Wednesday, November 08, 2006

ദേശീയത ഒരു വികാരം

1990 കളുടെ പകുതിയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത്‌ കുറേ ബംഗാളികളുടെ ഇടയിലായിരുന്നു. ഞങ്ങളുടെ "അയല്‍റൂമി"യായി താമസിച്ചിരുന്ന ഒരു ബംഗാളി സമയം കിട്ടുമ്പോഴൊക്കെ റൂമില്‍ വരും, സംസാരിച്ചുകൊണ്ടിരിക്കും. തരം കിട്ടിയാല്‍ ഇന്ത്യക്കാരെ ഒന്നുകൊച്ചാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നതായും ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌ അയാള്‍ റൂമില്‍ വരാറുള്ളതെന്നും കൂടെതാമസിക്കുന്നവര്‍ സംശയിക്കാന്‍ തുടങ്ങി. ബംഗാളികളെ ഇന്ത്യക്കാര്‍ താഴ്‌ത്തിക്കെട്ടിയാണ്‌ കാണുന്നത്‌ എന്ന ധാരണയില്‍ നിന്നുണ്ടായ "അപകര്‍ഷതാ ബോധമാവണം" അയാളില്‍ ഇങ്ങനെ ചില പെരുമറ്റങ്ങള്‍ രൂപപ്പെടാന്‍ കാരണം. ഇത്‌ ഞങ്ങള്‍ ഇന്ത്യക്കാരേയും ബാധിച്ചിട്ടുണ്ട്‌. ഒരുതരം സൂപ്പീരിയോറിറ്റി കോംപ്ലക്സ്‌. എനിക്ക്‌ അയാളുമായി അങ്ങനെ അടുത്ത്‌ ഇടപഴകേണ്ടിവന്നിരുന്നില്ല. എന്റെ ജോലിയുടെ സ്വഭാവമനുസരിച്ചും എന്റെ സ്വഭാവമനുസരിച്ചും റൂമില്‍ സമയത്തിനെത്താന്‍ എനിക്ക്‌ കഴിയാറില്ല.
ഒരിക്കല്‍ ഞാന്‍ റൂമിലേക്ക്‌ കയറുമ്പോള്‍ ഇയാള്‍ പുറത്തേക്കുള്ള വഴിയിലാണ്‌. അയാള്‍ എന്നെ പിടിച്ചു നിര്‍ത്തി അതുവരെ എന്താണ്‌ ചര്‍ച്ചചെയ്തു കൊണ്ടിരുന്നത്‌ എന്നതിന്റെ ഒരു സംക്ഷിപ്ത രൂപം പറഞ്ഞു കേള്‍പ്പിച്ചു. എന്നെ കൂടി "ചെക്‌ക്‍മേറ്റാ"ക്കുകയാണ്‌ ഉദ്ദേശം. "ദേഖിയേ അഖ്ബോര്‍ മേ ക്യാ ആയാ?" ഇന്ത്യയില്‍ നിന്ന്‌ കൂടുതല്‍ സ്ത്രീകളെ വിദേശങ്ങളിലേക്ക്‌ അയയക്കുന്നു എന്ന്‌. ഞങ്ങളുടെ ഖാലിദാ സിയ പറഞ്ഞിരിക്കുന്നത്‌ ഒരു കാരണവശാലും സ്ത്രീകളെ വിദേശത്തയച്ച്‌ പണമുണ്ടാക്കില്ല എന്നാണ്‌. ബായ്‌ സാബ്‌ സ്ത്രീകളെ അയച്ച്‌ പണമുണ്ടാക്കുക എന്നു പറയുന്നത്‌ ഒരു "ഭൊംഗി"യായ കാര്യമല്ല."
(ഈ വാചകങ്ങള്‍ കേട്ടപ്പോള്‍ എനിക്കും തോന്നി ഇയാള്‍ ഇന്ത്യക്കാരെ കൊച്ചാക്കാന്‍ ശ്രമിക്കുന്നു എന്ന്‌ പറയുന്നതില്‍ കഴമ്പുണ്ടെന്ന്‌. എന്റെ ദേശീയബോധം അതിന്റെ പരമാവധിയിലായി. ദേശീയ ബോധം, ദേശീയത എന്നത്‌ തന്നെ ഒരു സങ്കല്‍പമാണ്‌. അത്‌ നിര്‍വചിക്കുക അത്ര എളുപ്പമല്ല. കാരണം അത്‌ ബോധ്യമായതാണ്‌. അമ്മ എന്നത്‌ നമുക്ക്‌ ബോധ്യമായതാണ്‌. അത്‌ എന്താണ്‌ എന്ന്‌ നിര്‍വചിക്കുന്നതുപോലെ വ്യര്‍ഥമായരിക്കും ഇതും. എന്തല്ല എന്നതാണ്‌ പ്രധാനം. എന്നിട്ടും പലരും ദേശീയതയെ നിര്‍വചിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌ "ഓരോരുത്തരും അവരവരുടെ ആവശ്യമനുസരിച്ചാ"ണ്‌ അത്‌ ചെയ്തതെന്നുമാത്രം. ഇതില്‍ ആര്‍. എസ്‌. എസ്‌ സര്‍സംഗ്‌ ചാലകായിരുന്ന ഗോള്‍വള്‍ക്കറുടെ നിര്‍വചനം ശ്രദ്ധേയമാണ്‌. തന്റെ കുപ്രസിദ്ധമായ "നാമും നമ്മുടെ ദേശീയതയും" (We or our National hood defined) എന്ന പുസ്തകത്തില്‍ ദേശീയതയുടെ നാല്‌ പ്രധാന സ്തംഭങ്ങളെ അദ്ദേഹം വിവരിക്കുന്നു. മതം, സംസ്കാരം, ഭാഷ, അതിര്‍ത്തി ഇവയാണവ. അവയില്‍ പ്രധാനം മതം തന്നെ. ഇങ്ങനെ നിര്‍വചിക്കുന്നത്‌ ഇതില്‍ പെടാത്തവരായി ചിലരെ കണക്കാക്കി ഒതുക്കാനാണ്‌. അങ്ങനെ നോക്കുമ്പോള്‍ മറ്റു പലമതക്കാരേയും ദേശീയതയ്ക്കു പുറത്തു നിര്‍ത്താം. അതങ്ങനെ തന്നെ അദ്ദേഹം പറയുന്നുമുണ്ട്‌.
ഈ നിര്‍വചനത്തില്‍ നിന്ന്‌ നമുക്ക്‌ അറേബ്യന്‍ രാജ്യങ്ങളെ ഒന്നു വിലയിരുത്തിനോക്കാം. മതമായിരുന്നു ദേശീയതയ്ക്ക്‌ ആധാരമെങ്കില്‍, സംസ്കാരമായിരുന്നു, ഭാഷയായിരുന്നു ദേശീയതയ്ക്ക്‌ ആധാരമെങ്കില്‍ സവര്‍ക്കറുടെ കാഴ്ചപ്പാടില്‍ അത്ര പ്രാധാന്യമില്ലാത്ത ഭൂമിശാസ്ത്രപരമായ കേവലം അതിര്‍വരമ്പുകളില്‍ മാത്രം ഈ അറേബ്യന്‍ രാജ്യങ്ങളെങ്ങിനെ ഭിന്നിച്ചു നില്‍ക്കുന്നു? സൌദി അറേബ്യയുടെ കണ്ണില്‍ നിന്നടര്‍ന്നു നില്‍ക്കുന്ന തുള്ളിപോലൊരു രാജ്യം, ബഹറിന്‍, സവര്‍ക്കര്‍ പറഞ്ഞ പ്രധാനപ്പെട്ട മൂന്നു സ്തംഭങ്ങളേയും സൌദിയുമായി പങ്കുവെയ്ക്കുന്നുണ്ട്‌. എങ്കിലും മറ്റൊരു രാജ്യമാണ്‌. യു. എ. ഇ, ഖത്തര്‍, എന്തിന്‌ മിഡില്‍ ഈസ്റ്റ്‌ മുഴുക്കെ അനവധി രാജ്യങ്ങള്‍ ഭാഷയും മതവും ചിലതൊക്കെ സംസ്കാരവും ഏറെകുറേ സമാനമായിരിക്കെ വേറെ വേറെ രാജ്യങ്ങളായി തുടരുന്നു. എങ്ങനെ? എന്നാല്‍ ദേശീയതയ്ക്ക്‌ ഒരു രാജ്യം തന്നെ ആവശ്യമില്ല എന്നു തെളിയിച്ചവരാണ്‌ പാലസ്ഥീനികള്‍. ഒരര്‍ഥത്തില്‍ പ്രവാസികളായ നാമും. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ദേശീയത ഒരു സങ്കല്‍പമാണ്‌, വികാരമാണ്‌.
ഇനി ഇന്ത്യയെ നോക്കൂ. ഇന്ത്യ ഒരു അദ്ഭുതമാണ്‌. കിലോമീറ്ററുകള്‍ക്കുള്ളില്‍ മാറുന്ന ഭാഷയും മതവും സംസ്കാരവും ഉള്ള നൂറുകോടി ജനതയെ അതായത്‌ ലോകത്തിലെ ആറിലൊന്ന്‌ ജനതയെ, എപ്പോള്‍ വേണമെങ്കിലും മാറാവുന്ന കേവലം നാലതിരുകള്‍ക്കുള്ളില്‍ നിലനിര്‍ത്തുന്നത്‌, പരമാവധി സ്വാതന്ത്ര്യം നല്‍കി പോറ്റിവളര്‍ത്തുന്നത്‌ എങ്ങനെയാണെന്ന്‌ ഗോള്‍വള്‍ക്കര്‍ക്ക്‌ മനസ്സിലാവുകയില്ല.
ഇതെന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്‌. ഇന്ത്യ എന്താണ്‌ എന്നത്‌. എന്തു ശക്തിയാണ്‌ ഇന്ത്യയെ ഭിന്നിച്ചു പോകാതിരിക്കുന്നതില്‍ നിന്ന്‌ തടയുന്നതിനുള്ള ഘനാകര്‍ഷണം നല്‍കുന്നത്‌ എന്ന്. ഇതൊരു പക്ഷെ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം തന്നെയാവണം. പരമാവധി സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ആളുകള്‍ സ്വയം അസ്വതന്ത്രരാകുന്നു. അവര്‍ക്ക്‌ രക്ഷപ്പെടാന്‍, തകര്‍ക്കാന്‍ ഒരു മതിലോ ചങ്ങലയോ ഇല്ല. ഈ ചിന്തകളത്രയും എന്റെയുള്ളില്‍ പെട്ടെന്ന്‌ മിന്നിമറഞ്ഞു ഇങ്ങനെയുള്ള ഇന്ത്യ "പെണ്ണുങ്ങളെ അയച്ച്‌ പണമുണ്ടാക്കുന്നു" എന്ന പ്രയോഗം അപ്പോള്‍ എനിക്ക്‌ ചീത്തയായി അനുഭവപ്പെട്ടു. നൂറുകോടി ഇന്ത്യക്കാരുടെ അഭിമാനം എന്റെ കയ്യിലാണെന്ന തോന്നല്‍. വെറും ഒരു "ബൊംഗാളി" അതിനെ വെച്ചു വിലപേശുമ്പോലെ. അതങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ല. ഇവനെയൊന്ന്‌ കൊട്ടിയിട്ടു തന്നെ കാര്യം. അങ്ങനെ തോന്നാന്‍ പാടില്ലാത്തതാണ്‌. എന്തുചെയ്യാം "കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം, എത്രയായാലും മനുഷ്യരല്ലേ")
"ബൊന്ധൂ,"
അതുവരെ ഞാന്‍ ബായ്‌സാബ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌. ബൊന്ധു എന്നതില്‍ തെറ്റുണ്ടെന്നല്ല.
"താന്‍ കുവൈറ്റ്‌ എന്നൊരു രാജ്യത്തെ പറ്റി കേട്ടിട്ടുണ്ടോ?"
താന്‍ എന്ന വിളിയും കുവൈറ്റിനേ പറ്റി കേട്ടിട്ടുണ്ടോ എന്ന പരസ്പര ബന്ധമില്ലാത്ത ചോദ്യവും എന്റെ ഭാവവും കണ്ട്‌ ഇവനെന്തിനുള്ള പുറപ്പാടാണെന്ന്‌ റൂമിലുള്ള എല്ലാവരും അത്ഭുതപ്പെട്ടുനോക്കിക്കൊണ്ടിരിക്കുകയാണ്‌. ബംഗാളി ഒരു കറുത്ത ചിരിചിരിച്ചു
"അതെന്ത്‌?"
"അവിടെ അടുത്ത കാലത്ത്‌ ഇറാഖ്‌ അക്രമണം നടത്തിയിരുന്നു. കേട്ടിട്ടുണ്ടോ?"
"പിന്നല്ലാതെ, ഇയാളാര്‌?"
"ഇറാക്ക്‌ കുവൈറ്റില്‍ ധാരാളം മയിന്‍ വിതറിയിരുന്നു."
"അതിന്‌?"
"അമേരിക്ക പിന്നീട്‌ ഇറാഖിനെ തുരത്തി കുവൈറ്റ്‌ വീണ്ടെടുത്തു 1991. അവിടെ മയിന്‍ സെര്‍ച്ച്‌ ചെയ്യുന്നതിന്‌ ബംഗാളികളെ ഉപയോഗിച്ചിരുന്നു. അരയില്‍ കയര്‍കെട്ടി ബംഗാളികള്‍ മുന്നില്‍ പിന്നില്‍ അമേരിക്കന്‍ പട്ടാളക്കാര്‍. താന്‍ "അഖ്ബാര്‍മെ പഠേഹോഗേ"
"അ..അതെ"
"ഇപ്പണി ഞങ്ങളുടെ നാട്ടില്‍ നായ്ക്കളാണ്‌ ചെയ്യുന്നത്‌."
മുറിയിലുള്ളവര്‍ ഈ വാചകം നന്നായി ആഘോഷിച്ചു.
ഫലിതം
കല്ലേച്ചീസ്‌ കമന്റ്‌
"ലീഗിന്റെ ശൈലി മാറ്റും" കുഞ്ഞാലിക്കുടി
(ആരൊക്കെയോ ജാഗ്രതൈ)

