കഥ
ലോകത്തോട് പറയാനുള്ള കാര്യങ്ങള്‍ ഒരു ബോര്‍ഡില്‍ എഴുതി ത്തൂക്കുക എന്ന ആശയം എന്റെ മനസ്സില്‍ ജനിക്കുന്നത് ശബ്ദത്തേക്കാള്‍ പെട്ടെന്നു സംവദിക്കപ്പെടുന്നത് കാഴ്ചകളാണെന്ന അറിവുണ്ടായതിനു ശേഷമാണ്. പ്രകാശം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നു മാത്രമല്ല പറയുന്നവ നിലനില്‍ക്കുന്നില്ല, അത് വായുവില്‍ ലയിച്ചു ചേരുന്നു. എഴുതിത്തൂക്കുന്നതാവുമ്പോള്‍ നിരന്തരം അത് പറഞ്ഞുകൊണ്ടിരിക്കുമ്പോലെയാണ്. അതിനാല്‍ ബോര്‍ഡെഴുതി വെയ്കുന്നതാണ് നല്ലത്. ഇതൊരു ആശയമായി രൂപപ്പെട്ടുവന്നപ്പോള്‍ എന്തൊരു ആവേശമായിരുന്നു. ആര്‍ക്കിമിഡീസിന്റെ യുറേക്ക അനുഭവം പോലെ ഞാനും ചിലതു പ്രവര്‍ത്തിച്ചു പോകുമായിരുന്നു.
ഇതിന്റെ തലക്കെട്ടില്‍ കാണുന്ന "സ്ത്രീകള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല" എന്നവാചകം തന്നെയാണ് ബോര്‍ഡില്‍ എഴുതി ഫലിപ്പിക്കേണ്ടത്. അതിനു കാരണം മറ്റു പലതിനുമെന്നപോലെ അവളാണ്. ആ ഒരുമ്പെട്ടവള്‍. പുരുഷന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന അവളുടെ വാദത്തെ ഖണ്ഠികാന്‍ രമണന്‍ തുടങ്ങിയ പല കൃതികളും ഞാന്‍ മനപ്പാഠമാക്കി. എന്നാല്‍ അവയൊന്നും ഏശിയില്ല.
ബോര്‍ഡെഴുതി അവള്‍ക്കൊപ്പം മറ്റുവനിതകളേയും അപമാനിക്കുക എന്നതാവും അക്ഷര ശ്ലോകത്തേക്കാള്‍ ഉത്തമം. അങ്ങനെ ആളുകള്‍ അറിയട്ടെ. സ്ത്രീ വദികള്‍ അവരുടെ മീറ്റിങ്ങുകളില്‍ ചര്‍ച്ചചെയ്യട്ടെ. എന്നാല്‍ ഈവിദ്യ തുടക്കത്തില്‍ തന്നെ പരാജയപ്പെടുന്നത് എനിക്കു ഖേദത്തോടെ കാണേണ്ടിവന്നു. ബന്ധുക്കളെന്നുപറയാന്‍ അമ്മയുടെ അനുജത്തിയല്ലേയുള്ളൂ എനിക്ക്. അവര്‍ വന്നപ്പോഴായിരുന്നു ബോര്‍ഡ് ആദ്യം ഒളിപ്പിക്കേണ്ടിവന്നത്. അത്രയ്കൊന്നും ആലോചിച്ചിരുന്നില്ല ഇങ്ങനെ ഒരു തീരുമാനമെടുക്കുമ്പോള്‍. ഒരാഴ്ച്ച കഴിഞ്ഞില്ല അവരുടെ മകള്‍ അതായത് എന്റെ പെങ്ങള്‍ പതിവു കുസൃതികളുമായി കയറി വന്നപ്പോഴും ബോര്‍ഡിനു സ്ഥാനം ഉള്ളിലായി. അപ്പോള്‍ പിന്നെ അതിന്റെ സാഹിത്യത്തിനെ ഒന്നു മാറ്റിക്കളയാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. "എനിക്കിഷ്‌ടമില്ലാത്ത" എന്നൊരു ഭേദഗതി ഞാന്‍ തന്നെ പാസ്സാക്കി അതിന്റെ മുകളില്‍ പതിച്ചു. ഇപ്പോള്‍ ബോര്‍ഡിങ്ങനെ വായിക്കാം. "എനിക്കിഷ്‌ടമില്ലാത്ത പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല." അപ്പോള്‍ വീണ്ടും സംശയമായി. എന്നുവെച്ചാല്‍ 'എനിക്കിഷ്‌ടമുള്ള പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമുണ്ട്' എന്നാവില്ലെ അതിന്റെ ധ്വനി. എളയമ്മ എന്തു കരുതും? പെങ്ങള്‍ എന്തു കരുതും?
