Wednesday, October 11, 2006

മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും

ഈ അടുത്ത കാലത്ത്‌ "മാര്‍ക്സിസറ്റ്‌ കേരളത്തില്‍" ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌ എം. പി പരമേശ്വരന്റെ നാലാം ലോകം. അതുമായി ബന്ധപ്പെട്ട ധാരാളം പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ അതേകുറിച്ച്‌ എഴുതിയാല്‍ കൊള്ളാമെന്നുതോന്നി. അതിനുമുന്‍പ്‌ മാര്‍ക്സിസം നമ്മുടെ അനുഭവത്തിലെന്തായിരുന്നെന്നും നാലാം ലോകം എന്തിനാണ്‌ ശ്രമിക്കുന്നതെന്നുമൊക്കെ പറയേണ്ടതുണ്ട്‌. കാരണം വിമര്‍ശനങ്ങളധികവും പരമേശ്വരന്‍ മുതലാളിത്തത്തിന്റെ മോഹവലയത്തില്‍ പെട്ട്‌ വിപ്ലവവും വര്‍ഗസമരവും കയ്യൊഴിയുന്നു എന്നും സോഷ്യലിസ്റ്റ്‌ ഭരണകൂടങ്ങള്‍ സ്വര്‍ഗതുല്ല്യമായിരുന്നെന്നും സ്ഥാപിക്കാനാണ്‌ ശ്രമിച്ചിട്ടുള്ളത്‌. എം പി പരമേശ്വരന്‍ മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികരില്‍ അഗ്രഗണനീയനാണ്‌. വൈരുദ്ധ്യാത്മക ഭൌതികവാദം തുടങ്ങി ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും റഷ്യയില്‍ താമസിക്കുകയും മറ്റനവധി സോഷ്യലിസ്റ്റ്‌ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്ത ആളാണ്‌. റഷ്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യും. എം പി പരമേശ്വരന്‍ ചെയ്യുന്നത്‌ ലോകത്തിലെ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ ഇതുവരേയുള്ള ഗതികള്‍ നിരീക്ഷിക്കുകയും അവയുടെ തകര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിക്കുകയും അവയില്‍ നിന്ന്‌ മാര്‍ക്സിസവുമായി ഏറ്റവും അടുത്തതെന്ന്‌ തോന്നുന്നവ സ്വീകരിക്കുകയും അല്ലാത്തവനിരാകരിക്കുകയും അവകളില്‍ തന്നെ ഇന്ത്യന്‍ സാഹചര്യവുമായി പൊരുത്തപ്പെടാത്തവ എത്രയുണ്ടെന്നും അങ്ങനെയെങ്കില്‍ അവയ്ക്ക്‌ ബദല്‍ അന്വേഷിക്കുകയുമാണ്‌. ചുരുക്കത്തില്‍ താന്‍പഠിച്ച ശാസ്ത്രീയമായ പ്രായോഗിക രീതി സോഷ്യലിസം നടപ്പിലാക്കാന്‍ ഉപയോഗിക്കുകയാണ്‌. ഇങ്ങനെ സകല സാമദാനദണ്‍ഡങ്ങളുമപയോളിച്ച്‌ നടപ്പിലാക്കാനുദ്ദേശിക്കുന്ന സോഷ്യലിസം നമ്മുടെ സ്വാതന്ത്ര്യത്തെ എങ്ങനെ പരിമിതപ്പെടുത്തും എന്ന ഭീതിയാണ്‌ ഇങ്ങനെയൊന്ന്‌ "വിചാരിപ്പാന്‍"എനിക്ക്‌ കാരണമായിട്ടുള്ളത്‌. പരമേശ്വരന്‍ തലോടിക്കൊണ്ടുവന്നാലും വേറെ ആരെങ്കിലും തല്ലിക്കൊണ്ടുവന്നാലും ഈ സാധനം എങ്ങനെപെരുമാറും എന്നതാണ്‌ നമ്മുടെ പ്രശ്നം. സോഷ്യലിസത്തിന്റെ തേന്‍ നമുക്ക്‌ വേണം അതിന്റെ കുത്ത്‌ സഹിക്കാനാവില്ല. പാരമ്പര്യരീതിതന്നെയാണ്‌ ശരിയായതെന്നും അതില്‍ നിന്നുള്ള പരമേശ്വരന്റെ പോലുള്ള വ്യതിചലനങ്ങള്‍ (എനിക്കുതോന്നുന്നത്‌ ഏതു വ്യതിചലനങ്ങളും) മുതലാളിത്തത്തിലേയ്ക്കാണെന്നുള്ളതുമാണ്‌ വിമര്‍ശനങ്ങള്‍.

മാര്‍ക്സിയന്‍ പരികല്‍പ്പനകളും നാമും
വര്‍ഗീകരണവും വര്‍ഗസമരവും മാര്‍ക്സിയന്‍ പരികല്‍പനകളാണ്‌. ഈ പരികല്‍പനകളും നിര്‍ണയന രീതികളും നമ്മെ എങ്ങനെ ബാധിക്കുന്നു എന്നതാണ്‌ പ്രധാനം. കാരണം, നാളെ ഒരു നവലോകം സ്വപ്നം കാണിച്ച്‌ ഇവര്‍ നടത്തുന്ന സമരങ്ങളധികവും ഇവര്‍ സംരക്ഷിക്കുന്നു എന്ന്‌ പറയുന്ന സാധാരണക്കാരന്റെ നെഞ്ചത്ത്‌ കയറി തന്നെയാണ്‌. ഈ സമരങ്ങളധികവും നഷ്ടമുണ്ടാക്കിയിട്ടുള്ളത്‌ അവര്‍ക്കാണ്‌. അവരുടെ വഴിയാണ്‌ എന്നും തടയപ്പെടുന്നതും. അപ്പോള്‍ ചുരുങ്ങിയത്‌ ഈ സാധാരണക്കാരനോട്‌ ഈ സമരങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഇവര്‍ക്ക്‌ ബാധ്യതയുണ്ട്‌. ഇത്രയും കാലം നടത്തിയ സമരങ്ങളും അവയുടെ ലാഭനഷ്ടങ്ങളും സര്‍വേനടത്തി, കണക്കെടുത്ത്‌ അവന്റെ മുന്‍പില്‍ സത്യസന്ധതയോടെ വിവരിക്കാന്‍ മാര്‍ക്സിസ്റ്റ്‌കാരന്‌ ബാധ്യതയുണ്ട്‌. ഇല്ലെങ്കില്‍ അത്‌ മറ്റാരെങ്കിലും ചെയ്യും. ഒരു മാര്‍കിസ്റ്റ്‌ സത്യസന്ധതകാണിക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല. എന്തൊക്കെപറഞ്ഞാലും ഒരു പൊതുകാര്യത്തിനാണല്ലോ അയാള്‍ പ്രവര്‍ത്തിക്കുന്നത്‌.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളെ മാര്‍ക്സിസം നിരീക്ഷിച്ച രീതിതന്നെ അവരുടെ നിര്‍ണയന രീതികളുടെ പാളിച്ച തുറന്നു കാണിക്കുന്നുണ്ട്‌. ഇന്ത്യന്‍ ഭൂര്‍ഷ്വാസിയിലേക്ക്‌ ബ്രിട്ടീഷ്‌ ബൂര്‍ഷ്വാസിയില്‍ നിന്ന്‌ അധികാരം കൈമാറ്റപ്പെടുകയാണെന്നു പറഞ്ഞായിരുന്നു ഈ വിയോജിപ്പ്‌. വെറും വിയോജിപ്പല്ല പലസ്ഥലത്തും അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്തു. അതായത്‌ ബ്രിട്ടീഷുകാരെ സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. ഉദാഹരണങ്ങള്‍ക്ക്‌ അന്തരിച്ച മൊയ്തുമൌലവിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുക. സത്യത്തില്‍ ബ്രിട്ടീഷുകാരുമായി റഷ്യ സഹകരിക്കുന്നു എന്നതിനാല്‍ ഇതൊരു വര്‍ഗ സഹകരണ ലൈനായിരുന്നു. എന്നാല്‍ ഇതിനു പറഞ്ഞ കാരണങ്ങള്‍ ഹിറ്റ്‌ലറെ പരാജയപ്പെടുത്തുക എന്നതിന്‌ അന്ന്‌ ബ്രിട്ടന്‌ ശക്തി പകരേണ്ടതാവശ്യമായിരുന്നു. അതിനാല്‍ ബ്രിട്ടന്‌ ക്ഷീണം പകരുന്നത്‌ പ്രവര്‍ത്തിച്ചുകൂട എന്നതായിരുന്നു. പില്‍കാലത്ത്‌ സ്വാതന്ത്ര്യദിനങ്ങളാഘോഷിക്കുകയും ആസ്വാതന്ത്ര്യത്തിന്റെ രുചി ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ ഈ വാദങ്ങളെവിടെ പോയി? ആദ്യകാലത്ത്‌ മാര്‍കിസ്റ്റ്‌കാര്‍ക്ക്‌ ആഗസ്ത്‌ പതിനെഞ്ചെന്നാല്‍ ആപത്ത്‌ പതിനഞ്ചായിരുന്നു.

പുത്തന്‍ പരിഷ്കാരങ്ങളേയും യന്ത്രവല്‍കരണങ്ങളേയും എതിര്‍ക്കുക എന്നതാണ്‌ വേറൊരുതകരാറ്‌. മുതലാളിത്തത്തിന്‌ മൂലധനം വര്‍ദ്ധിപ്പിക്കുന്നതിന്‌ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളെ ഒരു തൊഴിലാളിവര്‍ഗപ്പാര്‍ട്ടിക്ക്‌ എടുത്തുചാടി പിന്തുണയ്ക്കാന്‍ പറ്റില്ല എന്നതാണ്‌ ന്യായീകരണം. യന്ത്രങ്ങള്‍ മുതലാളികളെപ്പോലെ തൊഴിലാളികളേയും സഹായിക്കുന്നില്ലേ? അത്‌ ഒരു തൊഴിലാളിയുടെ കാര്യക്ഷമതവര്‍ദ്ധിപ്പിക്കുകയും അവന്റെ അദ്ധ്വാനത്തെ ലഘൂകരിക്കുകയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നില്ലേ? ഈ വര്‍ദ്ധിത ഉത്പാദനം അവന്റെ കൂലിയേയും വര്‍ദ്ധിപ്പിക്കുന്നില്ലേ? യന്ത്രവത്‌കരണത്തിലൂടെ കരുത്തുനേടിയതൊഴിലാളിയാണോ പുരാതന രീതികളുപയോഗിക്കുന്ന തൊഴിലാളിയാണോ മുതലാളിത്തത്തിനോടെതിരിടാന്‍ കൂടുതല്‍ ശക്തന്‍? യഥാസമയം യന്ത്രവത്‌കരണം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ നമ്മുടെ പരമ്പരാഗത വ്യവസായങ്ങളും കൃഷികളുമൊക്കെ കാലത്തിനനുസരിച്ച "അഡാപ്റ്റേഷന്‍" ആര്‍ജ്ജിച്ച്‌ അതിജീവിക്കുമായിരുന്നില്ലേ? യന്ത്രങ്ങളുടെ അതേപട്ടികയിലാണ്‌ കമ്പ്യൂട്ടറുകളേയും പെടുത്തിയത്‌. സത്യത്തില്‍ യന്ത്രങ്ങളേയും കമ്പ്യൂട്ടറുകളേയും ഒരേപട്ടികയില്‍ പെടുത്തുന്ന ഈ വര്‍ഗ്ഗീകരണം ശരിയാണോ? കമ്പ്യൂട്ടറുകളെ അന്നുവരേയുണ്ടായിരുന്ന യന്ത്രങ്ങളേപോലെ തന്നെ പരിഗണിക്കാമോ? യന്ത്രങ്ങളെ എതിര്‍ത്തിരുന്ന കാലത്ത്‌ പറഞ്ഞത്‌ അത്‌ തൊഴിലാളിയെ അവന്റെ തൊഴിലില്‍ നിന്ന്‌ അടര്‍ത്തിമാറ്റും എന്നായിരുന്നു. ലോകത്തില്‍ കഴിഞ്ഞ നൂറുകൊല്ലം കൊണ്ട്‌ ജനസംഖ്യ പതിന്‍മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്‌. യന്ത്രങ്ങളാവട്ടെ നൂറുമടങ്ങായി വര്‍ദ്ധിക്കുകയും കാര്യക്ഷമമാവുകയും ചെയ്തിട്ടുണ്ട്‌. ഈ വീക്ഷണം ശരിയാണെങ്കില്‍ ഇന്ന്‌ തൊഴിലേ ഉണ്ടാകുമായിരുന്നില്ല. ഇന്നാവട്ടെ, യന്ത്രങ്ങളില്ലാത്ത തൊഴില്‍ മേഖലയില്ല. എന്നാല്‍ യന്ത്രവത്‌കരണം തൊഴില്‍ വര്‍ദ്ധിപ്പിച്ചിട്ടേയുള്ളൂ എന്ന്‌ കാണാന്‍ കഴിയും. യന്ത്രങ്ങളെപ്പറ്റി മാര്‍ക്സ്‌ പറഞ്ഞത്‌ മൂലധനത്തില്‍ ഇങ്ങനെ വായിക്കാം. "പത്തൊമ്പതാം ശതകത്തിന്റെ ആദ്യത്തെ പതിനഞ്ചുകൊല്ലത്തില്‍ ഇംഗ്ലണ്ടിലെ വ്യവസായ ഡിസ്ട്രിക്ടുകളില്‍ വ്യാപകമായ ലഹളകള്‍ -യന്ത്രങ്ങള്‍ക്കെതിരായി- നടന്നിട്ടുണ്ട്‌. തൊഴിലാളികള്‍ യന്ത്രങ്ങള്‍ തച്ചുടച്ചു കളഞ്ഞിരുന്നു. യന്ത്രങ്ങളിലല്ല അതിനെ ഉപയോഗപ്പെടുത്തുന്ന സമ്പ്രദായത്തിലാണ്‌ തകരാറ്‌ എന്ന്‌ മനസ്സിലാക്കുവാന്‍ തൊഴിലാളികള്‍ക്ക്‌ കുറച്ചുകാലം വേണ്ടിവന്നു." പികേശവമേനോന്‍ വിവര്‍ത്തനം ചെയ്ത മൂലധനം സംഗ്രഹപതിപ്പ്‌.139ആം പേജ്‌. തൊഴിലാളികള്‍ക്ക്‌ മനസ്സിലായിട്ടില്ല എന്നാണ്‌ അനുഭവം സൂചിപ്പിക്കുന്നത്‌. അതിനാലാവണം "ഇതാണ്‌ മാര്‍ക്സിസമെങ്കില്‍ ഞാനൊരു മാര്‍കിസ്റ്റല്ല" എന്ന പ്രസിദ്ധമായ വാചകം അദ്ദേഹം പറഞ്ഞതും.