12 comments:

ബയാന്‍ said...

ദേശീയത ഒരു വികാരം - ഇന്ത്യന്‍ ദേശീയത യെ കുറിച്ചു ചിന്തിക്കുമ്പോള്‍ അവശ്യം വായിച്ചിരിക്കേണ്ട ഒരു ആനുകാലിക ലേഖനം, മാധ്യമം ദിനപ്പത്രത്തില്‍ , എ.ആര്‍ എഴുതുന്നു.

തീവ്ര ദേശീയതയുടെ ഇരകള്‍-1
http://www.madhyamamonline.in/news_archive_details.asp?id=8&nid=120752&dt=11/8/2006

(മതന്യൂനപക്ഷം മാത്രം വിചാരിച്ചാല്‍ പോര)തീവ്ര ദേശീയതയുടെ ഇരകള്‍-2
http://www.madhyamamonline.in/news_details.asp?id=8&nid=120631&page=1

"ഹിന്ദുത്വവും ഇന്ത്യന്‍ ദേശീയതയും ഇഴ പിരിയാന്‍ വയ്യാത്ത വിധം ഒന്നായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തു ആദര്‍ശപരമായി വൈദേശിക പശ്ചാതലമുള്ള മത ന്യൂനപക്ഷങ്ങളുടെ ഭാവി ചോദ്യ ചിഹ്നമാണു,.........."

(അ.ആര്‍, ചിത്രകാരന്റെ നവ: 7 നു പോസ്റ്റില്‍ quote ചെയ്ത മാതൃഭൂമി ലേഖനം : http://chithrakaran.blogspot.com/2006/11/blog-post_07.html എഴുതിയ ഒ. അബ്ദുല്ല യുടെ സഹോദരനാണ്‌ ഒ. അബ്ദുറഹിമാന്‍ (എ.ആര്‍))

Siju | സിജു said...

കല്ലേച്ചീ, നല്ല ലേഘനം
പക്ഷേ, അവസാനം കുഞ്ഞാലിക്കുട്ടിയെ കൊണ്ടുവരേണ്ടായിരുന്നു :-)

കിരണ്‍ തോമസ് said...

ബയാന്‍
എന്തുകൊണ്ട്‌ മുസ്ലിം സമൂഹം വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും പട്ടിക ജാതികളേക്കാല്‍ പിന്നോക്കം പോയി? ഉന്നത വിദ്യാഭ്യാസ രംഗത്തെ മുസ്ലിം പ്രതിനിധ്യം കുറയനുള്ള ഏക കാരണം വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിം സ്ത്രീകളുടേ പങ്കാളിത്തത്തില്‍ ഉണ്ടായ കുറവു തന്നേയാണ്‌.ഇതിനു കാരണം സര്‍ക്കാരാണോ എന്നു ചോദിച്ചാല്‍ അല്ല. ആ സമൂഹത്തില്‍ നില നില്‍ക്കുന്ന വികലമായ കാഴ്ച്ചപ്പാടായിരിക്കാം ഇതിനു കാരണം. സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതോ ജോലിയില്‍ പ്രവേശിക്കുന്നതോ ഒക്കേ യഥസ്തിക നേതൃത്വം എതിര്‍ക്കുന്നുണ്ട്‌ എന്നത്‌ ഒരു കാരണമാണ്‌. എങ്കിലും ചരിത്രവുമായി ബന്ധപ്പെടുത്തി വേണം നാം ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടത്‌.

