ഇതൊരു സംശയ നിവാരണമാണ്.
പക്ഷിപ്പനി സത്യത്തില്‍ ഉള്ളതാണോ? ധാരാളം കമ്പനികളും രാജ്യങ്ങളും തന്നെ പലവ്യവസായങ്ങളേയും തകര്‍ക്കാനും മരുന്നുവ്യവസായങ്ങളെ വളര്‍ത്താനും, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യവസായങ്ങളെ, രോഗ ഭീതിയുണ്ടാക്കാറുണ്ട്. ഡോക്റ്റര്‍മാര്‍ സാധാരണ ഉപയോഗിക്കുന്ന തന്ത്രമാണിത്. പക്ഷിപ്പനി അതുപോലെയല്ലേ?
ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും ഇതു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കോടിക്കണക്കിനു കോഴികളെ ഇപ്പേരില്‍ വധശിക്ഷക്കു വിധിച്ചിട്ടുണ്ട്. കോഴികളില്‍ മാത്രമല്ല മറ്റുപക്ഷികളിലും ഇതുണ്ടാകുമെന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാവുകള്‍ എ.സികള്‍ക്കു മുകളില്‍ വന്നുനിന്നു കാഷ്ടിച്ചാല്‍ അതില്‍ നിന്നു വായുവില്‍ കലരുന്ന അണുക്കള്‍ ആ വായു എ.സി വലിച്ചെടുത്ത് അകാത്തേക്കു വിടുക വഴി രോഗം പകരാമെന്നുപോലും ഗള്‍ഫിലെ പലപത്രങ്ങളിലും ലേഖനങ്ങള്‍ വന്നിരുന്നു. (എ.സി പുറത്തുള്ള വായു മുറിക്കകത്തേക്ക് അടിച്ചു കയറ്റുമോ എന്ന ഒര്‍ സംശയം കല്ലേച്ചിക്കു പണ്ടേയുണ്ട്)
ഇവിടെ കല്ലേച്ചി ഒന്നു യുക്തിവാദപരമായി ഇടപെടുകയാണ്
വായു വഴിപോലും പകരും എന്നു ഭീഷണിപ്പെടുത്തുന്ന ഈരോഗം കല്ലേച്ചിയുടെ അറിവില്‍ പെട്ടിടത്തോളം 94 ആളുകള്‍ക്കേ ബാധിച്ചിട്ടുള്ളുവത്രെ. ഈകണക്ക് ശരിയാണോ എന്നറിയില്ല. എങ്കില്‍പോലും അത്ര മാരകമായി ഇത് ഏതെങ്കിലും രാജ്യത്തു മനുഷ്യരിലേക്കു പടര്‍ന്നതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടൊ? ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഈരോഗം ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. മഹാരാഷ്ട്രയെപറ്റി എനിക്കറിയാം. അവിടെ ആരാണ് ഇത്ര ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത്? ഷട്ടില്‍ ട്രൈന്‍ ഓടിക്കൊണ്ടിരിക്കുന്ന പാളത്തില്‍ ജനിക്കുകയും ജനിപ്പിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു സ്ഥലത്ത് പണ്ട് പ്ലേഗു പോലെ, വസൂരി പോലെ പടരുന്ന ഒരു രോഗമായിരുന്നു ഇതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?. തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്കുവരുന്ന കോഴിവണ്ടികളില്‍ നിന്നും കോഴിക്കാലുകള്‍ പറിച്ചെടുത്തു പൊരിച്ചു നാടനു കൂട്ടിയടിക്കുന്ന നാടാണ് നമ്മുടേത്. പച്ച്വെള്ളം പോലും കഴുകിക്കുടിക്കുന്നവരെ സമ്പന്ധിച്ചിടതോളം ഒരുപക്ഷേ ജലദോഷം പോലും മാരകമായിരിക്കും.
600 കോടിയിലധികമാണ് ലോക ജനസംഖ്യ. അതില്‍ 94 എന്നു പറയുന്നത് എത്ര ശതമാനം വരും? ഒരു രോഗാണുവും ഇല്ലാത്ത സ്ഥലത്താണോ നമൊക്കെ ജീവിക്കുന്നത്? അവയില്‍ മാരകമായതൊന്നും ഉണ്ടാകില്ലേ? ഇതൊന്നും പ്രതിരോധിക്കാന്‍ കഴിവില്ലെങ്കില്‍ മനുഷ്യ കുലം തന്നെ മുടിഞ്ഞു പോവുകയില്ലേ? അങ്ങനേയെങ്കില്‍ വലദിയപ്പെട്ടി (മുനിസിപ്പലിറ്റിയുടെ ചവറ്റുപെട്ടി) യുടെ അരികിലൂടെ നാമെങ്ങനെ നടക്കും? തിരുവനന്ദപുരം മെഡിക്കല്‍ കോളേജിന്റെ പരിസരത്തെങ്ങനെ ജീവിക്കും?
