അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ ഒരുവര്‍ഷം തികച്ചിരിക്കുന്നു. ഈ സര്‍ക്കാറിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നില്ല ഇവിടെ. പണ്ടു വെട്ടിനിരത്തല്‍ തുടങ്ങിയ വൈകാരിക എടുത്തു ചാട്ടങ്ങള്‍ കാണിച്ച് വീരപരിവേഷം നേടിക്കളയാമെന്നു തെറ്റിധരിച്ച അച്ച്യുതനന്ദനല്ല ഇന്നു ഒഴിപ്പിക്കലിലൂടെ ദൃശ്യമാകുന്നത്. അദ്ദേഹം കാണിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു അത്.
കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ അധീനതയിലുള്ള ധാരാളം സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്. ഇതില്‍ പലതും വമ്പന്മാരുടെ കയ്യിലുമാണ്. ഈ ഭൂമിയാണ് ഇന്നു തിരിച്ചു പിടിക്കുന്നത്. പോരായ്മകളുണ്ടാകാം. എങ്കിലും ചിലതൊക്കെ വിചാരിച്ചാല്‍ ഇവിടെ നടക്കുമെന്നുള്ളതു കാണിച്ചു കൊടുത്തതു തന്നേയാണ് ഈ പിടിച്ചെടുക്കലിന്റെ പ്രസക്തി.
ഒരു വെള്ളപ്പേപ്പറിലെഴുതിയ രേഖ പോലും കാണിക്കാനില്ലാതെ കോടിക്കണക്കിനു തുകകള്‍ മുടക്കി പലരും ഈ ഭൂമികളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങിയെന്നത് എന്തൊരു പോക്രിത്തരമാണ്. ഇത് ഉധ്യോഗസ്ഥ-രഷ്ട്രീയ കൂട്ടുകെട്ടിന്റെ പിന്‍ബലം ഉണ്ടാകും എന്ന അമിത ആത്മവിശ്വാസം കൊണ്ടാണ്. ഇത്രയും കാലം അവര്‍ക്കതു ലഭിക്കുകയും ചെയ്തിട്ടുണ്ട്. അഥവാ എന്നെങ്കിലും പൊളിക്കേണ്ടിവന്നാല്‍ തന്നെ അതിനു മുന്‍പ് മുടക്കിയ തുക ലാഭത്തോടെ തിരിച്ചെടുക്കാനുള്ള സാവകാശം കോടതികള്‍ മുഖേന ലഭിക്കും എന്നും കരുതിക്കാണും. ഇന്ത്യയില്‍ ഭൂമി സംബന്ധമായ കേസുകള്‍ എത്രകാലം വേണമെങ്കിലും നീട്ടിക്കൊണ്ടു പോകാമെന്നതായിരുന്നല്ലോ അനുഭവം. ഈ അനുഭവത്തേയും പിടിച്ചെടുക്കല്‍ നടപടി ഒന്നു ഞെട്ടിച്ചു.
