Sunday, June 17, 2007

കവിതയുടെ പുതുങ്ങല്‍

കവിതയുടെ പുതുങ്ങല്‍പുതുക്കുക, നവീകരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ കവിതയില്‍ എത്രമാത്രം സാംഗത്യമുണ്ട്‌ എന്ന തര്‍ക്കമായിരുന്നു ഇന്നലെ ഞങ്ങളുടെ ചര്‍ച്ചയെ സജീവമാക്കിയിരുന്നത്‌. എനിക്കറിയില്ല, ഈവാക്കുകളുടെയൊക്കെ സൂക്ഷ്മമായ ഉള്‍പ്പിരിവുകളും അര്‍ഥങ്ങളുമൊന്നും. അതിനാല്‍തന്നെ ആഴത്തിലുള്ള വിശകലനങ്ങള്‍ ഈവാക്കുകള്‍ വെച്ച്‌ എന്റെ ബുദ്ധിക്ക്‌ വഴങ്ങുന്നതല്ല.


പൂര്‍വികമായുള്ള ഒന്നിനെ പരിണമിപ്പിക്കുക, അല്ലെങ്കില്‍ അങ്ങനെ ഒന്നിനേയേ പരിണമിപ്പിക്കാനവൂ എന്ന വാദമായിരുന്നു എനിക്കു മുന്നോട്ടു വെയ്ക്കാനുണ്ടായിരുന്നത്‌. പരിണാമത്തെ പുതുക്കല്‍ എന്നോ നവീകരിക്കല്‍ എന്നോ പറയാമെന്നു തോന്നുന്നു. എന്നാല്‍ എന്റെ സുഹൃത്ത്‌ തികച്ചും വിഭിന്നമായ ഒന്നിനെ അവതരിപ്പിക്കുക എന്നതിനേയാണോ ഉദ്ദേശിക്കുന്നത്‌ എന്ന് എനിക്കു സംശയമുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ പുതുക്കല്‍ എന്ന് അതിനെ പറയുന്നത്‌ ശരിയാവില്ല.


പുതുക്കല്‍ തന്നെ പലരും പല തരത്തില്‍ ചെയ്യാറുണ്ട്‌. നാം മുന്‍പ്‌ കണ്ടിട്ടില്ലാത്തതും എന്നാല്‍ അത്‌ വിദൂരത്തെവിടെയോ നേരത്തെ നിലനിന്നിരുന്നതുമായ ഒന്നിനെ പുതിയതെന്ന വ്യാജേന, നമുക്കത്‌ പുതിയത്‌ തന്നെയാവണം, നമ്മുടെ ആസ്വാദനത്തിന്‌ കാണിച്ചുതരല്‍, അതിനെ നവീകരിക്കല്‍ തുടങ്ങിയവ. ഇത്‌ താളമായാലും പദഘടനയുടെ ക്രമമായാലും അതെ. ഇതിനേക്കാള്‍ നല്ലതല്ലേ നമ്മുടെ കയ്യില്‍ പൂര്‍വീകമായി പകര്‍ന്നു കിട്ടിയ ഒന്നിനെ നവീകരിക്കല്‍. ഇന്നലെ വരെ കണ്ടിട്ടില്ലാത്ത രൂപത്തില്‍ നമ്മുടെ ഭാഷയെ തന്നെ എല്ലാ അര്‍ഥത്തിലും ക്രമീകരിക്കല്‍.


ഇന്ന് സാഹിത്യത്തിലും ജീവിതത്തിലുമെല്ലാം കാണുന്നത്‌ പടിഞ്ഞാറിനെ പറിച്ചു നടുന്ന പ്രവണതയാണ്‌. പലതും അവര്‍ ഉപേക്ഷിച്ച ശേഷമാണ്‌ നാം ഉപയോഗിക്കുന്നത്‌. എന്നാല്‍, ലോകക്ലാസിക്കുകളുടെ നിലവാരത്തിലേക്കുയരാന്‍ പറ്റുന്ന വിരലിലെണ്ണാവുന്ന കൃതികളേ ഇന്ത്യന്‍ സാഹിത്യത്തിലുള്ളൂ എന്ന് കൃഷ്ണന്‍ നായര്‍ പറയുമായിരുന്നു.


പൂര്‍വീകമായി നമുക്കു കിട്ടിയ ധാരാളം സംഭാവനകളിലൊന്നാണ്‌ നമ്മുടെ ഭാഷ. അത്‌ കാലപ്രവാഹത്തില്‍പ്പെട്ട്‌ മിനുസപ്പെട്ട ഒരു കല്ലാണ്‌. ഇവ ഉപയോഗിക്കുന്നതിനെ നാമെന്തിനാണ്‌ ജാള്യപ്പെടുന്നത്‌? ഒരു വാക്ക്‌ രൂപപ്പെട്ടുവന്നിരിക്കുന്നതിന്‌ കാലം മാത്രമല്ല ഒരു ചരിത്രവും അധ്വാനിച്ചിട്ടുണ്ട്‌. ചെറിയ ചെറിയ ലേബലുകളിലേയ്ക്ക്‌ ഈ സംഭവങ്ങള്‍ ഒതുങ്ങുമ്പോള്‍ ഒരു ലളിതമാക്കല്‍ നടക്കുന്നുണ്ടെങ്കിലും അതു നമ്മുടെ ബുദ്ധിയെ, ആസ്വാദന ശേഷിയെ പരിപോഷിപ്പിക്കുന്നുണ്ട്‌. അതിനാല്‍ തന്നെ ചിലങ്ക, അരയന്നം, തുടങ്ങിയ വാക്കുകള്‍ പുതിയ കവികള്‍ക്കും ഉപയോഗിക്കാം. "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" എന്ന കവിതയുടെ പ്രധാന്യം ആ അനുഭവം ഉള്ള കാലത്തോളം എത്ര ആവര്‍ത്തിച്ചാലും മതിയാവുമെന്നു തോന്നുന്നില്ല. എന്നാല്‍ പ്രേമിക്കുന്ന ആളുകള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും നിങ്ങള്‍ മാറ്റം വരുത്തിക്കോളൂ.


