കണക്കിലെ നാലു ക്രിയകളില്‍ ഹരണം എന്നെ വല്ലാതെ കുഴക്കിക്കളഞ്ഞിരുന്നു. ഒരുപക്ഷെ ഹരണം കണ്ടു പിടിച്ചവര്‍ക്ക് തന്നെ ഇതറിയാമായിരുന്നിരിക്കണം. കാരണം, ഹരണം അവസാനമേ പഠിപ്പിക്കൂ. കണക്കിലെ ക്രിയകളെപ്പറ്റി അപ്പോഴേക്കും നമുക്കൊരു ധാരണയായിട്ടുണ്ടാകും. ഈ ക്രിയ എന്തുകൊണ്ടാണ് ഇത്രയും സങ്കീര്‍ണം എന്ന് എനിക്ക് ഈ അടുത്ത കാലത്താണ് മനസ്സിലായത്. എന്തെങ്കിലും സംശയമുണ്ടോ എന്ന് അധ്യാപകന്‍ ചോദിക്കുമ്പോള്‍ ഉണ്ടാവേണ്ടിയിരുന്ന സംശയങ്ങളായിരുന്നു അവ. അന്നും ഈ സംശയങ്ങളുണ്ടായിരുന്നു. പക്ഷെ, അത് മൂര്‍ത്തമായ രീതിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഭാഷാജ്ഞാനം അന്നുണ്ടായിരുന്നില്ല. അഥവാ അങ്ങനെ ഒന്നുണ്ടായാല്‍ തന്നെ മുപ്പത്തി എട്ടു കുട്ടികള്‍ ഇരിക്കുന്നേടത്ത് ഞാന്‍മാത്രം എഴുന്നേറ്റു നില്‍ക്കുന്നത് ഒരു ഒറ്റപ്പെടലിന്റെ അപകര്‍ഷതാ ബോധം എന്നിലുണ്ടാക്കിയിരുന്നു. അതിനാല്‍ "ചുമ്മായിരിക്കുക" എന്ന തന്ത്രമാണ് അധികവും പരീക്ഷിക്കപ്പെട്ടത്.
നാലു ക്രിയകളെ നാം അപഗ്രഥിക്കുമ്പോള്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയില്‍ ആദ്യത്തെ മൂന്നെണ്ണത്തിനുമില്ലാത്ത ചില പ്രത്യേകതകള്‍ നാലാമത്തേതിനുണ്ടെന്നു കാണാം. സങ്കലനത്തിലും ഗുണനത്തിലും കാണാത്ത ഒരു ചെറിയ പ്രത്യേകത വ്യവകലനത്തിനുമുണ്ടെങ്കിലും അത് പരിഹരിക്കപ്പെടുന്ന ചില പരിഹാരങ്ങളുണ്ടായിരുന്നു. സങ്കലനത്തിലും ഗുണനത്തിലും ചിഹനത്തിനപ്പുറത്തും ഇപ്പുറത്തും വരുന്ന സംഖ്യകള്‍ക്ക് സഥാന ചലനം വന്നാലും ഉത്തരത്തില്‍ മാറ്റമുണ്ടാകുന്നില്ല. ചിഹനത്തിനത്തുറത്തും ഇപ്പുറത്തും വരുന്ന സംഖ്യകള്‍ പരസ്പരം മാറിപ്പോയാല്‍ ഉത്തരം തെറ്റുന്ന ക്രിയ എന്നതാണ് ഹരണത്തിനുള്ള പ്രശ്നം. വ്യവകലനത്തില്‍ ഇങ്ങനെ വരുമ്പോള്‍ ഒരല്‍പം