കല്‍ക്കത്തയില്‍ നിന്നാണ് വാര്‍ത്ത. ഇത് വാര്‍ത്തയായതിനാലാണ് നാമറിഞ്ഞത്. വാര്‍ത്തയാവാതെ എന്തൊക്കെ നടക്കുന്നുണ്ടാവണം. വാര്‍ത്ത ഇങ്ങനെയാണ്. ഒരാള്‍ ഉറക്കത്തില്‍ തലാഖ് എന്ന് മൂന്നു തവണ പറഞ്ഞു പോയി. ഇത് കേട്ട ഭാര്യ പേടിച്ചു കാണണം. ഇതിന്റെ മത വിധി അറിയുന്നതിന് പള്ളിയെ സമീപിച്ചപ്പോള്‍ അവര്‍ അതൊരു കുറ്റമായെടുത്ത് ശിക്ഷയും വിധിച്ചു. (വാര്‍ത. അറബ് ന്യൂസ്. 27/03/06) ഇസ്ലാമിനെ സംബന്ധിച്ച് തലാഖ് ചൊല്ലപ്പെട്ട സ്ത്രീ പിന്നീട് അയാള്‍ക്ക് അന്ന്യയാണ്. പരസ്പരം കാണാന്‍ പോലും പാടില്ല. 90 ദിവസത്തെ ഇദ്ദ (സുരക്ഷിത കാലം, ഗര്‍ഭിണിയാണോ എന്നു നിരീക്ഷിക്കുന്നതിന്) കഴിഞ്ഞ് മറ്റൊരു പുരുഷന്‍ വിവാഹം കഴിച്ച് ശാരീരിക ബന്ധം പുലര്‍ത്തിയതിനു ശേഷം വീണ്ടും 90 ദിവസം (വ്യത്യസ്ഥ വിഭാഗങ്ങള്‍ തമ്മില്‍ ദിവസത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാകാം) കഴിഞ്ഞാല്‍ മാത്രമേ രണ്ടാമത് ആദ്യ ആള്‍ക്ക് അവളെ വിവാഹം കഴിക്കാനാവൂ. ഇങ്ങനെയെ ഇനി ഇവര്‍ക്ക് ദമ്പതിമാരാവാന്‍ പറ്റൂ എന്നതാണ് സ്ഥലത്തെ പള്ളിക്കമ്മിറ്റി വിധിച്ചത്. അതിനവര്‍ ഫത്‌വയും (മത ശാസന) ഇറക്കി. ഈ ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്.
ഇത് കല്‍ക്കത്തയിലല്ലേ എന്നു ചോദിച്ച് നിസ്സാരമാക്കാന്‍ വരട്ടെ. സമാനമായ ഒരു കേസിന് ഇതേപോലെ മലപ്പുറത്ത് മതശാസന ഇറക്കുകയും അത് അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ദമ്പതികള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും പിന്നീട് കോടതി ഇടപെടുമെന്നായപ്പോള്‍ കളം മാറ്റുകയും ഒക്കെ ചെയ്തത് ഈ അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു. ഇസ്ലാം പൌരോഹിത്യം ഒരു കാരണവശാലും അംഗീകരിക്കാത്ത മതമാണ്. ആളുകളുടെ അറിവില്ലായ്മ, മാനസികമായ പ്രത്യേകതകള്‍ ഇതിനൊക്കെ നാം ഇരയാവുന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്. ഇത്തരം ധാരാളം മത വിധികള്‍ പല മതങ്ങളും പലപ്പോഴും നല്‍കിയിട്ടുണ്ട്. ഏറ്റവും നല്ല തമാശ ഇതിലധികവും മത വിരുദ്ധമാണെന്നതാണ്. എന്നാല്‍ മതത്തില്‍ അറിവുള്ളവരും പണ്ഡിതന്മാരും ഇക്കാര്യങ്ങള്‍ക്ക് ശക്തമായി ഇടപെടുകയോ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാണിച്ച് ശരിയായ മതവിധിയെന്താണെന്നോ ആളുകളെ ബോധ്യപ്പെടുത്താറില്ല.
ഇസ്ലാമില്‍ തീരുമാനമെടുക്കുന്നതിനും സാക്ഷി പറയുന്നതിനും തലാഖ് ചെല്ലുന്നതിനും സാമാന്യം വ്യക്തമായ നിബന്ധനകളുണ്ട്. പല മതവിഭാഗങ്ങള്‍ തമ്മില്‍ ചില്ലറ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും. വിവാഹം ഒരു പുണ്ണ്യ കര്‍മ്മമാണ്, ദൈവമാണ് അതിന്റെ സംരക്ഷകന്‍, മറ്റെല്ലാത്തിനുമെന്നപോലെ.