പണ്ടു ഞങ്ങളുടെ നാട്ടില്‍ "തൂക്കല്‍" എന്നുവിളിക്കുന്ന ഇന്നത്തെ പക്ഷിപ്പനിക്കു സമാനമായ ഒരു രോഗം കോഴികള്‍ക്കു വരാറുണ്ടായിരുന്നു. ചെയ്യുന്നതെന്താണെന്നോ, രോഗലക്ഷണം കാണുന്ന ആദ്യമാത്രയില്‍ കൊന്നുതിന്നും? ഇന്നായിരുന്നെങ്കില്‍ അതുതിന്ന ആളിനെ സമൂഹം ബഹിഷ്കരിക്കുകയും ലോകാരോഗ്യ സംഘടന പ്രത്യേക നിരീക്ഷണ സംഘത്തെ അയക്കുക്യും ചെയ്യും.
കല്ലേചിക്ക് അറിയേണ്ടതിതാണ്. സത്യത്തില്‍ പക്ഷിപ്പനി മനുഷ്യനെ ബാധിക്കുന്നതായി വിശ്വസനീയമായ എന്തെങ്കിലും തെളിവുകള്‍ ശാസ്ത്രത്തിനു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിപ്പറയുമ്പോലെ മാരകമാണോ?
ഫലിതം
"കേരളത്തില്‍ പക്ഷിപ്പനിയില്ല."ഒരു മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്ഥാവന. പത്രത്തില്‍ മുന്‍പേജില്‍ ഒറ്റവരി വെണ്ടക്ക. വെണ്ടക്ക, വെണ്ടാക്ക, വെണ്ടക്ക.....
അടിയില്‍ ചിത്രം കൊടുത്തിരിക്കുന്നതു പൂവന്‍ കോഴിയുടെ. കല്ലേച്ചിക്കു ചിരിയടക്കാനാവുന്നില്ല.
(പത്രാധിപരുടെ ഔചിത്യബോധത്തിനു സ്തോത്രം)
Tuesday, April 04, 2006
Subscribe to:
Post Comments (Atom)
13 comments:
പക്ഷിപ്പനി ഒരു യാഥാര്‍ത്ഥ്യം തന്നെ ആണ്. സ്പാനിഷ് ഫ്ലു എന്ന പേരില്‍ ഇതിന്റെ ഒരു വകഭേദം 1918 ല്‍ പടര്‍ന്നിരുന്നു. അന്ന് മരിച്ചത് 2 കോടിക്കും 4 കോടിക്കും ഇടയില്‍ മനുഷ്യരാണ്. ഇപ്പോള്‍ ഈ വൈറസിനു പക്ഷികളില്‍ നിന്നു മനുഷ്യരിലേക്കു പകരാനുള്ള കഴിവേ ഉള്ളു. അതിനാലാണ് വളരെ കുറച്ചു പേര്‍ക്കു മാത്രം ഇത് ബാധിച്ചിരുക്കുന്നത്.
ജനിതക ഘടനയിലെ ചെറിയ മാറ്റത്തിലൂടെ വൈറസുകള്‍ക്ക് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരാനുള്ള ശക്തി ആര്‍ജ്ജിക്കുവാന്‍ സാധിക്കും. അങ്ങിനെ വന്നാല്‍ പക്ഷിപ്പനി ഒരു പകര്‍ച്ചവ്യാധി ആയി മാറും. അതിനുള്ള ഒരു സാധ്യത ജലദോഷമുള്ള ഒരാള്‍ക്ക് പക്ഷിപ്പനി വരികയും അയാളുടെ ഏതെങ്കിലും ഒരു കോശത്തില്‍ വച്ച് രണ്ടു വൈറസും കണ്ടുമുട്ടുകയുമാണ്. അങ്ങിനെ വന്നാല്‍ ജലദോഷം പോലെ പകരാനുള്ള കഴിവ് ഈ വൈറസിനു നേടാന്‍ സാധിക്കും. അതിനാല്‍ മനുഷ്യരും പക്ഷികളുമായുള്ള സമ്പര്‍ക്കം കുറക്കേണ്ടത് അത്യാവശ്യമാണ്.