സങ്കീര്‍ണത തോന്നുമെങ്കിലും അത് വലുതില്‍ നിന്ന് ചെറുത് എന്ന ക്രമത്തില്‍ അടുക്കാന്‍ നമുക്ക് പറ്റുന്നുണ്ട്. അതായത് സ്ഥാന നിര്‍ണയനത്തിന് ഒരു രീതിയുണ്ടെന്ന് ചുരുക്കം. ഇത്തരം ഒരു രീതി ഹരണത്തില്‍ എനിക്കിന്നും മനസ്സിലായിട്ടില്ല. ഇങ്ങനെ നല്‍കപ്പെടുന്ന രണ്ടു സംഖ്യകളെ കൃത്യസ്ഥാനത്ത് ഉറപ്പിക്കാനായില്ലെങ്കില്‍ ഉത്തരങ്ങള്‍ തെറ്റും. എന്റെ കണക്കുകള്‍ അതോടെ പിഴയ്ക്കാന്‍ തുടങ്ങി. പരീക്ഷകളില്‍ മൂന്നുമാര്‍ക്കും നാലുമാര്‍ക്കും വാങ്ങിയായിരുന്നു ഓരോ ഹഡിലും കടന്നു കയറിയത്. ഇതെന്നെ ക്രമേണ കണക്കില്‍ നിന്നകറ്റി. എന്തും കാര്യകാരണ ക്രമത്തില്‍ മനസ്സിലാക്കുന്ന രിതിസ്വീകരിച്ചതിനാലാവാം ഈ പരാജയം.
അധ്യാപകരുടെ ചില പ്രയോഗങ്ങളും ചില കാര്യങ്ങള്‍ തെറ്റായി മനസ്സിലാക്കപ്പെടുന്നതിനും സംശയം കൂട്ടുന്നതിനും ഉതകിയിട്ടുണ്ട്. നാം പഠിപ്പിക്കുന്നതിലല്ല സംശയമുണ്ടാകുക കുട്ടി പഠിക്കുന്നതിലാണ്. വഴിപറഞ്ഞുകൊടുക്കുന്ന ഒരാളെ പോലെയാണ് അധ്യാപകന്‍. വഴി പറഞ്ഞുകൊടുക്കുന്ന അധ്യാപകന്‍ എവിടെ നില്‍ക്കുന്നു എന്നും വഴി മനസ്സിലാകേണ്ട വിദ്യാര്‍ഥി എവിടെ നില്‍ക്കുന്നു എന്നും കൃത്യമായി മനസ്സിലാകാത്ത ഒരു അധ്യാപകന് കൃത്യമായി പഠിപ്പിക്കാനാവില്ല. കിഴക്കു നിന്ന് വരുന്ന ഒരാള്‍ക്ക് വഴി പറഞ്ഞുകൊടുക്കുമ്പോള്‍ പടിഞ്ഞാറുനില്‍ക്കുന്ന അധ്യാപകന്‍ ദിക്കിനെ സൂചിപ്പിക്കാതെ ഏതെങ്കിലും ഒരു പോയന്റില്‍ നിന്ന് വലത്തോട്ടു തിരിയുക എന്നുപറഞ്ഞാല്‍ പറഞ്ഞ ആള്‍ തെക്കാണ് ഉദ്ദേശിച്ചതെങ്കിലും വരുന്ന ആള്‍ വടക്കോട്ടു തിരിഞ്ഞിരിക്കും. അപ്പോള്‍ അധ്യാപകന്‍ നില്‍ക്കുന്നത് പടിഞ്ഞാറാണെന്നും താങ്കള്‍ കിഴക്കു നിന്നാണ് വരുന്നതെന്നും അതിനാല്‍ തിരിയേണ്ടത് പ്രസ്തുത പോയന്റില്‍ നിന്ന് ഇടത്തോട്ടാണെന്നും കുട്ടിയോട് പറയണം.
