Sunday, April 02, 2006

മാനഭംഗപ്പെടുത്തപ്പെട്ട പദം മതേതരത്വം

ഇന്ത്യന്‍ ഭരണഘടനയില്‍ ഏറ്റവും കൂടുതല്‍ മാനഭംഗപ്പെടുത്തപ്പെട്ട പദം മതേതരത്വം എന്നതാണ്‌. അതിന്റെ തകരാറുകള്‍ എത്രകണ്ടിട്ടും നമുക്ക്‌ മനസ്സിലാകുന്നില്ല. മതേതരത്വം എന്ന വാക്കിന്‌ , മത ഇതരം, മതനിരപേക്ഷം എന്നൊക്കെയാണ്‌ ഡിക്ഷ്ണറികളിലും എന്‍സൈക്ലോപ്പീഡിയയിലും മറ്റും കൊടുത്തിരിക്കുന്ന അര്‍ഥം. ഇതിനെയാണ്‌ 'മതത്തെ തരം പോലെ ഉപയോഗിക്കുന്നതിനുള്ള തത്വമായി' മതാധിപത്യം എന്ന രൂപത്തില്‍ പ്രയോഗത്തില്‍ വരുത്തിയിരിക്കുന്നത്‌. അതായത്‌ എന്താണോ ഉദ്ദേശിച്ചിരുന്നത്‌ അതിനു വിപരീതമായ അല്ലെങ്കില്‍ എന്താണോ പാടില്ല എന്നു കരുതിയിരുന്നത്‌ അതുതന്നെ ഇത്രയും കാലം അടിച്ചേല്‍പ്പിച്ചു എന്നതിനാലാണ്‌ ഇതൊരു മാനഭംഗമായി ഞാന്‍ പറഞ്ഞത്‌. നാഴികയ്ക്കു നാല്‍പതുവട്ടം ഇടതു മതേതരത്വ പാര്‍ട്ടികളും വര്‍ഗ്ഗീയപ്പാര്‍ട്ടികളും വരെ ഇതുപയോഗിക്കുന്നതും കാണാം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെ ഈ രീതിയില്‍ ഉപയോഗിക്കുന്നത്‌ അവര്‍ക്ക്‌ കാര്യമുള്ളതുകൊണ്ടാണ്‌. ചുരുക്കത്തില്‍ മതവും രാഷ്ട്രീയവും ചേര്‍ന്നുള്ള ഒരു പരസ്പര സഹായ സഹകരണ സംഘം. മതങ്ങള്‍ ഇടപെട്ടാണ്‌ നമ്മുടെ മതേതരത്വത്തെ ഇത്ര നാശമക്കിയത്‌. ഇതില്‍ നിന്നും മുക്തമാകുന്നതിന്‌ ഈ പദം ഭരണ ഘടനയില്‍ 'ഒരുമതത്തിനും പ്രാധാന്യമില്ല' എന്ന അര്‍ഥത്തില്‍ മാത്രമായി, അതുത്‌പാദിപ്പിക്കുന്ന മറ്റ്‌ അര്‍ഥങ്ങളെയൊക്കെ നിഷേധിച്ചുകൊണ്ട്‌ പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു.