Tamiflu, Relenza എന്നീ മരുന്നുകള്‍ മാത്രമേ ഈ വൈറസിനെ കൊല്ലുമെന്ന് പ്രതീക്ഷ എങ്കിലും ഉള്ളൂ. ഇവ രണ്ടും വാക്സിനല്ല മരുന്നാണ്. ഇതില്‍ Relenza ആസ്മാ പോലെ അസുഖമുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. Tamiflu അസംസ്കൃത വസ്തുക്കളുടെ ദൌര്‍ലഭ്യം കാരണം വളരെ കുറച്ചേ ഉണ്ടാക്കനും സാധിച്ചിട്ടുള്ളൂ.
വൈറസ് എങ്ങിനെ രൂപം മാറുമെന്ന് പ്രവചിക്കാന്‍ വയ്യാത്ത കാരണം പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥയെ പറ്റിയും പ്രവചിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മനുഷ്യ ശരീരത്തിന് യാതൊരു പരിചയവും ഇല്ലാത്ത വൈറസായതിനാല്‍ ഇത് പ്രതിരോധശേഷിയുടെ അഭാവത്താല്‍ വളരെ മാരകമായേക്കാം.
thanks a lot
i will ask questions later
അപ്പോഴും സംശയം ബാക്കിനില്‍ക്കുന്നുണ്ട്. ഇങനെ നൂറുകണക്കിനു വൈറസ്സുകളുണ്ടാവില്ലേ നാം ജീവിക്കുന്ന ചുറ്റുപാടില്‍. നാം ഏതില്‍നിന്നൊക്കെ നമ്മെ സം രക്ഷിക്കും? സ്വതേ നമുക്കൊരു പ്രതിരോധശേഷിയുണ്ടാവില്ലേ? അതു വികസിക്കുന്നതിനു മാരകമല്ലാത്ത അവസരത്തില്‍ അതിനെ ശരീരത്തിനു പരിചയപ്പെടുത്തുകയല്ലേ വേണ്ടത്? മരുന്നുകള്‍ കൊണ്ട് ഫലപ്രഥമായി വൈറസിനെ പ്രതിരോധിക്കാനാവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കാരണം അത് പൂര്‍ണമായ അര്‍ഥത്തില്‍ ജീവിയല്ലത്രെ.
കൂടുതല്‍ വിശദീകരണങള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടെ നാട്ടില്‍ എത്രയോ കാലമായി കണ്ടു വരുന്ന "കോഴി വസന്ത" എന്താ സാധനം? അതും ഇതും കൂടി വല്ല ബന്ധവുമുണ്ടോ?
പക്ഷിപ്പനി എന്നൊരു കാര്യം വാസ്തവം തന്നെ ആയിരിക്കും. അല്ലാതെ മനുഷ്യന്മാര്‍ വീട്ടിലും നാട്ടിലും ഉള്ള സകല കോഴികളേയും വെറുതേ കൊന്നൊടുക്കില്ലല്ലോ.
പഞ്ച ഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, സ്പെയിസ് എന്നിവയെ മനുഷ്യൻ തന്നെ യാണ് മലിനീമസമാക്കിയത്. ഏത് ജീവിക്കും ആന്റി ബോഡീസ് ഉണ്ടാക്കുവാനുള്ള കഴിവുകൾ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതിനാൽ ചെറിയ ഒരു വൈറസിനുപോലും വളരെ വേഗം വ്യാപിക്കുവാൻ കഴിയുന്നു. അത് പക്ഷിമൃഗാദികളെയും മനുഷ്യനേയും ഒരേപോലെ ബാധിക്കുന്നു. ഇനി എന്തായാലും പഞ്ചഭൂതങ്ങളെ സംരക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഒഴുക്കിനൊത്ത് നീന്താൻ പഠിച്ചാൽ വൈറസുകൾ സൃഷ്ടിക്കുവാനും അതിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ വിറ്റ് കാശുണ്ടാക്കുവാനും കഴിയും. അതിനും വേണം കഴിവ്.