ഇസ്ലാമില്‍ ഒരു കാര്യം ചെയ്യുന്നതിന് നിയ്യത്ത് (മനസികമായ ഉറപ്പ്, തീരുമാനം) നിര്‍ബന്ധമാണ്. ചില വിഭാഗങ്ങള്‍ക്ക് നിയ്യത്ത് എന്നത് (ഞാന്‍ ഇന്നത് ചെയ്യാന്‍ പോകുന്നു എന്ന്) മനസ്സില്‍ കരുതിയാല്‍ പോര പുറത്ത് പറയണം. ചിലര്‍ക്ക് മനസ്സില്‍ കരുതിയാല്‍ മതി. ചിലര്‍ക്ക് നിയ്യത്തില്ലാതെ ഒരു കാര്യമില്ല അതിനാല്‍ പ്രത്യേകമായി അത് പ്രതിപാദിക്കേണ്ടതില്ല. അപ്പോള്‍ പോലും നിയ്യത്ത് എന്നത് ആരും നിഷേധിക്കുന്നില്ല. അബോധത്തിലോ ബോധം തെറ്റിയ അവസ്ഥയിലോ എടുക്കുന്ന ഒരു തീരുമാനവും സാധുവാകുകയില്ല. ഭ്രാന്തുള്ള ആളുടെ തെറ്റുകള്‍ അതിനാല്‍ തന്നെ പൊറുക്കപ്പെടും.
മനുഷ്യന്‍ സാമൂഹ്യ ജീവി എന്ന നിലയില്‍ ചില കാര്യങ്ങള്‍ സമൂഹത്തിനും ബോധ്യപ്പെടേണ്ടതുണ്ട്. അതിനാല്‍ സാക്ഷി എന്നത് ഇസ്ലാമില്‍ പ്രധാനപ്പെട്ടതാണ്. രണ്ടു സാക്ഷികളാണ് മിനിമം ഒരു കാര്യത്തിന് തെളിവായെടുക്കുന്നത്. അതില്‍ കുറഞ്ഞ സാക്ഷികളുള്ള കാര്യങ്ങള്‍ തള്ളപ്പെടും. തലാഖ്, വിവാഹം തുടങ്ങിയ പ്രധാനമായ പലകാര്യങ്ങള്‍ക്കും സാക്ഷികള്‍ നിര്‍ബന്ധമാണ്.
ഇനി സാക്ഷികള്‍ക്കും വ്യവസ്ഥകളുണ്ട്. അയാള്‍ മുസ്ലിമായിരിക്കണം. മുകളില്‍ പറഞ്ഞ തീരുമനമെടുക്കാവുന്ന വിഭാഗത്തില്‍പെട്ട ആളായിരിക്കണം. ചില വിഭാഗങ്ങള്‍ ഈ നിബന്ധനകളെ വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്. അതില്‍ ഒരാളുടെ സാക്ഷിത്വം അംഗീകരിക്കുന്നതിന്‍ അയാള്‍ ശുദ്ധ മുസ്ലിമായിരിക്കണമെന്നും അയാളുടെ മുന്‍ കാല ചരിത്രത്തില്‍ അയാള്‍ കള്ളം പറയുന്നവനോ ചതിയനോ ഒന്നും ആയിരിക്കരുത് എന്നുമൊക്കെ നിര്‍ദ്ദേശിക്കാറുണ്ട്. മുസ്ലിമായിരിക്കുക എന്നതുകൊണ്ട് അയാള്‍ ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളും കര്‍മകാര്യങ്ങളും അനുവര്‍ത്തിക്കുന്ന ആളായിരിക്കണം എന്നു വിവക്ഷ.
രണ്ടു സാക്ഷികള്‍ എന്നു പറഞ്ഞാല്‍ പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരായിരിക്കണം. സ്ത്രീകളാവുമ്പോള്‍ രണ്ടില്‍ കൂടുതലുണ്ടായിരിക്കണം. ചിലര്‍ സ്ത്രീകളില്‍ നിന്ന് മിനിമം നാലുവേണമെന്ന് പറയുന്നുണ്ട്.
മൂന്നു തലാഖ് ഒന്നിച്ചു ചൊല്ലിയാല്‍ ശരിയാവുമോ എന്ന തര്‍ക്കം മുസ്ലിംഗള്‍ക്കിടയില്‍ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. മുകളില്‍ പറഞ്ഞ രണ്ടുസംഭവങ്ങളിലും ഈ വ്യവസ്ഥകളില്‍ ഒന്നുപോലും പാലിക്കപ്പെടാതെ ഉറക്കത്തിലും മാനസിക നില തെറ്റിയ അവസ്ഥയിലും രണ്ടു സാധുക്കളായ മനുഷ്യര്‍ ചെയ്തുപോയ പ്രവര്‍ത്തികള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവരിക എന്നു പറഞ്ഞാല്‍ അതിന്റെ മിതമായ ഭാഷ ക്രൂരതയെന്നാണ്. എന്നാല്‍ ഇവയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ സമീപനമെടുക്കാനും അതിനെതിരായി രംഗത്തു വരാനും ചിലര്‍ ശ്രമിക്കുന്നു എന്നത് നല്ലകാര്യമാണ്. ഇവിടെ പ്രശ്നം സുന്നികള്‍, ഷിയാക്കള്‍, പിന്നെ ജമാഅ്‌ത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങി സകല ഗ്രൂപ്പുകളും ഒന്നു മറ്റൊന്നില്‍ ഇടപെടാത്ത വിധം സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.