സ്വത്വരാഷ്ട്രീയത്തിന്റെ പേരുപറഞ്ഞുകൊണ്ടാണ്‌ രാജ്യത്തുയര്‍ന്നുവരുന്ന ആദിവാസി, ദളിത്‌, പരിസ്ഥിതി, സ്ത്രീ മുന്നേറ്റങ്ങളില്‍ നിന്ന്‌ പാര്‍ടി വിട്ടുനില്‍ക്കുന്നതും വിമര്‍ശിക്കുന്നതും നുഴഞ്ഞുകയറി കൈവശപ്പെടുത്തി നശിപ്പിക്കാന്‍ ശ്രമിക്കുകയോ തങ്ങളുടെ പോഷകസംഘടനയാക്കി ഒതുക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നതും. (പ്രവസികളില്‍ നിന്നുയര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളെ ഇങ്ങനെ ഹൈജാക്‌ ചെയ്തുകഴിഞ്ഞു. ഇനി പാര്‍ട്ടിക്കുവേണ്ടി ആളെക്കൂട്ടുന്ന ഏജന്‍സികളായോ പര്‍ട്ടിയുടെ താളത്തിനു തുള്ളുന്ന കുഞ്ഞിരാമന്മാരായോ അവ മാറും) ഇങ്ങനെ ഓരോ വിഭാഗങ്ങളിലായി പ്രത്യേക ആവശ്യങ്ങള്‍ക്കായി ആളുകള്‍ സംഘടിക്കപ്പെടുമ്പോള്‍ വര്‍ഗസമരം അട്ടിമറിക്കപ്പെടും എന്ന ഭീതിയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌. അതായത്‌ എല്ലാ ഓരോ ജനകീയ മുന്നേറ്റങ്ങളും ചുളുവില്‍ എങ്ങനെ വര്‍ഗസമരത്തിലേക്ക്‌ അടുപ്പിക്കാനാവും എന്നാണ്‌ അവര്‍ നോക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍ ഇത്തരം "സംഘടിപ്പിക്കലുകള്‍" ഉണ്ടാവുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളുടെ വീഴ്ച്ചകളില്‍ നിന്നാണെന്ന്‌ അവര്‍ കാണുന്നില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പ്രകടിപ്പിക്കുന്നതിന്‌ പാര്‍ട്ടി മതിയാവുന്നില്ല എന്ന തോന്നലില്‍ നിന്നാണ്‌ ബദല്‍ പ്രസ്ഥാനങ്ങള്‍ രൂപമെടുക്കുന്നത്‌. ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗം ദളിതരാണെന്നും അതിനാല്‍ സത്യത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നില്‍ക്കേണ്ടത്‌ അവന്റെ കൂടെയാണെന്നും സംഘടിപ്പിക്കേണ്ടത്‌ അവന്റെ സമരമാണെന്നും വി.ടി രാജ്ശേഖര്‍ വിമര്‍ശിക്കുന്നത്‌ ഇതിനാലാണ്‌. കേരളത്തിലെ സാമൂഹ്യഭൂമികയില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ മാറ്റം വരുത്തിയതായി ഊറ്റം കൊള്ളാറുണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍, കമ്മ്യൂണിസ്റ്റുകാരന്‌ തന്റെ പരിപാടികള്‍ നടപ്പിലാക്കാനാവശ്യമായ "വസ്തുനിഷ്ട ആത്മനിഷ്ട" സാഹചര്യങ്ങള്‍ മുന്‍കാല നവോത്ഥാന നായകന്‍മാര്‍ നിര്‍വഹിച്ചിരുന്നു എന്ന സത്യം മനപ്പൂര്‍വം മൂടിവെച്ചുകൊണ്ടാണ്‌ ഈ വീമ്പുപറച്ചില്‍. ഇന്നും ഒരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വളരാനാവശ്യമായ ഫലഭൂയിഷ്ടമായ മണ്ണ്‌ നിലവിലുള്ള ബീഹാറിലെന്തേ ഇത്‌ സാധ്യമായില്ല? ഉത്തര്‍പ്രദേശില്‍, മഹാരാഷ്ട്രയില്‍ അങ്ങനെ തൊണ്ണൂറുശതമാനം വരുന്ന മറ്റ്‌ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ എന്തേ സാധ്യമായില്ല?

അരാഷ്ട്രീയവാദം എന്ന പ്രയോഗമാണ്‌ ഇന്ന്‌ മാര്‍കിസ്റ്റിതരര്‍ക്കെതിരായി പ്രയോഗിക്കുന്ന നവീന ആയുധം. അരാഷ്ട്രീയം എന്നു പറയണമെങ്കില്‍ ഇവര്‍ രാഷ്ട്രീയത്തെ നിര്‍വചിക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ കക്ഷിരാഷ്ട്രീയം ഇല്ലാത്ത എല്ലാവരേയും ഇങ്ങനെ മുദ്രകുത്തേണ്ടിവരും. രാഷ്ട്രീയമെന്നാല്‍ എന്റെ നിര്‍വചനത്തില്‍ `ചുറ്റുപാടിനെ മനസ്സിലാക്കാനും പ്രതികരിക്കാനും ഉള്ള കഴിവ്‌` എന്നാണ്‌. ഈ നിര്‍വചനമനുസരിച്ച്‌ എന്തുവന്നാലും എനിക്കൊന്നുമില്ല എന്നുപറയുന്നവരാണ്‌ അരാഷ്ട്രീയക്കാര്‍. അല്ലാതെ കൊള്ളാവുന്നതിനെ കൊള്ളുകയും തള്ളാവുന്നതിനെ തള്ളുകയും ചെയ്യുന്നവരല്ല. ഒരു ജനത അരാഷ്ട്രീയവത്‌കരിക്കുന്നതില്‍ കക്ഷി രാഷ്ട്രീയക്കാരനുള്ള പങ്ക്‌ വളരെ സമര്‍ഥമായി മൂടിവെയ്ക്കാനാണ്‌ ഈ വാദഗതികള്‍ ഉന്നയിക്കുന്നത്‌. നല്ല രാഷ്ട്രീയബോധമുള്ള ഒരു ജനതയാണ്‌ ഇന്ത്യയിലേത്‌. കക്ഷിരാഷ്ട്രീയക്കാരുടെ പെരുമാറ്റത്തില്‍ മനം മടുത്ത്‌ സാധാരണക്കാരന്‍ രാഷ്ട്രീയക്കാരന്റെ വെറും ഉപകരണങ്ങളാവുന്നു എന്ന്‌ തിരിച്ചറിയുന്നതില്‍ നിന്നുമാണ്‌ സാധാരണക്കാരന്റെ ഈ ഉള്‍വലിച്ചില്‍. അതിന്‌ നമ്മുടെ രാഷ്ട്രീയവും ബ്യൂറോക്രസിയും ശുദ്ധീകരിച്ചാല്‍ മാത്രം മതി. ഇങ്ങനെ രാഷ്ട്രീയക്കാരന്‍ ഉഴുതുമറിച്ച്‌ പാകപ്പെടുത്തുന്ന അരാഷ്ട്രീയ ഭൂമികയിലാണ്‌ മുതലാളിത്തം അതിന്റെ ഉപഭോഗ സംസ്കാരമടക്കമുള്ള വിളകളിറക്കുന്നത്‌. അവര്‍ അവരുടെ സംഭാവനകള്‍ അതില്‍ അര്‍പ്പിച്ചിട്ടുണ്ടാവണം. അത്‌ സ്വാഭാവികം മാത്രവുമാണ്‌.

മേല്‍പറഞ്ഞവയില്‍ നിന്നും മാര്‍കിസ്റ്റ്‌ വിശകലനരീതിയുടെ കുഴപ്പങ്ങളാണ്‌ അവരുടെ തീരുമാനങ്ങളിലുള്ള കുഴപ്പങ്ങള്‍ക്കും പില്‍കാലത്ത്‌ മാപ്പുപറയേണ്ടതിലേക്ക്‌ അവരെ നയിക്കുന്നതും എന്നു കാണാം. ഒരു വിശകലന രീതി തെറ്റുന്നതിന്‌ പല കാരണങ്ങളുമുണ്ട്‌. അവയില്‍ നല്‍കപ്പെടുന്ന ഡാറ്റകളുടെ കുഴപ്പമാവാം. വഴികളുടെ കുഴപ്പമാവാം ഈ നിര്‍ണയന രീതിയുടെ തന്നെ കുഴപ്പമാവാം. കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത കാരണങ്ങളുടെ ഇടപെടലുകളാവാം. മാറിയ സാഹചര്യത്തിനനുസരിച്ച്‌ വരുത്തേണ്ട വ്യതിയാനങ്ങള്‍ മേല്‍പറഞ്ഞതിലെല്ലാം വരുത്തേണ്ടതില്‍ വന്ന വീഴ്ച്ചകളാവാം. തെറ്റായ ഡാറ്റകളുപയോഗിച്ച്‌ ശരിയായ നിഗമനങ്ങളിലെത്താനാവില്ല. അങ്ങനെയുള്ള വിശകലനരീതിയില്‍ നിന്നുയിര്‍കൊണ്ട പരിപാടികളും സമരരീതികളുമാണ്‌ അവര്‍ മുന്നോട്ടുവെയ്ക്കുന്നത്‌. ഭൂരിപക്ഷത്തിന്റെ പേരു പറഞ്ഞ്‌ ഇത്തരം അയുക്തിക സമരങ്ങള്‍ക്കാണ്‌ സാധാരണക്കാരന്‍ ഇരയാവുന്നതും.

സാധാരണക്കാരന്‍ അഥവാ കോരന്‍ എന്നും കഞ്ഞി കുമ്പിളില്‍ തന്നെ കുടിക്കണം എന്നതാണ്‌ ഇവരുടെ വാദമെന്നുതോന്നും. ഒന്നുകില്‍ കഞ്ഞിയിലൊരുമാറ്റം അല്ലെങ്കില്‍ പാത്രത്തിലൊരുമാറ്റം അതുമല്ലെങ്കില്‍ കോരന്‌ ഒരു മാറ്റം ഇവര്‍ സമ്മതിക്കുകയില്ല. "ദാരിദ്ര്യത്തിന്റെ സോഷ്യലിസമാണത്‌."

വിപ്ലവത്തിലൂടെ നേടിയെടുത്ത സോഷ്യലിസം അതല്ലാതാവുകയോ അന്ന്‌ കണ്ടിരുന്ന സ്വപ്നങ്ങളെ അത്‌ സഫലീകരിക്കാതാവുകയോ ചെയ്തു. അത്‌ അനുഭവം. സങ്കടം അതല്ല. ഈ രാജ്യങ്ങളത്രയും മുതലാളിത്ത പാത പിന്‍തുടര്‍ന്നു അഥവാ "കുരങ്ങിലേക്ക്‌ തിരിച്ചുപോയി" എന്നതാണ്‌. ഇങ്ങനെയൊരു മാറ്റമായിരുന്നു ഇതിന്റെ അനന്തരഫലമെങ്കില്‍ ഇതിനുവേണ്ടി മരിച്ചു വീണ, മാര്‍ക്സിസ്റ്റ്‌ വിമതര്‍ എന്ന്‌ മുദ്രചാര്‍ത്തി കൊന്നൊടുക്കിയ, ത്യാഗമനുഷ്ടിച്ച ആയിരങ്ങളോട്‌ ഇന്നെന്തു സമാധാനം പറയും?

ഫലിതം.
റഷ്യയില്‍ നിന്ന്‌ അമേരിക്കയിലേക്ക്‌ എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തുന്ന ഒരു റഷ്യന്‍ പട്ടിയും അമേരിക്കന്‍ പട്ടിയും തമ്മിലള്ള സംഭാഷണം.
"എന്തിനാണ്‌ വര്‍ഷംതോറും അമേരിക്കയിലേക്ക്‌ സന്ദര്‍ശനം നടത്തുന്നത്‌? റഷ്യയില്‍ ഭക്ഷണമില്ലേ?"
"ധാരാളം"
"പാര്‍പിടം?"
"തീര്‍ച്ചയായും"
"വിദ്യാഭ്യാസം?"
"ആവശ്യത്തിനനുസരിച്ച്‌"
"പിന്നെ?"
"ഒന്ന്‌ കൊരയ്ക്കണ്ടേ?"
ഇത്‌ നേരത്തെ ചേര്‍ത്തിരുന്നു
അടുത്തതില്‍ "നാലാം ലോകം ആര്‍ക്കാണ്‌ പേടി" പരമേശ്വരന്റെ നാലാം ലോകവും അതിനു ലഭിച്ച വിമര്‍ശനങ്ങളും

27 comments:

Anonymous said...

ഈ പോസ്റ്റിന് “മാർക്സിസറ്റ് പരികൽപ്പന്കളും നാമും” എന്ന തലവാചകമാണ് ഞാന് വിചാരിച്ചിരുന്നത്. എന്തു കൊണ്ടാണെന്നരിയില്ല ആ തലവചകത്തില് ഇതു പോസ്റ്റുചെയ്യാൻ കഴിയുന്നില്ല. "ഇന്ത്യയുടെ മോചനം" എന്ന എന്റെ ലേഖനം എനിക്ക്‌ എടുത്തു കളയേണ്ടി വന്നു. ആ ലേഖനത്തിനു വന്ന "സംശയ കമന്റുകള്‍ക്ക്‌" ഉല്‍പതിഷ്ണുക്കളായ ധാരാളം പേര്‍ മറുപടി പറഞ്ഞിട്ടുണ്ട്‌. പലരുടേയും സംശയങ്ങള്‍ക്ക്‌ "കിരണ്‍തോമസ്‌, വിമതന്‍, മൈനാഗന്‍ തുടങ്ങിയവര്‍ മറുപടിപറഞ്ഞിട്ടുണ്ട്‌.

അസ്ഗര്‍ അലി എഞ്ചിനീയറുടെ പുസ്തകം മുഖ്യധാരാ മുസ്ലിംഗളുടെ വിമര്‍ശനം ആവശ്യത്തിനു കേള്‍ക്കുന്നുണ്ട്‌. അസ്ഗര്‍ അലിയെ ബഹുഭൂരിഭാഗവും അങ്ങീകരിക്കുന്നില്ല എന്ന് ഇത്തരുണത്തില്‍ കിരണ്‍ തോമസിനെ ഓര്‍മ്മിപ്പിക്കട്ടെ.

"നന്നയി പഠിക്കുക" എന്നതരത്തിലുള്ള അമൂര്‍ത്തമായ വെല്ലുവിളിയാണ്‌ ശരീഫിന്റേത്‌. അത്തരം വെല്ലുവിളികള്‍ പണ്ടും ഉണ്ടായിരുന്നു. ഒരു പൊതുവേദി ഉണ്ടാക്കിയാല്‍ വ്യക്തമായ മറുപടി തരാന്‍ ഞാന്‍ ഒരുക്കമാണ്‌. എന്റെ ബ്ലോഗില്‍ തന്നെ അതു ചെയ്യാത്തത്‌ പേടിച്ചിട്ടാണ്‌.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കല്ലേച്ചിയുടെ നിരീക്ഷണങ്ങള്‍ പരമാവധി സത്യസന്ധത പുലര്‍ത്തുന്നുണ്ട്‌. വെറുമൊരു നെഗറ്റീവ്‌ ചിന്തയാണ്‌ 'മാര്‍ക്സിസം' എന്ന്‌ വാദിച്ച്‌ സമര്‍ത്ഥിക്കാന്‍ പരിശ്രമിക്കാത്തതതിനാല്‍ത്തന്നെ വിശാലമായ മനസ്സോടെ ഇതിനെ 'പോസിറ്റീവ്‌' ആയി കാണേണ്ടതുണ്ട്‌.