ഇന്നത്തെ പല കവിതകളും കാണുമ്പോള്‍ വംശനാശം വന്നുപോകുന്ന ഒരു സാഹിത്യശാഖയുടെ ഹൃദയമിടിപ്പ്‌ ഞാന്‍ കേള്‍ക്കുന്നു. അപ്പോള്‍ വീണ്ടും വള്ളത്തോളിനേയും കുമാരനാശാനേയും വായിച്ചേ കവിതയോടുള്ള വിശ്വാസം ഉറപ്പുവരുത്താനാവുന്നുള്ളൂ. ഏതെങ്കിലും ഒരു കുട്ടി നഗ്നതയെ ചൂണ്ടിക്കണിച്ചില്ലയെങ്കില്‍ നമ്മുടെ കവിതക ഫിലിപ്പൈന്‍സിലെ ലാബുകളിലേക്ക്‌ കുടിയേറും. ഇന്ന്‌ ഉപയോഗിക്കുന്ന മലയാളം ചൊവ്വയില്‍ കുടിയേറിപ്പാര്‍ത്ത മലയാളികളുടേതാണെന്നു തോന്നും. ഈ കവിതകള്‍ വായനക്കാരന്‌ അവന്‌ താങ്ങാവുന്നതിലധികം അധ്വാനം നല്‍കുന്നുണ്ട്‌. വായനക്കരന്റെ രസനയുടെ ഗുണമാണ്‌ എന്റെ കവിതയുടെ ഗുണം എന്നു സങ്കല്‍പ്പിക്കുന്ന കവി, കവി എന്ന നിലയില്‍ ഒരു പരാജയമല്ലേ.

4 comments:

Unknown said...

ഒരു പാട് തവണ ചര്‍ച്ചചെയ്ത വിഷയമെങ്കിലും എന്നും ചര്‍ച്ചയ്ക്ക് പുതിയ സുഖം നല്‍കുന്ന വിഷയം തന്നെ കല്ലേച്ചി തിരഞ്ഞെടുത്തിരിക്കുന്നു.

ഇന്ന് മലായള കവിതയിലെ പല കവികളുടേയും ഭാഷ പലപ്പോഴും ചൊവ്വയിലേതു തന്നെ എന്ന് സമ്മതിക്കേണ്ടിയും വരുന്നു. എന്നാല്‍ ചില നല്ല പുല്‍നാമ്പുകള്‍ തളിര്‍ക്കുന്നില്ലെന്ന് പറഞ്ഞു കൂട.
റോസ്മേരിയുടേയും വിജയലക്ഷ്മിയുടേയും കവിതകളില്‍ ഭാഷയുടെ ചൂട് ഇല്ലെന്ന് പറയുന്നതെങ്ങിനെ??

അതു പോലെ കുരീപ്പുഴ, പി. രാമന്‍, പവിത്രന്‍ തിക്കുനി, വി. മോഹനകൃഷണന്‍ തുടങ്ങിയവരുടെ കവിതകളില്‍ ആശയ പ്രകടനം കുന്നോളമുണ്ടെങ്കിലും ഭാഷ വളരെ ലളിതമാണ്. ചിന്തിക്കാന്‍ ഏറെയും.

ഡാലി said...

“ഈ കവിതകള്‍ വായനക്കാരന്‌ അവന്‌ താങ്ങാവുന്നതിലധികം അധ്വാനം നല്‍കുന്നുണ്ട്‌. വായനക്കരന്റെ രസനയുടെ ഗുണമാണ്‌ എന്റെ കവിതയുടെ ഗുണം എന്നു സങ്കല്‍പ്പിക്കുന്ന കവി, കവി എന്ന നിലയില്‍ ഒരു പരാജയമല്ലേ.“

പലപ്പോഴും തോന്നിയിട്ടുള്ള കാര്യം. വിരലിലെണ്ണാവുന്ന അപവാദങ്ങള്‍ ഉണ്ടെങ്കിലൂം ഇന്നത്തെ ബഹുഭൂരിപക്ഷം കവിതകളും ഒന്നിലേറെ തവണ മനസ്സിരുത്തി വായിച്ചാലെ എന്താണ് കവി പറഞ്ഞ് വയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഞാനെന്ന വായനക്കാരിയ്ക്ക് ആകുന്നുള്ളൂ. എന്നീട്ടും തെറ്റിവായനയെ ഭയപ്പെടേണ്ടി വരുന്നു. വായനക്കാരുടെ കഴിവുകേട് എന്ന് വായനക്കാരുടെ ഭാഗത്ത് നിന്ന് പറയാന്‍ താല്പര്യപ്പെടുന്നെങ്കിലും 2000 ത്തിലധികം വരുന്ന മലയാള കവികളുടെ ഭാഗത്ത് നിന്നും അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നറിയാന്‍ കൌതുകമുണ്ട്.

:: niKk | നിക്ക് :: said...

ഓ.ടോ: ഈ ആ.കോ.ഡാലി എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ?

:)

chithrakaran ചിത്രകാരന്‍ said...

കലാസാഹിത്യാദികള്‍ നമ്മുടെ ജീവിതത്തിന്റെ ശബ്ദമാകണം.. ഒഴുക്കാകണം..