നമുക്കറിയാം യൂറോപ്പില്‍ മതങ്ങളുടെ അസഹ്യമായ ഇടപെടല്‍ ഭരണത്തിലുണ്ടായപ്പോഴാണ്‌ മതേതരത്വം എന്നപദം ആവിര്‍ഭവിക്കുന്നത്‌. നമ്മുടെ ഭരണഘടനാശില്‍പ്പികള്‍ക്കെല്ലാം ഈ യാതാര്‍ഥ്യം അറിയാമായിരുന്നു. ഇന്ത്യ വ്യത്യസ്ഥ മതങ്ങളുടെ ഒരു കാഴ്ച്ച ബംഗ്ലാവാണെന്നും അതിനാല്‍ എല്ലാ മതങ്ങള്‍ക്കും തുല്ല്യ പ്രാധാന്യം എന്ന വിശദീകരണമാണ്‌ യോജിക്കുക എന്നുമൊക്കെ ആദ്യം പറഞ്ഞത്‌ എസ്‌. രാധാകൃഷ്ണനാണെന്നു തോന്നുന്നു. ഇതു തെറ്റായ ധാരണ ജനങ്ങളില്‍ ഉത്പാദിപ്പിക്കാന്‍ പ്രേരകമായി. അങ്ങനേയെങ്കില്‍ നമുക്ക്‌ മതാധിപത്യം എന്ന പദമായിരുന്നു യോജിക്കുക. വെറുതെയെന്തിന്‌ ഒരു പദത്തെ വികൃതമാക്കണം. ഇപ്പറഞ്ഞതിനര്‍ഥം രാജ്യത്തെ മതങ്ങളെയെല്ലാം നിരോധിക്കണമെന്നൊന്നുമല്ല. മറിച്ചു രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നതില്‍ ഒരു മതത്തിന്റേയും സ്വാധീനം ഉണ്ടാകാന്‍ പാടില്ല എന്നതാണ്‌. ഓരോ മതത്തിനും അവരുടെ ആചാരങ്ങളേയും വിശ്വാസങ്ങളേയും കൊണ്ടുനടക്കാനധികാരമുണ്ട്‌. അപ്പോള്‍ പോലും തങ്ങള്‍ക്കു എതിര്‍പ്പുള്ള മതങ്ങള്‍ക്കുനേരെ കുതിര കയറാനോ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനോ ഭരണത്തെ ഒരു ഉപകരണമാക്കി ഉപയോഗിക്കാന്‍ അനുവദിച്ചുകൂട. ബാബരി മസ്ജിദ്‌ പ്രശ്നത്തില്‍ ഭരണകൂടത്തിനു തീരുമാനമെടുക്കാനാവാതെ പോയത്‌ ഇതുകൊണ്ടുകൂടിയാണ്‌.

രാജ്യത്തെ ജനങ്ങളെ അധികവും ഓരോ മതങ്ങളും സമുദായങ്ങളും പങ്കിട്ടെടുത്തിരിക്കയാണ്‌. അതു മനസ്സിലാക്കിയ രാഷ്ട്രീയക്കാര്‍ ഈ വോട്ടു ബങ്കുകളെ പരമാവധി ചൂഷണം ചെയ്യുന്നതിനായി ഓരോ മതത്തിന്റെയും നേതാക്കളെ പ്രീണിപ്പിക്കാന്‍ അപഹാസ്യമായി ശ്രമിക്കുന്നു. ഗ്രഹണ സമയത്ത്‌ ഫണമുണ്ടകുന്ന ചില സമുദായങ്ങളും ഇതൊരു സന്ദര്‍ഭമായെടുത്ത്‌ പച്ചയായിത്തന്നെ ഞങ്ങളുടെ ആളുകളെ മത്സരിപ്പിക്കുന്നില്ലെങ്കില്‍ പഠിപ്പിച്ചുകളയും എന്നു പറയാന്‍ തന്റേടം കാണിക്കുന്നു. ചില കൃസ്തീയ സഭകള്‍ യു. ഡി. എഫ്‌ നെ ഇങ്ങനേ ഭീഷണിപ്പെടുത്തിക്കണ്ടു. ഞങ്ങള്‍ പറയുന്ന ആളുകളെ അവര്‍ മത്സരിപ്പിച്ചില്ല അതിനാല്‍ കാച്ചിക്കളയും. ആകെ 140 സീറ്റുകളേയുള്ളൂ കുഞ്ഞാടേ. നിങ്ങളുടെ വ്യത്യസ്ഥമായ സഭാമതങ്ങള്‍ക്കെല്ലാം തുല്ല്യമായി വീതിക്കാന്‍ അല്ലെങ്കില്‍ ഭാഗം വെയ്ക്കാന്‍ അല്ലെങ്കില്‍ പങ്കുവെയ്ക്കാന്‍ അതൊരു 1400 എങ്കിലും ആക്കേണ്ടിവരുമല്ലോ സഹോദരാ.

അപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രധാനികള്‍ വെറുതെയിരിക്കുമോ? മുസ്ലിംഗളില്‍ നിന്ന്‌ വളരെ ചുരുക്കം ആളുകളെ മാത്രമേ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്തിത്വം നല്‍കിയിട്ടുള്ളൂ എന്നതാണ്‌ അവരുടെ പരാതി. ഇവര്‍ യൂ. ഡി. എഫ്‌ നെ മൊത്തത്തിലെടുക്കതെ കോണ്‍ഗ്രസ്സിനെ മാത്രം ഊന്നിയത്‌ ശ്രദ്ധേയമാണ്‌. അതല്ലേ തന്ത്രം എന്നു പറയുന്നത്‌. കാരണം ലീഗുകാര്‍ ഒരേ ഒരാളൊഴികെ ബാക്കിയെല്ലാം മുസ്ലിങ്ങളെയാണ്‌ നിര്‍ത്തിയിട്ടുള്ളത്‌. അഥവാ യൂ. ഡി എഫ്‌ ജയിച്ചാല്‍ ഏതണ്ട്‌ 40%ത്തോളം വരുന്ന മുസ്ലിം ലീഗുകാരെല്ലാവരും ജയിച്ചാല്‍ മൊത്തം ജനസംഖ്യയില്‍ മുസ്ലിംകളുടെ പ്രാധാന്യം ആയില്ലേ എന്നു ചോദിക്കുകയില്ല. കൃസ്ഥ്യാനികളാവട്ടെ യൂ. ഡി. എഫ്‌ നെ മൊത്തത്തിലെടുത്താല്‍ അവരുടെ പ്രാധിനിത്യം നേരത്തെ തന്നെ ഉറപ്പിച്ചിട്ടുണ്ട്‌.

വെള്ളാപ്പള്ളി എന്നൊരു ജീവി അപ്പോള്‍ മാളത്തില്‍ നിന്നു പുറത്തേയ്ക്കു വരുന്നതു കാണം. അതിന്‌ ഈഴവര്‍ കേരളം ഭരിക്കുന്ന ഒരു കാലത്തു മാത്രമേ കേരളം പുരോഗമിക്കൂ എന്നു പറിയുന്ന സിദ്ധാന്തമാണ്‌. അയാള്‍ക്ക്‌ വേറൊന്നും പ്രശ്നമില്ല ഏതു പാര്‍ട്ടിയായാലും ഈഴവനെ ആരു നിര്‍ത്തുന്നോ അയാള്‍ക്ക്‌ കുത്താം. അപ്പോള്‍ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമൊക്കെ തന്റെ ആളുകളാകും സുഖം അബ്ക്കാരി ലേലങ്ങളില്‍ ഗവണ്മെന്റെടുക്കുന്ന തീരുമാനങ്ങളെ ഒന്നിച്ചു നേരിടമെല്ലോ. പാര്‍ട്ടിയേതായലും കൊള്ളാം ഈഴവനായാല്‍ മതി. നാരയണപ്പണിക്കര്‍ സാധുവാണെങ്കിലും അടുത്തകാലത്ത്‌ വിഷം കുറച്ച്‌ കൂടുതലാണ്‌. അതു മധ്യകാലഘട്ടത്തിലെ ചില ജാതീയ അന്ധവിശ്വാസങ്ങളിലേക്ക്‌ രാജ്യത്തെ വലിച്ചിഴയ്ക്കാനുള്ള ഒരു ശ്രമം നടത്തി ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ചീറ്റിപ്പോയി. പുള്ളിക്കാരന്‍ പഴയ സമദൂര സിധാന്തം എന്ന ആട്ടക്കഥ തന്നെയാണ്‌ ഇപ്പോഴും ആടുന്നത്‌. ഇത്‌ വെള്ളപ്പള്ളിയുടേതുതന്നേയാണ്‌. ഇവര്‍ രണ്ടും ഒരുമിച്ചു കൂടിയാല്‍ അതിനെ വലവീശിപ്പിടിച്ച്‌ ഒരു എക്കൌണ്ട്‌ തുറക്കാമെന്നാണ്‌ ബീ. ജേ. പി വെള്ളമിറക്കുന്നത്‌.
(ഇവിടെ എന്റെ സുഹൃത്തിന്റെ കവിത ഉദ്ധരിക്കട്ടെ)

പത്ര മാധ്യമ വര്‍ണ ജാലങ്ങളില്‍
ശത്രു മിത്രമായി മാറുന്ന കാഴ്ച്ചയില്‍
ചത്തു ജീവിച്ചു പോകുന്ന മര്‍ത്ത്യന്റെ
ചിത്തമാരറിയുന്നു ശവം.....ശവം

അരസമ്മതമേ ഇതുവരെ ഇവര്‍ മൂളിയിട്ടുള്ളൂ. ഇവരാരാ മക്കള്‍. ഇനി പരസ്പരം ചളി വാരി എറിയലാണു പണി. ന്യൂനപക്ഷത്തെ പ്രേമിക്കുന്നേയ്‌.