രണ്ടു കാര്യങ്ങള്‍ അറിയാതെ ഒരു ഉത്തരമുണ്ടാക്കുക അസാധ്യമാണ്. അതായത് ആപേക്ഷികമായേ കാര്യങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. കടലില്‍ ഒരു പോയന്റിനെ സങ്കല്‍പിക്കുക നമുക്കെങ്ങനെ അത് മനസ്സിലാക്കാനാവും? അപ്പോള്‍ കൃത്യമായി രണ്ടു രേഖകളെ കണ്ടെത്തേണ്ടതുണ്ട്. രേഖാംശവും അക്ഷാംശവും കൂട്ടിമുട്ടുന്ന പോയന്റ് എന്ന്. എന്നാല്‍ സമുദ്രനിരപ്പില്‍ ഈ പോയന്റില്‍ നിന്ന് ഉയരെ ആണ് നമുക്ക് മനസ്സിലാക്കേണ്ട സ്ഥാനമെങ്കില്‍ വീണ്ടും ചിലത് കണ്ടെത്തേണ്ടതുണ്ട് കൃത്യമായ സ്ഥാന നിര്‍ണയനത്തിന്. ഇങ്ങനെ കൃത്യമായ അപഗ്രഥനത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ ബോധപൂര്‍വമായോ അബോധ പൂര്‍വമായോ ഉള്‍ക്കൊള്ളിച്ച് ആളുകള്‍ നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഉദാഹരണം. ഇസ്രായേല്‍ ലബനനിനെ ആക്രമിക്കുന്നതിന് ബുഷിന്റെ ഇടപെടല്‍ ലബനോന്‍ ഹിസ്ബുല്ലയെ നിലയ്ക്ക് നിര്‍ത്തണം എന്നതാണ്. ഇവിടെ അദ്ദേഹം തികച്ചും തന്റെ ചില അജണ്ടകളെ അടിച്ചേല്‍പിക്കാന്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. അല്ലെങ്കില്‍ അദ്ദേഹം കാര്യങ്ങളെ തെറ്റായി അപഗ്രഥിക്കുക എന്ന അസുഖം പിടിപെട്ട ആളാണ്. രണ്ടാമത്തേതാണ് പ്രശ്നമെങ്കില്‍ ബുഷിനെ ചികിത്സിപ്പിക്കാതെ ലോകസമാധാന ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ല എന്നുവരും. ഹാ കഷ്ടം.
"വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു" എന്ന് അധ്യാപകന്‍ ക്ലാസില്‍ പറഞ്ഞു തന്നതിനെ അങ്ങനെ തന്നെ മനസ്സിലാക്കിയ ഞാന്‍ കരുതിയത് ഒരു ഗ്ലാസില്‍ വെള്ളമെടുത്ത് രണ്ട് വയറും കുത്തിയാല്‍ ബള്‍ബ് കത്തുമെന്നായിരുന്നു. അദ്ദേഹം പറയേണ്ടിയിരുന്നത് "വെള്ളം കൊണ്ട് വൈദ്യുതി ഉത്‌പ്പാദിപ്പിക്കുന്നു" എന്നായിരുന്നു. ഇവിടെ വെള്ളത്തിന്റെ ഗുണമല്ല ശക്തിയാണ് വൈദ്യുതിയെ ഉത്‌പ്പാദിപ്പിക്കുന്നതെന്നും ഈ ശക്തി വേറെ എങ്ങനേയെങ്കിലും നല്‍കിയാലും വൈദ്യുതി ഉത്‌പ്പദിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറയേണ്ടിയിരുന്നു. കേട്ടാല്‍ നിസ്സാരമെന്നുതോന്നാവുന്ന ഇത്തരം ഭാഷാപരമായ തകരാറുകളാണ് കുട്ടികളിലുണ്ടാകുന്ന പഠനപ്രയാസങ്ങള്‍ക്ക് ഒരു കാരണം.