പ്രശ്ന പരിഹാരവും പ്രശ്നത്തോടൊപ്പൊം ജനിക്കുന്നതാണെന്ന ഒരു മത വിശ്വാസം എനിക്കുള്ളതിനാല്‍ ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറല്ല. അങ്ങനെ ഒരു ബോര്‍ഡു തൂക്കി അവളെ അപമാനിച്ചിട്ടു തന്നെ കാര്യം. ഇക്കാര്യം തുടങ്ങി വെച്ചത് അവള്‍ തന്നേയാണ്. ഇതു മാത്രമല്ല അങ്ങനെ പലതും. എന്നെ അവള്‍ക്കു വേണ്ടാതായിത്തുടങ്ങിയെന്നു തോന്നിയ ആദ്യം തന്നെ അവള്‍ എന്റെ വീടിന്റെ ഇളം റോസുനിറമുള്ള മുന്‍ചുമരിലെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള ഭാഗത്ത് കറുത്ത ചായത്തില്‍ വെളുത്ത അക്ഷരങ്ങളില്‍ വീടിന്റെ പേരായി "അബൂ ഗാരിബ്" എന്നെഴുതി വെച്ചു. പലതവണ മായ്ച്ചിട്ടും മങ്ങിയ നിറത്തില്‍ ഇപ്പോഴും അതു ചുമരില്‍ കാണാം. ഇനി ചുമരു തന്നെ പൊളിച്ചു പണിയേണ്ടിവരും. ഇക്കാരണത്താല്‍ വീട് അടച്ചു അവളെ പുറത്താക്കിയപ്പോള്‍ അവള്‍ കാണിച്ചതെന്താണെന്നോ അവളുടെ വകയിലും ഒരു പൂട്ടിട്ടു. പിന്നെ ഒരാള്‍ക്കു മാത്രമായി അതു തുറക്കാനാവില്ലല്ലോ. എനിക്കു പറ്റാത്തതു തനായി ചെയ്യുന്നതു ഞാനൊന്നു കാണട്ടെ. ഒരു ചെറിയ കുറിപ്പുമെഴുതി വെച്ചു. "ഇപ്പോഴാണ് നമ്മുടേത് ശരിക്കുമൊരു ദാമ്പത്യമായത്." പൂട്ടുപൊളിച്ചാണ് അന്ന് അകത്ത് കുടിയിരുന്നത്. അന്നു മുതല്‍ ഒരു ഏകാന്തത ഇരയെ പിന്തുടരുന്ന വന്യജീവിയെപ്പോലെ പതിയിട്ടു കയറി വരാന്‍ തുടങ്ങിയപ്പോള്‍ അന്നോളം പേരിട്ടിട്ടില്ലാത്ത മുഴുവന്‍ വീട്ടു സാമാനങ്ങള്‍ക്കും പേരിട്ടു വിളിക്കേണ്ടിവന്നു.
തെറ്റെന്റേതണ്. എന്റെ പഴയ ഒരു കൂട്ടുകാരിക്ക് കുറച്ചു പണം ബേങ്കില്‍ നിന്നെടുത്തുകൊടുത്തതു സത്യമാണ്. ഓര്‍ക്കുക കൂട്ടുകാരിക്ക്. അതിനാല്‍ അത് അവളോടു പറഞ്ഞിരുന്നില്ല. പറഞ്ഞാല്‍ അവള്‍ സമ്മതിക്കുകയില്ല എന്നു മാത്രമല്ല ഈ പ്രശ്നങ്ങളൊക്കെ നേരത്തെ ആരംഭിക്കുകയും ചെയ്യും. പക്ഷേ അവള്‍ അതെങ്ങനേയോ അറിഞ്ഞു. പെണ്ണുങ്ങള്‍ക്കിടയിലെ ചാരസംഗങ്ങള്‍ നിബന്ധനയില്ലത്ത വായ്പ്പയുടെ വിവരങ്ങള്‍ അവളോടു പറഞ്ഞു കാണണം.
