരാളം പൈസ കിട്ടുന്നുണ്ട്‌. എന്നും നല്ല രസം. മദ്യവും കിട്ടും. ഒരുമാസം പോലും പ്രായമാവാത്ത കുഞ്ഞിനെ നാലുവസ്സുകാരന്റെ തോളത്തേയ്ക്കിട്ടുകൊടുത്തുകൊണ്ട്‌, ട്രാഫിക്‌ സിഗ്നലിലേയ്ക്ക്‌ ഭിക്ഷതെണ്ടാന്‍ പറഞ്ഞയക്കവേ, എന്നോടവള്‍ പറഞ്ഞതാണ്‌. ഈ വരുന്നവരെല്ലാം കൈകഴുകിപ്പോകില്ലേ എന്ന എന്റെ ചോദ്യത്തിന്‌, അവള്‍, അതാണ്‌ അവളുടെ ഒരാശ്വാസം എന്നും പറഞ്ഞു.
ആ മുഖത്ത്‌ ആവലാതിയോ പരിഭവമോ ഇല്ലായിരുന്നു. സന്തോഷം മാത്രമേ എനിയ്ക്കു കാണാനായുള്ളൂ. അതിനെനിയ്ക്കവളോടു ബഹുമാനം തോന്നി. പക്ഷേ ഈ സന്തോഷം ഇന്നത്തേയ്ക്കുമാത്രമുള്ളതാണെന്ന്‌ അവളെപ്പറഞ്ഞുമനസ്സിലാക്കാന്‍ എനിയ്ക്കാവില്ലല്ലോ എന്ന ചിന്ത മനസ്സില്‍ നീറ്റലുണ്ടാക്കി.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
വക്കാരിമഷ്‌ടാ said...

നിര്‍ത്തി നിര്‍ത്തി വായിക്കൂ, എന്നാലല്ലേ കാര്യം പിടികിട്ടൂ എന്ന സര്‍ഗ്ഗത്തില്‍ നെടുമുടി വേണു രീതിയില്‍;

“ഒരു പുരുഷനെന്ന നിലയ്ക്ക്‌ വളരെ കൃത്യമായി എനിക്കതറിയില്ല”

കല്ലേച്ചി തന്നെ ഇവിടെ പറഞ്ഞിട്ടുണ്ടല്ലോ :)

പല്ലി said...

കല്ലേച്ചി സ്ത്രീകള്‍ മനപ്പൂര്‍വ്വം സ്രഷ്ടിക്കുന്ന വിഷമതകള്‍ പറയാന്‍ മറന്നുപോയൊ?

vimathan said...

ലൈംഗിക സ്വാതന്ത്ര്യം എന്നത് ഒരു മനുഷ്യാവാകാശപ്രശ്നമാണ്. സ്ത്രീ ആയാലും പുരുഷന്‍ ആയാലും സ്വന്തം ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാവാകാശം അവളവള്‍ക്കോ, അവനവനോ ആണ്. ഒരു liberal democracy ആയ ഇന്ത്യയില്‍ ഈ സ്വയംനിര്‍ണയാവകാശം നമ്മുടെ ഭരണഘടന ഉറപ്പു തരുന്നു എന്ന് തന്നെ ആണ് എന്റെ വിശ്വാസം. ഏതൊരു bourgeois democracy യും അത് ശരി വയ്ക്കുന്നു. പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ നമ്മുടെ “മതവും സംസ്കാരവും“ കുത്തക എടുത്ത കപട സദാചാര വാദികള്‍ ഇത് സമ്മതിച്ച് തരില്ല.

Anonymous said...

പുരോഗതി ഉണ്ടായി എന്ന് അഭിമാനിക്കുന്ന നമ്മുടെ സമൂഹം സ്ത്രീയേക്കാണുന്നത്‌ പ്രസവിക്കാനും ഭക്ഷണം പാകം ചെയ്യാനും കുട്ടികളേ വളര്‍ത്താനും ഉള്ള ഒരാളായിട്ടാണ്‌.

അപ്പോള്‍ മുകളില്‍ നിരത്തിയിരിക്കുന്ന ലിസ്റ്റിലെ പണികള്‍ അത്ര നല്ല കാര്യങ്ങളല്ല അല്ലേ????

പെണ്ണിനെ "വെറും" പെണ്ണായി കണക്കാക്കുന്നവരാണ്‌ ലൈഗികതയ്ക്കപ്പുറം അവളുടെ സ്വത്വത്തെ കാണാന്‍ തയ്യാറാവാത്തത്‌.

