Thursday, August 03, 2006

സൌദി അറേബ്യയിലെ സിനിമ

സൌദി അറേബ്യയില്‍ കഴിഞ്ഞദിവസം സിനിമ പ്രദര്‍ശിപ്പിച്ചത്‌ വാര്‍ത്തയായിരുന്നു. ഇതൊരു മുഴുനീള ചിത്രമൊന്നുമായിരുന്നില്ല മറിച്ച്‌ ചെറിയ ചില ഡോക്ക്യുമെന്‍റ്റികള്‍ മാത്രം. അതും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രമുഖവ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഒരു വലിയ ടെലിവിഷന്റെ അത്രയും വരുന്നു ഒരു സ്ക്രീനില്‍. എന്നാല്‍ ഇതിന്‌ നിയമത്തിന്റെ അനുമതിയുണ്ടായിരുന്നു. മാത്രമല്ല ഇനിയങ്ങോട്ടുള്ള സൌദി അറേബ്യന്‍ സിനിമയുടെ ആദ്യചുവടുവെപ്പുകളുമാണിത്‌ എന്നതിനാല്‍ ചരിത്രപ്രാധാന്യമുണ്ട്‌ ഈ പ്രദര്‍ശനത്തിന്‌. ഇത്തരുണത്തില്‍ പണ്ട്‌ ഞങ്ങള്‍ ഒരു ടെലിഫിലിം എടുക്കുന്നതിന്‌ ഇവിടെ അനുഭവിച്ച ദുരിതങ്ങള്‍ ഓര്‍ത്തുപോകുന്നു. സിനിമ എന്ന അത്ഭുദം മനുഷ്യന്റെ കൈവശം വന്നത്‌ 19 ആം നൂറ്റാണ്ടിലാണ്‌. ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു സിനിമയ്ക്ക്‌ ഈ മണ്ണില്‍ പ്രവേശിക്കാന്‍.

സിനിമ ഫോട്ടോഗ്രാഫിയുടെ വികസിത രൂപമായിരുന്നു. അതിനാല്‍ പൊതുസ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിന്‌ നിരോധനമുള്ള ഒരു രാജ്യത്ത്‌ സിനിമ എന്നത്‌ അത്ര എളുപ്പമല്ല. ഇന്ന്‌ രാജകല്‍പന വന്ന ദിവസം കൂടിയാണ്‌. പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനുള്ള വിലക്ക്‌ നീക്കിക്കൊണ്ടുള്ള കല്‍പന. ഫോട്ടോഗ്രാഫിയും 9 ആം നൂറ്റാണ്ടിന്റെ സംഭാവനയാണ്‌.

പണ്ടൊക്കെ എന്റെ നാട്ടിലെ പല മുസ്ലിംഗളും വിമര്‍ശിക്കപ്പെട്ടിരുന്നു ഫോട്ടോ എടുത്തു എന്ന കാരണത്തിന്‌. അവന്‍ കള്ളു കുടിക്കും പെണ്ണു പിടിക്കും ശീട്ടുകളിക്കും സിനിമകാണും ഫോട്ടോ എടുക്കും. പക്ഷെ രാജ്യത്തെ നിയമം ഫോട്ടോ ഒരു തെളിവായും രേഖയായും സ്വീകരിക്കാന്‍ തുടങ്ങുകയും പാസ്പോര്‍ട്ടുകള്‍ക്കും മറ്റും അത്‌ അത്യാവശ്യമാക്കുകയും ചെയ്തതോടെ പല മുത്തവമാര്‍ക്കും ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമായി. ഈ അടുത്ത കാലത്തും വിവാഹങ്ങളിലെ വീഡിയോ പിടുത്തത്തിനെതിരെ പലസ്ഥലങ്ങളിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്‌. ചില സുന്നി മൌലവിമാര്‍ വീഡിയോക്കെതിരായി രംഗത്തു വരികയുമുണ്ടായി. അവരുടെ തന്നെ ധാരാളം വീഡിയോകള്‍ അവര്‍ക്കെതിരായി തെളിവായി ഹാജരാക്കുകയും ചെയ്തതോടെ അത്തരം വിമര്‍ശനങ്ങള്‍ അവസാനിക്കുകയായിരുന്നു. ഇപ്പോഴും ചില സ്ഥലങ്ങളിലൊക്കെ ചിലയാളുകള്‍ക്ക്‌ ഇത്തരം ഹാലിളക്കങ്ങളുണ്ടാകാറുണ്ട്‌.