"ഞാനറിയാതെ പണം കൊടുക്കാന്‍ നിങ്ങള്‍ അവളുടെ ആരാണ്? എന്നെ അറിയിച്ചാണ് ഇതു ചെയ്തതെങ്കില്‍ പിന്നെയും വിശ്വസിക്കാമായിരുന്നു. ഇങ്ങനെ കണ്ട അവളുമാര്‍ക്ക് (ഓര്‍ക്കുക അവളുമാര്‍ എന്ന പദത്തിലെ ധ്വനി സ്ത്രീകള്‍ പിഴച്ചു പോയാല്‍ വിളിക്കുന്ന ആ ദ്വയാര്‍ഥ പ്രയോഗം തന്നെയാണ്) തിന്നാനുള്ളതല്ല ഈ മുതല്‍."
"ഇത് ഞാനധ്വാനിച്ചുണ്ടാക്കിയതാണ്. നിനക്കു കിട്ടിയ സ്ത്രീധന വകയിലെ ഒരു പൈസ പോലും ഇതിലില്ല. മനുഷ്യത്വപരമായ ചില കാരണങ്ങളലാണ് എനിക്കവളെ സഹായിക്കേണ്ടിവന്നത്. അവള്‍ പെട്ടെന്നു തിരിച്ചു തരും. പണ്ട് എനിക്ക് ചില അത്യാവശ്യത്തിന് സ്വര്‍ണവും പണവുമൊക്കെ അവള്‍ സഹായിച്ചിട്ടുണ്ട്. നമ്മുടെ കല്ല്യാണത്തിനു മുന്‍പ്. കല്ല്യാണം കഴിച്ചു എന്നതുകൊണ്ട് സമൂഹത്തിലെ മറ്റു ബന്ധങ്ങളൊക്കെ അവസാനിപ്പിക്കന്‍ എനിക്കാവില്ല."
"കല്ല്യാണത്തിനു മുന്‍പ് നിങ്ങള്‍ മഹാ വൃത്തികെട്ടവനായിരുന്നു എന്നെനിക്കറിയാം. നിങ്ങള്‍ പരസ്പരം 'സഹായിച്ചിട്ടു'മുണ്ടാവണം. അതു തുടരാനാണു ഭാവമെങ്കില്‍ നടപ്പില്ല. അത്ര കരുണയുണ്ടായിരുന്നെങ്കില്‍ എന്നെ എന്തിനു കെട്ടിവലിച്ചു?"
അന്നു രാത്രി എല്ലാ സമരമുറകളും പരീക്ഷിക്കപ്പെട്ടു. നിസ്സഹകരണപ്രസ്ഥാനം, ഉപ്പുകുറുക്കല്‍, ദന്‍ഢിയാത്ര, യു. എന്‍ ഉപരോധം മുതലായ എല്ലാം. രണ്ടു കനയടി പച്ചവെള്ളം കുടിച്ചാണ് ഞങ്ങള്‍ അന്ന് ഉറങ്ങിയത്. ഒരുകട്ടിലില്‍ (ഉറങ്ങിയോ?) എന്നാല്‍ രണ്ട് ഭൂഖണ്ടങ്ങളില്‍.