നമ്മുടെ നാട്ടില്‍ ഏറ്റവും മോശമായത് ഉദ്ദ്യോഗസ്ഥരാണെന്ന് പലരും പറഞ്ഞിട്ടുള്ളതാണ്, പലവട്ടം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ. രാഷ്ടീയക്കാരന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷം കഴിയുമ്പോഴെങ്കിലും ജനങ്ങളെ സമീപിക്കേണ്ടതുണ്ട്. ഉദ്ദ്യോഗസ്ഥന്‍ ആ ലാവണത്തില്‍ കയറിയാല്‍ പിന്നെ പെന്‍ഷന്‍ പറ്റി പിരിഞ്ഞാല്‍ മതി. അവനെ അവിടെ നിന്ന് ഇറക്കി വിടാന്‍ ഒരു ശക്തിക്കും എളുപ്പം സാധ്യമല്ല. ഇതു ജനാധിപത്യത്തിന്റെ ഒരു പോരായ്മയിലേക്കു കൂടി വിരല്‍ ചൂണ്ടുന്നു. ഇത്രയും കാലം ഇങ്ങനെ പറഞ്ഞിട്ടുള്ള പലരേയും തൊഴിലാളി വിരുദ്ധന്‍, ബൂര്‍ഷ്വാസി തുടങ്ങിയ ചീത്ത വാക്കുകളുപയോഗിച്ചു അല്ലെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുകയായിരുന്നു ഇടതു പക്ഷം. അന്‍പതു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്യുതാനന്ദനടക്കമുള്ളവര്‍ക്കു തിരിച്ചറിവുണ്ടായിരിക്കുന്നു ഭൂരിഭാഗം ഉദ്ദ്യോഗസ്ഥരും പരാന്ന ഭോജികളാണ്. അല്ലാതെ മാര്‍ക്സ് വിഭാവനം ചെയ്ത തൊഴിലാളികളല്ല എന്ന്. ഈ തിരിച്ചറിവ് എന്ന ഒറ്റക്കാരണം മതി അച്യുതാനന്ദന്‍ അടുത്ത തവണ തോല്‍ക്കാന്‍. ഇത് അദ്ദേഹത്തിനു നന്നായറിയാം. ഇനി ഒരു അങ്കത്തിന് ബാല്യമില്ലെന്നു കരുതിത്തന്നേയാണ് ഉദ്ദ്യോഗസ്ഥ മേധാവിത്വം എന്ന ദുര്‍ഭൂതത്തെ അദ്ദേഹം തൊടുന്നത്. ചുരുക്കത്തില്‍ ഏത് ആശാരിവന്നാലും കൊത്താന്‍ ഈ ഉളിയേ ഉള്ളൂ എന്ന അവസ്ഥ. പിന്നെ നമ്മുടെ സംവിധാനങ്ങള്‍ എങ്ങനെ നില നിന്നു പോകുന്നു എന്നു ചോദിച്ചാല്‍ സമൂഹം എത്ര തന്നെ അധപ്പതിച്ചാലും അതിന്റെ ഭാഗമാവതെ നില്‍ക്കാന്‍ കരുത്തും തന്റേടവും കാണിക്കുന്ന ഒരു മുപ്പതു ശതമാനം എന്നുമുണ്ടാകും. അവരാണ് ഇതു നിലനിര്‍ത്തുന്നത്. അത് നമ്മുടെ ഉദ്ദ്യോഗസ്ഥരിലുമുണ്ട്.
ഈ പ്രശ്‌നത്തിന്റെ കേവലം ചെറിയ ഒരു വശം മാത്രമേ ആകുന്നുള്ളൂ ഈ ഒഴിപ്പിക്കല്‍. ഇതു പരിപൂര്‍ണമാവണമെങ്കില്‍ ഒരുപാടുകാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ട്. ഇത്രയും കാലം അനധികൃതമായി ഈ ഭൂമികള്‍ കൈവശം വെച്ചനുഭവിച്ച് ലാഭമുണ്ടാക്കിയവരില്‍ നിന്ന് അത്രയും കാലത്തെ പാട്ടം കാലാനുസൃതമായ വര്‍ധനവുകളോടെ ഈടാക്കുക, പരിസ്ഥിതിക്കു വരുത്തിയ നാശത്തിനു നഷ്ടം ഈടാക്കുക, ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു ചെലവായ തുക ഈടാക്കുക (ജേ സി ബിക്ക് മണിക്കൂറിനു തൊള്ളായിരം രൂപ എന്ന നിരക്കില്‍, അതോ കൂടുതലോ) ഈ കയ്യേറ്റത്തിനു കൂട്ടുനിന്ന രഷ്ട്രീയ-ഉദ്ദ്യോഗസ്ഥ കൂട്ടുകെട്ടിനെ കണ്ടെത്തി ക്രിമിനല്‍ കുറ്റത്തിനു കേസ്സെടുക്കുക. ഇത്രയും കൂടെ ചെയ്താലേ കര്യങ്ങള്‍ ഭംഗിയാവുകയുള്ളൂ. ഇതൊക്കെ നടക്കുമോ? ഇതൊക്കെ ഒരു "വെറും ഭ്രാന്തന്റെ സ്വപ്നം" .