മാര്‍ക്സിസം ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന്‌ ബുദ്ധിജീവികളെയും പൊതുപ്രവര്‍ത്തകരെയും അതിലും എത്രയോ മടങ്ങ്‌ സാധാരണക്കരെയും ആകര്‍ഷിച്ചിട്ടുണ്ട്‌. സമര്‍പ്പിത ചേതസ്സുകളായ, ത്യാഗികളായ കോടിക്കണക്കായ മനുഷ്യരാണ്‍ അ മുന്നേറ്റം സൃഷ്ടിച്ചത്‌.

ഇന്നത്തെ 'മഹാനേതാക്കളും' 'കുട്ടിനേതാക്കളും' തൊട്ടറിയാത്ത യഥാര്‍ത്ഥ ഹൃദയസ്പന്ദം പഴയകാലത്തെ നേതാക്കള്‍ അറിഞ്ഞിരുന്നു എന്നതും കാലങ്ങളുടെ വ്യതിയാനമായേക്കാം.

ഹിറ്റ്‌ലറെ തോല്‍പ്പിക്കന്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായി നിലപാടെറ്റുത്തത്‌ ചരിത്രപരമയ ശരിയായിരുന്നു എന്നാണ്‌ ഞാന്‍ വിലയിരുത്തുന്നത്‌. ഹിറ്റ്‌ലര്‍ ലോകം കീഴടക്കിയിരുന്നെങ്കില്‍ ഇന്ത്യയ്ക്കെന്നല്ല ഒരൊറ്റ കോളനി രജ്യങ്ങള്‍ക്കും 'സ്വാതന്ത്ര്യം' രുചിക്കാന്‍ കഴിയുമായിരുന്നില്ല എന്നതാണ്‌ സത്യം.

ഇസം മനുഷ്യനുവെണ്ടിയാവണം, മനുഷ്യന്‍ യാതൊരു ഇസങ്ങള്‍ക്കുവേണ്ടിയും ആകരുത്‌. ഇക്കാര്യം എത്രപേര്‍ തിരിച്ചറിയും?

രാജ് said...

എന്നാല്‍, കമ്മ്യൂണിസ്റ്റുകാരന്‌ തന്റെ പരിപാടികള്‍ നടപ്പിലാക്കാനാവശ്യമായ "വസ്തുനിഷ്ട ആത്മനിഷ്ട" സാഹചര്യങ്ങള്‍ മുന്‍കാല നവോത്ഥാന നായകന്‍മാര്‍ നിര്‍വഹിച്ചിരുന്നു എന്ന സത്യം മനപ്പൂര്‍വം മൂടിവെച്ചുകൊണ്ടാണ്‌ ഈ വീമ്പുപറച്ചില്‍. ഇന്നും ഒരു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ വളരാനാവശ്യമായ ഫലഭൂയിഷ്ടമായ മണ്ണ്‌ നിലവിലുള്ള ബീഹാറിലെന്തേ ഇത്‌ സാധ്യമായില്ല? ഉത്തര്‍പ്രദേശില്‍, മഹാരാഷ്ട്രയില്‍ അങ്ങനെ തൊണ്ണൂറുശതമാനം വരുന്ന മറ്റ്‌ ഇന്ത്യന്‍ സ്റ്റേറ്റുകളില്‍ എന്തേ സാധ്യമായില്ല?

ഇക്കാര്യം പറയുന്നവരൊക്കെ കേരളത്തിന്റെ മാര്‍ക്സിസ്റ്റുകളുടെ ദൃഷ്ടിയില്‍ ആര്‍.എസ്.എസ്സാ ;) കല്ലേച്ചിയും സൂക്ഷിച്ചോള്ളൂ.

ഡാലി said...

പറയുന്നതൊരു കക്ഷി രാഷ്ടിയകാരനോ, അരാജകവാദിയോ എന്ന മുന്‍‌വിധികളിലാതെ വായിക്കപ്പെടേണ്ട ലേഖനം.

“അരാഷ്ട്രീയവാദം എന്ന പ്രയോഗമാണ്‌ ഇന്ന്‌ മാര്‍കിസ്റ്റിതരര്‍ക്കെതിരായി പ്രയോഗിക്കുന്ന നവീന ആയുധം.“

സംവാദങ്ങളില്‍ കക്ഷി രാഷ്ടിയമില്ലാത്ത, മാര്‍കിസ്റ്റുകാരെ വിമര്‍ശിക്കുന്ന ഏതൊരാളും (തല ഇടത്തോട്ട് ഇത്തിരി ചെരിഞ്ഞിരിക്കുന്നവന്‍ പോലും)ഈയടുത്ത് കേള്‍ക്കുന്ന ഒരേ വാക്ക് - അരാജകവാദി.

Sudhir KK said...

കല്ലേച്ചിയുടെ ഈ ലേഖനം പതിവു വിട്ട് പോയിന്റ് ലെസ്സ് ആയിപ്പോയെന്നാണ് എന്റെ വിനീതമായ പരാതി. കമ്മ്യൂണിസ്റ്റുകാര്‍ എന്നു പറഞ്ഞാല്‍ കല്ലേച്ചി മനസിലുദ്ദേശിക്കുന്ന ഏതോ ചില സീപ്പീയെം നേതാക്കള്‍ ആണെന്നു തോന്നുന്നു. ഒന്നു രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനേ എനിക്കുദ്ദേശമുള്ളു.

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ബ്രിട്ടനനുകൂലമായും അതിനു മുന്‍പ് എതിരായും അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ എടുത്ത നയത്തെ വിമര്‍ശിക്കുന്ന കല്ലേച്ചി, ചരിത്രം മറക്കുന്നോ? ഹിറ്റ്‌ലറിനെതിരായുള്ള ആഗോളമുന്നേറ്റത്തില്‍ കമ്മ്യൂണിസ്റ്റുകാരും ഭാഗഭാക്കായത് ശരിയായ ഒരു നയമായിരുന്നു എന്നു ഞാന്‍ കരുതുന്നു. ഹിറ്റ്‌ലര്‍ മിടുക്കനായിരുന്നു എന്ന് പ്രശംസിക്കുന്നവരെ കണ്ടിട്ടുണ്ട്. ഹിറ്റ്‌ലര്‍ ഒരു വിപത്തായിരുന്നു എന്നു മലയാളിക്ക് തോന്നാത്തത് ഒരു പക്ഷേ നമ്മള്‍ ആ വിപത്ത് അനുഭവിക്കാത്തതിനാലാകണം. “പില്‍കാലത്ത്‌ സ്വാതന്ത്ര്യദിനങ്ങളാഘോഷിക്കുകയും ആസ്വാതന്ത്ര്യത്തിന്റെ രുചി ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ ഈ വാദങ്ങളെവിടെ പോയി?“ ഈ വാദം ബാലിശമായിപ്പോയി.

ബീഹാറിലും യൂപ്പിയിലും എന്താണ് കമ്മ്യൂണിസ്റ്റ് ചിന്ത വളരാത്തത് എന്ന ചോദ്യം മാത്രം കല്ലേച്ചി ഉന്നയിക്കുന്നു. ഉത്തരമില്ലാതെ. ജാതിമതവിഭജനങ്ങളിലടിസ്ഥിതമായ ഫ്യൂഡല്‍ വ്യവസ്ഥ? സാമൂഹ്യമുന്നേറ്റങ്ങളുടെ അഭാവം? ഒരു മായാവതി ശൈലിയാണോ കല്ലേച്ചി കമ്മ്യൂണിസ്റ്റുകളോട് പ്രിസ്‌ക്രൈബ് ചെയ്യുന്നത്?

യന്ത്രവല്‍ക്കരണം തൊഴിലാളികളുടെ ജോലിഭാരം ലഘൂകരിച്ചെന്നു കല്ലേച്ചി പറയുന്നു. അക്കാര്യം മനസിലാക്കാന്‍ ഞാന്‍ വളരെ പാടുപെടുന്നു. യന്ത്രവല്‍ക്കരണം മൂലം ഏതു കമ്പനിയാണു മാഷേ “തൊഴിലാളികളേ, യന്ത്രങ്ങള്‍ വന്നില്ലേ! ഇനി മുതല്‍ നിങ്ങള്‍ 8 മണിക്കൂര്‍ ജോലി ചെയ്യണ്ട, 6 മണിക്കൂര്‍ മതി” എന്നു പറയുന്നത്? സമ്പത്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് യന്ത്രവല്‍ക്കരണമാണോ കാരണം?. അതിന്റെ വളര്‍ച്ചയ്ക്ക് ബൂര്‍ഷ്വാസി യന്ത്രവല്‍ക്കരണത്തെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഉല്‍പ്പാദനവും യന്ത്രവല്‍ക്കരണവും തമ്മിലുള്ള ബന്ധം നേരേ മറിച്ചണെന്നര്‍ഥം. യന്ത്രവല്‍ക്കരണത്തിലൂടെ കമോഡിറ്റികളില്‍ അന്തര്‍ലീനമായ അദ്ധ്വാനത്തിന്റെ മൂല്യത്തെ കുറച്ചു കൊണ്ട് കൈമാറ്റമൂല്യം കുറയ്ക്കാനും അങ്ങനെ വിപണിയിലെ മത്സരത്തില്‍ മുന്നേറാനുമാണ് യന്ത്രവല്‍ക്കരണത്തെ ബൂര്‍ഷ്വാസി ആശ്രയിക്കുന്നത്. ഉല്‍പ്പാദനത്തിന്റെ വര്‍ദ്ധനം കൂലി വര്‍ദ്ധിപ്പിക്കുമോ? ആത്യന്തികമായി? ഒരു കമ്പനി മാത്രമായി പരിഗണിക്കുമ്പോള്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നത് കൂലി വര്‍ദ്ധിപ്പിച്ചേക്കാം അതിലെ നിലവിലുള്ള (പിരിച്ചു വിടലിനു ശേഷമുള്ള) തൊഴിലാളികള്‍ക്ക്. വര്‍ദ്ധിതമായ ഉല്‍പ്പാദനത്തിന്റെ കണ്‍സ്യൂമര്‍ എന്ന നിലയ്ക്കാണ് വര്‍ദ്ധിച്ച കൂലിയും കണക്കാക്കപ്പെടുന്നത് എന്നു തോന്നുന്നു. കാപ്പിറ്റല്‍ അപ്രോപ്രിയേഷന്‍ എന്നത് ഉല്‍പ്പാദനത്തിന്റെ തോതു വര്‍ദ്ധിക്കുന്തോറും വര്‍ദ്ധിക്കും. പക്ഷേ അതിനര്‍ഥം തൊഴിലാളിയുടെ ദാരിദ്ര്യം വര്‍ദ്ധിച്ചു എന്നല്ല. ചൂഷണത്തിന്റെ തോതിനെയാണ് ഇവിടെ മാര്‍ക്സിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കല്ലേച്ചിയ്ക്ക് 70-80 കളിലെയൊക്കെ സ്ഥിതി ഒരു പക്ഷേ എന്നേക്കാള്‍ നന്നായി അറിയുന്നുണ്ടാവും. എന്നാലും പറയട്ടെ. നൂറുകണക്കിന് സ്ത്രീ പാരിസ്ഥിതിക പ്രസ്ഥാനങ്ങളെ സി‌ഐ‌എ അടക്കം സഹായിച്ചിട്ടുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ആ നിലയില്‍ അതില്‍ പലതിനെയും കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ത്തിട്ടുണ്ട്. എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളെയും തൊഴില്‍ ഉല്‍പ്പാദന ബന്ധങ്ങളുമായി സമരസപ്പെടുത്തിക്കൊണ്ടു പോകണമെന്നാണ് മാര്‍ക്സിയന്‍ കാഴ്ചപ്പാട് എന്നു തോന്നുന്നു. അതില്‍ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ ആ കാഴ്ചപ്പാടിന്റെ വികലമായ ഇമ്പ്ലിമെന്റേഷനാണ് പോഷകസംഘടനാ രീതി. നടപ്പിലാക്കിയ രീതിയെ ആണു മാഷ് വിമര്‍ശിച്ചതെങ്കില്‍ വിയോജിപ്പില്ല. 90-കളില്‍ സോഷ്യലിസ്റ്റു ചേരിയുടെ പതനത്തിനു ശേഷം, ചില കമ്മ്യൂണിസ്റ്റു കക്ഷികള്‍ സമീപനങ്ങളില്‍ മാറ്റം വരുത്തുകയും പാരിസ്ഥിതിക-സ്ത്ര്രീ വിമോചന പ്രസ്ഥാനങ്ങളെ കുറെക്കൂടി തുറന്ന സമീപനത്തിലൂടെ കാണുകയും ചെയ്തിട്ടുണ്ട്.

സാമൂഹ്യ-സാമ്പത്തികാ യാഥാര്‍ഥ്യങ്ങളെ അപഗ്രഥിച്ച് ഒരു നയവും അടവും രൂപീകരിക്കുന്നത് ചില്ലറക്കാര്യമല്ല. അത്തരം രൂപീകരണത്തില്‍ പാളിച്ചകളും ഉണ്ടാകും. അവയെ hindsight-ന്റെ അല്‍ഭുതക്കണ്ണട ഉപയോഗിച്ച് വിമര്‍ശിക്കുന്നത് നല്ലതു തന്നെ. പക്ഷേ അങ്ങനെ വിമര്‍ശിക്കുമ്പോള്‍ അതാതു കാലത്തെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം എന്നു മാത്രം.

ഈ വിഷയത്തില്‍ ആഴത്തിലുള്ള അവഗാഹമൊന്നും എനിക്കില്ല. പോസ്റ്റു വായിച്ചപ്പോള്‍ തോന്നിയ സ്വരപ്പകര്‍ച്ചകള്‍ ചൂണ്ടിക്കാട്ടിയെന്നു മാത്രം. ഈ വിയോജിപ്പൊക്കെ കുറിക്കുമ്പോള്‍ തന്നെ, ഈ ബ്ലോഗിനെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാനെന്നു പറഞ്ഞോട്ടെ. ബൂലോഗത്തില്‍ അരാഷ്ട്രീയമാണ് വിളയാടുന്നത് എന്നൊക്കെ ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട്. ആ പറയുന്നവരോടൊക്കെ ഉദാഹരണമായി ധൈര്യസമേതം എടുത്തുകാട്ടാവുന്ന, ഗൌരവമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗാണ് കല്ലേച്ചിയുടേത്.

Sudhir KK said...

അരാജകവാദി (anarchist) എന്നത് അത്ര മോശം പദമാണോ ഡാലീ? പവ്വര്‍ സെന്ററുകളെ വെറുക്കുന്ന അരാജകവാദം ഒരു ഡെറഗേറ്ററി പദമല്ല. നല്ല അടിത്തറയുള്ള ഒരു ഇടതുപക്ഷ ചിന്താരീതിയല്ലേ അത്? നമ്മുടെ നോം ചോംസ്കിയടക്കം അരാജകവാദിയല്ലേ? :)

Anonymous said...