"ദ സ്റ്റോറി ഓഫ് മൈ എക്സ്‌പെരിമെന്റ് വിത്ത് ട്രൂത്ത്" എന്ന ഗാന്ധിയുടെ ആത്മകഥ തര്‍ജ്ജമ ചെയ്തപ്പോള്‍ വന്ന ഒരു ചെറിയ തകരാറ് നമ്മെ കുഴക്കിക്കളഞ്ഞതായി ഞാന്‍ നേരത്തെ എവിടെയോ സൂചിപ്പിച്ചിട്ടുണ്ട്. ഒടുക്കം ഒരു പ്രഭാഷണ മധ്യേ സുകുമാര്‍ അഴീക്കോടാണ് അതിന്റെ തര്‍ജ്ജമ തെറ്റായിട്ടാണ് വന്നതെന്ന് പറഞ്ഞത്. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" അതിന്റെ ശരിയായ തര്‍ജ്ജമയല്ല. ദ സ്റ്റോറി-കഥ, ഓഫ്-ന്റെ, മൈ-എന്റെ, എക്സ്‌പെരിമെന്റ്സ്്- പരീക്ഷണങ്ങള്‍, വിത്ത്- കൊണ്ട്- ട്രൂത്ത്-സത്യം. സത്യം കൊണ്ടുള്ള എന്റെ പരീക്ഷണ കഥ അല്ലെങ്കില്‍ എന്റെ സത്യം കൊണ്ടുള്ള പരീക്ഷണങ്ങളുടെ കഥ എന്നതാണ് ശരിയായ തര്‍ജ്ജമ. "എന്റെ സത്യാന്വേഷണപരീക്ഷണങ്ങള്‍" എന്ന വാചകത്തിലെ അന്വേഷണം എന്ന വാക്ക് "ദ സ്റ്റോറി ഓഫ് മൈ എകസ്‌പെരിമെന്റ്സ് വിത്ത് ട്രൂത്തില്‍" എവിടെയാണ് ഗാന്ധി ഒളിപ്പിച്ചിട്ടുള്ളത് എന്നതായിരുന്നു നമ്മുടെ സംശയം. സത്യം കൊണ്ടുള്ള എന്റെ പരീക്ഷണങ്ങളുടെ കഥ എന്ന തലവാചകം തന്നെ എത്രമനോഹരമായാണ് ഗാന്ധിയുടെ ജീവിതത്തെ, സത്യം എന്നത് ഒരു പരീക്ഷണ വസ്ഥുവായി ഗാന്ധി ഉപയോഗിച്ചിട്ടുള്ളതിനെ ഒക്കെ നമ്മോടു പറയുന്നത്. അതിനെയാണ് തികച്ചും സങ്കീര്‍ണമാക്കി കാര്യമായ ഒരു അര്‍ഥവും നല്‍കാത്ത തര്‍ജ്ജമയാക്കി മാറ്റിയത്.
"ഒന്നും ഒന്നും ഇമ്മിണി ബല്ല്യൊന്ന്" എന്ന് നിരൂപിക്കുന്ന ബഷീറിലെ കുട്ടിത്തവും ഇതേപോലെ ഒരു സംശയത്തിന്റെ വക്കിലാണെന്നുകാണാം. ബഷീറിലെ കുട്ടിയില്‍ ഉത്‌പാദിപ്പിക്കപ്പെട്ട അര്‍ഥത്തിലൊന്നും ഒന്നും ഒന്നും ചേര്‍ന്ന് രണ്ടാകുന്ന ഒരു പ്രതിഭാസവുമില്ല. അദ്ദേഹം കാണുന്ന എല്ലാ കൂടിച്ചേരലുകളും തികച്ചും വ്യത്യസ്ഥമായ മൂന്നാമതൊരെണ്ണമാകുന്ന "വൈരുധ്യാത്മക ഭൌതിക" ഉത്‌പന്നങ്ങളാണ്. ബഷീറിലെ മൌലികചിന്ത കേള്‍ക്കുന്നതിനെ അര്‍ഥമറിയാതെ വിഴുങ്ങാന്‍ കൂട്ടാക്കുന്നില്ല. അതെങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണം അയാള്‍ നടത്തുന്നു. ഞാനറിഞ്ഞേടത്തോളം ഒന്നും ഒന്നും രണ്ട് എന്ന ലളിത സൂത്രവാക്യം അംഗീകരിക്കാനാവാത്ത ഒരു മനസ്സ് ബഷീറില്‍ മരിക്കുന്നതുവരെ ഉണ്ടായിരുന്നു. ഇവിടെ "ചേര്‍ന്നാല്‍, കൂട്ടിയാല്‍" എന്നൊക്കെയുള്ള പദങ്ങള്‍ കുട്ടിയിലുത്‌പാദിപ്പിക്കുന്ന അര്‍ഥത്തെ ഒന്ന് ഇടപെട്ടു തിരുത്തേണ്ടതുണ്ട് അധ്യാപകന്‍.