ഇതിനൊക്കെപ്പുറമേയാണ്‌ ചില വ്യക്തികള്‍ നേതാക്കള്‍ എന്നിവരുടെ പ്രകടനം.
പത്തിയെല്ലാമൊതുക്കിയ സര്‍പ്പങ്ങള്‍
പട്ടിനുള്ളില്‍ പതുങ്ങിക്കിടക്കയാം
(കോടിയേരി, കരുണാര്‍ദ്ര, ഭാര്‍ഗവ
അച്യുതാനന്ദ, കുഞ്ഞാലി പാഹിമാം
ശ്രീധരന്‍ പിള്ള, മാണിയുമുമ്മനും
ചന്ദ്രചൂട, ചെന്നിത്തല പാഹിമാം)


ഞാനിന്നാടിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്‌. ഇനിയും ഈ നാടിന്‌ എന്റെ സേവനം ആവശ്യമാണ്‌. ജനം വിളിച്ചുകൊണ്ടിരിക്കുന്നു. ഞാനില്ലെങ്കില്‍ അവര്‍ മരിച്ചുകളയും. അവരൊക്കെ ഞാന്‍ ഭരിച്ചാലേ ഭരൂ. ഇവര്‍ക്കൊക്കെ അറിയാം 140 എന്ന മാജിക്‌ സംഖ്യ റബ്ബര്‍ സ്വഭാവം കാണിക്കില്ലെന്ന്‌. പിന്നെ ഈ നിലവിളിയുടെ അര്‍ഥമെന്താണ്‌? വേറെന്തൊക്കെയുണ്ട്‌ സഖാവേ പങ്കു വെക്കാന്‍. അതില്‍ ഒരു പരിഗണന കിട്ടിയാലും മതിയെല്ലോ ശുക്രനുദിക്കാന്‍. അതിനു ഇപ്പോഴേ ശരണം വിളിക്കണ്ടേ? അല്ല നേതാവേ ജനസേവനമല്ലേ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌?
അതെ അതും നിസ്സ്വാര്‍ഥ സേവനം.
അതിനിങ്ങനെ മരണക്കളി കളിക്കണോ?

നടക്കാതെ പോകുന്ന ഇത്തരം ധാരാളം കാര്യങ്ങളെ നടത്തിച്ചെടുക്കുന്നതിനാണ്‌ ജനാധിപത്യത്തേയും സര്‍വോപരി മതേതരത്വത്തേയും ചീത്തയാക്കുന്നത്‌.
ചോദ്യം
ഇന്ത്യയില്‍ ഏതെങ്കിലും ഒരു മതത്തിലുള്ള ആളുകളുടെ മേല്‍കയ്യില്‍ ഭരണം ലഭിച്ചാല്‍ അവര്‍ ആര്‍ക്കു വേണ്ടിയാവും ഭരിക്കുന്നത്‌?
ഇന്ത്യ ഭൂരിഭാഗം ഹിന്ദുക്കള്‍ ജീവിക്കുന്ന രാജ്യമല്ലെ? എങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളെ ന്യൂനപക്ഷം അങ്ങീകരിക്കുക എന്ന അര്‍ഥത്തില്‍ ഹിന്ദുക്കളുടെ തീരുമാനങ്ങളെ അങ്ങീകരിക്കുക എന്നത്‌ കേവലം ജനാധിപത്യമര്യാദ മാത്രമല്ലേ?
നിങ്ങളോരോരുത്തരും മതേതരത്വം വികൃതമാക്കിയാല്‍ വരാന്‍ പോകുന്ന തകരാറ്‌ മേല്‍പ്പറഞ്ഞ ജനാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ ഹിന്ദുവര്‍ഗീയ വാദികള്‍ക്കൊരു വടി കൊടുക്കുക എന്നതാവും. തല്‍ക്കാലിക ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി ഒരേ പോലേ മതേതര്‍ത്വത്തെ എല്ലാവരും കൂടെ, അതയത്‌ ഇക്കാര്യത്തില്‍ എല്ലാമതങ്ങളും ഒരേ അഭിപ്രായക്കാരാണ്‌, ചീത്തയാകുമ്പോള്‍ നഷ്ടം ന്യൂന പക്ഷങ്ങള്‍ക്കായിരിക്കും
ജാഗ്രത