മാര്‍ക്സിസത്തിനൊരു ബൈബിളുണ്ടോ? ഉണ്ടെങ്കില്‍ നാമതിനെ വിമര്‍ശിക്കുക തന്നെ വേണം. എനിക്ക് തോന്നിയിട്ടുള്ളത് മാര്‍ക്സിസമൊരു മെത്തഡോളജിയായിട്ടാണ്. ഈ മെത്തഡോളജി തന്നെ, പലരും പല രീതിയില്‍ ഉപയോഗിക്കുന്നുണ്ടാവണം. കേരളത്തിലെ (അല്ലെങ്കില്‍ ഇന്ത്യയിലെ) മാര്‍ക്സിസം തന്നെ അതിനൊരു ഉദാഹരണം. പിന്നെ, സി പി എമ്മും സി പി ഐയും സി പി ഐ എല്ലുമൊക്കെ മാര്‍ക്സിസമെന്ന മെത്തഡോളജി പല തരത്തില്‍ പിന്‍‌പറ്റുന്നവരാണ്. ഈ വ്യത്യാസങ്ങള്‍ മാര്‍ക്സിസത്തിന്‍റെ സത്തയെ അളക്കാന്‍ ഉപയോഗിക്കാമോ എന്നറിയില്ല.

സ്വാതന്ത്ര്യത്തിന് മുമ്പ് (മിക്കപ്പോഴും പിമ്പും) ദളിതര്‍ പോരാടേണ്ടി വന്നിട്ടുള്ളത് പ്രാദേശിക ജന്മിത്ത വ്യവസ്ഥിതിയോടാണ്. ഈ ദളിതരാണ് ഇന്ത്യയിലെ ഭൂരിപക്ഷവും എന്നത് മറ്റൊരു കാര്യം. ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടും ഇംഗ്ലീഷുകാരോടും ദളിതര്‍ പോരാട്ടം നടത്തിയ ചരിത്രമുണ്ടോ? ഇല്ലെങ്കില്‍ കാരണമെന്ത്? അധികാരമുള്ളവര്‍ക്ക് മാത്രമാണ് അധിനിവേശ ശക്തികളോട് പ്രണയവും ശത്രുതയും തോന്നിയത്. പാവങ്ങളായ ദളിതര്‍, ഇവരുടെ എലിയും പൂച്ചയും കളികളേയും താങ്ങി, ചരിത്രത്തിന്‍റെ ഓരങ്ങളില്‍ രാപാര്‍ത്തു.

ഇന്ത്യയിലെ ജാതി വ്യവസ്ഥിതി അങ്ങനെത്തന്നെ നിലനിര്‍ത്തി, ഇവിടെ നടക്കേണ്ടിയിരുന്ന സാമൂഹികമാറ്റത്തെ ഗാന്ധി ഹൈജാക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ ബീഹാറിലും സാമൂഹികമാറ്റം വന്നേനെ. (ആശയത്തിന് ചന്ത്രക്കാരനോട് കടപ്പാട്) ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം അതുണ്ടാവില്ല.

ജാതിയെന്ന നുകത്തിന് താഴെ ദളിതരെ കെട്ടിയിടാനുള്ള ഗാന്ധിയുടെ ശ്രമത്തിന് യുക്തിയുടെ ഭാഷയില്‍ മറുപടി നല്‍കിയവരിലൊരാള്‍ ശ്രീനാരായണഗുരുവും മറ്റൊരാള്‍ അം‌ബേദ്‌കറുമാണ്.

പെരിങ്ങോടന്‍റെ അര്‍ത്ഥശങ്ക എനിക്കുമുണ്ട്. ഇതൊക്കെ ഇവിടെ എഴുതിയതിന് എന്നെ ആന്‍റി-നാഷണലിസ്റ്റായി വ്യാഖ്യാനിക്കാനുള്ള സാധ്യതയുണ്ടെന്ന ശങ്ക :(

കല്ലേച്ചിയുടെ ലേഖനം പ്രിന്‍റൌട്ടെടുത്ത് കൊണ്ടുപോവുന്നു. വായിച്ച് കൂടുതലഭിപ്രായം :)

Anonymous said...

ഇന്ത്യയിലെ ജാതി വ്യവസ്ഥിതി അങ്ങനെത്തന്നെ നിലനിര്‍ത്തി, ഇവിടെ നടക്കേണ്ടിയിരുന്ന സാമൂഹികമാറ്റത്തെ ഗാന്ധി ഹൈജാക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ ബീഹാറിലും സാമൂഹികമാറ്റം വന്നേനെ.

എന്ന് ഞാന്‍ എഴുതിയത്

ഇവിടെ നടക്കേണ്ടിയിരുന്ന സാമൂഹികമാറ്റത്തെ ഗാന്ധി ഹൈജാക്ക് ചെയ്തില്ലായിരുന്നുവെങ്കില്‍ ബീഹാറിലും സാമൂഹികമാറ്റം വന്നേനെ. ഇന്ത്യയിലെ ജാതി വ്യവസ്ഥിതി അങ്ങനെത്തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയെ ഗാന്ധി, സോഷ്യലിസ്റ്റായ നെഹ്രുവിനെ ഏല്‍പ്പിച്ചത്. ഈയൊരു ഹൈജാക്കിംഗിന് സത്യസന്ധത തൊട്ട് അഹിംസ വരെ ഗാന്ധി ഉപയോഗപ്പെടുത്തി. ഇന്‍‌ടാക്റ്റായ ജാതി വ്യവസ്ഥയും സ്വതന്ത്ര ഇന്ത്യയും! സാമൂഹിക മാറ്റത്തിന് പേരിനൊരു മാറ്റം, എന്നാല്‍ കുപ്പിയില്‍ പഴയ വീഞ്ഞും!

എന്ന് വായിക്കാന്‍ വിനീതാഭ്യര്‍ത്ഥന.

കിരണ്‍ തോമസ് തോമ്പില്‍ said...

എല്ലാ പ്രശ്നങ്ങളുടെയും ഒറ്റമൂലിയായിട്ടാണ്‌ മതങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്‌. എന്നാല്‍ മതങ്ങള്‍ പ്രശ്നമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ മറ്റൊരു ഒറ്റമൂലിയായി കമ്യൂണിസം അവതരിച്ചു. ഇസ്ലാമിനു ശേഷം അവതരിപ്പിക്കപ്പെട്ട മതമായും നമുക്ക്‌ കമ്യൂണിസ്സത്തേക്കാണാം. അതുകൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങള്‍ വിമര്‍ശ്ശിക്കപ്പെടുമ്പോള്‍ പുറത്താക്കലൊക്കേ ഉണ്ടാകുന്നത്‌. കാലാനുസൃതമായി മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്‌ എല്ലാ മേഖലയിലും ആവശ്യമാണ്‌ മതത്തില്‍ ആയാലും പ്രസ്താനങ്ങളിലായലും. മാറ്റമില്ലാത്തത്‌ മാറ്റത്തിന്‌ മാത്രമാണല്ലോ. ചരിത്രം കീറീ മുറിച്ച്‌ പരിശോധിച്ചതുകൊണ്ട്‌ ഒരു ഗുണവുമില്ല. ഭാവിലേക്ക്‌ നോക്കി സമൂഹത്തേ അടിസ്ഥാനപ്പെടുത്തി പുതിയ മാറ്റങ്ങള്‍ ഉള്‍ക്കോള്ളാന്‍ തയ്യറാകുക

ഡാലി said...

കൂമന്‍സ്, Anarchism എത്ര അടിത്തറയുള്ളതായാലും അതില്‍ നിന്ന് കമ്യൂണിസം ഉണ്ടായി എന്ന് വാദിച്ചാലും ഇന്ന് സംവാദങ്ങളെ ഇല്ലാതാക്കുന്നു എന്ന് പറയുന്ന അരാജകവാദിയുടെ നിര്‍വചനം ആ Anarchism അല്ല. അതിന്റെ നിര്‍വചനം കല്ലേച്ചി തന്നെ പറഞ്ഞിരിക്കുന്നു.

“രാഷ്ട്രീയമെന്നാല്‍ എന്റെ നിര്‍വചനത്തില്‍ `ചുറ്റുപാടിനെ മനസ്സിലാക്കാനും പ്രതികരിക്കാനും ഉള്ള കഴിവ്‌` എന്നാണ്‌. ഈ നിര്‍വചനമനുസരിച്ച്‌ എന്തുവന്നാലും എനിക്കൊന്നുമില്ല എന്നുപറയുന്നവരാണ്‌ അരാഷ്ട്രീയക്കാര്‍.“

അതായത് ഈ നിര്‍വചനം Anarchism is the name of a political philosophy or a group of doctrines and attitudes that are centered on rejection of government, or the state[1], as harmful to individual and society, and support its elimination
അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഒന്നിനെതിരേയും പ്രതികരിക്കതിരിക്കുന്നവന്‍, അവന്‍ വേട്ടക്കരനനൂകൂലമാകും എന്ന നിര്‍വചനം ആണ് ഇന്ന് രാഷ്ടീയം ഇല്ലാത്തവന്‍ എന്ന് പറഞ്ഞാല്‍.

ഈ നിര്‍വചത്തില്‍ പെടുത്തിയാല്‍ ആരും മിണ്ടാന്‍ അല്‍പ്പം പേടിക്കില്ലേ കൂമന്‍സ്.

മൂന്നുനാലു ഉദാഹരണം ബൂലോഗത്ത് നിന്ന് തന്നെ കാണിക്കാനാകും.

ആനന്ദ് പറയുന്നത് ഇങ്ങനെ

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദോഷവും, അതിന്റെ അപചയത്തിനു കാരണവും അതില്‍ അന്തര്‍ലീനമായ എക്സ്ക്ലൂസീവ്നെസ്സ് ആണെന്നു പറയാം. അതൊഴിച്ചുള്ള എല്ലാത്തിനെയും അതു തെറ്റായി കരുതുകയും നിഷേധിക്കുകയും ശത്രുവായി ദര്‍ശിക്കുകയും ചെയ്തു. മനുഷ്യസമൂഹത്തെ മുഴുവന്‍ രണ്ടായി കീറി തലതിരിച്ചിടുന്ന വിഭജനത്തിന്റെ ജരാസന്ധപര്‍വ്വം അതു ദര്‍ശനത്തിലും രാഷ്ട്രീയത്തിലും തുടങ്ങിവെച്ചു. സംവാദമെന്നതിനെ അസാധ്യമാക്കിത്തീര്‍ക്കുക മാത്രമല്ല, അരുതാത്തതെന്ന തോന്നലുണ്ടാക്കുക കൂടി ചെയ്യുന്ന ഒരു വിഭജനമാണു് അതു് ആവശ്യപ്പെടുന്നതു്. മനുഷ്യപ്രകൃതിക്കോ, സാംസ്കാരികപാരമ്പര്യത്തിനോ യോജിക്കാത്തതായിരുന്നു അതു പ്രയോഗത്തില്‍ കൊണ്ടുവരുന്ന ഞങ്ങളും ഞങ്ങളല്ലാത്തവരും എന്ന കര്‍ശനമായ തരംതിരിവ്

vimathan said...

ഡാലീ, ദയവുചെയ്ത് "anarchist" എന്ന പദവും, “അരാഷ്ട്രീയവാദി” എന്ന പദവും കൂട്ടികുഴക്കാതിരിക്കുക. കല്ലേച്ചി പറഞ്ഞത് “അരാഷ്ട്രീയവാദി” എന്നാണ്.

പെരിങോടന്‍, കല്ലേച്ചിയെ “മാര്‍ക്സിസ്റ്റ്”കാര്‍ എന്നല്ല ആരും ആര്‍. എസ്സ്. എസ്സ്. എന്നു വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല. കിണ്ണം കട്ടവന് മാത്രമേ തന്നെ കള്ളനെന്ന് വിളിക്കുമോ എന്ന് സംശയിക്കേണ്ടതുള്ളൂ.

കല്ലേച്ചി, ഈ പോസ്റ്റ് പലകുറി വായിക്കേണ്ടതുണ്ട്, അതു കഴിഞ്ഞ് comment ചെയ്യണം എന്ന് കരുതുന്നു. “ഇന്ത്യയുടെ മോചനം” താങ്കള്‍ എന്തിനാണ് delete ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

രാവുണ്ണി said...

തലക്കെട്ടും ആദ്യഖണ്ഡികയും തന്ന പ്രതീക്ഷ ലേഖനം നിലനിര്‍ത്തിയില്ലല്ലോ. മാര്‍ക്സിസത്തെപ്പറ്റി ഉപരിപ്ലവമായ ധാരണകള്‍ മാത്രമുള്ളവരുടെ സ്ഥിരം തീന്‍മേശവര്‍ത്തമാനങ്ങളില്‍ നിന്നുയരാത്ത ഒരു ഒരു പഴഞ്ചാക്ക് ഐറ്റമായോ സംഭവം? ഭാരതത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ഭൂരിഭാഗം പേരും സ്വാതന്ത്ര്യസമരസേനാനികളായിരുന്നുവെന്നും ആ സമരത്തിന്റെ മൂല്യങ്ങള്‍ ജീവിതത്തിലും പ്രവൃത്തിയിലും പാലിച്ചവര്‍ ഒരുപക്ഷെ കോണ്‍ഗ്രസ്സുകാരെക്കാള്‍ കൂടുതല്‍ കമ്യൂണിസ്റ്റ് നേതാക്കളാണെന്നും കല്ലേച്ചിയ്ക്കറിയാത്തതാവില്ലല്ലോ.

ലേഖനത്തിനില്ലാത്ത പുതുമയും ഗൌരവവും കമെന്റുകള്‍ക്കുണ്ടെന്ന് പറയാതെ വയ്യ.

രാജ് said...

ബെന്നിയോ ദീപക്കോ ആ പോയന്റ് ഒന്നു കൂടി വിശദീകരിച്ചാല്‍ നന്നായിരുന്നു. ബംഗാളില്‍ കമ്യൂണിസ്റ്റ് ചിന്താഗതി വളരുന്നതിനു വളമായത് കല്‍ക്കട്ട കേന്ദ്രമായി സംഭവിച്ച നവോത്ഥാനങ്ങളായിരുന്നു. ബംഗാളില്‍ ഗാന്ധിജിക്കു കാര്യമായൊന്നും ചെയ്യേണ്ടി വന്നില്ലെന്നാണു് എനിക്കു തോന്നുന്നതു്. ആ അര്‍ഥത്തില്‍ ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളിലെ നവോത്ഥാനം പിന്നീടു വന്ന ദേശീയവാദക്കാര്‍ (പ്രത്യേകിച്ചു ഗാന്ധി) ഹൈജാക്ക് ചെയ്തെന്നാണോ ദീപക്ക് പറയുന്നതു്? എന്നാലും കല്ലേച്ചിയുടെ വാദത്തിനൊരു എതിര്‍വാദമാകുന്നില്ലല്ലോ അതു്. ഗാന്ധിജിയുടെ കുറ്റം കൊണ്ടാണു കമ്യൂണിസം ബീഹാറില്‍ വരാഞ്ഞതെന്നു പറയുന്നതു്, നിന്റെ ഗോളി കാരണമാണു എനിക്ക് ഗോളടിക്കാന്‍ പറ്റാത്തതെന്നു പറയുന്നതു പോലെയല്ലേ ;)

ഡാലി said...