ഇന്ന് ഏറ്റവും പുരോഗതി നേടി എന്നു കരുതുന്ന സമൂഹം ക്രിസ്ത്യന്‍ സമൂഹമാണ്‌. എന്തു കൊണ്ട്‌ അവര്‍ ഈ പുരോഗതി കൈവരിച്ചു എന്ന് പരിശോധിച്ചാല്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‌ അവര്‍ നല്‍കിയ ഉന്നത പരിഗണനയാണ്‌ എന്ന് കണ്ടെത്താനാകും. ഇന്ന് കര്‍മ്മ മേഖലകളില്‍ അവര്‍ മുന്നിട്ടു നില്‍ക്കുന്നതും അതുകൊണ്ടാണ്‌

ഇനി നമുക്ക്‌ ഹിന്ദു സമൂഹത്തിലേക്ക്‌ വരാം . ഒരു കാലത്ത്‌ വീടിന്റെ അകത്തളങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട നമ്പൂരി സ്ത്രീകളുടേ ചരിത്രം നമുക്കറിയാം . അന്നു നമ്പൂരി സമൂഹത്തില്‍ നില നിന്നുരുന്ന അനാചരങ്ങളും നമ്മുടേ ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോയിട്ടില്ല. എന്നാല്‍ V.T. യെപ്പോലുള്ള ഉത്പതിഷ്ണുക്കളായവര്‍ നേതൃത്വം കൊടുത്ത നവോദ്ധാന പ്രസ്താനങ്ങള്‍ സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ഉയര്‍ത്തിപ്പിടിച്ച്‌ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആ സമൂഹം എത്ര മാത്രം വളര്‍ന്നു എന്നും നമുക്കറിയാം . അതു പോലെ നായര്‍ സ്ത്രീകളും ഇഴവ സ്ത്രീകളും മുഖ്യധാര വിദ്യാഭ്യാസത്തില്‍ പങ്കുചേരുകയും സാമൂഹികമായി ആ സമുദായങ്ങള്‍ വന്‍ പുരോഗതി പ്രാപിക്കുകയും ചെയ്തു. ഇഴവ സമൂഹത്തേ ഈ അവസ്സരത്തില്‍ നാം പ്രത്യേകം അഭിനന്ദിക്കണം കാരണം സംവരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ച്‌ ശക്തമായി വളരാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ അതേ സംവരണം ലഭിച്ച മറ്റു ചില സമുദായങ്ങള്‍ അതില്‍ തികച്ചും പരാജയമായത്‌ അവര്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ക്കണിച്ച അലംഭാവമാണ്‌.

തങ്ങള്‍ ഇപ്പൊഴും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കമാണ്‌ എന്ന് മുസ്ലിം സഘടകള്‍ കണക്കുകളേ ഉദ്ദരിച്ച്‌ സമര്‍ഥിക്കറുണ്ട്‌. എന്നാല്‍ അവരൊന്നും എങ്ങനെയാണ്‌ മറ്റു സമുദായങ്ങള്‍ അവരുടേ പിന്നോക്കാവസ്ഥ മാറ്റിയത്‌ എന്ന് ശ്രദ്ധിച്ചില്ല. അവര്‍ തങ്ങള്‍ക്ക്‌ കൂടുതല്‍ സംവരണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.

panicker.sa said...
This comment has been removed by a blog administrator.
മൈനാഗന്‍ said...

രണ്ടായിരം പുറത്തില്‍ പറഞ്ഞാലും തീരാത്ത വിഷയം, ഒരു സംഭവത്തിന്റെ ഗതിവേഗത്തോടിണക്കി ചുരുക്കി അവതരിപ്പിക്കാന്‍ അസാധാരണമായ 'തല' വേണം. ഈ ചര്‍ച്ച ഇവിടെ തീരാതെ അനുബന്ധവിഷയങ്ങളില്‍ തുടരണമെന്ന അഭിപ്രായമാണ്‌ എനിക്ക്‌. 'ദേശീയത' ഒരു ഒറ്റവാക്കല്ല.

bhoothathankett said...

കിരണ്‍  ക്രിസ്ത്യന്‍ സമുദായത്തിന്റെ പുരോഗതിക്കും ഇതരസമൂഹങ്ങളുടെ പിന്നാക്കാവസ്ത്തക്കും ചരിത്രപരമായ കാരണങ്കളാണുള്ളത്.ബ്രിട്ടീഷ്
അധിനിവേശക്കാലത്ത് ഇന്നാട്ടിലെ മുസ്ലിം സമൂഹവും അതിന്റെ നേത്രത്വവും ശത്രുവിന്റെ സം സ്കാരവും വേഷവും അവന്റെ ഭാഷയും ഹറാമാക്കുകയും അധിനിവേശ വിരുധപോരാട്ടത്തില്‍ അണിനിരക്കുകയും ചെയ്ത്പ്പോള്‍ ഇന്നാട്ടിലെ ക്രിസ്റ്റ്യന്‍ സമൂഹം വേട്ടക്കരന്റെ ഒപ്പം നിന്നു കൈവശപ്പെടുത്തിയഭൂസ്വത്തുകല്‍ അവര്ക്കു നല്കിയ സാമ്പതീക ആത്മവിശ്വാസം ചെറുതല്ല.ദളിത് ക്രിസ്ത്യാനികളില്‍ ഇപ്പറഞ്ഞ പുരോഗതി കാണാത്തതിനു കാരണവും നാം തിരയേന്ടത് ഇവിടെ തന്നെയാണ്

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രശ്നം ഉയര്ത്തുയ്ന്നത് എന്തു മാത്രം ബാലിശമാണ്.അതിനു കാരണം മതപരമല്ല,മറിച്ചു സാമ്പത്തീകമാണു .ദാരിദ്രയം നിലനില്ക്കുന്ന സമൂഹത്തിലൊക്കെയും സ്ത്രീ സമൂഹം പിന്തള്ളപ്പെടുന്നതായി കാഅണാന്‍ കഴിയും .നേപ്പാള്‍ ഉദാഹാരണം .പിന്നെ കേവല സാമുദായിക താല്പര്യങള്ക്കുവേന്ടി ആദര്ശപരമായ എന്തു വിട്ടുവീഴ്ച്ചക്കും (അങനെയൊന്നുന്ടെങ്കില്)തയ്യറാണല്ലോ ഈ വികസിച്ചവര്.മിഷണറിമാരെ വരെ കത്തിച്ച ,വര്ഗീയഫാസിസം കൊണ്ടു ഇവിറ്റത്തെ ന്യൂനപക്ഷങള്ക്കു ജീവിക്കാനുള്ള അവകാശം വരെ നിഷേധിച്ചവരുമായി കൂട്ടുചേര്ന്ന പി-സി-തോമസിന്സാമുദായികതാല്പര്യത്തിനു വേന്റി വോട്ട് നല്കാന്‍ യാതൊരു മനസ്താപവും ഉന്റായില്ലല്ലോകുഞാടുകള്ക്ക്..

കിരണ്‍ തോമസ് said...

bhoothathankett
മാറു മറക്കന്‍ സ്വാതന്ത്ര്യമില്ലതിരുന്ന ഇഴവര്‍ എങ്ങനേ വിദ്യാഭ്യാസം നേടി. അവരുടേ സാമ്പാത്തിക അവസ്ഥ ഉയര്‍ന്നതായിരിന്നോ. ഇഴവര്‍ക്കു കിട്ടുന്ന സംവരണം മുസ്ലിമുകള്‍ക്കുമുണ്ട്‌. മുഖ്യധാരയിലേക്ക്‌ വരണം എന്നുണ്ടെങ്കില്‍ ആര്‍ക്കും വരാവുന്നതേയുള്ളു കേരളത്തിലെങ്കിലും.

snow diamond said...