ബോര്‍ഡിലെഴുതേണ്ട വാചകം കൃത്യമായും രണ്ടുകാര്യങ്ങള്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. അതിലൊന്ന് സ്ത്രീകള്‍ക്കു മൊത്തം അപമാനകരമായ വാചകമായിരിക്കണമത്. എന്നാല്‍ എനിക്ക് വേണ്ടപ്പെട്ടവര്‍ അതില്‍ നിന്ന് ഒഴിവാകുകയും പന്നികള്‍ എന്ന വാക്ക് അതില്‍ ഉള്‍പ്പെടുകയും വേണം. യോഗീന്ദ്രന്‍ മാഷെ തന്നെ ഇതിനു സമീപിക്കുന്നത് പുള്ളി മലയാളാധ്യാപകനാണ്, പലരും പല കര്യങ്ങളും എഴുതാന്‍ അയാളെയാണ് സമീപിക്കാറുള്ളതും. അദ്ദേഹം കാര്യം വളരെ ഗൌരവമുള്ളതാണെന്നും ഞാനൊരു വെറും ഹൈസ്കൂള്‍ വാദ്യാരായതിനാല്‍ താങ്കളുദ്ദേശിക്കുന്ന അര്‍ഥം ലഭിക്കുന്നതരത്തില്‍ ഒറ്റവാചകത്തില്‍ ഇതു പ്രതിഫലിപ്പിക്കാന്‍ മാത്രമുള്ള വിവരം എനിക്കില്ല, ഒന്നു രണ്ടു ഖണ്ഡിക തന്നെ എഴുതേണ്ടി വരും എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ സത്യസന്ധതയില്‍ ആദ്യമായി ബഹുമാനം തോന്നി. എഴുതാനാവില്ല എന്നു മനസ്സിലാക്കി അതു തുറന്നു പറയാന്‍ കാണിച്ച ആര്‍ജ്ജവത്തോട്. അതിവിടെ രേഖപ്പെടുത്തുന്നു. എന്നാല്‍ അദ്ദേഹം ഒരു കാര്യം ചെയ്തു. പ്രൊഫസ്സര്‍. ജോണ്‍ കോഷി ഇതിനു പറ്റിയ ആളാണെന്നു പറഞ്ഞു. മലയാള ഭാഷ ഇത്രയധികം സങ്കീര്‍ണതയുള്ളതാണെന്ന് ഇത്രയും കാലം മനസ്സിലാക്കിയിരുന്നില്ല. സ്വന്തമായി എഴുതാനുണ്ടായപോഴാണ് അതിന്റെ തകരാറുകള്‍ ബോധ്യമാകുന്നത്.
കോഷിയുടെ വീടിനു മുന്‍പില്‍ ബോര്‍ഡിങ്ങനേയാണ്
പ്രൊഫസ്സര്‍. ജോണ്‍ കോഷി
മാനസിക രോഗ വിദഗ്ദന്‍
രോഗികളെ പരിശോധിക്കുന്ന സമയം
8 മണിമുതല്‍ 4 മണിവരെ
പുകവലിക്കരുത്
ആളുകള്‍ നിശബ്ദരായിരിക്കണം
(ശബ്ദിക്കാനുള്ള അവകാശം ഡോക്റ്റര്‍ക്കായി റിസ്സര്‍വു ചെയ്യപ്പെട്ടിരിക്കുന്നു)
ഡോക്റ്റര്‍ അകത്തുണ്ട്
മലയാളം അധ്യാപകനു പറ്റാത്തത് മാനസിക രോഗ വിദഗ്ദന് എങ്ങനെ സാധിക്കാനാണ്? ഇവ തമ്മില്‍ എന്താണ് പൊരുത്തം.
"അങ്ങ് ക്ഷമിക്കണം. എന്റെ പ്രശ്നം ഒരു ബോര്‍ഡെഴുതുക എന്നതാണ് 'പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല എന്നതാവണം അതിലുണ്ടായിരിക്കേണ്ട വാചകം. എന്നാല്‍ പൊതുവായ രൂപത്തില്‍ അങ്ങനെ പറയാനും പാടില്ല. കുറച്ചു പേരെ മാറ്റി നിര്‍ത്തി ഒറ്റവാചകത്തില്‍ ഇങ്ങനെ ഒന്നെഴുതാന്‍ അങ്ങെന്നെ സഹായിക്കണം"
എത്രകാലമായി ഇതു തുടങ്ങിയിട്ട്" എന്നു ഡോക്റ്റര്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് തനൊരു രോഗിയായപോലെ തോന്നി.