എത്ര ശതമാനം പുരുഷന്മാര്‍ സ്വന്തം സ്വത്വത്തെക്കുറിച്ചൊക്കെ വേവലാതിപ്പെടുന്നുണ്ടാവും ടീച്ചറേ?

കണ്ണൂസ്‌ said...

കല്ലേച്ചിയുടെ നേരത്തെയുള്ള ഒരു പോസ്റ്റിന്‌ പറഞ്ഞ മറുപടി തന്നെയാണ്‌ ഇപ്പോഴും പറയാന്‍ തോന്നുന്നത്‌.

സ്വാതന്ത്ര്യം എന്നത്‌ സാധാരണ മനുഷ്യ മനസ്സിന്റെ കടിഞ്ഞാണ്‍ പൊട്ടിക്കുന്ന ഒരു വാക്കാണ്‌. " എന്റേത്‌" എന്നു ചിന്തിക്കുമ്പോള്‍ അതിന്‌ അതിര്‍വരമ്പുകള്‍ ഉണ്ട്‌ എന്ന സമ്മതിക്കാന്‍ നാം പലപ്പോഴും വിമുഖരാണ്‌. നിന്റെ സ്വാതന്ത്ര്യം എന്റെ മൂക്ക്‌ തുടങ്ങുന്നിടത്ത്‌ അവസാനിക്കുന്നു എന്നതും നമുക്ക്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വസ്തുതയാണ്‌. ഇതിപ്പോള്‍ പ്രശ്നം ലൈംഗിക സ്വാതന്ത്ര്യം കൂടിയാവുമ്പോള്‍ അത്‌ നയിക്കുക പെരിങ്ങോടന്‍ പറഞ്ഞ പോലെ അരാജകത്വത്തിലേക്കായിരിക്കും. ഒരു മനുഷ്യന്‌ തന്റെ ഇണയെ കണ്ടെത്താനോ, പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിനോ സമൂഹത്തിനെ പേടിക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്‌. മറിച്ച്‌, ഇത്തരത്തിലുള്ള ബന്ധങ്ങള്‍ തുടങ്ങുന്നത്‌ പരസ്പര ബഹുമാനത്തില്‍ അധിഷ്ടിതമായായിരിക്കണം എന്നാണ്‌. കല്ലേച്ചി പറഞ്ഞു തുടങ്ങിയ കാര്യം - സ്ത്രീയെ ഉപഭോഗ വസ്തുവായി കാണുന്ന പുരുഷാധിപത്യം - അതിന്റെ പാരമ്യത്തിലെത്തുക നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം ഉള്ളപ്പോഴായിരിക്കും.

കല്ലേച്ചി ചൂണ്ടിക്കാണിച്ച കഥ വായിച്ച ഓര്‍മ്മ എനിക്കുണ്ട്‌. (അഷിതയുടേതായിരുന്നു എന്ന് വിശ്വാസം). പക്ഷേ, ഞാന്‍ അത്‌ വായിച്ചത്‌ തികച്ചും വേറൊരു കോണിലൂടെയാണ്‌. എന്തോ ഒരു ചാരിറ്റിക്കായി പാട്ടപ്പിരിവു നടത്തിയിരുന്ന പെണ്‍കുട്ടിക്ക്‌ 100 രൂപയുടെ ഒരു നോട്ട്‌ കൊടുത്തു കൊണ്ടാണ്‌ ഇതിലെ പുരുഷന്‍ കഥയിലേക്ക്‌ കടന്നു വരുന്നത്‌. സ്വാഭാവികമായും അത്ര വലിയ ഒരു തുക കൊടുത്തയാളെ പെണ്‍കുട്ടി ശ്രദ്ധിക്കുന്നു. പിന്നീട്‌, അയാള്‍ ഒരു കാപ്പി കുടിക്കാന്‍ വിളിച്ചപ്പോള്‍ അതില്‍ അവള്‍ക്ക്‌ അപാകതയൊന്നും തോന്നുന്നില്ല. പക്ഷേ, പിരിയുമ്പോള്‍ സന്ധ്യയായി, ഇന്ന് എന്നോടൊപ്പം കഴിഞ്ഞു കൂടെ എന്ന് മണിക്കൂറുകളുടെ പരിചയം മാത്രമുള്ള ഒരാള്‍ - അതും മാന്യന്‍ എന്ന് അതുവരെ തോന്നിപ്പിച്ചിരുന്ന ഒരാള്‍ - ചോദിക്കുമ്പോള്‍, അവള്‍ തകരുന്നു. ആ ചോദ്യം, മാന്യമായി ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരു ക്ഷണമാണ്‌ എന്നും, അത്‌ സമൂഹത്തില്‍ പ്രോത്‌സാഹിപ്പിക്കേണ്ടതാണ്‌ എന്നുമുള്ള വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ എന്തോ ഒരു കല്ലുകടി തോന്നുന്നുണ്ട്‌ - സംശയമില്ല.