കിരണ്‍ ഈഈഴവര്‍ വിദ്യാഭ്യാസം നേടീ
എന്ന പ്രചാരണം  രാഷ്റ്റ്രീയ പാര്ട്ടികള്‍
 പ്രചരിപ്പിച്ച ത്നത്രത്തിന്റെ ഭാഗമാണ്.അവരില്‍ വിദ്യ അഭ്യസിച്ചവര്‍ 
ജോലി നേടി എന്നത് ശരിയാണ്.
മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥക്ക് ചരിത്രപരമായ കാരണങള്‍ ഉന്ട് എന്നാണ്‍ ഞാന്‍ സൂചിപ്പിച്ചത്.മതപരമായി
സ്ത്രീ വിദ്യാഭ്യാസത്തിനു നിറ്ബന്ധിക്കുന്ന മതമാണല്ലോ ഇസ്ലാം .അപ്പോള്‍ മുസ്ലീം സമൂഹം സ്ത്രീ വിദ്യാഭ്യാസത്തിനു എതിര്‍ നിന്നതിനു മറ്റെന്തോ കാരണം ഉന്ട്.അതാണു നാം അന്വേഷിക്കേന്റത്...

japamaala said...

jaba, jaba............

say jaba mr snow!!!

കാണാപ്പുറം said...

കല്ലേച്ചി,
(1)“നാമും നമ്മുടെ ദേശീയതയും” വായിച്ചിട്ടില്ല. താങ്കളോ? അതിന്റെ പ്രതി കയ്യിലുണ്ടോ?

(2)അത്‌ സവര്‍ക്കറുടെ പുസ്തകമോ അതോ ഗോള്‍വള്‍ക്കരുടെ പുസ്തകമോ? താങ്കള്‍ രണ്ടുപേരുകളും മാറി മാറി എഴുതിയിരിക്കുന്നതു കൊണ്ട്‌ ചോദിച്ചെന്നേയുള്ളൂ. (ദയവായി താങ്കളുടെ ലേഖനം ഒന്നു കൂടി വായിച്ചു നോക്കുക) അതു രണ്ടും രണ്ടുപേരാണെന്ന്‌ അറിയാമെന്നു കരുതട്ടെ.

കമന്റിട്ടവരും അതു ശ്രദ്ധിച്ചു കണ്ടില്ല. അല്ലെങ്കിലും അതിനൊക്കെ ആരു മെനക്കേടുന്നു? ഏതോ ഒരു “..ര്‍ക്കര്‍”. നാം കേട്ടു പഠിച്ചതുപോലെയൊക്കെത്തന്നെയല്ലേ വന്നിരിക്കുന്നത്‌ എന്നു മാത്രമേ നോക്കേണ്ടൂ.

സാരമില്ല. സംഘത്തെക്കുറിച്ചു സംസാരിക്കുമ്പോളെല്ലാം ഏതാണ്ടെല്ലാവര്‍ക്കും പറ്റുന്നതാണ് ഇതെല്ലം. പണ്ട്‌ എനിക്കും പറ്റിയിട്ടുണ്ട്‌. പലപ്പോഴും മറ്റു പലരും പറയുന്നതു കേട്ടു പറയാന്‍ മാത്രമേ ആവുകയുള്ളുവല്ലോ.

പിന്നെ, എപ്പോള്‍ വേണമെങ്കിലും മാറാവുന്ന അതിരുകള്‍ എന്ന പ്രയോഗം വേദനിപ്പിച്ചു. സത്യമായതു കൊണ്ടാണ് വേദനിച്ചത്‌.

ഇത്ര വൈജാത്യങ്ങള്‍ക്കിടയിലും ഭാരതം എങ്ങനെ ഒന്നിച്ചു നില്‍ക്കുന്നു എന്ന നിങ്ങളുടെ സംശയത്തിന് ഗോള്‍വള്‍ക്കര്‍ മാത്രമല്ല മറ്റു പലരും വളരെ വിശദമായി മറുപടി പറഞ്ഞിട്ടുണ്ട്‌. പുസ്തകങ്ങളൊന്നും ഇപ്പോള്‍ കൈവശമില്ലാത്തതുകൊണ്ടു ക്വോട്ടു ചെയ്യാന്‍ നിവൃത്തിയില്ല. അതൊന്നും ഗോള്‍വള്‍ക്കര്‍ക്കു മനസ്സിലാവില്ല എന്നു നിങ്ങള്‍ പറയുന്നതില്‍ ഒരു ചെറിയ വൈരുദ്ധ്യമുണ്ട്‌. ആ വ്യക്തിയെ അംഗീകരിക്കാന്‍‍ മനസ്സു തയ്യാറല്ലാത്തതു കൊണ്ടാണ് അങ്ങനെ തോന്നുന്നത്‌. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ രീതിയില്‍ പലതും മനസ്സിലായിട്ടുണ്ട്‌. അതു ശരിയാണെന്നു സമ്മതിക്കണമോ എന്നത്‌ നമ്മുടെ ഇഷ്ടം.

താങ്കളുടെ ബ്ലോഗില്‍ വരാന്‍ വൈകി. തര‍ക്കേടില്ലാത്ത വായന നല്‍കുന്നുണ്ട്‌ പലതും. നന്ദി.

പിന്നെ...താങ്കള്‍ ബെംഗാളി..വെറുമൊരു ബെംഗാളി എന്നൊക്കെ പറഞ്ഞിരിക്കുന്നത്‌ ബംഗ്ലാദേശുകാരനാണോ? ബംഗാളി എന്നു മാത്രം പറഞ്ഞാല്‍ ഇപ്പോഴും ഇന്ത്യക്കാരനായ ബംഗാളി എന്ന അര്‍ത്ഥമല്ലേ വരിക? ചൈനയുമായുള്ള യുദ്ധകാലത്ത്‌ ചില്ലറ അബദ്ധങ്ങള്‍ അവര്‍ (ഇന്ത്യന്‍ ബെംഗാളികള്‍) കാണിച്ചത്‌ പൊറുക്കുക. അവരും നമ്മുടെ സഹോദരന്മാര്‍ തന്നെ.

എനിക്കാണെങ്കില്‍ ബംഗ്ലാദേശുകാരേയും പാക്കിസ്ഥാന്‍‌കാരേയും പോലും സഹോദരന്മാര്‍ എന്നതിനേക്കാള്‍ ഉപരി സ്വന്തം രാജ്യക്കാരായി കാണാനാണ് ചിലപ്പോള്‍ തോന്നാറ്‌‌. എന്റെ രാഷ്ട്രസങ്കല്പത്തിന് എന്തോ തകരാറുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷമേ ആയുള്ളൂ സംഘത്തേക്കുറിച്ച്‌ അറിയാന്‍ ശ്രമിച്ചു തുടങ്ങിയിട്ട്‌. ജോലിത്തിരക്കിനിടയില്‍ തീരെ സമയം കിട്ടാറില്ല താനും. എന്നാലും അതിന്റെ ഒരു “ദു”സ്വാധീനം പിടികൂടിയിട്ടുണ്ടെന്നു തോന്നുന്നു. അല്ല നോക്കണേ. പാകിസ്താന്‍‌കാരും നമ്മുടെ ആള്‍ക്കാരാണത്രേ!

(മനസ്സിലായിട്ടുണ്ടാവില്ല അല്ലേ? സമയമെടുക്കും. വളരെ സമയമെടുക്കും. അത്ഭുതങ്ങള്‍ അവസാനിക്കാന്‍ തന്നെ വര്‍ഷങ്ങളെടുക്കും. എനിക്ക്‌ ഇപ്പോഴും പല അത്ഭുതങ്ങളുമൊഴിഞ്ഞിട്ടില്ല)

“പ്രസിദ്ധീപരാഗ്മുഖത“ എന്നതില്‍ സംഘം മുറുകിപ്പിടിക്കുന്നിടത്തോളം കാലം ഇതിങ്ങനെയൊക്കെത്തന്നെയേ ഓടൂ. കൂടുതല്‍ പറയാന്‍ നേരവും താല്പര്യവും ഇല്ലാത്തതുകൊണ്ട്‌ നിര്‍ത്തുന്നു.
ലാല്‍‌സലാം.

flag said...

ശരിയാണ്,തുടക്കം മുതലെ താങ്കളില്‍
 ഒരു "സംഖ "മണം വാസനിച്ചിരുന്നു.
അവസാനത്തെ വരിയോടെ ബോധ്യമായി ,
താന്‍ എല്ലാ സംഖന്‍"മാരെപോലെയും \
ചര്‍ച്ചക്കും
 സംവാദങ്ങള്ക്കും താല്‍പര്യമില്ലാത്തവനാണെന്ന്..

കാണാപ്പുറം said...

ഫ്ലാഗേ,
‘ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട‘ എന്നു കേട്ടിട്ടില്ലേ? താങ്കളില്‍ കണ്ട ഒരു കാര്യം, ഒരു ചങ്ങാതിയെന്ന നിലയ്ക്ക്‌ എനിക്കു ചൂണ്ടിക്കാട്ടിത്തരേണ്ടതുണ്ട്‌.