"ഡോക്റ്റര്‍ രോഗികളോടു ചോദിക്കുന്ന പതിവു ചോദ്യങ്ങളൊന്നും എന്നോടു ചോദിക്കരുത്. ഞാനൊരു രോഗിയല്ല."
"അതു തീരുമാനിക്കേണ്ടതു ഞാനാണ്"
ആയ്ക്കോട്ടെ എന്നാലും എന്നെ ബോര്‍ഡെഴുതാന്‍ സഹായിക്കണം"
ഡോക്റ്ററോടു കള്ളം പറയരുത്. വേണമെങ്കില്‍ ഡോക്റ്റര്‍ക്കതാവാം. പറയൂ എത്രനാളായി ഇങ്ങനെ ഒരു ബോര്‍ഡുവെയ്ക്കണമെന്നു തോന്നി തുടങ്ങിയിട്ട്?"
അദ്ദേഹത്തിന്റെ ചോദ്യങ്ങളും നോട്ടങ്ങളും ചേര്‍ന്നെന്നെ തികച്ചും അവശനാക്കിയിരുന്നു. ഒരു തികഞ്ഞ രോഗി. അതും സാധാരണ രോഗിയല്ല, മാനസിക രോഗി. ഒരു കുറിപ്പടി കയ്യില്‍ തന്നു നൂറു രൂപയും വങ്ങി ഇനിയും വന്നു കാണാനുള്ള തിയ്യതിയും പറഞ്ഞു ഡോക്റ്റര്‍ അടുത്തയാളെ അകത്തേക്കു വിളിച്ചു.
ഫലിതം
രണ്ട് ബദ്ധവൈരികള്‍ തമ്മില്‍ ഒരു പാലത്തില്‍ വെച്ചു കണ്ടുമുട്ടി. ഒരാള്‍ മറ്റേയാളോട്
"ഒരു വിഡ്ഡിക്ക് ഒരിക്കലും ഞാന്‍ വഴി മാറിക്കൊടുക്കില്ല"
മറുപടി ഉടനുണ്ടായി
"ഞാന്‍ വഴി മാറിക്കൊടുക്കും താങ്കള്‍ പോയാലും"
Wednesday, March 22, 2006
Subscribe to:
Post Comments (Atom)
13 comments:
ghanayati, samghangal etc are the mistakes first noted. sorry for my negligence
kallechi
വളരെ നല്ല, കാമ്പുള്ള ആശയം. നല്ല കഥ.
ബിന്ദു
കല്ലേച്ചീ,
“പന്നികള്‍ക്കും എനിക്കിഷ്ടമില്ലാത്ത പെണ്ണുങ്ങള്‍ക്കും പ്രവേശനമില്ല” എന്നെഴുതാന്‍ മലയാളം വാദ്ധ്യാരുടെ ആവശ്യമുണ്ടായിരുന്നോ?
കഥ കൊള്ളാം. പക്ഷേ ഒന്നു ചോദിച്ചോട്ടേ. കല്ലേച്ചി ഒരു മുഴുത്ത സ്ത്രീവിരോധിയാണു്, അല്ലേ? എല്ലാ പോസ്റ്റുകളിലുമുണ്ടല്ലോ സ്ത്രീകള്‍ക്കെതിരായുള്ള അമര്‍ഷപ്രകടനം?
ഫെമിനിനിസ്റ്റുകളൊന്നും ഇതു വായിക്കുന്നില്ലേ?
ഫെമിനിസ്റ്റുകളാരും കല്ലേച്ചിയെ വായിച്ചില്ലെങ്കിലും കല്ലേച്ചി ഒന്നു രണ്ടു ഫെമിനിസ്റ്റുകളെ വായിക്കുന്നത് നല്ലതാണു്.
കഥ ബ്രില്യന്റായിണ്ട് കല്ലേച്ചി.
കഥ എന്നു പേരിടുന്നത് ഒരു ജാമ്യമെടുക്കലാണോ?
അല്ല കല്ലേച്ചീ, നീ ആരാലും തിരിച്ചറിയപ്പെടാതെ ഈ ഗുഹയ്ക്കുള്ളിലിരുന്നു പുലമ്പുന്നതൊന്നും കഥയല്ല! കല്പനയുമല്ല! കല്ലേപ്പിളര്‍ക്കുന്ന സത്യങ്ങളാണ്!