പലരും പക്ഷെ തങ്ങളേക്കാള്‍ അറിവുള്ളവര്‍ പറയുന്നതിനെ അങ്ങനെ വിഴുങ്ങാറാണ് പതിവ്. "അവരൊക്കെ മഹാന്‍മാര്‍, വലിയ ആളുകള്‍. അവര്‍ക്ക് തെറ്റു പറ്റില്ല" എന്നതരത്തിലുള്ള വിനയം കലര്‍ന്ന ചില മുന്‍വിധികളാണ് ഇങ്ങനെ പാരമ്പര്യകാര്യങ്ങളെ സംശയിക്കുന്നതില്‍ നിന്ന് അവരെ അകറ്റുന്നത്. എനിക്കുമനസ്സിലാകാത്തേടത്തോളം എന്നെ സംബന്ധിച്ച് അത് സംശയം തന്നെയാണ്. ആര് പറഞ്ഞതായാലും ശരി. കാരണം ആരൊക്കെയായാലും അവരുടെ മനസ്സിലാക്കലുകളില്‍ അവരുടെ തലച്ചോറിന്റെ അനിതരസാധാരണതകൊണ്ടോ കുഴപ്പം കൊണ്ടോ ചെറിയ ചെറിയ തകരാറുകള്‍ കടന്നു കൂടാവുന്നതാണ്. ഈ തകരാറുകള്‍ പുനപ്രേഷണം ചെയ്യപ്പെടുമ്പോള്‍ വീണ്ടും തകരാറുകളുണ്ടാകാവുന്നതാണ്. അങ്ങനെ വരുമ്പോള്‍ പഠിക്കേണ്ടതുണ്ട്. ഇത് മെനക്കേടാകുമ്പോള്‍ അത് ശരിയായിരിക്കും എന്നങ്ങു തീരുമാനിക്കുകയാണ്. പിന്നീട് അത് നമ്മെ ശല്ല്യപ്പെടുത്തുകയില്ലല്ലോ? ഇവിടെ രോഗം മാറുന്നില്ല.
ഫലിതം.
ഐന്‍സ്റ്റീന്‍ പ്രസിദ്ധനായി വരുന്ന കാലത്ത് അദ്ദേഹത്തിന് തന്റെ രണ്ടു് ആപേക്ഷിക സിദ്ധാന്തങ്ങളേപ്പറ്റിയും നിരന്തരമായി പല യൂണിവേഴ്സിറ്റികളിലും ധാരാളം ക്ലാസുകള്‍ എടുക്കേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ നിരന്തരം ഈ പ്രഭാഷണം കേട്ടുപഠിച്ച അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒരിക്കല്‍ പറഞ്ഞു.