ആരോഗ്യകരമായ ഒരു ആശയസംവാദത്തിന് ഒരുങ്ങിപ്പുറപ്പെടുന്ന ഒരാള്‍ക്ക്‌ അവശ്യം വേണ്ട ഒരു സംഗതിയുണ്ട്‌. പ്രതിപക്ഷ ബഹുമാനം.

താ‍ങ്കള്‍ എന്റെ ആദ്യ കമന്റ് ഒരിക്കല്‍ക്കൂടി വായിച്ചുനോക്കുക. ഞാനതില്‍ കല്ലേച്ചിയേയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ലേഖനത്തെയോ ഏതെങ്കിലും പ്രസ്ഥാനത്തെയോ മറ്റാരെയെങ്കിലുമോ അധിക്ഷേപിക്കാനോ പരിഹസിക്കാനോ ശ്രമിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. എന്റെ വാദമുഖങ്ങള്‍ പരമാവധി മാന്യമായി അവതരിപ്പിക്കാനല്ലേ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌ എന്നും പരിശോധിക്കുക.

ഇനി താങ്കളുടെ കമന്റിലേക്കു വരിക. “സം’ഖ’ന്‍” എന്ന വിളിയും ‘സം’ഖ’മണം ‘വാസനിച്ചിരുന്നു’ എന്ന പ്രയോഗവും എന്തിനെയാണു സൂചിപ്പിക്കുന്നത്‌ എന്ന്‌ ആത്മപരിശോധന നടത്തിനോക്കുക. എന്നെ ‘താങ്കള്‍‘ എന്നു വിളിച്ചു തുടങ്ങിയതിനു ശേഷം പെട്ടെന്നു തന്നെ അറിയാതെ ‘താന്‍‘ എന്നു മാറിപ്പോയതും ശ്രദ്ധിക്കുക.

ഇനി കാര്യത്തിലേക്കു കടക്കാം. ഞാന്‍ ചര്‍ച്ചകള്‍ക്കോ സംവാദങ്ങള്‍ക്കോ താല്പര്യമില്ലാത്തവനാണെന്ന താങ്കളുടെ കണ്ടെത്തല്‍ അത്ഭുതകരമായിരിക്കുന്നു. ഞാന്‍ തൊട്ടു മുകളില്‍ അവതരിപ്പിച്ച വാദമുഖങ്ങളെങ്കിലും താങ്കള്‍ കണ്ടില്ലെന്നു നടിക്കരുതായിരുന്നു. ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയോ അവയേക്കുറിച്ച്‌ ഒന്നു സൂചിപ്പിക്കുക പോലുമോ ചെയ്യാതെ, അവസാനവരിയില്‍ മാത്രം പിടിച്ച്‌, എന്നെ ചര്‍ച്ചകള്‍ക്കു താല്പര്യമില്ലാത്തവന്‍ എന്നു വിളിച്ചു കടന്നു പോകുന്നത്‌ ഒരു തരം ‘രക്ഷപെടല്‍’ പോലെയാണ് എനിക്കനുഭവപ്പെട്ടത്‌. മൂന്നാമതൊരാള്‍ ഇതു രണ്ടും വായിച്ചു നോക്കിയാല്‍ അവര്‍ക്കു വളരെപ്പെട്ടെന്നു ബോധ്യമാവും - ഇവരിലാരാണ് ചര്‍ച്ചകള്‍ക്കു തയ്യാര്‍, ആരാണ് രക്ഷപെടുന്നത്‌ എന്ന്‌. ഇനി മുതല്‍ ശ്രദ്ധിക്കുമല്ലോ.

“കൂടുതല്‍ പറയാന്‍ നേരവും താല്പര്യവും ഇല്ലാത്തതു കൊണ്ട്‌ നിര്‍ത്തുന്നു” എന്നാണു ഞാന്‍ പറഞ്ഞത്‌. ആ വാചകത്തില്‍ ‘കൂടുതല്‍’ എന്ന വാക്ക് വെറുതേ വന്നതല്ല. ബോധപൂര്‍വ്വം ചേര്‍ത്തതാണ്. ‘കൂടുതല്‍’ എന്ന വാക്കിന് ഊന്നല്‍ കൊടുത്തുകൊണ്ട്‌ ഒന്നു കൂടി വായിച്ചു നോക്കുക.

പിന്നെ, താങ്കളുടെ കമന്റു വായിച്ചാല്‍ തോന്നുന്നത്‌ താങ്കള്‍ ഏതെങ്കിലുമൊക്കെ സംഘപ്രവര്‍ത്തകരുമായി ചര്‍ച്ചയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നാണ്. അങ്ങനെയാണെങ്കില്‍ നല്ലത്‌. എങ്കില്‍, താങ്കള്‍ക്ക്‌ സംഘവും ചര്‍ച്ചാസന്നദ്ധതയുമൊക്കെ ബന്ധപ്പെട്ടു സംസാരിക്കാന്‍ എന്നേക്കാള്‍ വളരെ യോഗ്യതയുണ്ട്‌. കൂട്ടത്തില്‍ ഒന്നു ചോദിക്കട്ടെ.
രണ്ടു മൂന്നു മാസങ്ങള്‍ക്കു മുമ്പ്‌ നമ്മുടെ ദേശീയതയെ സംബന്ധിച്ച്‌ ഒരു ദേശീയതല സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. പല പ്രമുഖരും സംബന്ധിച്ച ആ സെമിനാര്‍ തരക്കേടില്ലാത്ത ആശയസംവാദത്തിനു വേദിയുമൊരുക്കിയിരുന്നു. അതു സംഘടിപ്പിച്ചത്‌ രാഷ്ട്ര്രീയ സ്വയം സേവകസംഘമായിരുന്നു. അതു നടന്നത്‌ ദൂരെ വടക്കേ ഇന്ത്യയിലൊന്നുമല്ല - നമ്മുടെ സ്വന്തം തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു. താങ്കള്‍ അങ്ങനെയൊരു കാര്യത്തേക്കുറിച്ച്‌ അറിയുകയെങ്കിലും ചെയ്തിരുന്നോ? അറിഞ്ഞിരുന്നെങ്കില്‍, അവിടെ പോയിരുന്നോ? ചുരുങ്ങിയ പക്ഷം അവിടെ വന്നവര്‍ - സംഘബന്ധമുള്ളവരും അല്ലാത്തവരുമായവര്‍ - അവിടെ അവതരിപ്പിച്ച ആശയങ്ങളെന്തൊക്കെയായിരുന്നെന്ന്‌ അറിയാന്‍ ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍, താങ്കള്‍ ഒരു ‘ടിപ്പിക്കല്‍’ സംഘ വിമര്‍ശകനെയാണു കാണിക്കുന്നത്‌. വെറുതെ ആരോപണങ്ങളുന്നയിക്കാന്‍ കാണിക്കുന്ന ആവേശം അവരേക്കുറിച്ച്‌ അറിയാന്‍ കാണിക്കാറില്ല. ‘ഉവ്വ്‌ ‘ എന്നാണുത്തരമെങ്കില്‍, എന്താണവിടെ ചര്‍ച്ച ചെയ്യപ്പെട്ടത്‌ എന്ന അറിവ്‌ ഞങ്ങള്‍ക്കു കൂടി പകര്‍ന്നു തരിക. ഇനിമുതലെങ്കിലും ‘സംഘം സംവാദങ്ങള്‍ക്കു തയ്യാറല്ല‘ എന്നും മറ്റും ധൃതിയില്‍ എഴുതുന്നതിനിടയില്‍, ഇതൊക്കെ ഒന്നു മനസ്സില്‍ കൊണ്ടുവരികയും ചെയ്യുക.

പലപ്പോഴും ‘സംഘം എന്തുകൊണ്ടു മിണ്ടാതിരിക്കുന്നു’ എന്നത്‌ എനിക്കത്ഭുതമായിരുന്നിട്ടുണ്ട്‌. ഞാനതേക്കുറിച്ച്‌ പഠിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്‌. പലകാര്യങ്ങളും മനസ്സിലായി. ഇനിയും പലതും ഉണ്ടു താനും. മനസ്സിലായതു മുഴുവന്‍ എഴുതാനാണെങ്കില്‍ വലിയ പുറങ്ങള്‍ വേണ്ടിവരും. സമയം കിട്ടിയാല്‍ എഴുതാം. ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം ഇവിടെ പറഞ്ഞുവയ്ക്കാം.