സ്വന്തം പ്രതിരോധശേഷിയാണ് അത്യന്തികമായി മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. അതു നഷ്ടപ്പെട്ടാല്‍ മരിച്ചു പോവുകയേ ഉള്ളൂ. അതു കൊണ്ടാണല്ലോ H.I.V. ബാധിച്ചവര്‍ AIDS വന്നു മരിക്കുന്നത്. അത്തരം ഒരവസ്ഥയില്‍ മരുന്നുകള്‍ നിസ്സഹായരാണ്.
രോഗാണുക്കാളുമായുള്ള സമ്പര്‍ക്കത്തിലൂടെ പ്രതിരോധശേഷി വളര്‍ത്തുന്നത് അത്ര മാരകമല്ലാത്ത അണുക്കളുടെ കാര്യത്തിലേ നടക്കുകയുള്ളൂ. ഉദാഹരണത്തിന് ചിക്കന്‍പോക്സ്. ഒന്നു വന്നവര്‍ക്ക് പിന്നെ വരാത്തത് ശരീരം പ്രതിരോധശേഷി ആര്‍ജ്ജിക്കുന്നതു കൊണ്ടാണ്. അതേസമയം വസൂരിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് പ്രതിരോധശേഷി നേടാമെന്നു വച്ചാല്‍, വസൂരി വന്നു മരിക്കുകയേ ഉള്ളൂ. അവിടെ പ്രതിരോധ കുത്തിവയ്പു മാത്രമേ രക്ഷയുള്ളു. അതുപോലെ ആണ് പക്ഷിപ്പനിയുടേയും കാര്യം.
വൈറസുകളെ നശിപ്പിക്കാന്‍ സാധിക്കും. പക്ഷേ ജീവജാലങ്ങളെല്ലാം ഒരു പൊതു ഉറവിടത്തില്‍ നിന്നും ഉദ്ഭവിച്ചതുകൊണ്ട് അവയുടെ എല്ലാം രാസഘടനക്കു സാമ്യമുണ്ട്. അതു കൊണ്ട് വൈറസിനെ നശിപ്പിക്കുന്നതു പലതും മനുഷ്യനേയും നശിപ്പിച്ചേക്കാം. ഉദാഹരണത്തിന്, 100 oC നു മുകളില്‍ പല വൈറസും നശിച്ചു പോകും. വൈറസു ബാധിച്ച ഒരാളെ അത്രയും ചൂടാക്കിയാല്‍ അയാളുടെ കോശങ്ങളും നശിച്ചു പോകും. റേഡിയേഷന്‍ കൊണ്ട് വൈറസുകളെ ജനിതക മാറ്റമുണ്ടാക്കി നശിപ്പിക്കാം. അതുപോലെ തന്നെ മനുഷ്യനേയും.
ശരീരത്തില്‍ കടന്നുകൂടിയ വൈറസുകളെ ഒഴിവാക്കുന്ന antiviral മരുന്നുകളുണ്ട്. വാക്സിനുകളല്ലാത്ത ഇവ തന്ത്രപൂര്‍വ്വമാണു പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന് ഫ്ലൂ വൈറസിത്തിനു ഒരു കോശത്തില്‍ നിന്ന് മറ്റൊരു കോശത്തിലേക്കു പോകാന്‍ ഒരു എന്‍സൈമിന്റെ സഹായം ആവശ്യമാണ്. Tamiflu, ഈ എന്‍സൈമില്‍ കൂടിച്ചേര്‍ന്ന് അതിനെ നിര്‍വീര്യമാക്കുകയും അങ്ങിനെ വൈറസുകളെ പെരുകുന്നതില്‍ നിന്നും തടയുകയും ചെയ്യുന്നു.
മനുഷന്‍ ഇറച്ചി തീറ്റ ഒഴിവാക്കിയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. സിംഹവും പുലിയുമൊക്കെ ഇറച്ചി തിന്നില്ലെങ്കില്‍ മരിച്ചു പോവും. മനുഷ്യനാണെങ്കില്‍ കൂടുതല്‍ ആരോഗ്യത്തോടെ ജീവിക്കുകയേ ഉള്ളു. ചൈനാക്കാരാണ് ഇതിന്റെ ആശാന്മാര്‍. അവിടെ ഒരു നൂറു കോഴി, അതിന്റെ താഴെ ഒരമ്പതു പന്നി. അതിനിടയില്‍ കൊഞ്ചുകൃഷിയും. കോഴിക്കാഷ്ടം തിന്ന് പന്നി വളരുന്നു. പന്നിക്കാഷ്ടം തിന്നു കൊഞ്ചു വളരുന്നു. അതിനിടയില്‍ ഇവയെ മൂന്നും തിന്ന് മനുഷ്യന്‍ വളരുന്നു. ഇതിനിടയില്‍ നിന്നാണ് SARS, പക്ഷിപ്പനി മുതലായവയുടെ അണുക്കളെല്ലാം ഉദ്ഭവിച്ചത്. വേറേ കുറേപ്പേര്‍ കൊതിമൂത്ത് പശുവിന് ഇറച്ചി കൊടുത്ത് വളര്‍ത്തുന്നു. അങ്ങിനെ ഭ്രാന്തിപ്പശു രോഗം ഉണ്ടാവുന്നു. പ്രകൃതിനിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ പഠിച്ചാല്‍ പല പ്രശ്നങ്ങളും ഒഴിവാക്കാവുന്നതേ ഉള്ളൂ.