ഈ ആര്‍ജ്ജവത്തെ, ഈ ധൈര്യത്തെ ഞാന്‍ ഇനിയുമിനിയും കൈകൂപ്പട്ടെ!
ഒഴിവാക്കേണ്ടി വരുന്ന ആളുകളുടെ എണ്ണം കൂടുന്നതുകൊണ്ടു മാത്രം ഒരൊറ്റ അക്ഷരം പോലും എഴുതാനാവാതെ വിറങ്ങലിച്ചിരിക്കുകയാണെവിടെയുമെല്ലാവരും!
ഫെമിനിസ്റ്റുകളും ഇതു വായിക്കട്ടെ! സ്ത്രീയുടെ ഉള്ളറിഞ്ഞറിഞ്ഞുവരുംതോറും ഫെമിനിസ്റ്റുകളോടു പുച്ഛം കൂടിവരുമെന്നു പറഞ്ഞാലോ? എന്നെയും ഒരു പന്നിയെന്നു വിളിക്കാന്‍ ആരവത്തോടെ വരില്ലേ ലോകം?
വേണ്ട, കല്ലേച്ചി പറയട്ടെ!
കല്ലേച്ചി തന്റെ ഈ ഇത്തിരിപ്പോന്ന ഒളിയിടത്തിലിരുന്ന് ആര്‍ക്കും പിടികൊടുക്കാതെ, എന്നിട്ടും എല്ലാരും ചെവി നിറയെ കേള്‍ക്കെ, കണ്‍നിറയെ കാണ്കെ,തൊലി നിറയേ പൊള്‍കെ, ഉള്‍നിറയേ ഉണര്‍കേ, നേരു നിറയ്ക്കട്ടെ.
നിരങ്കുശമായ വാക്കേ, നിനക്കു വന്ദനം!
ബാങ്ക്ളൂരില്‍ താമസിക്കുന്ന കാലത്ത് ഇതു പോലെ അണ്‍സഹിക്കബിള്‍ ആയ സാഹചര്യം ഉണ്ടായപ്പോള്‍ ആണ് ഞാനും ആദ്യമായി ഒരു ബോറ്‌ഡ് തൂക്കിയത്. "കൊതുകുകള്‍ക്ക് പ്രവേശനമില്ല" എന്നു ഇങ്ക്ളീഷിലും മലയാളത്തിലും എഴുതി വച്ചു. അന്ന് അതു പരാജയപ്പെടാന്‍ ഉണ്ടായ കാരണം നമുക്ക് കൊതുകുകളുമായി കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ഭാഷ അറിയില്ല എന്നതായിരുന്നു. ഇവിടേയും അതു തന്നെ ആണ് പ്രശ്നം.
കല്ലേച്ചി, ഒരു ശ്രീനിവാസന്‍ ടച്ച് ഉണ്ട്. ആക്കൊക്കെയോ എവിടെയൊക്കെയോ കൊള്ളുന്നത് പോലെ.
കഥ നന്നായി.
കല്ലെച്ചി....
താങ്കളുടെ സ്ഥിരം വായനക്കാരനാണ് ഞാന്‍. താങ്കളുടെ ലേഖനങ്ങളിലെ നിരീക്ഷണങ്ങളും, ചിന്താധാരകളും ദഹിക്കാനല്‍പ്പം സമയമെടുക്കുന്നതുകൊണ്ടും, കമന്റിടുന്നതിനു മുപു താങ്കള്‍ അടുത്ത വിഷയത്തിലേക്കു അതിദ്രുതം സഞ്ചരിക്കുന്നതു കൊണ്ടും ഒരു interactivity കൈവരുന്നില്ല എന്നൊരു ഖേദമുണ്ട്.
ഒരു കഥാസങ്കേതത്തിലൂടെയുള്ള ഇത്തരം ആശയസ്ഫുരണം വളരെ എഫെക്ടീവായിരിക്കുന്നു എന്നെനിക്ക് തോന്നുന്നു.