വിമതന്‍, ഒരു ചര്‍ച്ചയിലും ആ വ്യതാസം ആരും കണക്കിലെടുക്കുന്നില്ല എന്നത് ഖേദപൂര്‍വ്വം കണ്ടീട്ടുണ്ട്.

ഒരാള്‍ ഞാന്‍ അരാജകവാദി എന്ന് പറഞ്ഞാല്‍ ഉടന്‍ വാളോങ്ങും ദേ അവന്‍ അരാഷ്ടീയം പറയുന്നു എന്ന്.

ആ വ്യതാസം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ‍ കല്ലേച്ചിടെ ഈ പോസ്റ്റിന് ഒരു ലക്ഷ്യം നേടനായി എന്ന് കരുതാം.

രാജ് said...

കല്ലേച്ചി നിരീക്ഷിച്ചതുപോലെ മാര്‍ക്സിസത്തിനു് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വേരൂന്നുവാന്‍ സഹായിച്ച ഭാരതീയ നവോത്ഥാനത്തിലെ ആത്മീയതാവാദത്തിന്റെ ഉല്‍പതിഷ്ണുവാണു് ഞാന്‍. ഭൌതികവാദത്തിന്റെ ഐഡിയോളജിയിലും മെത്തഡോളജിയിലും രചിക്കപ്പെട്ട മാര്‍ക്സിയന്‍ വിചാരങ്ങള്‍ എന്നെ അതുകൊണ്ടു തന്നെ ഒരുപാടൊന്നും സ്വാധീനിച്ചിട്ടില്ല. ഇത്രയുമെഴുതിയതിലെ ആത്മീയത എന്ന വാക്കുപോലും വിമതനെപോലെ പലരും തെറ്റായി വായിച്ചിട്ടുണ്ടെന്നറിയുന്നതു കൊണ്ടു് ഒരു ഡിസ്‌ക്ലെയിമറെന്നോണം ആവര്‍ത്തിക്കുന്നുവെന്നു മാത്രം.

(ആത്മീയത കാഷായമല്ലെന്നും, മോഷം മരണത്തിനു ശേഷമുള്ള സ്വര്‍ഗവാസമല്ലെന്നും, ആത്മാവ് ദൈവത്തിങ്കല്‍ സമര്‍പ്പിക്കുവാനുള്ള ഒന്നല്ലെന്നും മനസ്സിലാക്കുന്നവരോട് സംവദിക്കുവാന്‍ മേല്‍പ്പറഞ്ഞ ഒരു ഡിസ്‌ക്ലെയിമര്‍ എനിക്കാവശ്യമില്ല, ഇവിടെ ആവശ്യമായി വന്നു - കല്ലേച്ചി ഓഫിന് മാഫീ)

ചന്ത്രക്കാറന്‍ said...

അറിയാത്തതുകൊണ്ടു ചോദിക്കുന്നതാണ്‌ - എന്തൂട്ടാ ഗെഡികളെ ഈ ആത്മീയത? ഒന്നു പറഞ്ഞുതരാമോ?

പോട്ടെ, പറ്റില്ലെങ്കില്‍ വേണ്ട, ഒരു ആത്മീയന്‍ ഗെഡിയെ കാണിച്ചുതന്നാലും മതി - പുരാണത്തിലല്ല, ഇന്ത ഭൂമിയില്‍

ചന്ത്രക്കാറന്‍ said...

"എന്നാല്‍, കമ്മ്യൂണിസ്റ്റുകാരന്‌ തന്റെ പരിപാടികള്‍ നടപ്പിലാക്കാനാവശ്യമായ "വസ്തുനിഷ്ട ആത്മനിഷ്ട" സാഹചര്യങ്ങള്‍ മുന്‍കാല നവോത്ഥാന നായകന്‍മാര്‍ നിര്‍വഹിച്ചിരുന്നു എന്ന സത്യം മനപ്പൂര്‍വം മൂടിവെച്ചുകൊണ്ടാണ്‌ ഈ വീമ്പുപറച്ചില്‍."

" ബംഗാളില്‍ കമ്യൂണിസ്റ്റ് ചിന്താഗതി വളരുന്നതിനു വളമായത് കല്‍ക്കട്ട കേന്ദ്രമായി സംഭവിച്ച നവോത്ഥാനങ്ങളായിരുന്നു."

വന്നുവന്ന്‌ നവോദ്ധാനത്തിന്റെ സ്വാഭാവികപരിണാമരൂപം കമ്യൂണിസമാണെന്നാണോ പെരിങ്ങോടന്‍ പറഞ്ഞുവരുന്നത്‌? പി.ഗോവിന്ദപ്പിള്ള കേള്‍ക്കണ്ട!!!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഭിന്നിപ്പിനു മുന്‍പുള്ള കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഉറച്ച വേരുകളും പരന്ന സ്വാധീനവും ഉണ്ടായിരുന്ന സംസ്ഥാനങ്ങളായിരുന്നു ആന്‌ധ്രയും ബീഹാറും പഞ്ചാബും. എന്തിനേറെ മഹാരാഷ്ട്രയില്‍പ്പോലും അവരുടെ ശക്തി മോശമായിരുന്നില്ല.

ഏതൊക്കെയോ 'അന്താരാഷ്ട്ര കീറമുട്ടികളിലും' 'ദേശീയ ബൂര്‍ഷ്വസി'കളിലുമൊക്കേപ്പിടിച്ച്‌ കാരണൊമ്മാര്‌ തമ്മിലടിച്ച്‌ പിരിഞ്ഞപ്പോള്‍, സ്വര്‍ഗമൊന്നും കിട്ടിയില്ലെങ്കിലും കുറേക്കൂടി മെച്ചപ്പെട്ട ഒരു 'സോഷ്യലിസം' പ്രതീക്ഷിച്ച ലക്ഷക്കണക്കിന്‌ ആളുകല്‍ ആ പ്രസ്ഥാനത്തില്‍നിന്ന്‌ പിന്മാറുകയണുണ്ടായതെന്നു ചരിത്രം നേരാംവണ്ണം പരിശോധിച്ചാല്‍ അറിയാം. ഈ സത്യം നമ്മുടെ മൂന്നുകോടി നേതാക്കളും 'തുറന്ന്' സമ്മതിക്കില്ല എന്നുമാത്രം. പിടിവാശികളൊക്കെ അയഞ്ഞയഞ്ഞ്‌ ഇപ്പോള്‍ സാധാരണ ജനാധിപത്യവുമായി അവര്‍ നില്‍ക്കുന്നത്‌ കാണുന്നില്ലേ? (വിഷയം അതല്ലാത്തതു കൊണ്ട്‌... നിറുത്തുന്നു).

രാജ് said...

ചന്ത്രക്കാരാ പ്രപഞ്ചത്തിന്റെ സ്വാഭാവിക പരിണാമരൂപം ഭൂമിയിലുള്ളതുപോലെ ജീവജാലങ്ങളാണെന്നു പറയുന്ന പോലെയാവും നവോത്ഥാനങ്ങളുടെ പരിണാമരൂപം കമ്യൂണിസമെന്നു പറയുന്നതു്. ഞാനതല്ല ഉദ്ദേശിച്ചതു്, ഭൂമിയില്‍ ജീവന്‍ വളരുവാനുള്ള സാധ്യത/പരിതസ്ഥിതി എപ്രകാരം ഉണ്ടായിരുന്നുവോ അപ്രകാരം കമ്യൂണിസം വളരുന്നതിനുള്ള പരിതസ്ഥിതി നവോത്ഥാനകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു എന്നാണു്.

ശ്രീനാരായണഗുരുവും വിവേകാനന്ദനും പുരാണത്തിലെ കഥാപാത്രങ്ങളല്ലല്ലോ.

കണ്ണൂസ്‌ said...

കല്ലേച്ചിയുടെ ലേഖനത്തില്‍ പ്രകടമായിക്കാണുന്ന ആശയങ്ങളുടെ ചുവടു പിടിച്ചു തന്നെയാണോ ചര്‍ച്ച മുന്നോട്ടു നീങ്ങുന്നത്‌ എന്നത്‌ എന്റെ ശങ്ക.

"മാര്‍ക്‍സിയന്‍ പരികല്‍പ്പനകള്‍" എന്ന ശീര്‍ഷകത്തിനു താഴെ കല്ലേച്ചി ഉന്നയിക്കുന്ന വാദമുഖങ്ങള്‍, യഥാര്‍ത്ഥത്തില്‍ മാര്‍ക്‍സിയന്‍ പരികല്‍പ്പനകള്‍ തന്നെയാണോ? അല്ല, എന്ന് മനസ്സിലാക്കാന്‍ ലേഖനത്തില്‍ തന്നെ സൂചനകളുണ്ട്‌. യന്ത്രവത്‌കരണത്തിനെതിരെയുള്ള സമരങ്ങള്‍ തന്ന് ഉദ്ദേശിച്ചതല്ല എന്ന് മാര്‍ക്സിന്റെ തന്നെ നിലപാടും, മാറുന്ന ലോക സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പുതിയൊരു ആശയരൂപാന്തരം സ്വരുക്കൂട്ടാനുള്ള പരമേശ്വരന്‍ സാറിനെപ്പോലെയുള്ളവരുടെ പരിശ്രമങ്ങളും ഉദാഹരണം. ഇതിന്‌ എതിര്‍പ്പ്‌ വരുന്നത്‌, രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിന്നാണെന്ന് വരുമ്പോള്‍, ഈ പരികല്‍പ്പനകളും അവരുടേത്‌ എന്ന് കണക്കാക്കേണ്ടതല്ലേ?

ജനാധിപത്യ വ്യവസ്ഥ അംഗീകരിച്ച്‌ അധികാരത്തിനു വേണ്ടി മത്‌സരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ സി.പി.ഐ, സി.പി.എം. എന്നീ കക്ഷികള്‍ക്ക്‌ പലപ്പോഴും ആശയരൂപവത്‌കരണത്തില്‍ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്‌. പക്ഷേ, അത്‌ ഒരു അക്ഷന്തവ്യമായ അപരാധം എന്ന നിലയില്‍ കണക്കാക്കപ്പെടുന്നതും ഇന്ത്യയുടെ സാമ്പത്തിക-സാമൂഹ്യ വളര്‍ച്ചകളിലും തളര്‍ച്ചകളിലും കൂടുതല്‍ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള മറ്റു പാര്‍ട്ടികളുടെ പരാജയങ്ങള്‍ ഇതുപോലെ കീറിമുറിക്കപ്പെടാത്തതും ആണ്‌ നിരാശാജനകം. ഒരു "ഗ്ലോബല്‍ സൊല്യൂഷന്‍" ന്റെ പതാകാവാഹകര്‍ എന്ന നിലയിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ഗ്രാഫ്‌ കൂടുതല്‍ വിശകലനം ചെയ്യപ്പെടുന്നതെങ്കില്‍ അതു ന്യായീകരിക്കത്തക്കതു തന്നെ; പക്ഷേ പലപ്പോഴും അത്‌ അങ്ങിനെയല്ല, ഇന്ത്യയിലെ വിശേഷിച്ച്‌ കേരളത്തിലെ, പ്രവര്‍ത്തനങ്ങളാണ്‌ പലപ്പോഴും ഈ വിമര്‍ശനത്തിന്റെ അളവുകോലാവുന്നത്‌.

കിരണ്‍ പറഞ്ഞതു പോലെ ചരിത്രത്തിലെ അബദ്ധങ്ങളും സുബദ്ധങ്ങളും തലനാരിഴകീറി പരിശോധിക്കുന്നത്‌ നമുക്ക്‌ വലിയ ഗുണമൊന്നുമുണ്ടാക്കില്ല. പാര്‍ട്ടി എന്ന നിലയില്‍ ഇപ്പോഴും പലപ്പോഴും വഴിതെറ്റുന്ന കമ്മ്യൂണിസ്റ്റ്‌ നയങ്ങള്‍ക്ക്‌ നേരായ മാര്‍ഗ്ഗം ചൂണ്ടിക്കാണിക്കുന്നതാണ്‌ അഭികാമ്യം - അത്‌ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആയാലും, അരാഷ്ട്രീയ / അരാജക വാദി ആയാലും. ഇതില്‍ അവശ്യം പുലര്‍ത്തേണ്ടുന്ന സത്യസന്ധത നമ്മുടെ പല രാഷ്ട്രീയ വിമര്‍ശകര്‍ക്കും ഇല്ലാതെ പോവുന്നത്‌ വര്‍ത്തമാനത്തിന്റെ ദുരന്തവും.

Anonymous said...

സുധീര്‍ മിശ്രയുടെ ‘ഹസാരോം ഹാഹിഷേന്‍ ഏസി “ ( ഇതുപോലെ ഒരായിരം സ്വപ്നങ്ങള്‍) എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. നക്സലൈറ്റുകളുമായി ചേര്‍ന്ന് ബീഹാറിലെ കര്‍ഷ്കര്‍ ഒരു ജമീന്ദാറെ ജനകീയ വിചാരണ ചെയ്യുകയാണ്.വിചാരണക്കിടയില്‍ ജമീന്ദാര്‍ ബോധംകെടുന്നു.ഇതുകണ്ട് അതുവരെ അവേശത്തോടെ ജമീന്ദാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്ന കര്‍ഷകര്‍ അതുമതിയാക്കി വേവലാതിയോടെ ജമീന്ദാറെ എടുത്ത് ഡോക്ടറുടെ അടുത്തേക്കോടുന്നു.

ഇന്ത്യന്‍ അവസ്ഥ ശരിക്കും മനസ്സിലാക്കാതെ കേരളത്തിലും ബംഗാളിലും പ്രസംഗിച്ച അതേ ഭാഷയില്‍ ബീഹാറിയോട് കമ്മ്യൂണിസത്തെക്കുറിച്ച് സംസാരിച്ചതായിരിക്കാന്‍ പോയതല്ലേ കാരണം?

ആനക്കൂടന്‍ said...

ചരിത്രത്തെ ഉഴുതു മറിച്ച് അതിന്റെ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് അതിന്‍റെ കാര്യകാരണങ്ങളെ കുറിച്ചുള്ള അവകാശ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ടുള്ള സമകാലിക പ്രയോജനം എന്താണ്?. ഗാന്ധിയെ മാത്രമല്ല, ഇന്ത്യയില്‍ ജനമമെടുത്തിട്ടുള്ള മുഴുവന്‍ നേതാക്കളെയും ഏതെങ്കിലും വിഷയത്തില്‍ പഴിചാരാന്‍ അധികം അധ്വാനം ഒന്നും വേണ്ടി വരില്ല.