പരസ്പര ബഹുമാ‍നം പുലര്‍ത്തിക്കൊണ്ട്‌, തെറ്റിദ്ധാരണകള്‍ നീക്കാനുതകുകയും പുതിയ ആശയമുഖങ്ങള്‍ വികസിച്ചു വരികയും ചെയ്യുന്ന തരത്തില്‍ നടത്തപ്പെടുന്ന ഗുണപരവും മാന്യവുമായ ‘സംവാദ‘ങ്ങളില്‍ സംഘത്തിന് താല്പര്യമില്ലാതില്ല. അനാവശ്യമായ ‘വിവാദ‘ങ്ങളില്‍, അതും തെരഞ്ഞെടുപ്പുരാഷ്ട്റീയത്തില്‍ മുതലെടുക്കാനുദ്ദേശിച്ചുള്ളതും ആരോപണ-പ്രത്യാരോപണങ്ങളിലൂന്നിയതും തരംതാണതുമായ ‘തെരുവോരവിവാദ’ങ്ങളില്‍ നിന്നു മാത്രമേ സംഘം അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. സംഘത്തിനെതിരെ ആരോപിക്കപ്പെടുന്ന ഓരോന്നിനും മറുപടി പറയാന്‍ നില്‍ക്കുക എന്നത്‌ ആ ആരോപണങ്ങളുടെ അത്രയും താണനിലവാരത്തിലേക്ക്‌ സംഘത്തിന്റെ വിലയിടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അവര്‍ കരുതുന്നു.

പിന്നെ, സംഘത്തിന്റെ ശബ്ദത്തിനായി നാം എവിടെ കാതോര്‍ക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്‌. പലതില്‍ നിന്നും ഒന്നും കേട്ടു എന്നു വരില്ല. ‘മുഖ്യധാരാമാദ്ധ്യമങ്ങള്‍’ എന്ന വിളിപ്പേരു സമ്പാദിച്ച പലതിന്റേയ്യും ഉള്ളില്‍ വാ‍ര്‍ത്തകള്‍ തമസ്കരിക്കുന്നതിലും വളച്ചൊടിക്കുന്നതിലും സ്പെഷ്യലൈസ് ചെയ്തവരുണ്ട്‌ എന്നത്‌ ഇന്നൊരു രഹസ്യമല്ല.

സംഘത്തിന്റെ നിശ്ശബ്ദതയിലുള്ള എന്റെ അത്ഭുതം അതിരു കവിഞ്ഞൊരു നിമിഷമുണ്ട്‌. കൃത്യ സമയം ഓര്‍മ്മയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണെന്നു തോന്നുന്നു. പി.കെ.വിയുടെ മരണശേഷം തിരുവനന്തപുരത്ത്‌ ഉപതെരഞ്ഞെടുപ്പു നടക്കുന്നു. നെയ്യാറ്റിന്‍‌കരയിലെ ബിഷപ്‌ ഹൌസ്‌ അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ്‌ നേതാവും മറ്റുചിലരും ചേര്‍ന്നാണെന്നു പറയുന്നു - ആക്രമിക്കുന്നു. കൂട്ടാളികളില്‍ ചിലര്‍ മാര്‍ക്സിസ്റ്റുകാരാണെന്ന്‌ മറ്റൊരു വാദം. എന്തായാലും തെരഞ്ഞെടുപ്പിന്റെ സമയമായതുകൊണ്ട്‌ സംഭവം കൂടുതല്‍ ചൂടുപിടിച്ചു. കോണ്‍ഗ്രസ്‌ നേതാവ്‌ ന്യൂനപക്ഷപീഢനം നടത്തി എന്നമട്ടില്‍ എല്‍.ഡി.എഫ്‌ വ്യാപകമായി നോട്ടീസ്‌ അടിച്ചിറക്കി. മറുവാ‍ദങ്ങള്‍ അങ്ങോട്ടും. തനി വര്‍ഗ്ഗീയത നിറഞ്ഞ വാഗ്വാദങ്ങള്‍ കൊണ്ടുപിടിച്ച സമയത്ത്‌ ശരിക്കും ബുദ്ധിമുട്ടിയത്‌ പോലീസുകാരാണ്. ഇടതും വലതും മാറിമാറി വരുന്നിടത്ത്‌ സ്ഥിരമായ ശത്രുതയോ ആശ്രിതത്വമോ ആരോടും പാടില്ലെന്നതോര്‍ത്ത്‌ ചെകുത്താനും കടലിനുമിടയില്‍ നിന്നപ്പോള്‍ ഒരു ഉന്നത പോലീസുദ്യോഗസ്ഥന് ഒരു ബുദ്ധിയുദിച്ചു. അദ്ദേഹം അരമനയില്‍ ചെന്ന്‌ പുരോഹിതരുമായി ഒരു ചര്‍ച്ച നടത്തി. എന്നിട്ട്‌ രഹസ്യമായി ഇങ്ങനെയൊരു ആശയമെടുത്തിട്ടു.

“നമുക്കീ സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍. എസ്‌. എസിന്റെ തലയില്‍ കെട്ടി വച്ചാലോ?”

നെയ്യാറ്റിന്‍‌കരയും ചുറ്റുവട്ടവും ആര്‍. എസ്‌. എസിനു തരക്കേടില്ലാത്ത സ്വാധീനമുള്ള സ്ഥലമാണ്. അവര്‍‍ക്കെതിരെയുള്ള ഒരു ആരോപണമായാല്‍ ഇരുമുന്നണികളും പിന്നെ മിണ്ടില്ല. ‘അല്ലല്ല..ഇതു ചെയ്തതു മറ്റവരല്ലേ‘ എന്നു ചോദിക്കാന്‍ പറ്റില്ല. അപ്പോള്‍ അത്‌ സംഘത്തിനെ പിന്തുണയ്ക്കലാവും. അത്‌ എതിരാളികള്‍ക്ക്‌ വര്‍ഗ്ഗീയത പ്രചരിപ്പിച്ച്‌ വോട്ടു നേടാനുള്ള ആയുധമാവും! അപ്പോള്‍ മുന്നണികള്‍ കുഴിച്ച കുഴികളില്‍ മുന്നണികളെത്തന്നെ കുടുക്കാനും തങ്ങളുടെ തടി രക്ഷിക്കാനുമുള്ള പോലീസിന്റെ ശ്രമം പക്ഷേ അമ്പേ പാളി.

അരമനയിലുള്ളവര്‍ ഇങ്ങനെ തുറന്നടിച്ചു.
“ആര്‍. എസ്‌. എസിനേക്കൊണ്ട് ഇവിടെ ഞങ്ങള്‍ക്കാര്‍ക്കും ഇന്നുവരെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. ഇതിന്റെയൊന്നും ഉത്തരവാദിത്തതില്‍ നിന്നു രക്ഷപെടാമെന്ന്‌ ആരും കരുതുകയും വേണ്ട” എന്ന്‌.

പോലീസ്‌ അങ്ങോട്ടു പറഞ്ഞത്‌ രഹസ്യമായിട്ടാണെങ്കിലും മറുപടി പരസ്യമായിട്ടായിരുന്നു. മാദ്ധ്യമങ്ങള്‍ മുഴുവനും, അതു പ്രസിദ്ധീകരിക്കാ‍ന്‍ ധൈര്യം കാട്ടിയവര്‍ വഴി ജനങ്ങളും അറിഞ്ഞു. അപ്പോഴും ആകെ നാണം കെട്ടതും പഴികേട്ടതും പാവം പോലീസ്‌. രാഷ്ട്ര്രീയക്കാര്‍ അപ്പോഴും രക്ഷപെട്ടു.

ഇത്രയും നടന്നതില്‍ എനിക്കത്ഭുതമൊന്നുമില്ല. വര്‍ഗ്ഗീയത കൊടികുത്തിവാഴുന്ന കേരള രാഷ്ട്രീയത്തേക്കുറിച്ചറിയാവുന്ന ഏതൊരാള്‍ക്കും ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നെ അത്ഭുതപ്പെടുത്തിയത്‌ സംഘത്തിന്റെ പ്രതികരണമാണ്. അവര്‍ ഒരക്ഷരം മിണ്ടിയില്ല. നമുക്കിന്നറിയാവുന്ന മറ്റേതെങ്കിലുമൊരു പ്രസ്ഥാനമായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്തുണ്ടാകുമായിരുന്നു എന്ന്‌ ആലോച്ചിച്ചു നോക്കുക. ഇവിടെ എന്തൊക്കെ പുകിലുകള്‍ ഉണ്ടാകുമായിരുന്നു! ദാ കണ്ടോ ഇങ്ങനെയൊക്കെയാണ് ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുന്നത്‌ - ദാ പച്ചയായ തെളിവല്ലേ ഇത്‌ - അതാണ് - ഇതാണ് - എന്നെല്ലാം പറഞ്ഞ്‌ പ്രസ്താവനകളുടെയും പ്രക്ഷോഭങ്ങളുടെയും ഒക്കെ ഒരു പരമ്പര തന്നെ നമുക്കു തുടര്‍ന്നു കാണാമായിരുന്നു. ചില വിപ്പ്ലവ പ്രസ്ഥാനങ്ങളായിരുന്നെങ്കില്‍, ‘ആ പോലീസുദ്യോഗസ്ഥന്റെ കാര്യം കട്ടപ്പുക’ എന്നു തന്നെ പറയേണ്ടിവരുമായിരുന്നേനെ. ഇവിടെ സംഘം ഇതൊന്നും ശ്രദ്ധിച്ച മട്ടു തന്നെ കണ്ടില്ല. അവര്‍ അപ്പോഴും പ്രാര്‍ത്ഥനയും ചൊല്ലി നടന്നു. “നമസ്തേ മഹാമം‌ഗളേ മാതൃഭൂമീ...”