പ്രിയപ്പെട്ട സീയെസ്,
കഴിഞ്ഞ രണ്ടു കമന്റുകളും വളരെ വിജ്ഞാനപ്രദങ്ങളായിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങള്‍ എഴുതി ബ്ലോഗില്‍ പോസ്റ്റു ചെയ്തുകൂടേ. ഞങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും ഈ വക കാര്യങ്ങള്‍ അറിയില്ല. ദേവനും ചന്ദ്രേട്ടനും മാത്രമാണു് ഈ വക കാര്യങ്ങളെപ്പറ്റി എഴുതാറുള്ളതു്.
അതോ സീയെസ്സ് ഇവയെപ്പറ്റിയും എഴുതാറുണ്ടോ? ഞാന്‍ പ്രാണികളുടെ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ.
ഇതിനെക്കുറിച്ചു ഞാനും കുറച്ചെഴുതാന്‍ തുടങ്ങി. വലുപ്പം കൂടിവന്നപ്പോള്‍ അതു വിക്കിയാക്കാമെന്നു തോന്നി. എങ്കില്‍ പിന്നെയാവട്ടേ എന്നും കരുതി, പതിവുപോലെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ അടക്കം നടത്തി!
:-(
ഉമേഷേ,
ഞാന്‍ ശാസ്ത്രലോകം എന്ന പേരില്‍ ഒരു തട്ടുകട ഒരു മാസം മുന്‍പ് തുറന്നിരുന്നു. എഴുതാന്‍ തുടങ്ങിയപ്പോള്‍ ഈച്ചപിടുത്തം തന്നെ സുഖമെന്നു മനസ്സിലായി. എന്നാലും ഒരു കൈ നോക്കുന്നുണ്ട്.
കണ്ണൂസേ, കല്ലേച്ചി പറഞ്ഞ തൂക്കല്‍ തന്നെയാണ് കോഴിവസന്ത. പക്ഷിപ്പനി അതാണോ എന്നൊന്നും അറിയില്ലാ, പക്ഷേ അതും വൈറല്‍ ഇന്‍ഫക്ഷനായിരുന്നെന്നാണറിവ്. ആ അസുഖത്തിനു കോഴിക്ക് ഹോമിയോ മരുന്ന് വളരെ ഇഫക്റ്റീവ് ആണത്രേ. നാട്ടില്‍ പുറത്തൊക്കെ കോഴിക്കു മനുഷ്യന്റെ മൂത്രം കുടിക്കാന്‍ കൊടുത്താല്‍ ഇതില്‍ നിന്നു രക്ഷപ്പെടുമെന്ന് ഒരു അറ്റകൈ പ്രയോഗമുണ്ടായിരുന്നു, ഫലവത്താണോ അല്ലേ എന്ന് ഒരു പിടീമ് ഇല്ല.