"സര്‍, ഇന്ന് താങ്കള്‍ ക്ലാസെടുക്കുന്നിടത്ത് ആരും താങ്കളെ നേരിട്ട് കണ്ടിട്ടില്ല. ഇത്രയും കാലത്തെ പരിചയം കൊണ്ട് താങ്കളുടെ പ്രഭാഷണം ഉരുവിടുന്നതിന് എനിക്ക് വലിയ പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. തത്തമ്മേ പൂച്ച, പൂച്ച. അതിനാല്‍ ഇന്ന് നമുക്ക് ഇവരെയൊന്നു പറ്റിക്കാം. ഞാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, താങ്കള്‍ അയാളുടെ ഡ്രൈവര്‍"
ഐന്‍സ്റ്റീന്‍ സമ്മതിച്ചു "പക്ഷെ, ഒരു നിബന്ധന. നാം പ്രഭാഷണം നടത്തുന്നത് ഈ വിഷയത്തിലെ പ്രഫസര്‍മാരോടാണ്. അതിനാല്‍ ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ ശ്രമിക്കരുത്"
അവര്‍ പരസ്പരം അവരുടെ വേഷങ്ങള്‍ മാറി. യോഗ സ്ഥലത്ത് ഡ്രൈവര്‍ കാര്യമായി സ്വീകരിക്കപ്പെട്ടു. ഐന്‍സ്റ്റീനെ ആരും ഗൌനിച്ചില്ല. പ്രഭാഷണം സാമാന്യം തരക്കേടില്ലാതെ നടത്തി. പ്രഭാഷണ ശേഷം കേള്‍വിക്കാരുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ് ഒരു ചോദ്യം ചോദിച്ചു. അതിന് വളരെ നിസ്സാരമായി ഐന്‍സ്റ്റീന്‍-ഡ്യൂപ്ലിക്കേറ്റ്- ഇങ്ങനെ മറുപടി പറഞ്ഞു.
"ഇത്ര നിസ്സാരമാണോ ചോദ്യം. ഇതിന് മറുപടി പറയാന്‍ എന്റെ ഡ്രൈവര്‍ മതി"
Monday, August 07, 2006
Subscribe to:
Post Comments (Atom)
7 comments:
നല്ല ലേഖനം, കല്ലേച്ചീ. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിലെ ചില വൈകല്യങ്ങളിലേക്കു് ഇതു വിരല്‍ ചൂണ്ടുന്നു.
പക്ഷേ ഇതു പൂര്‍ണ്ണമല്ല. ഇനിയും ഒരുപാടു് എഴുതാണുണ്ടു് ഇതേപ്പറ്റി. ഇനിയും എഴുതും എന്നു വിശ്വസിക്കുന്നു.
ഹരണം നാലു ഗണിതക്രിയകളിലും വച്ചു് ഏറ്റവും ബുദ്ധിമുട്ടുള്ളതു തന്നെയാണു്. അതിനു് എന്റെ ഒരു വിശദീകരണം ഇവിടെ വായിക്കാം.
വളരെ നല്ല ലേഖനം. ഉമേഷ്‌ജി പറഞ്ഞതുപോലെ കുറച്ചും കൂടി എഴുതാമായിരുന്നു എന്ന് തോന്നുന്നു.
പഠിപ്പിക്കുന്നത് പഠിക്കുക, പരീക്ഷയ്ക്ക് വേണ്ടി പഠിക്കുക എന്നതായിരുന്നു പഠനകാലങ്ങളിലുള്ള നയം. അത് വളരെയേറെ പ്രശ്‌നങ്ങളുണ്ടാക്കി. അനലോഗും ഡിജിറ്റലും വളരെ ലളിതമായി സീയെസ്സ് വിശദീകരിച്ചപ്പോളാണ് അത് അങ്ങിനെയും പഠിക്കാമായിരുന്നു എന്ന് മനസ്സിലായത്.
അദ്ധ്യാപകരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എങ്ങിനെ ശരിയായ രീതിയില്‍ പഠിപ്പിക്കണം എന്നുള്ള ഒരു പരിശീലനം അവര്‍ക്ക് കിട്ടുന്നില്ല. പിന്നെ വളരെ മഹത്വമുള്ള ഒരു ജോലിയാണ് അദ്ധ്യാപനം എന്നുള്ള ചിന്തയുടെ അഭാവവും.