ഫലിതം
കേരളത്തിലെ ഒരു എംഎല്ലെ പണ്ടൊരിക്കല്‍ പഞ്ചാബ്‌ സന്ദര്‍ശിക്കുകയുണ്ടായി. തന്റെ സുഹൃത്തായ മന്ത്രിയുടെ ക്ഷണപ്രകാരമായിരുന്നു ഇത്‌. മന്ത്രിയുടെ വീടും ജീവിത രീതിയും കണ്ട്‌ തരിച്ചുപോയ എംഎല്ലെ ചോദിച്ചു.
"ബാബുജീ, സത്യം പറയാമോ ഇതെല്ലാം എങ്ങനേയാണ്‌ ഒപ്പിച്ചതെന്ന്‌?"
"തങ്കള്‍ക്ക്‌ അത്രയ്ക്ക്‌ താല്‍പര്യമാണെങ്കില്‍ ഞാന്‍ പറയാം. എന്റെ കൂടെവരൂ"
പുറത്തിറങ്ങി മന്ത്രി അകലേയ്ക്കു വിരല്‍ ചൂണ്ടി ചോദിച്ചു
അങ്ങകലെ ഒരു പാലം കാണുന്നില്ലേ"
"ഉണ്ട്‌"
"അതിന്റെ പകുതി ചെലവ്‌ എന്റെ പോക്കറ്റിലായി"
എംഎല്ലെ ചിരിക്കു
"ഇപ്പോള്‍ എനിക്ക്‌ പിടികിട്ടി"
കാലങ്ങള്‍ക്കു ശേഷം കേരളത്തില്‍ പ്രസ്തുത എംഎല്ലെ മന്ത്രിയാവുകയും പഞ്ചാബിലെ മന്ത്രിയായിരുന്ന തന്റെ സുഹൃത്തിനെ വീട്ടിലേക്കുക്ഷണിക്കുകയും ചെയ്തു. കേരളത്തിലെ മന്ത്രിയുടെ വീടുകണ്ട്‌ തലതടിച്ചുപോയ പഞ്ചാബി "ഹരേ ബാബ്‌രേ ഇതെങ്ങനെ പറ്റിച്ചു" എന്നു ചോദിച്ചു
"തങ്കള്‍ക്ക്‌ അത്രയ്ക്ക്‌ താല്‍പര്യമാണെങ്കില്‍ ഞാന്‍ പറയാം. എന്റെ കൂടെവരൂ"
പുറത്തിറങ്ങി മന്ത്രി അകലേയ്ക്കു വിരല്‍ ചൂണ്ടി ചോദിച്ചു
അങ്ങകലെ ഒരു പാലം കാണുന്നില്ലേ"
"ഇല്ലല്ലോ"
"കാണില്ല അതിന്റെ മുഴുവന്‍ ചെലവും എന്റെ പോക്കറ്റിലായി. ഹ..ഹാ..ഹാാ....."

(ഈ കഥയില്‍ കാണുന്ന കഥപാത്രങ്ങള്‍ക്ക്‌ കേരളത്തിലെ ഏതെങ്കിലും മന്ത്രിയുമായി എന്തെങ്കിലും ബന്ധമുണ്ട്‌ എന്നു തോന്നിയാല്‍ കേവലം യദൃശ്ച്ചികം മാത്രമാണത്‌.)

9 comments:

വള്ളുവനാടന്‍ said...

കല്ലേച്ചി കലക്കി

രാഷ്ട്രീയത്തില്‍ മതേതരത്വം വെറും അര്‍ത്ഥശൂന്യം

കല്ലേച്ചി|kallechi said...

if there is no mathetharathwam then the result is "anartham"

evuraan said...

വാസ്തവം എന്ന് പറയേണ്ടിയിരിക്കുന്നു.

കെവിൻ & സിജി said...

പാടത്തു് ആഫ്രിക്കന് പായല് പോലെ തിങ്ങിക്കൂടിയ ജനസമുദ്രത്തിനെ ഭരിച്ചു് ഒരു വഴിയ്ക്കാക്കാന് ഞാനൊക്കെ വിചാരിച്ചാലേ നടക്കൂ എന്ന വിചാരമൊന്നും നേതാക്കള്ക്കു സത്യമായും ഇല്ല. പിന്നെ ഈ പായലില് കോരിയാല് നല്ല ബ്രാലു കിട്ടുമെന്നറിയാവുന്നതു കൊണ്ടു് മുന്നേ എടുത്തു ചാടുന്നു.