ഭാഷാ ട്രാന്‍സ്‌ലേഷനില്‍ നഷ്ടപ്പെട്ടു പോകാത്ത നല്ലൊരു എഴുത്തു ശൈലി താങ്കള്‍ക്ക് ഉണ്ട്. ഇനിയുമെഴുതുക...
കൊള്ളാം.
സൂഫി പറഞ്ഞ പോലെ, സംവദനത്തിന് ഞങ്ങള്‍ക്കൊരു space അനുവദിക്കുക
പെണ്ണുങള്‍ക്ക് പ്രവേശനമില്ല എന്ന്‍ എഴുതിവച്ചിരിക്കുന്നിടത്ത് സ്ത്രീ യ്ക്ക് വാരാം
നല്ല കഥയുള്ള ഒരു കഥ. ഗ്രേയ്റ്റ്.
അവസാനത്തെ ഫലിതം എബ്രഹാം ലിങ്കണ്‍ പറഞ്ഞതല്ലേ?
അടിമത്തം നിര്‍ത്തലാകിയതില്‍ വിരോധമുള്ള ഒരു സായ്‌വ് മൂപ്പരെ ഒരു ഇടനാഴിയില്‍ കണ്ടപ്പോ പറഞ്ഞത്രെ.
"I dont give way to dogs"
"But I do" എന്നു പറഞ്ഞു മാറി നിന്നു ലിങ്കണ്‍.
പറഞ്ഞുകേട്ടതാണ്.
ഈ കഥയില്‍ സ്ത്രീ വിരോധം തപ്പീട്ട് കാണുന്നില്ലല്ലോ ഉമേഷ് ജീ.എല്ലാമെന്റെ തലക്ക് മുകളിലൂടെ പറന്നതായിരിക്കാം ...
രേഷ്,
ആകെ മൊത്തം ടോട്ടല്‍ ആയിട്ട് എനിക്ക് മനസ്സിലായത് ഈ കഥയിലെ കഥാപാത്രത്തിന്റെ തകരാര്‍ ആണ് ഒക്കെ എന്നുള്ളതാണ്. ശരിക്കും ഇതൊരു പെണ്ണിന്റെ വീക്ഷണത്തില്‍ നിന്നു നോക്കണം. അയാള്‍ക്ക് തന്നിഷ്ടം പോലെ നടക്കണം - അതായത് ഏതെങ്കിലും പെണ്ണിനു- -കൂട്ടുകാരിക്ക്- കാശു കൊടുക്കുക മുതലായവ- പക്ഷെ ഭാര്യ അറിയാനും പാടില്ല. ചോദ്യം ചെയ്യാനും പാടില്ല. പിന്നെയുള്ളത് ഇളയമ്മയും മകളും. അങ്ങനെയൊരു ബോര്‍ഡ് വെച്ചാല്‍ അവര്‍ എന്തു കരുതും എന്നൊരു ചിന്ത അയാള്‍ക്കുണ്ട്. ഭാര്യയെ തരം താഴ്ത്തണം എന്നൊരു ഉദ്ദേശം അയാള്‍ക്കുണ്ട്. പെണ്ണുങ്ങള്‍ക്കും പന്നികള്‍ക്കും പ്രവേശനമില്ല എന്ന് ഉദ്ദേശിക്കുമ്പോള്‍ത്തന്നെ വീട്ടിലെ മറ്റു സ്ത്രീകള്‍ എന്തു കരുതും എന്ന് ചിന്തിക്കുന്നു, ഈ കഥാപാത്രം. അയാളുടെ മനസ്സിന്റെ വിഭ്രാന്തി തന്നെ ഒക്കെത്തിനും കാരണം. അവസാനം ഡോക്ടര്‍ ചോദിക്കുന്ന ചോദ്യത്തിലൂടെ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരുന്നു. ഇവിടെ എന്റെ അഭിപ്രായത്തില്‍ അയാളെ- അതായത് കഥാപാത്രത്തെ- അയാളുടെ സ്ത്രീവിരോധത്തെ- കളിയാക്കുകയാണ് കല്ലേച്ചി എന്ന കഥാകൃത്ത് ചെയ്യുന്നത്.
(ഞാന്‍ ജീവിച്ചിരിപ്പില്ല) ഹി ഹി ...
Post a Comment