പല അധ്യാപകരുടെയും വളരെയധികം വിദ്യാര്‍ഥികളുടെയും ഇഷ്ട രീതിയാണ് ചോദ്യോത്തര രീതിയിലുള്ള പഠനം. ‘പരിണാമം എന്നാലെന്ത്?’ 'പരിണാമസിദ്ധാന്തത്തിന്റെ ഉപ്ജ്ഞാതാവ് ആര്‍?' 'ഡാര്‍വിന്റെ സിദ്ധാന്തമാണ്‍ ----(ഡാഷ്)', '---ന്റെ സിദ്ധാന്തമാണ്‍ പരിണാമം', 'ഡാര്‍വിന്റെ --- ആണ് പരിണാമം' എന്നു തുടങ്ങി ഒരായിരം ചോദ്യോത്തരങ്ങള്‍ മാത്രം പഠിച്ചിറങ്ങുന്ന ധാരാളം കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍.
ഇനി ഗണിതമാണെങ്കിലോ അതിനും വഴിയില്ല. അതിനാണ് ചോദ്യാവലിയില്‍ വലിയ വലിയ സമവാക്യങ്ങളുടെ നിര്‍ദ്ധാരണവും മറ്റും കാണാതെ പഠിക്കേണ്ടത്. സത്യം പറയാമല്ലോ. (ഉ)സ്കൂള്‍ കുട്ടികളെ കാണുമ്പോള്‍ “പാവങ്ങള്‍” എന്നു തോന്നാറുണ്ട്.
അത്യുഗ്രന്‍!
കല്ലേച്ചി പുതിയ പാഠ്യ പദ്ധതി ഈ പ്രശ്നങ്ങളൊക്കേ ഒരു പരിധി വരേ അതിജീവിക്കുന്നുണ്ട് . നമ്മുടെ കാലത്തേക്കാള്‍ വിദ്യാഭ്യാസ രീതികള്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ ഏത് രീതിയിലുള്ള സംശയവും ഒരു അപകര്‍ഷതാ ബോധവും കൂടാതേ ചോദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്ന ഒരു സാഹചര്യം സര്‍ക്കാര്‍ , എയ്ഡഡ് വിദ്യാലയങ്ങളിലെങ്കിലും നിലവിലുണ്ട്.
കല്ലേച്ചീ നമസ്കാരം. നാട്ടില്‍ ഇപ്പോഴത്തെ സ്റ്റേറ്റ് സിലബസ്സ് കുറച്ച് പ്രതെക്ഷയ്ക്ക്` വക നല്‍കുന്നുണ്ട്. നമ്മള്‍ പഠിച്ചപോലെയല്ല ഇപ്പോള്‍. കുട്ടിയെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് “സര്‍വ്വ ശിക്ഷാ അഭിയാന്‍”(എസ്.എസ്.എ)സിലബസ്സ്. പക്ഷെ അവിടേയും ടീച്ചര്‍മാറ് അവസരത്തിനൊത്ത് ഉയരണം. ധാരാളം വര്‍ക്ഷോപ്പുകളും ട്രെയിനിങുകളും അവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. 5-6 ലക്ഷം കൊടുത്തുകയറിയ ടീച്ചര്‍മാര്‍ക്ക് അത്പ്രയോഗിക്കിക്കാനുള്ള സന്മനസ്സ് വേണം. പുതിയരീതിയിലും തെറ്റുകള്‍ ഇല്ലാ എന്നല്ല പറയുന്നത് വളരെ ഭേദമാണ് എന്നാണ്. ബാക്കിയെല്ലാം പത്തിപ്പിക്കുന്ന ടീചര്‍മാരുടെയും രക്ഷിതാക്കളുടെയും കഴിവ് അത്രതന്നെ. -സു-
പുതിയ രീതികള്‍ വിദ്യാഭ്യാസത്തില്‍ വരുന്നുണ്ട്.പക്ഷെ അതെല്ലാം നടപ്പില്‍ വരുത്താനുള്ള കഴിവ് അദ്ധ്യാപകര്‍ക്കും സ്വീകരിക്കാനുള്ള കഴിവ് മാതാപിതാക്കള്‍ക്കും വേണം
Post a Comment