ഔര്‍ ബാസാര്‍ സേ ലേ ആയേ, അഗര്‍ ടൂട്ട്‌ ഗയാ
സാഗര്‍-എ-ജാമ്‌ സേ മേരാ ജാമ്‌-എ-സിഫാല്‍ അഛാ ഹേ
ഹം കോ മാലൂം ഹേ, ജന്നത്‌ കി ഹകീകത്‌ ലേകിന്‍
ദില്‍ കെ ഖുശ്‌ രഖ്‌നേ കോ ഗാലിബ്‌ യേ ഖയാല്‍ അഛാ ഹേ...

സ്വര്‍ണ്ണത്തിന്റെ കപ്പിനേക്കാളും, പൊട്ടിയാല്‍ വീണ്ടും വാങ്ങിക്കൊണ്ടു വരാവുന്ന എന്റെ കളിമണ്‍ കപ്പാണ്‌ നല്ലതെന്നും, സ്വര്‍ഗ്ഗത്തിന്റെ 'സത്യങ്ങള്‍' എനിക്കറിയാം, പക്ഷേ സന്തോഷമായിരിക്കാന്‍ ആ വിചാരങ്ങള്‍ നല്ലതാണെന്നും പാടിയത്‌ ബൊഹീമിയന്‍ ജീവിതത്തിന്റെ അവസാനം സ്നേഹം കൊതിച്ച മിര്‍സാ ഗാലിബ്‌ എന്ന പ്രതിഭ.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
paarppidam said...

It dosn't matter weather you male or female. but your essays are very good. wish you all the best.

kallechi said...

All these are deserve a reply as a new post, perticularly JYOTHIRMAYI, peringodan, kannoos etc, expect soon. eventhough some comments of your's are acting as reply of others.
thnx for all

സൂര്യോദയം said...

സ്ത്രീകള്‍ക്ക്‌ നേരെ എന്തെങ്കിലും കടന്നു കയറ്റം ഉണ്ടാവുന്നുണ്ടെങ്കില്‍ പലപ്പോഴും അതിന്‌ കാരണമായി ഭവിക്കുന്നത്‌ സ്ത്രീ തന്നെയാണ്‌.

കല്ലേച്ചി പറഞ്ഞപോലെ, മാന്യമായ ഒരു ചോദ്യത്തിന്‌ മാന്യമായി തന്നെ നിഷേധം അറിയിക്കാമല്ലോ...

ഒരു സ്ത്രീയെ അവരുടെ സമ്മതമില്ലാതെ ഒരു വാഹനത്തില്‍ വച്ച്‌ ലൈകിക ഉദ്ദേശത്തോടെ തുടര്‍ച്ചയായി സമീപിക്കാന്‍ അത്ര എളുപ്പമല്ല. ഒരാള്‍ ശല്ല്യപ്പെടുത്തുകയാണെങ്കില്‍ ഒരു സ്ത്രീക്ക്‌ അല്‍പം നീരസത്തോടെ ഒന്ന് തിരിഞ്ഞ്‌ നോക്കിയാല്‍ തന്നെ അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാം... (പലപ്പോഴും എതിര്‍ക്കാതെ സമ്മതിക്കുകയും സന്ദര്‍ഭം ശരിയല്ലെങ്കില്‍ പതിവ്രത ചമയുകയും ചെയ്യുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്‌). ഒരു സ്ത്രീയുടെ നിഷേധ ഭാവം മനസ്സിലാക്കിയാല്‍ അഭിമാനബോധമുള്ള ഏതെങ്കിലും ഒരാള്‍ വീണ്ടും ആ ശ്രമം നടത്തുമോ... ആദ്യം തന്നെ ബഹളം കൂട്ടി കേമിയാവാന്‍ തുനിയാതെ അബദ്ധത്തില്‍ മറ്റോ പറ്റിയതാണോ എന്നറിയാന്‍ ഒരു വട്ടം ഒന്ന് നിഷേധ സൂചന നല്‍കിയാല്‍ മതിയല്ലോ...