നവോത്ഥാന പ്രസ്ഥാനങ്ങള്‍ മാര്‍ക്സിസത്തിന് വേരൂന്നാന്‍ സഹായിച്ച ഒരു ഘടകം മാത്രമാണെന്നാണ് എന്റെ വിശ്വാസം.

കല്ലേച്ചിയുടെ ലേഖനം പുതുതായി ഒന്നും മുന്നോട്ട് വയ്ക്കുന്നില്ല. മാര്‍ക്സിസത്തിനെതിരെ പതിവായി കേള്‍ക്കുന്ന ശബ്ദങ്ങളല്ലാതെ പുതുതായി എന്തെങ്കിലും കണ്ടെത്താനോ അവതരിപ്പിക്കാനോ ഇവിടെ ആയിട്ടില്ല.

Anonymous said...

കാര്യങളെന്തായാലും ബ്ലൂലോകത്തിൽ ഗൌരവമായി ചർച്ച ചെയ്യുന്ന അതിനു കഴിവുള്ള ചുരുക്കം ചില ആളുകളെ ഇങനെ ഒരു വേദിയിലേക്ക് ആകർഷിക്കുക എന്നതും മതവും രാഷ്ട്രീയവും സംസാരിക്കരുത് എന്ന ബോർഡ് എടുത്തുമാറ്റി അവ രണ്ടും സാംസാരിക്കേണ്ട വിഷയമാണെന്നും ഓർമിപ്പിക്കലായിരുന്നു എന്റെ ആദ്യ ഉദ്ദേശം. നിങൾക്ക് വിരുദ്ധ അഭിപ്രായമുണ്ടായിരിക്കാം. ഞനതിനോടുയോചിക്കതിരിക്കുമ്പോഴും അതു പറയാനുള്ള തൻകളുടെ അവകശത്തിനു വേണ്ടി മരിക്കാൻ എനിക്കു മടിയില്ല. ഈ ബ്ലോഗുകളിലെ സംശയൻങൾ എല്ലാം തികച്ചും മറുപടി അർഹിക്കുന്നുണ്ട്. അതു പടിച്ച് തീർച്ചയായും ഞൻ ഒരു ബ്ലോഗുതന്നെ ഇടുന്നതാണ്. അതിനു മുൻപ് എനിക്ക് ഈ രചന പൂർത്തിയാക്കേണ്ടതുണ്ട്. സന്തോഷം.

nalan::നളന്‍ said...

ഇവര്‍ നടത്തുന്ന സമരങ്ങളധികവും ഇവര്‍ സംരക്ഷിക്കുന്നു എന്ന്‌ പറയുന്ന സാധാരണക്കാരന്റെ നെഞ്ചത്ത്‌ കയറി തന്നെയാണ്‌. ഈ സമരങ്ങളധികവും നഷ്ടമുണ്ടാക്കിയിട്ടുള്ളത്‌ അവര്‍ക്കാണ്‌. അവരുടെ വഴിയാണ്‌ എന്നും തടയപ്പെടുന്നതും.

ഇതു വിശദീകരിക്കാതെ ബാക്കി വായിച്ചിട്ടു കാര്യമില്ല.
കേട്ടു മടുത്ത വാദങ്ങളാണെങ്കിലും ഒരു കാര്യം.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളൊവാനുള്ള കഴിവായിരിക്കണം മാര്‍ക്സിസത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ അബദ്ധങ്ങളില്‍ നിന്നും പഠിച്ചു മുന്നേറണ്ടിടത്തു പഠനങ്ങള്‍ ന്യായീകരണത്തിന്റെ വഴി പിന്തുടരുന്നതാണാപത്ത്. ഇവിടെയാണു സത്യസന്ധതയുടെ പ്രസക്തി

സാമൂഹിക മാറ്റം പാകപ്പെടുത്തിയ മണ്ണിലാണു മാര്‍ക്സിയന്‍ ചിന്തകള്‍ക്കു വേരൂന്നാനായത് എന്നു പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നു.. ബീഹാറിലും മറ്റും നടക്കാതെ പോയതുമതാണു. കേരളത്തിലും ആ പങ്കു വഹിച്ചത നാരാണയഗുരുവിനെപ്പോലുള്ളവരായിരിക്കണം. പക്ഷെ അതിന്റെ സ്വാഭാവിക പരിണാമമാണു കമ്യൂണിസമെന്നു പറയുന്നതില്‍ (കേരളത്തിലെങ്കിലും) തെറ്റില്ലെന്നു തോന്നുന്നു.
ഫ്യൂഡല്‍- ജാതി വ്യവസ്ഥകളെ താങ്ങി നിര്‍ത്തുന്ന മത ദൈവീക-ആത്മീയ ചിന്തകളിലും ആചാരങ്ങളിലും ഗുരുവിനെപ്പോലുള്ളവര്‍ സൃഷ്ടിച്ച വിപ്ലവം (അതിനുള്ളില്‍ നിന്നുകൊണ്ടാണിതെന്നോര്‍ക്കണം), സഹോദരന്‍ അയ്യപ്പനെപ്പോലുള്ളവരുടെ യുക്തിവാദ പ്രവര്‍ത്തനങ്ങളും മതചിന്തകളെ പൊളിച്ചെഴുതാന്‍ സഹായിച്ചു. അതേ സമയത്തുതന്നെയാനല്ലോ കമ്യൂണിസ്റ്റു ചിന്തകളും ഇവിടെ നവോദ്ഥാന പ്രസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്തിയതും പിന്നീടു വേറിട്ടു നിന്നെങ്കിലും ആ വഴിക്കുള്ള പരിണാമം തന്നെയാവണം.

ഞാന്‍ ഇരിങ്ങല്‍ said...

ഒരു പാട് വൈകി ഒരു മറുകുറി എഴുതാന്‍. കാരണം ഓഫീസില്‍ കുറച്ചു ദിവസം ലീവ് എടുക്കേണ്ട ചില ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നമുക്ക് തുടങ്ങാം അല്ലെ കല്ലേച്ചി?

“ഇന്ത്യയുടെ മോചനം’ എടുത്തുകളയേണ്ടി വന്നു”. ഒരു തരം കീഴടങ്ങല്‍ അല്ലേ..
എന്നാല്‍ “മാര്‍ക്സീയന്‍ പരികല്‍പനകളും നാമും” എന്താ കല്ലേച്ചി..ഒരു തരം ആന്‍റണിയുടെ സ്വഭാവമാണാല്ലോ... ഈ ലേഖനത്തെ (ലേഖനം എന്നു പറയാമൊ എന്ന് ഒരു സംശയം ഇല്ലാതില്ല)ഏതെങ്കിലും ഒരു കാരണം കൊണ്ട് ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ പറ്റിയൊ എന്ന് സംശയിക്കുന്നു. മാത്രമല്ല ഒരു ഏകീകരണ സ്വഭാവം ഇല്ലാത്ത മസാലയായി മാറിയിട്ടുണ്ട് ഈ വിവരണം.
താങ്കള്‍ ഇപ്പോഴും അല്ലെങ്കില്‍ ആദ്യ ലേഖനത്തിലും അവിടെ നിന്ന് ഇങ്ങോട്ടും ഒരു പാട് അബദ്ധധാരണകള്‍ ഉണ്ടെന്ന് ഈ ലേഖനം സമര്‍ത്ഥിക്കുന്നു .
‘മാര്‍സിസ്റ്റുകാര്‍’ കമ്യൂണിസ്റ്റ് കാരെ നിര്‍വ്വചിക്കുന്നതില്‍ പറ്റിയ തെറ്റാണ്.
ഇപ്പോഴും അടിയുറച്ചു പറയാന്‍ സാധിക്കുന്ന ഒരു കാര്യം ഭാവനയല്ല മാര്‍ക്സിസം. അതു സയന്‍സും കലയും കൂടി ചേര്‍ന്ന പുതിയ വിചാ‍ര ധാരകള്‍ മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രമാണ്. ആദ്യം താങ്കള്‍ തന്നെ പറയൂ ‘ആരാണ് മാര്‍ക്സിസ്റ്റുകാര്‍” ‘ആ‍രാണ് കമ്മ്യൂണിസ്റ്റ്’
താങ്കള്‍ പറയുന്ന കേരളത്തിലെ (ഇന്ത്യയിലെ) മാര്‍ക്സിസ്റ്റ് ആശയ സംഘടനകള്‍ അവരുടെ ആശയ കൈമാറ്റത്തില്‍ എത്രമാത്രം വിജയിച്ചു എന്നു പറയുന്നതിന് പകരം ‘മാര്‍ക്സിസം’ അല്ലെങ്കില്‍ ‘കമ്മ്യൂണിസം’ പരാജയപ്പെട്ടു എന്ന് പറയുവാന്‍ താങ്കളെന്തിനാണ് ഇത്രയും വെപ്രാളപ്പെടുന്നത്?
ഉപരിപ്ലവമായ പ്രസംഗം നടത്തുന്നതിലൂടെ ആദ്യ ലേഖനത്തില്‍ നിന്നും താങ്കള്‍ ഒരുപാട് പിന്നോട്ട് പോയി എന്നു പറയേണ്ടി വന്നതില്‍ വിഷമമുണ്ട്.
മാര്‍ക്സിസം നമുക്ക് വിഭാവനം ചെയ്യുന്നത് ‘അന്യന്‍റെ ശബ്ദം സംഗീതമാകുന്ന’ ഒരു പുത്തന്‍ പ്രഭാതമാണ്. അതിന് കാലങ്ങളുടെ ഒഴുക്കുതന്നെ വേണമെന്ന് മാര്‍ക്സ് തന്നെ പറഞ്ഞു വയ്ക്കുന്നു. ഈ ടാര്‍ഗറ്റിലേക്ക് എത്തിപ്പെടാന്‍ അല്ലെങ്കില്‍ മാര്‍ക്സിസം ഏതൊക്കെ പ്രതിസന്ദ്ധികളിലൂടെ കടന്നു പോകുമെന്നും മാര്‍ക്സ് പറഞ്ഞു വയ്ക്കുന്ന 8 ‘കല്പനകള്‍’ (ദശകള്‍) എന്തെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
മാര്‍ക്സ് വിഭാവനം ചെയ്തത് ‘ചൂഷണത്തില്‍ നിന്നുള്ള മോചനമാണ്. അദ്ധ്വാനിക്കുന്നവന് കൂലിയും പാവപ്പെട്ടവന് ഭക്ഷണവും പ്രദാനം ചെയ്യാന്‍ നമ്മുടെ വിഭവങ്ങളെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും അത്തരം ഉപയോഗക്രമങ്ങളില്‍ കൂടി നമ്മള്‍ എത്തിച്ചേരുന്നത് പുതിയ ഒരു ലോകത്തിലേക്ക് തന്നെയെന്നും മാര്‍ക്സു പറയുന്നു. ;ഞാന്‍ എന്ന ചിന്തയില്‍ നിന്ന് ‘നമ്മള്‍’ എന്ന ചിന്തയിലേക്ക് നമ്മെ കൈ പിടിച്ചുയര്‍ത്തുന്നു.
മാര്‍ക്സിസം ഒരു സിദ്ധാന്തം (തിയറി) ആര്‍ക്കും അവരുടെതാ‍യ അര്‍ഥത്തില്‍ അതിനെ വളച്ചൊടിക്കാം. എന്നാല്‍ അതിനൊക്കെ പുറമെ മനുഷ്യന്‍റെ ആത്യന്തികമായ അല്ലെങ്കില്‍ പ്രാഥമികമായ ആവശ്യങ്ങളെയാണ് മാര്‍ക്സ് മുന്നോട്ടു വയ്ക്കുന്നത്.