Sapna Anu B.George said...

ഇതാണു സത്യാവസ്ഥ, നന്നായിരിക്കുന്നു.

ദേവന്‍ said...

കല്ലേച്ചീ,
മതങ്ങളുണ്ടായിരിക്കുന്നിടത്തോളം കാലം മതേതരത്വം ഉണ്ടാകില്ല എന്നതാണു ദയനീയമായ സത്യം. രണ്ടു മതങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച്‌ സ്നേഹിച്ചു കഴിഞ്ഞേക്കാം, പക്ഷേ ഐതരേയാവസ്ഥയുണ്ടാകണ്ടമെങ്കില്‍ മതമൊന്നാകുകയോ ഒന്നും തന്നെ ഇല്ലാതാകുകയോ വേണം.

മതാധിഷ്ഠിതമായ ദൈവവിശ്വാം നിലന്‍ല്‍ക്കുന്നിടത്തോളം കാലം "മത സമത്വം" എന്ന സമൂഹ്യ നീതിയിലായിരിക്കണം രാഷ്ട്രത്തിന്റെ ഊന്നല്‍.

മത സൌഹാര്‍ദ്ദത്തിനെന്തുപറ്റി എന്നു ചോദിക്കുന്നതിനും മുന്നേ മതത്തിനെന്തുപറ്റി എന്നും ചോദിക്കേണ്ടി വരും നമുക്ക്‌. ഒട്ടും രുചികരമല്ലാത്ത ആ ചോദ്യത്തില്‍ നിന്നും നമ്മളൊളിച്ചോടുന്നിടത്തോളം കാലം നമുക്കൊരു മോചനവുമില്ല. മോചനം വേണമോ എന്ന ചോദ്യം വേറേ.

ജനാധിപത്യ വ്യവസ്ഥയില്‍ ജന നേതാവ്‌ ശരാശരി ഒരു പ്രജയുടെ എല്ലാ സ്വഭാവ വിശേഷങ്ങളും തികഞ്ഞ ആളായിരിക്കുമല്ലോ. മത നേതാവിന്റെ കാര്യവും അതു തന്നെ. ശരാശരി നായര്‍ ചട്ടമ്പി സ്വമിയും ശരാശരി ദളിതന്‍ അയ്യന്‍ കാളിയും ശരാശരി ഈഴവന്‍ നാരായണ ഗുരുവും ശരാശരി മുസല്‍മാന്‍ വക്കവും ആയിരുന്നയിടത്ത്‌ ഇന്ന് നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും ഗീതാനന്ദനും പാണക്കാട്ടു തങ്ങളും ആണെന്നത്‌ കേരളത്തിലെ മതങ്ങളുടെതന്നെ മൂല്യച്യുതിയെയാണു കാട്ടുന്നത്‌. ഒരുപക്ഷേ
പത്തോ അമ്പതോ വര്‍ഷം മാത്രമായിരുന്നിരിക്കണം മതങ്ങള്‍ അതതിന്റെ അംഗങ്ങളുടെ പുരോഗമനത്തിനുവേണ്ടി നിലനിന്നിരുന്നത്‌ കേരളത്തില്‍ വിവേകാനന്ദന്‍ കണ്ട അതേ ഭ്രാന്താലയത്തിലേക്ക്‌ നമ്മള്‍ അതിവേഗം തിരിച്ചു പോയിക്കോണ്ടേയിരിക്കുന്ന്നു.

അതുല്യ said...

