Sunday, March 26, 2006

malayalam vs malayalam

ചെറുതുകളുടെ തമ്പുരാന്‍ കുഞ്ഞുണ്ണി മാഷ്ക്ക്‌ പ്രണാമം.
ഇന്നലെ അന്തരിച്ച കുഞ്ഞുണ്ണി മാഷ്‌ വീ. കെ ശ്രീരാമനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഭാഷ നഷ്ടപ്പെടുന്ന വഴികളെപ്പറ്റി പ്രതിപാദിച്ചിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പറഞ്ഞത്‌ വളരെ വലിയ കര്യങ്ങളേക്കുറിച്ചായിരുന്നു. ഭാഷയുടെ സൂക്ഷ്മമായ വംശനാശംവരലിന്റെ, ചില അധിനിവേശം മൂലം ദാസ്യവത്ക്കരിക്കപ്പെടലിന്റെയൊക്കെ പരിണിത ഫലങ്ങളെപ്പറ്റി ഈ മനുഷ്യന്‍ ഗഹനമായി ചിന്തിച്ചിട്ടുണ്ട്‌.

വിദേശേക്കുടിയേറല്‍ നിമിത്തം ഭാഷയ്ക്കുണ്ടാകുന്ന അപചയം ഞാന്‍ നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നതാണ്‌. വടക്കനും തെക്കനും മധ്യനും എല്ലാം ഒരു മുറിയില്‍, ഒരു പണിസ്ഥലത്ത്‌ ഒന്നിച്ചു സംസാരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന ഭാഷാപരമായ പീഡനങ്ങള്‍ മൂലം പല പ്രാദേശിക പ്രയോഗങ്ങളും slangകളും മറ്റൊന്നില്‍ ലയിച്ചു ചേരുകയോ ഇല്ലതാകുകയോ ചെയ്യുന്നതോടെ വ്യത്യസ്തമായ ധാരാളം പര്യായ പദങ്ങള്‍ നഷ്ടം വന്നു പോകുന്നതും ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്‌. malayalam vs malayalam. അതോടെ ഭാഷ ഏതാണ്ടെല്ലാവര്‍ക്കും ഒരുപോലെയാകുന്നു. ഇത്‌ ഭാഷയുടെ ഒരുതരത്തിലുള്ള സ്വത്വനഷ്ടമാണ്‌. നേരത്തെ തന്നെ ഇംഗ്ലീഷ്‌ അധിനിവേശിച്ച്‌ തിന്നു തീര്‍ത്ത മലയാള പദങ്ങള്‍ ധാരാളമുണ്ട്‌.

ഇവിടെയാണ്‌ മറ്റൊരു അധിനിവേശത്തിന്റെ കഥ മാഷ്‌ പങ്കുവെയ്കുന്നത്‌. നേരത്തെ നമ്പൂതിരിമാര്‍, നായന്മാര്‍, ഹരിജനങ്ങള്‍, മുസ്ലിംഗള്‍, കൃസ്ഥ്യാനികള്‍ തുടങ്ങി എല്ലാവരും നാക്കെടുത്താല്‍ മനസ്സിലാകുന്ന തരത്തില്‍ ഭാഷയ്ക്ക്‌ ഒരു സ്വത്വമുണ്ടായിരുന്നു. ജാതിയുടെ ഉച്ഛനീചത്വങ്ങള്‍ തകര്‍ത്തതിനൊപ്പം ഹരിജനങ്ങള്‍ തങ്ങളുടെ ഭാഷ മുകളിലോട്ടുയര്‍ത്തുകയും ഉന്നതജാതിക്കാര്‍ ലേശം താഴോട്ടു വരുത്തുകയും ചെയ്തതോടെ രണ്ടു ഭാഷയും നഷ്ടപെട്ടു നമ്മുടെ ഭാഷ നായര്‍ സമുദായത്തിനു തുല്ല്യമായി വന്നു എന്ന്‌ അദ്ദേഹം പറഞ്ഞു. കുറേകൂടി തീവ്രമായി ഒരോ വ്യക്തിക്കും അവനവന്റെ ഭാഷയുണ്ട്‌ എന്നും ഇതാണ്‌ ഭാഷയുടെ വ്യക്തിത്വം എന്നും മാഷ്‌ പഠിപ്പിച്ചു.

നമ്മില്‍ ഭൌതിക വാദത്തിന്റെ അതിപ്രസരം ഉണ്ടായപ്പോള്‍ ഇങ്ങനെ തീവ്രമായി ഇടപെട്ട്‌ ബിംബങ്ങളെ എല്ലാം നശിപ്പിച്ച നാം അതുണ്ടാക്കിയ പരിസ്ഥിതിയെ കൂടി നശിപ്പിച്ചു കളഞ്ഞു. കാവുകളും കുളങ്ങളും അതിന്റെ ആത്മീയ പരിവേഷത്തില്‍ നിന്നടര്‍ത്തപ്പെട്ടതോടെ തീര്‍ത്തും അനാഥമായിപ്പോയി. ബിംബങ്ങള്‍ക്കും ജാതിമത ഉച്ച നീചത്വങ്ങള്‍ക്കും എതിരായ ഒരു മനോഭാവവും സംസ്കാരവും ഉണ്ടാക്കി തീര്‍ക്കാനും അവയിലൊക്കെയുള്ള നന്മകളെ അവയെ എതിര്‍ക്കുമ്പോള്‍ തന്നെ ഉള്‍കൊള്ളാനും നമുക്ക്‌ കഴിയാത്തതിന്റെ പരിണിത ഫലം.

മാഷ്‌ പോയി ഇനി ഇങ്ങനെ മറ്റാരെങ്കിലും നമുക്ക്‌ പറഞ്ഞുതരുമായിരിക്കും.

2 comments:

Anonymous said...

കല്ലേച്ചീ, പ്രണാമം. മാഷക്കു പകരം വെയ്ക്കാന്‍ ആരുമില്ല. നല്ല അദ്ധ്യാപകന്‍ എന്ന വംശം തന്നെ അറ്റപോയപോലെയാണ്. ഭാഷയെ അധിനിവേശിച്ചപോലെ പ്രവര്‍ത്തികളേയും അധിനിവേശം ബാധിച്ചപ്പോള്‍ മനുഷ്യ സ്വഭാവത്തിനുംമ്മഅറ്റമുണ്ടായില്ലേ? അതോ തിരിച്ചോ? വളര്‍ച്ചയേയും നാശത്തേയുമൊക്കെ അളക്കുന്ന മാനദണ്ഡമെന്താണ്?-സു-

സുനില്‍ കൃഷ്ണന്‍ said...

തകിടം മറിയുമ്പോള്‍ നിരതെറ്റാതെ പറ്റില്ലല്ലോ.
പൂവ് ചെടിയെ വിവരിക്കുന്നതുപോലെ ഇനി
ഭാഷ മനുഷ്യനെ വിവരിക്കുമോ ? വായിക്കാതെ കിടക്കുന്ന പേജുകളിലും ഒരു ഭാഷയുണ്ടാവാം