ബീഹാറിലും മഹാരാഷ്ട്രയിലും എന്തുകൊണ്ട് സാധ്യമായില്ല??
ഈ ചോദ്യത്തിനു പകരം വയ്ക്കാനുള്ളത് ‘കേരളത്തിലും ബംഗാളിലും ത്രിപുരയിലും എങ്ങിനെ സാധ്യമായി എന്ന മറു ചോദ്യമാണ്. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോള്‍ തന്നെ ബീഹറിലെ സാധ്യമാ‍കാത്ത മഹാരഷ്ട്രയില്‍ സാധ്യമാകത്തതിന്‍റെ ഉത്തരം നമുക്ക് ലഭിക്കും.
കക്ഷി രാഷ്ട്രീയമില്ലാത്ത വനെ അരാഷ്ട്രീയ വാ‍ദി എന്നു വിളിക്കരുത്. എന്നാല്‍ അരാഷ്ട്രീയ വാദി എപ്പോഴും അവനെ കുറിച്ച് മാത്രം ചിന്തിക്കുകയും അവന്‍റെ വിജയത്തിനു വേണ്ടി പെറ്റമ്മെയെ പോലും കൂട്ടികൊടുക്കാന്‍ ഒരുമ്പെടുകയും ചെയ്യുന്നു.
ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് രാഷ്ട്രീയമെന്നാല്‍ ‘വോട്ട് ചെയ്യുക’ എന്ന ഒരു തലത്തിലേക്ക് താഴ്ന്നു പോയിരിക്കുന്നു. അത് മുതലാളിത്തത്തിന്‍റെ വിജയമായി കണക്കാക്കാം.
എന്നാല്‍ മുതലാളിത്തം മുന്നോട്ട് വയ്ക്കുന്നത് 2 തരം മനുഷ്യരെയാണ്. പാവപ്പെട്ടവനും പണക്കാരനും ഈ അവസ്ഥ എത്രകാലം തുടര്‍ന്നുകൊണ്ടിരുന്ന്നലും ഇതും മടുപ്പുളവാക്കുന്ന ഒന്നെന്നും അതിനു ശേഷം പുതിയ ലോകത്തിലേക്കുള്ള വാ‍തില്‍ നമുക്കായ് തുറക്കുമെന്നും വേദപുസ്തകം അരുളി ചെയ്യുന്നു. അതുതന്നെയാണ് മാര്‍ക്സും പറഞ്ഞു വയ്ക്കുന്നത്. ഒരു മുതലാളിക്കും ഒരു പാട് കാലം തൊഴിലാളിയെ പറ്റിക്കാന്‍ കഴിയില്ലെന്നും ഒരു പാട് ‘പറ്റിക്കലുകളില്‍’ അവന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുമെന്നും കാലത്തിനറിയാം. അത്തരം ചോദ്യങ്ങളെ അകറ്റി നിര്‍ത്താന്‍ മുതലാളിത്തം പുതിയ വിദ്യ കണ്ടുപിടിച്ചു. പാവപ്പെട്ടവന് സ്വപനവും മയക്കവും നല്‍കുക. അവനെ മയക്കി കിടത്തിയാ‍ല്‍ മാത്രമേ മുതലാളിത്തത്തിന് നിലനില്‍ പ്പുള്ളൂ എന്ന് ‍അവര്‍ക്ക് നന്നായറിയാം. അത് കൊണ്ട് തന്നെ യാണ് ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് കണ്ണീര്‍ സീരിയലുകള്‍ കൂടിവരികയും പത്രമാധ്യമങ്ങള്‍ അവരുടെ ഭാഷയെ വില്പനച്ചരക്കാക്കുന്ന വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നത്. അങ്ങിനെ എന്നും കരയുകയും എന്നും സ്വപ്നങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ അവന്‍ അവന്‍റെ ആവശ്യങ്ങള്‍ മറക്കുകയും ചെയ്യും എന്ന് മുതലാളിത്തത്തിന്‍ നന്നായി അറിയാം.
അതു കൊണ്ടാണ് ഒറീസയിലെ രണ്ടു പേര്‍ തവളകളെ വിവാഹം ചെയ്തെന്നും ബംഗാളില്‍ ഒരു പെണ്‍കുട്ടി വള‍ര്‍ത്തു പട്ടിയെ എല്ലാ ആചാര അനുഷ്ടാനങ്ങളോടു കൂടി വിവാഹം ചെയ്തെന്നും കൂടാതെ ഒരു ബിബാ ഭോയി എന്ന സ്ത്രീ പാമ്പിനെ വിവാഹം ചെയ്തെന്നും വളരെ ചാരുതയോടെ മാധ്യങ്ങള്‍ നമ്മെ പറഞ്ഞുപറ്റിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല അടുത്ത കാലത്തായി നടക്കുന്ന എല്ലാ ദിവ്യാല്‍ഭുതങ്ങള്‍ക്കും പ്രചരണമാകുന്നത് വര്‍ഗ്ഗീയതയും വംശീയതുയമാണ്. ദൈവത്തിന്റെ പാ‍ലുകുടി, മറിയം കണ്ണീര്‍ പൊഴിച്ചില്‍, കടല്‍ വെള്ളത്തിന്‍റെ മധുരം എന്ന പ്രചാരണം നടത്തുമ്പോള്‍ അവര്‍ക്കുതന്നെ അറിയാം ഇത് വളരെ പെട്ടെന്നോന്നും വിശ്വസിക്കില്ലെന്നും അതിനു പകരമായി വിലക്കെടുക്കപ്പെട്ട തെളിവുകള്‍ നിരത്തുന്നതും. നിങ്ങളുടെ ശരീരത്തില്‍ ദുര്‍ഗധം ഉണ്ടെന്നും അതിന് നിങ്ങള്‍ ഡിയോഡ്രന്‍റ് ഉപയോഗിച്ചേ പറ്റൂ എന്ന് മുതലാളിത്തം നമ്മെ പഡിപ്പിക്കുന്നു. അതുപോലെ മാര്‍ക്സിസം ഭീകര വാദമാണെന്നും അത് വന്നാല്‍ ജനങ്ങള്‍ക്കൊക്കെ എന്തോവലിയ ആപത്തുണ്ടാകുമെന്നും മാധ്യമങ്ങളിലൂടെ മുതലാളിത്തത്തിന്‍റെ കുട്ടി രാക്ഷസന്‍മാര്‍ ഇന്‍ചക്ട് ചെയ്യുന്നു. എന്നാല്‍ ഇതിനെ യൊക്കെ തരണം ചെയ്ത് കേരളത്തിലും, ബംഗാളിലും, ത്രിപുരയിലും അങ്ങിനെ ഇന്ത്യയിലെ മറ്റുചില സംസ്ഥാനങ്ങളിലും വേരുറപ്പിക്കുന്നത്. അതു കൊണ്ടു തന്നെ യാണ് ഇന്ന് ഇന്ത്യന്‍ ബൂര്‍ഷ്വാ ഭരണവര്‍ഗ്ഗങ്ങളില്‍ ഒരു പിന്തുണ കൊടുക്കുവാ‍ന്‍ പാര്‍ലിമെന്‍ററി സമ്പ്രദായത്തെ ഇഷ്ട പ്പെടാത്ത ഇന്ത്യയിലെ ഭൂരിപക്ഷ മാര്‍ക്സിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചത്.
ഇവിടെ ‘മാര്‍ക്സീയന്‍ പരികല്‍പ്പനകളും നാമും’ എന്നു തലവാചകം കൊടുത്തിട്ട് വിഷത്തില്‍ ഊന്നാതെ മറ്റു വല്ലതും പറയുകയാണ് കല്ലേച്ചി. അതു കൊണ്ടു തന്നെ മറ്റു വിഷയങ്ങള്‍ പ്രതിപാദിക്കേണ്ടി വരുന്നു.

“ഇന്ത്യന് സ്വാതന്ത്ര്യസമരങ്ങളെ മാര്‍ക്സിസം നിരീക്ഷിച്ച രീതിതന്നെ അവരുടെ നിര്ണയന രീതികളുടെ പാളിച്ച തുറന്നു കാണിക്കുന്നുണ്ട്. “
മുകളില്‍ പറഞ്ഞ വാക്യം ആരംഭിക്കുന്ന പരഗ്രാഫില്‍ വാചക കസര്‍ത്തല്ലതെ ഒന്നുമില്ല. ഇന്ത്യന്‍ ബൂര്‍ഷ്വാസികളുടെ കൈയ്യിലേക്ക് അധികാരം കൈമാറ്റപ്പെടുന്നുവെന്ന് മനസ്സിലാക്കിയ മഹാത്മാവ് ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്’ പിരിച്ചു വിടണമെന്ന് അഭ്യര്‍ത്ഥിച്ചു.
അതിനു ശേഷമുള്ള സംഭവങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ‘ആഗസ്ത് പതിനഞ്ചിനെ ‘ ആപത്ത് 15” ആക്കാ‍ന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ തന്നെ ആയിരുന്നു.

മാറ്റങ്ങളുടെ കാറ്റ് എന്നും അംഗീകരിച്ചിട്ടുള്ളതാണ് മാര്‍ക്സിസം. യന്ത്രവല്‍ക്കരണത്തെ ഒരിക്കലും തള്ളിപറഞ്ഞിട്ടില്ല എന്നാല്‍ അത്തരം നീക്കങ്ങളില്‍ അടിസ്ഥാന വര്‍ഗ്ഗങ്ങളെ പാടെ തിരസ്കരിക്കുന്ന നിലപാട് സ്വീകരിച്ചയിടങ്ങളിലൊക്കെയും സമരങ്ങള്‍ നടത്തുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്ത ചരിത്രം നമുക്കു മുമ്പില്‍ ഉണ്ട്. ഇത്തരം പൊള്ളയായ വാദഗതികള്‍ നിരത്തുമ്പോള്‍ അതിനു തക്ക വിശ്വാസ്യതയെങ്കിലും പറഞ്ഞു ഫലിപ്പിക്കേണ്ടിയിരിക്കുന്നു.
മുതലാളിത്യത്തിന്‍റെ മറ്റൊരു ത്ന്ത്രമാണ് “ മാര്‍ക്സിസം തകര്‍ന്നേ എന്നു നിലവിളിക്കുകയും എന്നാല്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നുള്ളത്. അതുകൊണ്ട് തന്നെയാണ് പരമേശ്വരന്‍ അവര്‍കളുടെ ‘നാലാം ലോക സിദ്ധാന്തം’തിരസ്കരിക്കപ്പെടുകയും ചെയ്യപ്പെട്ടത്.
കമ്പ്യൂട്ടറു കളെ മറ്റ് യന്ത്രോപകരണങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി കൈകാരിയം ചെയ്യണം എന്നു പറയുന്നതിലൂടെ വര്‍ഗ്ഗികകരണവും രണ്ടു തരം ആളുകളെ ഉണ്ടാകുകയും ചെയ്യുക എന്ന് അടിസ്ഥാന പ്രശ്നമായിമാറുകയും ചെയ്യുമ്പോള്‍ അവിടെ മുതലാളിത്തത്തിന്‍റെ കടന്നു കയറ്റവും വര്‍ഗ്ഗീകരണവും നടക്കുന്നു.
കല്ലേച്ചി.. ഇന്ത്യന്‍ രാഷ്ട്രീയം താങ്കള്‍ ഒന്നു കൂടെ മനസ്സിരുത്തി ഗ്രഹിക്കേണ്ടിയിരിക്കുന്നു. പല പാ‍രഗ്രാഫുകളും പൊള്ളയായതിനാല്‍ ഈ ലേഖനത്തിന്‍റെ പ്രസക്തി താങ്കള്‍ ഒന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യന്‍ മതേതരത്വത്തിന് മാര്‍ക്സിസ്റ്റ് ചിന്താധാരകള്‍ നല്ല്കിയ വെളിച്ചം നമ്മള്‍ കുറച്ചു കാണുന്നതില്‍ ഒരു പാട് വിഷമമുണ്ട്. ഐതിഹാസമായ പോരാട്ടങ്ങളിലൂടെ കോരന്‍ കൈക്കുമ്പിളില്‍ മാണ്ണും വെളിച്ചവും നല്‍കിയ ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് ചരിത്രം നമുക്കെങ്ങിനെ വിസ്മരിക്കാനാകും?
കുറച്ചു കൂടി കാമ്പോടു കൂടി കാര്യങ്ങള്‍ മനസ്സിലാക്കി എഴുതിയാല്‍ നന്നയിരിക്കും.
അല്ലെങ്കില്‍ മറ്റേതൊരു പൈങ്കിളി എഴുത്തു പോലെ ഒരു നിമിഷത്തെ ഉദ്ധാരണം മാത്രമെ ഉണ്ടാകൂ. അല്ലെങ്കില്‍ താങ്കള്‍ക്ക് സോഷിലസവും മാര്‍ക്സിസവും പിന്നെ കമ്മ്യൂണിസവും താങ്കളില്‍ തിരിച്ചറിയാതെ പോകും.
ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നു മാര്‍ക്സിസത്തിന് ബദലായി ഇന്ന് മുന്നോട്ടു വയ്ക്കാന്‍ മറ്റൊരു സത്യം നമുക്കു മുമ്പില്‍ ഇല്ല. ഉണ്ടെങ്കില്‍ വായനകാരെ, ലേഖന കര്‍ത്താവെ നിങ്ങള്‍ പറയൂ..

Anonymous said...

മാര്‍ക്സിയന്‍ പരികല്‍പനകള്‍ക്കുള്ള കമന്റുകള്‍ക്ക്‌ എനിക്കുള്ള ചില മറുപടികള്‍ മറ്റുചിലര്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇവിടെ എനിക്കു കാര്യമായിതോന്നിയ എല്ലാ കമന്റുകള്‍ക്കും ഒരു മറുപടി കുത്തിക്കുറിക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ആദ്യമായി മൈനാഗന്‍.

മാര്‍ക്സിസ്റ്റുകളുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ മാര്‍ക്സിസ്റ്റുകളുടെ വിമര്‍ശന രീതി കടമെടുത്ത്‌ സാര്‍ ചക്രവര്‍ത്തിയുടെ ഒരു കമന്റ്‌ ഭാവനയില്‍ നിന്ന് നമുക്ക്‌ നിര്‍മ്മിക്കാം. "മാര്‍ക്സിസം, നമ്മുടെ സുന്ദരമായ ഭരണത്തെ തകര്‍ക്കാന്‍ ജര്‍മനിയുടെ കുതന്ത്രം". മാര്‍ക്സ്‌ ഒരു 'ജന്മജര്‍മനായിരുന്നല്ലോ'. ദശലക്ഷക്കണക്കായ സാധാരണക്കാര്‍ മാര്‍ക്സിസത്താല്‍ ആകര്‍ഷിക്കപ്പെട്ടത്‌ അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ പ്രായോഗികത നോക്കിയോ അതേപ്പറ്റിപഠിച്ചോ അല്ല, കോയില്‌ പറഞ്ഞു ഞാന്‍ 'കൊമ്മ്ണിഷ്ടായി' അത്രന്നെ. കൂടാതെ വഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗരാജ്യം അവന്റെ സ്വപ്നങ്ങളിലുള്ള അതേമാതൃകയില്‍ തന്നെയായിരുന്നല്ലോ.
മാര്‍ക്സിസത്താല്‍ ആകര്‍ഷിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ആളുകളുടെ കണക്കെടുക്കുന്നത്‌ ജനാധിപത്യരീതിയില്‍ അതിനുള്ള സ്വാധീനത്തെ കാണിക്കാനേ ഉപകരിക്കൂ. ചര്‍ച്ച അതല്ല. ഇതെത്രമാത്രം "ഇക്കൊഫ്രന്റിലി, യൂസര്‍ഫ്രെന്റ്‌ലി" ആണ്‌, ആയിരുന്നു, ആയിരിക്കും എന്നതാണ്‌. അതായത്‌ ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ പ്രത്യയശാസ്ത്രവും പ്രയോഗശസ്ത്രവും പ്രായോഗികതയും തന്നെയാണ്‌. കൂടാതെ സ്വാതന്ത്ര്യം തുടങ്ങിയവയെ അതെങ്ങനെ ബാധിക്കും എന്നും. അതാണ്‌ "ഇക്കൊ ഫ്രെന്റിലി, യൂസര്‍ഫ്രെന്റ്‌ലി" എന്ന് ഞാന്‍ ഉദ്ദേശിച്ചത്‌.
മൈനാഗന്റെ വിലയിരുത്തല്‍ ഹിറ്റ്‌ലറുടെ തോല്‍വിയും അതില്‍ സ്റ്റാലിനുള്ള പങ്കും അങ്ങനെ സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുണ്ടാകുമായിരുന്ന അവസ്ഥയും വെച്ചുകൊണ്ടാണ്‌. ഇത്‌ ചരിത്രത്തിന്റെ "എങ്കിലുകള്‍"ക്കപ്പുറമുള്ള നിരീക്ഷണമാണെങ്കിലും മാര്‍ക്സിസ്റ്റുകാര്‍ അന്ന് ഇക്കാരണം കൊണ്ടുതന്നെയായിരുന്നോ അതോ തങ്ങളുടെ വര്‍ഗ്ഗസഹകരണം എന്ന അജണ്ടയായിരുന്നോ ഇങ്ങനെ പിന്തുണ നല്‍കുന്നതിനു കാരണമായി അന്ന്‌ 'ഉപശാലകളില്‍' പറഞ്ഞുനടന്നിരുന്നത്‌ എന്നൊരു സ്വയം വിമര്‍ശനം നടത്തേണ്ടതുണ്ട്‌. അന്ന് ആളുകള്‍ക്ക്‌ ഇന്നു പറയുന്ന കാര്യം അതായത്‌ 'ഹിറ്റ്‌ലറുടെ വിജയം' മനസ്സിലാകാതെ പോയത്‌ അന്ന് ഇതു പറയാതിരുന്നതുകൊണ്ടുകൂടിയാണ്‌. അന്ന് ഹിറ്റ്‌ലര്‍ വിജയിക്കും എന്ന് കമ്മ്യൂണിസ്റ്റുകാരന്‍ കണക്കുകൂട്ടാനുള്ള 'വസ്തുനിഷ്ഠ ആത്മനിഷ്ഠ' ഘടകങ്ങള്‍ എന്തൊക്കെയായിരുന്നു? 1941 june 22നാണ്‌ ഹിറ്റ്ലര്‍ USSR ആക്രമിക്കുന്നത്‌. അന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞിരുന്നത്‌ ഇന്നത്തെ അവസ്ഥയില്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ അത്‌ ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ സഹായിക്കലാകും എന്നതാണ്‌. അതായിരുന്നല്ലോ ആഗസ്ത്‌ പതിനഞ്ച്‌ ആദ്യകാലങ്ങളില്‍ ആഘോഷിക്കാതിരുന്നതിനു കാരണം. പില്‍ക്കാലത്തും ഇത്തരം ധാരാളം കമ്മൂണിസ്സ്റ്റനുകൂലന മുദ്രാവക്യങ്ങള്‍ മറ്റു പല രാജ്യങ്ങള്‍ക്കും വേണ്ടി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റുകാരനുവിളിക്കേണ്ടിവന്നിട്ടുണ്ട്‌.
ഇന്ത്യയില്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹ സമരം എങ്ങനേയാണ്‌ ജെര്‍മനിയോടുയുദ്ധം ചെയ്യുന്നതിന്‌ ബ്രിട്ടനെ ക്ഷീണിപ്പിക്കുന്നത്‌? ഇനി വേറെ ചില 'എങ്കിലുകള്‍' നമുക്കുമുണ്ടാക്കാം. ബ്രിട്ടണും റഷ്യയുമടങ്ങുന്ന ശക്തിയെ ഹിറ്റ്‌ലര്‍ തോല്‍പ്പിച്ചിരുന്നെങ്കിലോ? മാത്രമല്ല പില്‍കാല ചരിത്രം ഈ രണ്ട്‌ എങ്കിലുകളേയും തള്ളിക്കളഞ്ഞു. ശരിയായ തീരുമാനം അന്നത്തെ കോണ്‍ഗ്രസ്സിന്റേതായിരുന്നു. അപ്പോള്‍ കമ്മ്യൂണിസ്റ്റുകാരന്റെ കണക്കുകൂട്ടലുകള്‍ എവിടെയാണ്‌ തെറ്റുന്നത്‌? മേല്‍പറഞ്ഞ എങ്കിലുകള്‍ അവരും ചര്‍ച്ച ചെയ്തിട്ടുണ്ടാവുമല്ലോ.
നാം സ്വതന്ത്ര രാജ്യമായി നമ്മുടെ തീരുമാനങ്ങള്‍ക്കനുസൃതമായി മരിച്ചു വീഴുന്നതോ മറ്റൊരാളുടെ തീരുമാനത്തിനുള്ളില്‍ ജീവിക്കുന്നതോ ഏതാണ്‌ ഉത്തമമെന്നതാണ്‌ പ്രശ്‌നം.
ഭിന്നിപ്പിനു മുന്‍പുള്ള കമ്മ്യൂണിസ്റ്റ്‌പാര്‍ട്ടി......
അതുകൊണ്ടുകൂടിയാണ്‌ ആത്മനിഷ്ഠ വസ്തുനിഷ്ഠ സാഹചര്യം നേരത്തെ തന്നെ ഒരുക്കി കിട്ടിയ സംസ്ഥാനങ്ങളിലാണ്‌ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ വേരുപിടിച്ചതെന്നു ഞാന്‍ പറഞ്ഞത്‌. കാരണവന്മാരുടെ തല്ല് എന്നത്‌ ഇവിടങ്ങളില്‍ ബാധിച്ചില്ല. ഇസം മനുഷ്യനു വേണ്ടിയാവണം എന്നതിനു കയ്യടി. ഇനി ഇസം അങ്ങനെ ആവുന്നുണ്ടോ ഇതങ്ങനെ ആകാവുന്നതണോ എന്നാണു നോക്കേണ്ടത്‌.