ഇത്തരുണത്തില്‍ ഒരുകാര്യം കൂടി ഓര്‍മയില്‍ വരുന്നു. പണ്ട് പ്രവാസി പുനരധിവാസം സൌദിയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന കാലം. ഒരു നേതാവ് നാട്ടില്‍ പോയി ഒരു പദ്ധതിയുമായി വന്നു. വയനാട്ടില്‍ അന്‍പതേക്കര്‍ ഭൂമി. എല്ലാ രേഖകളോടും കൂടെ. അമ്പതു ലക്ഷം രൂപ, പത്തേക്കര്‍ ഫ്രീ ആയിക്കിട്ടും. എനിക്കെന്തോ പന്തികേടു തോന്നി. വിശേഷിച്ചും വയനാട്ടില്‍. അതും വനഭൂമിക്കടുത്ത്. എല്ലാ രേഖകളുടേയും ഫോട്ടോക്കോപ്പികള്‍ അദ്ദേഹം ഹാജരാക്കി. എന്തായാലും അതു ചീറ്റിപ്പോയി. ചുരുക്കത്തില്‍ ഈഭൂമികള്‍ക്കത്രയും ഒരു ഭൂമിക്കുണ്ടായിരിക്കണം എന്നു നാം കരുതുന്ന മുഴുവന്‍ രേഖകളും ഉണ്ട്. ഇത് കൃത്രിമമാണെന്ന് ഒരു സധാരണക്കാരന്‍ എങ്ങനെ അറിയും? അങ്ങനെ പെട്ടുപോയവരും ഇക്കൂട്ടത്തില്‍ കാണും. അവര്‍ക്കു നീതി ഭിക്കണം.
അടിക്കുറിപ്പ്:
ആനുകാലികമായുണ്ടായ ഒരു സംഭവം ഇതുമായി ബന്ധപ്പെട്ടതല്ലെങ്കിലും അടിക്കുറിപ്പായി ചേര്‍ക്കുന്നു. ഒരു ചെറിയ തമാശ ഇതില്‍ തോന്നിയതു കൊണ്ടാണ് അങ്ങനെ ചേര്‍ക്കുന്നത്.
പാലസ്ഥീനിലെ ഒരു ചെറിയ കുട്ടിക്ക് ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനു ഇസ്രായേലിലേക്കു കൊണ്ടുവരാന്‍ സൈനികാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന ഗേറ്റു തുറക്കുന്നു. (വാര്‍ത്ത)
"ഒരു കൈ കൊണ്ടു പ്രഹരിക്കുമെങ്കിലും
മറുകൈ കൊണ്ട് തലോടുമീശ്വരന്‍"
(കവിതാ ശകലം ഓര്‍മയില്‍ നിന്ന്)
13 comments:
“എണ്‍പതു കഴിഞ്ഞ ഈ നവയൌവ്വനത്തിന് സലാം“
കൂട്ടരേ, ഒരിടവേളക്കു ശേഷം വീണ്ടും...
കല്ലേച്ചി.
the first person to raise his voice against redtape and udyogastha medhavitham was Antony, by the way he handled the Government Servant's strike in 2002
കല്ലേച്ചി,
അടിക്കുറിപ്പില്‍ കൊടുത്ത ആ കവിതാശകലം അമ്മ എപ്പോഴും ചൊല്ലുന്നതുകേട്ടിട്ടുണ്ടു ഞാന്‍. ഏതായാലും അമ്മയെ വിളിച്ചു ആ വരികള്‍ കൃത്യമായിപ്പഠിച്ചു, ഇവിടെ ഇടുന്നു-
ആശാന്റെ ചിന്താവിഷ്ടയായ സീതയിലെ വരികളാണ്. സീത വിധിയെപ്പറ്റി -
“പരമിന്നതുപാര്‍ക്കിലില്ല താന്‍
സ്ഥിരവൈരം നിയതിയ്ക്കു ജന്തുവില്‍
ഒരു കൈ പ്രഹരിയ്ക്കവേ പിടി-
ച്ചൊരുകൈ കൊണ്ടു തലോടുമേയിവള്‍!“
ജ്യോതിര്‍മയി.
കല്ലേച്ചീ
ഞാന്‍ ബ്ലോഗില്‍ വന്ന സമയത്ത് Nov. 2006 കല്ലേച്ചിയുടെ പ്പല പോസ്റ്റ്റുകളും എന്നെ അകര്‍ഷിച്ചിരുന്നു.
