Wednesday, November 01, 2006

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി

കണ്ണ്വാശ്രം.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി പരാതിയുമായി ഒരു പ്രമുഖവ്യക്തിക്കെതിരെ പതിനാറുകാരി രംഗത്തെത്തി. കണ്ണ്വാശ്രമത്തിലെ അന്തേവാസിയായ കണ്ണ്വമഹര്‍ഷിയുടെ വളര്‍ത്തുമകള്‍ ശകുന്തളയാണ്‌ പരാതിക്കാരി. പൂരുവംശജനായ ദുഷ്യന്ത മഹാരാജാവിനെതിരെയാണ്‌ പരാതി. സംഭവം നടക്കുമ്പോള്‍ വളര്‍ത്തച്ഛനായ കണ്ണ്വന്‍ ഒരു വിദേശപര്യടനത്തിലായിരുന്നു. ഈ തക്കത്തിന്‌ വേട്ടയ്ക്കാണെന്നും പറഞ്ഞ്‌ വനത്തില്‍ കടന്ന പ്രതി തന്നെ രാജപത്നിയാക്കുമെന്നും ആനയെവാങ്ങിത്തരുമെന്നും വനജ്യോത്സ്നയെ എല്ലായ്പോഴും പുഷ്പിണിയാക്കുമെന്നും മറ്റും പറഞ്ഞ്‌ പീഡിപ്പിക്കുകയും അത്മൂലം ഗര്‍ഭിണിയായ തന്നെ അറിയില്ലെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തുകയും ആട്ടിയിറക്കുകയുമായിരുന്നു എന്ന്‌ ആശ്രമം പോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍, ഇങ്ങനെ ഒരു സംഭവം തന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്നും സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും രജാവ്‌ അറിയിച്ചതായി കൊട്ടാരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സംഭവം നടന്നു എന്നു പറയുന്നതിന്‌ തെളിവായി പറയുന്ന അടയാളം ഇപ്പോള്‍ കാണുന്നില്ല എന്നു പറയുന്നതു തന്നെ പരാതി വ്യാജമാണെന്നെതിന്‌ തെളിവല്ലേ എന്ന്‌ രാജാവ്‌ പത്രസമ്മേളനത്തില്‍ ചോദിച്ചു. ഏതന്ന്വേഷണവും നേരിടാന്‍ താന്‍ ഒരുക്കമാണ്‌. പ്രസ്തുത സംഭവം നടന്നു എന്ന്‌ പറയുന്ന ദിവസം താന്‍ "യുദ്ധകാര്യങ്ങളില്‍ ആയുധങ്ങളുടെ പങ്ക്‌" എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു. അന്നത്തെ തന്റെ പരിപാടികളുടെ ചാര്‍ട്ട്‌ പ്രദര്‍ശിപ്പിച്ചു കൊണ്ട്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഗതി നടന്നതിന്‌ മറ്റുധാരാളം തെളിവുകള്‍ കൂടിയുണ്ടെന്ന്‌ ആശ്രമത്തിലെ വക്താക്കളായ ശാര്‍ങ്ങധരന്‍, ഗൌതമി തുടങ്ങിയവര്‍ അറിയിച്ചു. സംഭവം നടന്ന ദിവസം രാജാവ്‌ ആശ്രമത്തില്‍ വന്നിട്ടുള്ളതിന്‌ അനസൂയ, പ്രിയംവദ തുടങ്ങിയ സ്ത്രീകള്‍ സാക്ഷികളുമാണ്‌. കൂടാതെ "ദീര്‍ഘാപാംഗനെന്ന മാന്‍പേടയും ശകുന്തളയും ഒരേ കാട്ടു ജാതിയല്ലേ" എന്നു ചോദിച്ച്‌ ആശ്രമവാസികളെ അദ്ദേഹം കളിയാക്കാന്‍ ശ്രമിച്ചു എന്ന പരാതിയുമുണ്ട്‌. ഈ വിഷയത്തില്‍ ഐ. ജി റാങ്കില്‍ കുറയാത്ത പദവിയുള്ള ഒരു വനിതയെക്കൊണ്ടു്‌ അന്വേഷിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രശ്നം സി. ബി ഐക്ക്‌ വിടണമെന്നും പത്രസമ്മേളനത്തില്‍ മുനിമാര്‍ ആവശ്യപ്പെട്ടു.കണ്ണ്വാശ്രമം പോലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം നടത്തുന്നുണ്ട്‌.
അടുത്ത ദിവസത്തെ പത്രംതിരുത്ത്‌
ഇന്നലത്തെ പത്രത്തില്‍ വന്ന പീഡനവാര്‍ത്തയില്‍ കണ്ണ്വാശ്രമം പെണ്‍കുട്ടി എന്നു്‌ ചേര്‍ക്കുന്ന പതിവു രീതിക്കു പകരം ശകുന്തള എന്ന്‌ പേരു തന്നെ ചേര്‍ക്കേണ്ടി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. പത്രാധിപര്‍
ഭരതവാക്യം
ശാകുന്തളം വീണ്ടും വായിച്ചപ്പോള്‍ എന്റെ മന്‍സ്സില്‍ തോന്നിയ ഒരു തമാശയാണിത്‌. ഇക്കാലത്താണ്‌ ഇങ്ങനെയൊന്നു സംഭവിച്ചതെങ്കില്‍ വെറുമൊരു പത്രവാര്‍ത്തമാത്രമാകമായിരുന്ന ഒരു സംഭവത്തെ ഇങ്ങനെ ഒരു നാടകമാക്കിയ മഹാകവീ അങ്ങേയ്ക്കു നമോവാകം. തുടര്‍ന്നു വരാവുന്ന സംഭവപരമ്പരകളെ, അന്വേഷണങ്ങളെ, മാധ്യമങ്ങളുടെ ഇടപെടലുകളെ, രാഷ്ട്രീയക്കാരുടെ ഇടപെടലുകളെ എല്ലാം ഭാവനയില്‍ കണ്ട്‌ ആര്‍ക്കും ഇതിന്റെ ബാക്കി ഭാഗം രചിക്കാവുന്നതാണ്‌.
ശുഭം

3 comments:

Anonymous said...

ഭാവനയില്‍ കണ്ട്‌ ആര്‍ക്കും ഇതിന്റെ ബാക്കി ഭാഗം രചിക്കാം എന്നാണ് കല്ലേച്ചി പറയുന്നത്. ഏതായാലും ഞാനതിനില്ല. അത്തരം ഒരു ബാക്കി ഭാഗം ഞാന്‍ എഴുതിയാലേ, ശകുന്തളയും ദുഷന്തനും കണ്വനും പിന്നെ കലേച്ചിയും നാളെ തല പൊക്കൂല്ല.

ബെന്യാമിന്‍ said...

പഴയ കഥ പുതിയ വരികളില്‍!! കൊള്ളാം. നന്നായിരിക്കുന്നു, കല്ലേച്ചി.

രാജീവ് സാക്ഷി | Rajeev Sakshi said...

സത്യം!
എന്തിനേറെ പറയുന്നു.