കൂമന്‍സ്‌
ഹിറ്റ്‌ലര്‍-സ്റ്റാലിന്‍ തീരുമാനങ്ങളുടെ ശരിയും തെറ്റുമല്ല നമ്മുടെ വിഷയം. മറിച്ച്‌ ഇന്ത്യ എന്നൊരു രാജ്യം സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്റെന്‍സിവ്‌ കെയര്‍ യൂണിറ്റില്‍ വെന്റിലേഷനില്‍ കിടക്കുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ അതിനെതിരായി നിന്നു എന്നതാണ്‌. ഇതു കേവലം ക്വിറ്റ്‌ ഇന്ത്യാസമരത്തില്‍ മാത്രമായിരുന്നില്ല. കോണ്‍ഗ്രസ്സുകാര്‍ സ്വാതന്ത്ര്യസമരത്തിനു പോകുന്നതു തടയാന്‍ പലസ്ഥലത്തും റെയില്‍ പാളങ്ങള്‍ തകര്‍ക്കുക തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങളും അവര്‍ സംഘടിപ്പിച്ചിരുന്നു.
"ഈവാദം ബാലിശമായിപ്പോയി" എന്തു കൊണ്ട്‌? ബീഹാറിലും യു. പിയിലും കമ്മ്യൂണിസം വളരാത്തതിന്‌ ഉത്തരം കല്ലേച്ചി പറഞ്ഞിട്ടുണ്ട്‌. "ആത്മനിഷ്ഠ വസ്തുനിഷ്ഠ". കൂടാതെ പെരിങ്ങോടന്‍ അതിനെ കുറച്ചു കൂടി ദൃഡപ്പെടുത്തിയിട്ടുണ്ട്‌.യന്ത്രവത്‌കരണം കുറഞ്ഞ സമയത്തിലും കായികാദ്ധ്വാനത്തിലും കൂടുതല്‍ ഉത്‌പാദനം ഉണ്ടാക്കുന്നു എന്നത്‌ താങ്കള്‍ക്ക്‌ മനസ്സിലാകാതെ പോയത്‌ എന്തുകൊണ്ടാണെന്നെനിക്കറിയില്ല. ഉപകരണണങ്ങളുടെ ഒരു കൂട്ടത്തെയാണ്‌ മാര്‍ക്സ്‌ യന്ത്രങ്ങളായി വിലയിരുത്തുന്നത്‌. ഒരു സമയം ഒരു ഉപകരണം മാത്രം പ്രവര്‍ത്തിപ്പിക്കാവുന്ന തൊഴിലാളിയെ യന്ത്രങ്ങള്‍ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കാവുന്നതിലേക്കുമാറ്റി, അവന്റെ ഉത്‌പന്നത്തിന്റെ ഗുണമേന്മ പൂര്‍വാധികം വര്‍ധിപ്പിച്ചു എന്ന് മാര്‍ക്സ്‌ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്‌, തറികളുടെ ഉദാഹരണത്തിലൂടെ. ഞാന്‍ കായികധ്വാനതിന്റെ കാര്യം പറയുമ്പോള്‍ താങ്കള്‍ സമയത്തിന്റെ ദൈര്‍ഘ്യത്തില്‍ ഊന്നുന്നു.

ബെന്നിയോട്‌ യോജിക്കുന്നു ഗാന്ധി വിമര്‍ശനത്തിനൊഴികെ. ഗാന്ധിയുടെ പ്രാഥമിക അജണ്ട ഇന്ത്യന്‍ സ്വാതന്ത്ര്യമായിരുന്നു. അതു കഴിഞ്ഞുള്ളതിനെപ്പറ്റി അദ്ദേഹം വറീഡായിരുന്നില്ല. ഈ വിമര്‍ശനത്തിനും കമ്മ്യൂണിസ്റ്റുകാരുടെ മറ്റനവധി സമീപനങ്ങള്‍ക്കും മനോഹരമായ ഉദാഹരണം പെരിങ്ങോടന്‍ കൊടുത്തിട്ടുണ്ട്‌. "എതിര്‍ റ്റീമിന്റെ ഗോളി കാരണം......" ഗാന്ധിയെ മനസ്സിലാക്കുന്നതില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ പിഴവു പറ്റിയിട്ടുണ്ടെന്ന് ലോകത്തെ മറ്റു പല കമ്മ്യൂണിസ്റ്റു ചിന്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
കിരണ്‍ തോമസിനോടു യോജിക്കുന്നു. ചരിത്രം കീറിമുറിച്ചതുകൊണ്ടു കാര്യമില്ല എന്നതിനോടൊഴികെ. ചരിത്രം വികലമാക്കപ്പെടുന്നത്‌ ഒരു "കാലഘട്ടമലിനീകരണമാണ്‌". പരിസര മലിനീകരണം പോലെ. ചരിത്രം പ്രത്യയ ശാസ്ത്രങ്ങളുടെ പരീക്ഷണ ശാലയുമാണ്‌. അതില്‍ നിന്ന് പഠിക്കുന്നില്ലെങ്കില്‍ നാം മുന്നോട്ടു സഞ്ചരിക്കുകയില്ല.
അനാര്‍കിസത്തെ പറ്റി ഡാലിയും വിമതനും പരസ്പരം ഏറ്റുമുട്ടേണ്ടതില്ല. രണ്ടാളും മനസ്സിലാക്കിയത്‌ ശരിയാണ്‌.
രാവുണ്ണി.
പഴയകാല കോണ്‍ഗ്രസ്സുകാരായിരുന്നു പില്‍കാല കമ്മ്യൂണിസ്റ്റുകള്‍ എന്നത്‌ അവര്‍ സ്വാതന്ത്ര്യത്തോട്‌ എടുത്ത നിലപാടുകളെ സാധൂകരിക്കുന്നില്ല. ഒരാള്‍ ഒന്നു വിട്ടു മറ്റൊന്നാകുന്നതോടെ ആദ്യത്തേത്‌ അപ്രസക്തമാവുന്നു. കോണ്‍ഗ്രസ്സുകാരേക്കാള്‍ നല്ല കോണ്‍ഗ്രസ്സുകാര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു എന്നത്‌ വിശാലമായ അര്‍ഥത്തില്‍ അംഗീകരിക്കുന്നു. വ്യക്തിപരമായി ആളുകളുടെ നന്മകളും സമൂഹത്തില്‍ അവര്‍ ഇടപെടുമ്പോഴുള്ള നന്മകളും രണ്ടാണ്‌. വ്യക്തിപരമായി വാജ്‌പേയ്‌ നല്ലയാളാണ്‌, നരേന്ദ്രമോഡി നല്ലയാളാണ്‌, പ്രവീണ്‍ തൊഗാഡിയ നല്ലയാളാണ്‌, ഒരു പക്ഷെ ബിന്‍ലാദന്‍ പോലും.
എന്റെ ചര്‍ച്ച ഇതൊന്നുമല്ല മറിച്ച്‌ ഞാനുദ്ദേശിച്ചത്‌ കമ്മ്യൂണിസ്റ്റുകാര്‍ അവരുടെ പ്രത്യയ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എടുക്കുന്ന നിലപാടുകള്‍ തെറ്റുന്നുവെന്നും ഇത്തരം തെറ്റായ തീരുമാനങ്ങളിലൂന്നിയുള്ള സമരങ്ങളിലേക്ക്‌ സാധാരണക്കാരനെ വലിച്ചിഴയ്ക്കുന്നു എന്നുമാണ്‌. അതിനു ഉദാഹരണമായി സ്വാതന്ത്ര്യ സമര നിലപാടുകളും യന്ത്രവത്‌കരണ വിരുദ്ധ നിലപാടുകളും ചൂണ്ടിക്കാട്ടിയതുമാണ്‌.
കണ്ണൂസ്‌
ഏതാണ്ട്‌ ചര്‍ച്ച മാര്‍ക്സിയന്‍ പരികല്‍പനകളില്‍ ഊന്നിത്തന്നെയാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. പിന്നെ താങ്കളുടെ 'യന്ത്രവത്കരണത്തിനെതിരായ സമരങ്ങള്‍....പരമേശ്വരന്റെ പരിശ്രമങ്ങളും' ഇതെനിക്കു മനസ്സിലായില്ല. വ്യക്തമാക്കാമോ?
മറ്റു പാര്‍ട്ടികളുടേ പരാജയങ്ങള്‍ കീറിമുറിക്കാത്തത്‌ കീറിമുറിക്കാന്‍ അവര്‍ക്ക്‌ അങ്ങനെയൊരു പ്രത്യയശാസ്ത്രമില്ലാത്തതുകൊണ്ടാണ്‌.
നേരായ മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ 'ആദ്യം വിയോജനക്കുറിപ്പുകാരന്‍, മുതലാളിത്തപാതക്കാരന്‍, പ്രതിവിപ്ലവകാരി, മാര്‍കിസ്സറ്റിതരന്‍, മാര്‍ക്സിസ്റ്റ്‌ വിരുദ്ധന്‍, ജനവിരുദ്ധന്‍, അവസാനം ജനവഞ്ചകന്‍' ഇതാണ്‌ മാര്‍ക്സിയന്‍ രീതി.

കല്ലേച്ചി പുതുതായി ഒന്നും മുന്നോട്ടു വെയ്ക്കുന്നില്ല. ആനക്കൂടന്‍
"പുതിയതവതരിപ്പിക്കാനല്ല നാം അയയ്ക്കപ്പെട്ടത്‌. പിന്നാലെ മനുഷ്യപുത്രന്‍ ആഗതനാവുമെന്ന വഗ്ദത്വം നല്‍കുവാനത്രെ"
പേരു പരാമര്‍ശിക്കാതെ പോയ എല്ലാവരും എന്റെ വാദങ്ങളെ എന്നേക്കാള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌ എന്നതിനാല്‍ അവകളോട്‌ 90 ശതമാനം യോജിക്കുന്നു. 100 ശതമാനം ഞാന്‍ എന്നോടുതന്നെ യോജിക്കാറില്ല. let alone you

Anonymous said...

ഞാൻ ഇരിങലിന്റെ നീണ്ടലേഖനം കണ്ടു. അതിൽ രണ്ട് കാര്യങൾക്ക് മറുപടി പരയുന്നു. ഒന്ന് കോൺഗ്രെസ്സ് പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞു എന്ന് വർഷങളായി കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. തെറ്റാണിത്. ഇത് നിഷേധിക്കാൻ കോൺഗ്രെസ്സുകാർക്കാവാത്തത് ചരിത്രം പഠിക്കാഞ്ഞിട്ടാണ്. ഗന്ധിജി പറഞ്ഞു. എന്റെ രണ്ട് കാര്യങളിൽ വൈരുധ്യം കണ്ടാൽ അവസാനത്തേതാണു ശരി എന്ന്. ഗാന്ധിജി അവസാനമായി എഴുതിയ “നിർമാണ പ്രവർത്തനങൾക്കുള്ള മുഖവുര“ എന്ന കൃതിയിൽ കോൺഗ്രെസ്സ് എന്നും നില നിൽക്കേണ്ട പാർട്ടിയാണെന്നും ഇന്ത്യ ഇല്ലാതവുമ്പോൾ മതി കോൺഗ്രെസ്സ് ഇല്ലാതാവുന്നതെന്നും പറഞ്ഞു.
രണ്ട്. യന്ത്രവത്കരണം കമ്മ്യൂണിസ്റ്റുപാർട്ടി എതിർത്തില്ല. ഏറ്റവും വലിയ തമാശ. എൻകിലെന്തേ ചവറയിൽ തൊണ്ടു തല്ലുന്ന സ്ത്രീകളുടെ കയ്യിൽ ഇന്നും അവരുടെ മുത്തശ്ശി ഉപയോഗിച്ച തൊണ്ടു തല്ലി തന്നെ കാണുന്നത്?