പക്ഷെ ആദ്യത്തെ ആ സഭാകംഭം ഒക്കെ മാറി വന്നപ്പോഴേക്കും കല്ലേച്ചി അപ്രത്യക്ഷയായി.
തിരിച്ചു വന്നതില്‍ സന്തോഷമുണ്ട്. അതിനിടയാക്കിയ കുറുമാന്റെ പേരില്‍ അഭിനന്ദനങ്ങള്‍.
കള്ളത്തരം കൊണ്ടും അനീതി കൊണ്ടൂം ഭൌതിക സമൃദ്ധിയുടെ വനങ്ങള്‍ തീര്‍ത്ത കേരളത്തിലെ കുറച്ചു പ്രജകള്‍. അതെ അവരുടെ ഉരുക്കു നിര്‍മ്മിതി കട പുഴക്കി ഒഴുക്കേണ്ടത് ജനാധിപത്യത്തിന്റെ കഴിവാണ് എന്നു കാണിച്ചു കൊടുക്കാന്‍ കേരളത്തില്‍ ഇതു വരെ ഒരു രഷ്ട്രീയ ഭരണത്തിനും കഴിയാതിരുന്ന ഈ നീണ്ട കാലയളവില്‍ ഇനി അതൊന്നും നടക്കുക തന്നെയില്ലെന്നു വിചാരിച്ച ജനങ്ങളുടെ മനസില ഒരു പുതിയ വിളീ പോലെ നീങ്ങുന്ന ആ ജെ.സിബികള്‍.
ജയിയ്ക്കട്ടെ ജെ.സിബികള്‍.
കല്ലേച്ചി ഇനിയും പോകരുത്.ഇത്തരം ശക്തമായ ആശയങ്ങള്‍ക്കു വല്ലാത്ത ദാരിദ്ര്യമുള്ള ഒരു സ്ഥലമാണ് ജനബാഹുല്യമുള്ള ഈ ബ്ലോഗേശ്വരം.
നേര് പറഞ്ഞാല്‍ കേരളത്തില്‍ ഒരു സര്‍ക്കാരുണ്ടെന്നും സര്‍ക്കാര്‍ അടുത്ത ഇലക്ഷനെ കുറിച്ച് മാത്രമല്ല വിചാരിക്കുന്നതെനും കാണിച്ചു തന്നു ശ്രീ (കൊറേ ശ്രീ) അച്യുതാനന്ദന്‍! എത്ര ആദരിച്ചാലും മതിയാവില്ല അദ്ദേഹത്തിനു.
ഒരായിരം സമാര്‍ട്ട് സിറ്റികള്‍ വന്നില്ലെങ്കിലും ഈ കാണിച്ച ധൈര്യത്തിനു ലാല്‍ സലാം! ഇപ്പോള്‍ വഴിവക്കില്‍ ഒരു ജെ.സി.ബി കാണുമ്പോഴും ഭയങ്കര ഒരു സന്തോഷമാണ്...! ഒരു സല്ല്യൂട്ടടിക്കാന്‍ തോന്നും ആ മേഷീനെ :)
ഈ വരികള്‍ക്ക് എന്റേയും ഒരു ഒപ്പ്.
“ഇത്രയും കാലം ഇങ്ങനെ പറഞ്ഞിട്ടുള്ള പലരേയും തൊഴിലാളി വിരുദ്ധന്‍, ബൂര്‍ഷ്വാസി തുടങ്ങിയ ചീത്ത വാക്കുകളുപയോഗിച്ചു അല്ലെങ്കില്‍ തൊഴിലാളിവര്‍ഗ്ഗ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുകയായിരുന്നു ഇടതു പക്ഷം.”
ഇവിടെ റൈറ്റ് വിങ്ങുകാര്‍ ഡെമോക്രറ്റുകളെ ഹിപ്പികള്‍ എന്ന് വിളിച്ചൊതുക്കന്ന പോലെ ഒരു ജെ.സി.ബി യാണ് ഈ ബൂര്‍ഷ്വാസി എന്ന വാക്കും!