ഇപ്പോഴത്തെ ചെറിയ പെണ്‍കുട്ടികളെ അവരുടെ അമ്മമാര്‍ തന്നെ വേഷം കെട്ടിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന കണ്ടാല്‍ കഷ്ടം തോന്നാറുണ്ട്‌... ശിശുപീഠനം പ്രോല്‍സാഹിപ്പിക്കുന്നതും ഇവര്‍ തന്നെയല്ലെ എന്ന് തോന്നിപ്പോകും (അല്‍പം മാന്യമായ വേഷം എന്താ മോശമാണോ?)

വക്കാരിമഷ്‌ടാ said...

Perverted ആയിട്ടുള്ള ആള്‍ക്കാരുടെ മനഃശാസ്ത്രം മാന്യന്മാരുടേത് പോലെയല്ലല്ലോ. കുറച്ചെങ്കിലും മാന്യതയും സംസ്കാരവും ഉള്ള ഒരുവനാണെങ്കില്‍ ചില സമയത്ത് മനസ്സിനെ നിയന്ത്രിക്കാനാവാതെ അവര്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഒരു നോട്ടമോ നീരസപ്രകടനമോ മതിയാവും ചിലപ്പോള്‍ അവനെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍.

പക്ഷേ റെയില്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന തീവണ്ടിയുടെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിയിരിക്കുകയും, ഇത് ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണ്, ഇവിടെ ഇരിക്കാന്‍ പറ്റില്ല എന്ന് ആ കമ്പാര്‍ട്ട്‌മെന്റില്‍ ആകപ്പാടെയുള്ള രണ്ടോ മൂന്നോ സ്ത്രീകള്‍ ചെന്ന് പറയുമ്പോള്‍ അവരോട് വൃത്തികെട്ട രീതിയില്‍ പെരുമാറുകയും പിന്നെയും അവിടെത്തന്നെ ഇരിക്കുകയും ചെയ്യുന്ന ഒരാള്‍ അങ്ങിനെയൊക്കെ ചെയ്യുന്നത് സ്‌ത്രീകള്‍ പ്രതികരിക്കാത്തതുകൊണ്ടല്ല.

(ഒരു ഉദാഹരണം മാത്രം-ഇങ്ങിനത്തെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്, ഒരു നോട്ടം കൊണ്ടോ നീരസപ്രകടനം കൊണ്ടോ എന്തിനധികം ബഹളം വെയ്ക്കല്‍ കൊണ്ടോ പോലും നിര്‍ത്താന്‍ പറ്റാത്തവ. സ്ത്രീകളുടെ പല പരിമിതികളും മുതലെടുക്കാന്‍ പോലും ഇക്കുട്ടര്‍ തയ്യാറാകും. യാതൊരു കൂസലുമില്ലാത്തവര്‍)

“ഒരു സ്ത്രീയുടെ നിഷേധ ഭാവം മനസ്സിലാക്കിയാല്‍ അഭിമാനബോധമുള്ള ഏതെങ്കിലും ഒരാള്‍ വീണ്ടും ആ ശ്രമം നടത്തുമോ..."

അഭിമാനബോധവും കൂട്ടത്തില്‍ സ്വല്പം സംസ്കാരവും ഉള്ളവന്‍ സ്ത്രീകള്‍ ഒരു തവണ പോലും നിഷേധഭാവം പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാക്കില്ല-അവനായിട്ട്. അതൊന്നുമില്ലാ‍ത്തവരാണല്ലോ ഈ പണികള്‍ക്ക് സ്ഥിരമായി പോകുന്നത്. അവരെ എത്ര തവണ കണ്ണുരുട്ടിക്കാണിച്ചിട്ടും കാര്യവുമില്ല.

paathiraamazha said...

kallechi is exposing the realities that exists now. I think some of might have read the experience of parvathy in trivandrum when she travelled alone after 8.00 pm in the city. I dont know how, n when the society will change such perverted minds..

bhoomikutti

Daya said...

An excellent read :) I dint read the Joseph part of it. But the way you have defined sex is excellent. And as a woman I agree with your post. I think a good and healthy change in our mentality will solve all these problems.