നമ്മള്‍ എന്ന എനിക്കും, നിങ്ങള്‍ക്കും ഇതില്‍ പങ്കില്ലേ? ഇവരെ വളര്‍ത്തിയ മാധ്യമങ്ങള്‍ക്കും, അതില്‍ ഘോരം ഘോരം മനസ്സാക്ഷിക്കെതിരെ, മാസശമ്പളത്തിനു വേണ്ടിമാത്രം എഴുതിയ പത്രപ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കില്ലേ? ഈ ദേശം വിറ്റുകാശാക്കി പോക്കറ്റിലിട്ടവര്‍ വളര്‍ന്നത്‌ ആ വഴിയ്കല്ലേ? പുതിയ പാര്‍ട്ടിയ്കോ, പുതിയ വിലാപത്തിനോ, പുതിയ സമവാക്യത്തിനോ പത്രസമ്മേളനം വിളിച്ചു കൂട്ടി കൂത്താടുമ്പോ, മാധ്യമം ഒന്നടങ്കം ബഹിഷ്ക്കരിയ്കട്ടെ രണ്ടു മുന്ന് തവണ. അതെങ്ങനാ.. പത്രം വളരണ്ടേ.... മതം അതു വഴി ഒഴുകി, മനുഷ്യന്‍ തലയറുത്തീ വീഴ്ത്തി, രാഷ്ട്രീയം വാഴുന്നു. നമക്ക്‌ പിന്നെയും കഴുതയാവാന്‍ ഇഷ്ടമാണല്ലോ.

ഫലിതം.

മന്ത്രിജി നടക്കാനിറങ്ങുന്നു. വഴിയില്‍ പട്ടിണിപാവങ്ങള്‍ ഒരുപാട്‌ വിശപ്പടക്കാന്‍ പുല്ലു തിന്നുന്നു. ഇവരെ കണ്ട മന്ത്രി.
"നിങ്ങള്‍ എല്ലാം എന്റെ വീട്ടിലു വരു. ഇങ്ങനെ കഷ്ടപെടുന്നത്‌ കാണുമ്പോ...

വലിയ ടെമ്പൊ വന്ന്, പുല്ലു തിന്നവരും കുടുംബവും ഒക്കെ കയറിപോകുന്നു. പാതി വഴിയില്‍ ഒരാള്‍ ചോദിയ്കുന്നു, ഇത്രയും പേരെ ഒന്നിച്ചു കണ്ട്‌, ഭാര്യയ്ക്‌ എല്ലാര്‍ക്ക്കും കൂടീ ഒന്നിചു കഞ്ഞി വയ്കാന്‍ ബുദ്ധിമുട്ടാവില്ലേ?

മന്ത്രി: ഏയ്‌ ഒട്ടുമില്ലാ. എന്റെ വളപ്പിലെ പുല്ലെല്ലാം എട്ടടി പൊക്കത്തില്ലാ. ഒരാഴ്ചത്തേയ്ക്‌ മതിയാവും നിങ്ങള്‍ക്ക്‌.

keralafarmer said...

കല്ലേച്ചി പറഞ്ഞത്‌ നൂറു ശതമാനം ശരിയാണ്‌. പള്ളിക്കൂടത്തിന്റെ വരാന്ത കണ്ടിട്ടില്ലാത്ത പ്രായപരിധി ബാധകമാകത്ത മന്ത്രിക്ക്‌ മിടുമിടുക്കന്മാരായ ഐ.എ.എസ്‌, ഐ.പി.എസ്‌, ഐ.എഫ്‌.എസ്‌ തുടങ്ങിയവരെ ഭരിക്കുകയോ പീഠിപ്പിക്കുകയോ ചെയ്യാമെന്നിരിക്കെ കൂട്ടരേ നിങ്ങളെന്തിനാ പാര പണിയുന്നത്‌? ഒരു പ്യൂണാകണമെങ്കിൽ യോഗ്യതയും പ്രായ പരിധിയും നിർബന്ധം. ഇക്കൂട്ടർക്ക്‌ ഒരു യോഗ്യതയുടേയും ആവശ്യമില്ല.
ഒരു വലിയ നടപടി ആവശ്യം
മുഖ്യമന്ത്രിയെ സഭ തെരഞ്ഞെടുക്കട്ടെ. ജില്ലകൾതോറും യോഗ്യതയ്‌ഉള്ള 60 വയസ്സിൽ താഴെ പ്രായമുള്ളവർ ഒരാൾവീതം മത്സരിച്ച്‌ ജയിച്ച്‌ മന്ത്രിയാകട്ടെ. അങ്ങിനെയായാൽ കുറച്ചുകാലം കൊണ്ട്‌ 140 മണ്ഡലങ്ങളിലും മന്ത്രിയെലഭിക്കുകയും ചെയ്യും.

Anonymous said...

i asked god
"when a civil society will form in India? that is "man is only a single meaning, man"
god replied
"i feard that the time i will be no longer"