കല്ലേച്ചിക്ക് സലാം,
വീയെസ്സിന് സലാം,
ജേസീബിക്കും സലാം;
ലാല്‍ സലാം!
http://ashokkartha.blogspot.com/
ഈ ലിങ്ക് ഒന്ന് നോക്കുമോ
കല്ലേച്ചി,
വി എസ് ഒരു പുതിയ പ്രവര്‍ത്തന ശെയിലിതന്നെ വികസിപ്പിച്ചെടുത്തു എന്നാണ് എനിക്കു തോന്നുന്നത്. പൊതുജനാഭിപ്രായത്തിനു വിലയുണ്ടാക്കുന്ന ആ ശെയിലി പണത്തിന്റേയും, അധികാരത്തിന്റേയും ഹുങ്കിനെ ആദ്യമായി വെല്ലുവിളിച്ചു എന്നത് ഒരു ചരിത്ര സംബവം തന്നെയാണ്.
ഈ പരീക്ഷണത്തിന് അദ്ദേഹത്തിനു പ്രചോദനം നല്‍കിയ വിഷ്വല്‍ മീഡിയ പത്രപ്രവര്‍ത്തകരോടും, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഔദ്യോതിക വിഭാഗത്തോടും ജനങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
കല്ലേച്ചി. താങ്കളുടെ, പല നല്ല ലേഖനങ്ങളും, ഞാന്‍ വായിച്ചിട്ടുണ്ട്.താങ്കള്‍ ഇവിടെ തിരിച്ചു വന്നതില്‍, സന്തോഷം.
പണം വാങ്ങി പാര്‍ട്ടിയെ വളര്‍ത്തുന്ന, ആരെല്ലാമുണ്ടോ ? ,അവരെല്ലാം അച്യുതാന്ദനെ എതിര്‍ക്കും.അകത്തു നിന്നും പുറത്തു നിന്നും.
ചിത്രകാരന്റെ നിരീക്ഷണം ഏറ്റവും വസ്തുതാപരവും, ശ്രദ്ദേയവുമാണു. സമീപകാല സംഭവങ്ങളുടെ അനന്തര ഫലമായി ഒരു പുതിയ പ്രവര്‍ത്തനശൈലി വി.എസ്സ് വികസിപ്പിച്ചെടുത്തിരിക്കുന്നു. കേരളചരിത്രത്തില്‍ ഇദംപ്രഥമമായി പണത്തിന്റെയും,അധികാരത്തിന്റെയും ഹൂങ്കിനെ ഒരു ജനകീയ നേതാവ് വെല്ലുവിളിച്ചിരിക്കുന്നു. വി. എസ്സ് തന്നെ ഇത് പ്രതീക്ഷിച്ചിരിക്കുകയില്ല. സാഹചര്യങ്ങളുടെ ആനുകൂല്യങ്ങളും അദ്ദേഹത്തിനു വേണ്ടുവോളം കിട്ടി. വി . എസ്സിന്റെ പിന്നില്‍ അണിനിരക്കാന്‍ വര്‍ത്തമാന കാല കേരളം നമ്മോടാവശ്യപ്പെടുന്നു. വി.എസ്സിന്റെ ഇപ്പോഴത്തെ ഉറച്ച നിലപാട് കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും !
കല്ലേച്ചിക്ക് അഭിനന്ദങ്ങള്‍ !!
മുകളിലിരിക്കുന്ന ഒരാള്‍ വിചാരിച്ചാല്‍ ... മൊത്തം നന്നാകും !! താഴെ ഇരിക്കുന്ന ഭൂരിപക്ഷം വിചാരിച്ചാലും ഭരണം നന്നാകും.
എങ്ങിനെയെങ്കിലും ഒന്നു നന്നായിക്കിട്ടാന്‍ നമുക്ക് ഒത്തൊരുമിച്ച് ശ്രമിച്ചുനോക്കാം.
കല്ലെച്ചിയുടെ ലെഖനങ്ങള്‍ എത്രപ്രാവശ്യം വായിച്ചാലും കമന്റിയാലും മതിവരില്ല.
അഭിനന്ദനങ്ങള്‍ !!
Post a Comment