ചന്ദ്രേട്ടന്‍ പറഞ്ഞ പഞ്ചഭൂതങ്ങളും മലിനമാകുന്നതിന്റെ ചുവടു പറ്റിയാണ് കാര്‍ഡിയോളജിയിലെ ലേറ്റസ്റ്റ് ഗവേഷണങ്ങളും പോകുന്നത് (മനുഷ്യന്‍ ആധുനികനാകുന്നതിന്‍ ആനുപാതികമായി വര്‍ദ്ധിക്കുന്ന ചില രോഗങ്ങളുണ്ട്- ദന്തക്ഷയം പോലെ, ഹൃദ്രോഗവും അങ്ങനെതന്നെ-200 കൊല്ലം മുന്നേ ഈ നാശം ഭൂമിയിലേ ഇല്ലായിരുന്നു)
സീയെസ്സേ, പക്ഷിപ്പനി ഹ്യൂമന്‍ ബാരിയര്‍ ലവിടെ ചാടി ചാടാന്‍ പോണു എന്നൊക്കെ എല്ലാ ദിവസവും പത്രത്തില്‍ കാണാം (പത്രത്തില്‍ ദമ്പിടീം വിശസിക്കരുതെന്നാ വക്കാരിടെ ഉപദേശം)ഡോക്യുമന്റ് ചെയ്യപ്പെട്ടിട്ടുണ്ടോ ഇതുവരെ മനുഷ്യനില്‍ നിന്നും മനുഷ്യനു പക്ഷിപ്പനി വന്നെന്ന്?
ഓ ടോ
ഇറച്ചി കൊടുത്ത് പശൂനെ കൊഴുപ്പിക്കാമെന്നും അതു ചെയ്താല്‍ പശൂ പണ്ടാരടങ്ങി പോകുമെന്നും സായിപ്പിനു പുത്തന്‍ അറിവായിരിക്കും, നമ്മുടെ നാട്ടില്‍ അല്ല. മരമടി മത്സരത്തിനു ഒരുക്കുന്ന (ഗ്രൂമിങ്ങ്) കാളകള്‍ക്ക് “ഇടിക്കോഴി” എന്നൊരു ഭക്ഷണം കൊടുക്കാറുണ്ട് പണ്ടു പണ്ടേ. ഒരു ലിറ്റര്‍ ആട്ടിന്‍ പാലില്‍ ഒരു ഫുള്ള് ചിക്കന്‍ ഉരലില്‍ ഇട്ട് ഇടിച്ച് ചമ്മന്തിയാക്കിയത് ചേര്‍ത്തങ്ങു കൊടുക്കും. കാളയുടെ സര്‍വ്വ ബാലന്‍സും തെറ്റി അങ്ങോട്ടു കൊഴുക്കും, വയലന്റ് ആകും, ഹോര്‍മോണ്‍ ഒക്കെ തെറ്റി സ്വഭാവം പോലും മാറും.. പിന്നെ അവനെ റേസില്‍ പിടിച്ചാല്‍ നില്‍ക്കില്ല.. പക്ഷേ ഇടിക്കോഴി കൊടുത്ത കാള ചത്താല്‍ പറയരു പോലും തിന്നില്ലാത്രേ (യശശ്ശരീരനായ കൊച്ചിഞ്ഞു വേലത്താനു ക്രെഡിറ്റ് ഇടിക്കോഴിക്കാളയുടെ ഇറച്ചി ഇന്‍ഫോക്ക്)
പട്ടികൾക്ക് മറുപിള്ള ഭക്ഷിക്കാം അതിന് ഒരു പ്രശ്നവും ഉണ്ടാകില്ല കാരണം അത് സ്വതവേ നോൺ വെജിറ്റേറിയൻ ആയതുകൊണ്ടാണ്. എന്നാൽ പശുക്കൾക്ക് മറുപിള്ള തിന്നാൽ ദഹനക്കേടാവും ഫലം. ദിവസവും കുറേശ്ശെ നോൺവെജിറ്റേറിയൻ ആഹാരം കൊടുത്താൽ പശുവും നോൺ വെജ് ആകും. മണ്ണിരകൾ ചീഞ്ഞതും അഴുകിയതുമായ ആഹാരമാണ് കഴിക്കാറ്. അങ്ങിനെയാനെങ്കിൽ പക്ഷിപ്പനി വരേണ്ടത് മണ്ണിരകൾക്കലെ. അത് വളരെ സെൻസിറ്റീവും ആണ്. പല രോഗങ്ങളും മനുഷ്യ നിർമിതം തന്നെയാണ്. നാം കഴിക്കുന്ന ആഹാരത്തിലെ മൂലകങ്ങളുടെ കുറവും പല രോഗങ്ങൾക്കും കാരണമാകാം. ആയുർവേദം തന്നെ നോക്കുക പല ചെടികളുടെയും ഭാഗങ്ങൾ പല രോഗങ്ങൾക്കും പരിഹാരമാണ്. വിഷങ്ങൾ അടിഞ്ഞുകൂടുന്നത് ഹൃദയത്തിലാണ് അവിടെനിന്നാണ് രോഗങ്ങളുടെ തുടക്കവും.
Post a Comment