എനിക്ക്‌ സത്യം പറഞ്ഞാല്‍ ആകാംക്ഷ അതിരു കവിഞ്ഞു പോയിരുന്നു. എത്രയൊക്കെ അച്ചടക്കം പരിശീലിപ്പിക്കപ്പെട്ടാലും ശരി. ഇങ്ങനെയൊരു ഘട്ടത്തിലൊക്കെ മിണ്ടാതിരിക്കുവാനുള്ള അത്ഭുതകരമായ ആത്മസംയമനശേഷി എങ്ങിനെയാണിവര്‍ക്കു കിട്ടുന്നത്‌? ഞാനടങ്ങുന്നൊരു പ്രസ്ഥാനമായിരുന്നെങ്കില്‍ ഞാനൊക്കെ എന്തായാലും പ്രതികരിച്ചു പോയേനെ. ഒടുവില്‍ ജിജ്ഞാസ അടക്കാനാകാതെ പരിചയത്തിലുള്ള ഒരു ചേട്ടനെത്തന്നെ സമീപിച്ചു. അദ്ദേഹം സംഘത്തിന്റെ വലിയ ചുമതലയിലുള്ള ആളൊന്നുമല്ല. തെക്കു നടന്നൊരു കാര്യത്തേക്കുറിച്ച്‌ വലിയ പിടിപാടൊന്നുമുണ്ടാവാന്‍ സാദ്ധ്യതയുള്ളയാളുമല്ല. പക്ഷേ ‘മഹാമം‌ഗളേ’ പാടാറുള്ള ഒരു സാധാരണ സംഘപ്രവര്‍ത്തകന്റെ കാഴ്ചപ്പാടും അറിയാമല്ലോ എന്നു കരുതിയാണ് ഈ സംഭവത്തേക്കുറിച്ചും അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തേക്കുറിച്ചും സംഘം മിണ്ടാതിരിക്കുന്നതിനേക്കുറിച്ചുമൊക്കെ ചോദിച്ചത്‌.

അദ്ദേഹം ചര്‍ച്ചയില്‍ നിന്ന്‌ ഒളിച്ചോടുന്നതിനു പകരം, ചുരുങ്ങിയ വാക്കുകളില്‍ ചിലതൊക്കെ പറഞ്ഞു തരികയാണു ചെയ്തത്‌. അധികം വിശദീകരിച്ചില്ലെങ്കിലും, ചോദിച്ചതിലും ഒത്തിരിയധികം ചോദ്യങ്ങള്‍ക്കു കൂടി മറുപടി കിട്ടി. ഒരു സാധാരണ സംഘപ്രവര്‍ത്തകന്റെ വാക്കുകള്‍ക്കു മുന്നില്‍, അറിവിനേക്കുറിച്ച്‌ എനിക്കുണ്ടായിരുന്ന സ്വകാര്യ അഹങ്കാരങ്ങളില്‍ പലതും ഉരുകിയൊലിക്കുന്നത്‌ ഞാന്‍ അനുഭവിച്ചറിഞ്ഞു. ‘വ്യക്തി നിര്‍മ്മാണ’ത്തിന് സംഘം പ്രാധാന്യം കൊടുക്കുന്നതെന്തിന്, അതു കൊണ്ടവര്‍ ഉദ്ദേശിക്കുന്നതെന്ത്‌ എന്നൊക്കെ എനിക്കു കുറച്ചെങ്കിലും ബോധ്യമായി. ‘സത്യമേവ ജയതേ’ എന്നു വച്ചാല്‍ എന്താണെന്നു പെട്ടെന്നു ചോദിച്ചാല്‍ ‘സുരേഷ് ഗോപിയുടെ ഒരു പടം‘ എന്നോ അറ്റതുമല്ലെങ്കില്‍ ‘നമ്മുടെ അശോകസ്തംഭത്തില്‍ കാ‍ണുന്ന എഴുത്ത്‘ എന്നോ മറ്റോ പരമാ‍വധി പറഞ്ഞേക്കുമായിരുന്ന എനിക്കു മുന്നില്‍ അദ്ദേഹം അതിന്റെ അര്‍ത്ഥം വിശദികരിച്ചപ്പോള്‍ ഞാന്‍ നാണം കെട്ടുപോയി എന്നു പറയുന്നതില്‍ എനിക്കൊരു മടിയുമില്ല.
അദ്ദേഹം പറഞ്ഞ ചില വാചകങ്ങള്‍ ഇവിടെ അതേപടി ഉദ്ധരിക്കുന്നതു നന്നാവുമെന്നു തോന്നുനു.
“ഇതിനേക്കാളും എത്രയോ വലിയ ആരോപണങ്ങള്‍ നേരിടേണ്ടി വരികയും അതിജീവിക്കുകയും ചെയ്ത ചരിത്രമാണ് സംഘത്തിന്റേത്‌. സംഘത്തിന് ഇതൊന്നും ഒരു പുതിയ കാര്യവുമല്ല - ഇതൊന്നും മുതലെടുക്കേണ്ട ആവശ്യവുമില്ല.”

ഞാന്‍ വിചാരിച്ചു - ശരിയാണ്. ഇതൊക്കെ എനിക്കാണ് പുതിയ കാര്യങ്ങള്‍.

കഴിഞ്ഞയിടെ ‘ഗുരുജീ സമഗ്ര’ എന്ന പേരിലുള്ള ഗോള്‍വള്‍ക്കര്‍ സാഹിത്യ സംഗ്രഹം തേടിപ്പിടിച്ചു വാങ്ങിയപ്പോള്‍ ആദ്യം വായനക്കു തെരഞ്ഞെടുത്ത പുസ്തകം ‘സംഘര്‍ഷപര്‍വം’ ആയത്‌ യാദൃച്ഛികമാവില്ലെന്ന്‌ ഇപ്പോള്‍ തോന്നുന്നു. സംഘം ആദ്യകാലങ്ങളില്‍ നേരിട്ട പരീക്ഷണങ്ങളും അതിനെയൊക്കെ സംഘം എങ്ങനെ അതിജീവിച്ചു എന്നും വ്യക്തമാവുന്നു ആ പുസ്തകത്തിലൂടെ. അതറിയാന്‍ ആകാംക്ഷയുണ്ടായതില്‍ അത്ഭുതപ്പെടേണ്ടതില്ല.
--------------
പറഞ്ഞു പറഞ്ഞ്‌ കുറേയായിപ്പോയി. വീണ്ടും ഞാന്‍ എന്റെ പഴയ വാചകത്തിലേക്കു തന്നെ അറിയാതെ വന്നു പോകുകയാണ്. “കൂടുതല്‍ പറയാന്‍ നേരവും താല്പര്യവുമില്ല” എന്നത്‌.

നേരമില്ലാത്തത്‌ പലകാരണങ്ങള്‍ കൊണ്ടാണ്. എന്റെ പുറകില്‍ പ്രസ്ഥാനങ്ങളൊന്നുമില്ല, ഫ്ലാഗേ. ഞാനും ഭാര്യയും കുട്ടികളുമടങ്ങുന്ന എന്റെ കുടുംബത്തിന്റെ ഭക്ഷണം, എന്റെ ജോലിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നു മാത്രമാണ്. എനിക്ക്‌ ആ ജോലിക്കായി തീര്‍ച്ചയായും സമയം കണ്ടെത്തേണ്ടതുണ്ട്‌.