ദൈവം പൊറുത്താലും പൂജാരി പൊറുക്കുന്നില്ല.
ഫലിതം
കസ്റ്റംസ് ഓഫീസറായ ഒരാള്‍ താന്‍ പുതുതായി നിര്‍മിച്ച വീടിന്റെ മുന്‍പില്‍ ഇങ്ങനെ എഴുതിവെച്ചു. "ഈ വീടിന്റെ ഐശ്വര്യം ദൈവ കൃപ"
പാലുകാച്ചല്‍ ചടങ്ങിനെത്തിയ ഒരാള്‍ വളരെ സന്തോഷത്തോടെ ഭക്ഷണമൊക്കെ കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് പ്രസ്ഥുത ബോര്‍ഡ് കണ്ട് കരയാന്‍ തുടങ്ങി. ഇതു കണ്ട് വീട്ടുടമസ്ഥനായ കസ്റ്റംസ് ഓഫീസര്‍ കാര്യമന്വേഷിച്ചു. അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞു.
"ഞാന്‍ നിന്നെ എത്ര സഹായിച്ചു ഈ വീടു വെയ്ക്കുന്നതിനും മറ്റും. എന്നിട്ടും കണ്ട തെണ്ടികള്‍ക്കല്ലെ നന്ദിയെഴുതി ഒട്ടിച്ചിരീക്കുന്നത്. പിന്നെങ്ങനെ കരയാതിരിക്കും. മ്മനുഷ്യന്‍ ഇങ്ങനേയാണ്. ഞാനാണ് അവരെ പണമുണ്ടാക്കന്‍ സഹായിക്കുന്നത് എന്നിട്ട് നന്ദി ദൈവത്തിനും"
"അങ്ങാരാണ്?"
"ചെകുത്താന്‍"
Wednesday, March 29, 2006
Subscribe to:
Post Comments (Atom)
3 comments:
ഒരിക്കല്‍ കൂടി, കാലിക പ്രസക്തമായ ഒരു വിഷയവും ചിന്തോദ്ദീപകമായ നിരീക്ഷണങ്ങളും.
എനിക്ക് മനസ്സിലാവത്തത്, മൂന്നു വട്ടം തലാഖ് ചൊല്ലുന്നതിനെപറ്റി ഇത്രയും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇസ്ലാമില്‍ ഉണ്ടായിരുന്നിട്ട് കൂടി, ഇത്തരം ഫത്‌വകള്‍ വരുന്നത് എങ്ങനെയെന്നാണ്. ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇതെന്നിരിക്കെ, ചില മൌലവിമാരുടെ അജ്‌നത എന്നതിലുപരി, ഇസ്ലാമിക ദര്‍ശനങ്ങളെ hijack ചെയ്യുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണോ ഇത്? ഒരു ഗ്രാമത്തിലെ മൌലവിയുടെ വിധി തെറ്റാണെന്ന് മറ്റു മത പണ്ഡിതര്‍ കണ്ടെത്തിയാല്‍, അതിനെ ഓവര്‍റൂള്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ലേ മുസ്ലിം വ്യക്തി നിയമത്തില്‍?
പി.ടി.കുഞ്ഞുമുഹമ്മദിന്റെ "മഗ്‌രിബ്" എന്ന ചിത്രം ഓര്‍മ്മ വരുന്നു.
നാല് വോട്ട് കിട്ടിയാൽ അത്രയെങ്കിലുമായി എന്നു കരുതന്ന രാഷ്ട്രീയക്കാരും ഇത്തരം പ്രശ്നങ്ങൾ വഷളാക്കുന്നതിനും അതുവഴി ഇസ്ലാമിക ദർശനങ്ങളെ ഹൈജാക്ക് ചെയ്യുന്നതിനും ഒരു പരിധിവരെ കാരണക്കാരല്ലേ....അതുപോലെതന്നെ സമൂഹത്തെ മൊത്തം ബാധിക്കുന്ന ഇത്തരം എത്രയോ പ്രശ്നങ്ങളിൽ രാഷ്ട്രീയക്കാർ ബോധപൂർവ്വമായ മൌനം പാലിച്ചിട്ടുണ്ട്, എന്തെങ്കിലും പറഞ്ഞാൽ വോട്ട് പോകുമോ എന്ന് പേടിച്ച്. പക്ഷേ അവർ ഇത്തരം മതപരമായ കാര്യങ്ങളിലും വിശ്വാസങ്ങളിലും എത്രമാത്രം ഇടപെടണമെന്നത്/ഇടപെടണോ എന്നത് വേറൊരു ചോദ്യം.
ഏക സിവില്‍ കോഡ് മാത്രമാണ് ഇതിനെല്ലാം പരിഹാരം
Post a Comment