സത്യം ഉള്ളിലൊതുക്കി മിണ്ടാതെ ജീവിക്കാമെന്നു വച്ചാലും സമ്മതിക്കാത്ത തരത്തില്‍ നമ്മളെ വെറും മണ്ടന്മാരാ‍ക്കുന്ന പ്രവണതയില്‍ മനം മടുത്തിട്ടാണ് എഴുതാമെന്നു വച്ചത്‌. അത്‌ മറ്റൊരു വലിയൊരു വിഷയമാണ്. പിന്നീടെഴുതാം.

ഒരിക്കല്‍കൂടി പറയട്ടെ, നേരമില്ലാത്ത നേരം ഉണ്ടാക്കി എഴുതിക്കൊണ്ടേയിരിക്കാ‍ന്‍ എന്നെ പ്രാപ്തനാക്കും വിധം എന്നെ സാമ്പത്തികമായും അല്ലാതെയും പിന്തുണയ്ക്കാന്‍ എന്റെ പിന്നില്‍ പ്രസ്ഥാനങ്ങളില്ല. പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്താലും അതിന്റെ പ്രതിഫലമുണ്ടാവുമെന്നത്‌ എനിക്കറിയാഞ്ഞിട്ടല്ല. ജയകൃഷ്ണന്‍ മാഷിനെ ‘കുട്ടികളുടെ മുന്‍പിലിട്ടു വെട്ടിത്തട്ടി‘യശേഷം ജയിലില്‍ കഴിഞ്ഞവര്‍ക്ക്‌ കഷ്ടപ്പെട്ടു മോചനം നേടിക്കൊടുത്തതിനു ശേഷം അവര്‍ക്കു നല്‍കിയ ‘രാജകീയസ്വീകരണവും’ അധികാരത്തിലിരിക്കുന്നവര്‍ വരെ നേരിട്ടെത്തി നല്‍കിയ ആശ്ലേഷവുമൊന്നും കാണാതിരിക്കേണ്ട കാര്യം എനിക്കില്ല. എനിക്കറിയാം. പ്രതിഫലവുമുണ്ടാകും. പക്ഷേ എനിക്കതു വേണ്ട ഫ്ലാഗ്‌. എനിക്കതു വേണ്ട. അത്തരമൊരു പ്രതിഫലം സ്വീകരിക്കുന്ന കാര്യം ഓര്‍ക്കുന്നതു തന്നെ എനിക്ക്‌ തലയ്ക്കു പെരുപ്പും ഓക്കാനവുമുണ്ടാക്കുന്നു. ആരെങ്കിലും പറയുന്നതു കേട്ട്‌ എന്തെങ്കിലും ചെയ്യുന്നതിനു പകരം സ്വന്തം ബുദ്ധിക്കു നിരക്കുന്നതു മാത്രം വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനാണ് എനിക്കിഷ്ടം. പ്രസ്ഥാനങ്ങളുടെ പിന്‍ബലമില്ലാതെ, ഒറ്റയ്ക്കെന്നോണം നില്‍ക്കുമ്പോള്‍ സമയത്തിനു പരിമിതിയുണ്ടാകും. അത്‌ എന്റെ കുറ്റമല്ലെന്നറിഞ്ഞ്‌ ദയവായി ക്ഷമിക്കുക.

“കൂടുതല്‍ പറയാന്‍ നേരവും താല്പര്യവും ഇല്ലാത്തതുകൊണ്ട്‌ “ എന്നാണു ഞാന്‍ പറഞ്ഞിരുന്നത്‌. ‘നേര’ത്തേക്കുറിച്ച്‌ വ്യക്തമാക്കി. ഇനി ‘താല്പര്യ’ത്തേക്കുറിച്ചും പറയാം. ‘കൂടുതല്‍‘ പറയാന്‍ താല്പര്യമില്ല തന്നെ. ദേശീയതയേക്കുറിച്ചാണെങ്കില്‍പ്പോലും.
മുകളില്‍ ‘മൈനാഗന്‍’ എന്ന സുഹൃത്തു പറഞ്ഞതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു. ‘ദേശീയത’ എന്നത്‌ ഒരു ഒറ്റവാക്കല്ല. അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ആശയങ്ങള്‍ ചുരുക്കി അവതരിപ്പിക്കുക എന്നത്‌ ആയാസകരവുമാണ്. എന്തായാലും ഇത്രയെങ്കിലുമൊക്കെ പറയാന്‍ അവസരം ഒരുക്കിയതില്‍ താങ്കള്‍ക്കും കലേച്ചിയ്ക്കും നന്ദി. മൈനാഗന്‍ പറഞ്ഞതു പോലെ ആരെങ്കിലും അനുബന്ധവിഷയങ്ങളില്‍ ചര്‍ച്ച തുടരുകയാണെങ്കില്‍ ഞാന്‍ സമയം കിട്ടുന്ന മുറയ്ക്ക്‌ എന്റെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാം. നമ്മുടെ ദേശീയതയേക്കുറിച്ചുള്ള ചര്‍ച്ചകളാവുമ്പോള്‍ അതില്‍ സംഘത്തേപ്പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ കാര്യം കടന്നു വരുന്നതും ചിലര്‍ക്ക്‌ വാസന അനുഭവപ്പെടുന്നതുമൊക്കെ തികച്ചും സ്വാഭാവികമാണ്. അതു മനസ്സിലാക്കി, അതിനനുസരിച്ചു നില്‍ക്കാനുള്ള സഹിഷ്ണുത ഉള്‍ക്കൊണ്ടു കൊണ്ടാണ് എല്ലാവരും വരുന്നതെങ്കില്‍, ചര്‍ച്ച ആരോപണ പ്രത്യാരോപണങ്ങളില്‍‌പ്പെട്ട്‌ വിരസമായിപ്പോകാതിരുന്നേനെ.

പിന്നെ, ഫ്ലാഗ്‌, രണ്ടേ രണ്ടു കാര്യങ്ങള്‍ കൂടി പറഞ്ഞുനിര്‍ത്താം. ചര്‍ച്ചക്കള്‍ക്കു താല്പര്യമില്ലാത്തവരേക്കുറിച്ചുള്ള താങ്കളുടെ കമന്റ്‌ ഒരിക്കല്‍ക്കൂടി വായിച്ചപ്പോള്‍, ‘ഭാരതീയവിചാരകേന്ദ്രം‘ ഡയറക്ടര്‍ പറഞ്ഞ ഒരു കാര്യം കൂടി ഓര്‍മ്മ വന്നു. “ഇ. എം. എസിന്റെ കാലശേഷം, ആരോഗ്യകരമായ ആശയസംവാദങ്ങള്‍ക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടു“ എന്ന്‌. അദ്ദേഹം എന്തു കൊണ്ടങ്ങനെ പറഞ്ഞു എന്നറിയണമെങ്കില്‍, അദ്ദേഹവും ഇ.എം.എസും തമ്മില്‍ പണ്ടു നടന്നിട്ടുള്ള സംവാദങ്ങളെക്കുറിച്ചും ഒക്കെ അറിയേണ്ടി വരും. നമ്മളൊക്കെ ഒരുപാടു വായിക്കേണ്ടിയിരിക്കുന്നു, ഫ്ലാഗേ. ദേശാഭിമാനിയുടെ പുതിയ പരസ്യ ബാനറില്‍ പറയുന്നതുപോലെ, ‘അറിയുക - അറിവിനെ ആയുധമാക്കുക’. പക്ഷേ ആയുധം തിരിഞ്ഞു കുത്തരുത്‌ എന്നാണെങ്കില്‍, ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ പറയുന്നതു മാത്രം കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യാതെ എല്ലാവരുടെയും നിലപാടുകള്‍ അറിയാന്‍ ചെവികൊടുക്കുന്നതാവും ബുദ്ധി. അതിന് വേണ്ടി വരുന്ന വിശാല മനസ്കതയും സഹിഷ്ണുതയും നാം ആദ്യം ആര്‍ജ്ജിക്കേണ്ടതുണ്ടു താനും.

പിന്നെ, രണ്ടാമത്തേയും അവസാനത്തേയും കാര്യം. അതു താങ്കള്‍ക്കൊരു അറിവുകൂടിയാകുമെന്നു കരുതുന്നു. ‘സംഘം’ എന്നതാണു ശരിയായ പ്രയോഗം. ‘സംഖം’ എന്നല്ല. താങ്കള്‍ ഉപയോഗിക്കുന്ന എഡിറ്ററില്‍, 'samgham' എന്നെഴുതിയാല്‍ ശരിയാകും - samkham'എന്നതിനു പകരം.
gha = ഘ
kha = ഖ
തല്‍കാലം നിര്‍ത്തിക്കൊള്ളട്ടെ. ഒളിച്ചോട്ടമെന്നു വിളിക്കാതിരിക്കുക. ദയവായി.