സ്ത്രീകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നതും ബിംബാരാധനയ്ക്ക്‌ പ്രചോദനമാകും എന്നതുമൊക്കെയാണ്‌ ഈ വിരോധത്തിന്റെ കാതല്‍. ബിംബാരാധനയിലേക്ക്‌ കേവലം ഒരു ചിത്രമോ ബിംബമോ പ്രചോദനമാകുമെങ്കില്‍ അതിനര്‍ഥം ഇസ്ലാമിക ക്ലാസുകള്‍ ശരിയാവുന്നില്ല എന്നാണ്‌. കൂടാതെ കേവലം ഒരു ബിംബം കൊണ്ടു തകരുന്ന വിശ്വാസമാണെങ്കില്‍ പോട്ടെ എന്നു കരുതണം. ആയിരക്കണക്കിന്‌ ബിംബങ്ങള്‍ പലതരത്തില്‍ ആരാധിക്കപ്പെടുന്നത്‌ ദിവസവും കാണുന്നവരാണ്‌ ഇന്ത്യന്‍ മുസ്ലിംഗള്‍. അവരില്‍ എത്രപേര്‍ ബിംബത്തെ ആരാധിക്കുന്നുണ്ട്‌? മൌലവിമാര്‍ ആദ്യം ചെയ്യേണ്ടത്‌ തങ്ങളുടെ ജനങ്ങളില്‍ വിശ്വാമര്‍പ്പിക്കുക എന്നതാണ്‌. ആരെയും വിശ്വസിക്കാതെ ദൈവത്തെ എങ്ങനെ വിശ്വസിക്കും? ദൈവവിശ്വാസത്തിന്‌ മറ്റുള്ളവരെ സംശയിക്കുന്നതെന്തിന്‌?

ഇനി സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നത്‌.
അത്‌കൊണ്ട്‌ എന്താണ്‌ തകരാറ്‌? കറുത്ത വസ്ത്രത്തിനുള്ളില്‍ ഇവരെ പൊതിയുമ്പോള്‍ അങ്ങനെ നിങ്ങള്‍ക്ക്‌ ജനമധ്യത്തില്‍ വരാമെന്നൊരു സ്വാതന്ത്ര്യം പ്രവാചകന്‍ അനുവദിച്ചിരുന്നു. അതുപോലും നിഷേധിക്കപ്പെടുന്നത്‌ ക്രൂരതയാണ്‌. സമൂഹത്തിലെ പത്തുശതമാനം പേര്‍ തെറ്റുചെയ്യുന്നവരായുണ്ടാകാം. സ്വന്തം സഹോദരിയുടെ ചിത്രംപോലും അനാവശ്യാമയി നോക്കി രസിക്കുന്നവരും കാണും. എന്നുകരുതി കേവലം ഒരു ചിത്രം കാണുമ്പോഴേക്കും ഹാലിളകുന്നവരാണോ എല്ലാവരും? അവരെ പേടിച്ച്‌ ചിത്രപ്രദര്‍ശനം നിരോധിക്കുന്നത്‌ എലിയെപേടിച്ച്‌ ഇല്ലം ചുടുംപോലെ വ്യര്‍ഥമാണ്‌. അല്ലെങ്കില്‍ ആര്‍ക്കാണ്‌ സ്ത്രീചിത്രങ്ങളില്‍ ഇത്രയധികം താല്‍പര്യം? സ്ത്രീകളുമായി അടുത്തിടപഴകാനവസരം ലഭിക്കാത്തവര്‍ക്ക്‌ കാണുമായിരിക്കും.

നമുക്ക്‌ ഇനി ഈ ജനതയേയും ഇവരുടെ പുറത്തുള്ളവരേയും വിലയിരുത്താം. സിനിമ, ഫോട്ടോഗ്രാഫി എന്നിവ പാടില്ല, ഹറാമാണ്‌ എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാവുന്ന അത്രയും പിടിച്ചു നിന്നവരാണിവര്‍. എന്നാല്‍ മറ്റു ജനവിഭാഗങ്ങള്‍ ഈ കണ്ടു പിടുത്തത്തിന്റെ ഓരോ ഘട്ടത്തിലും അതിന്റെ കൂടെ നടന്ന്‌ അതിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ സംഭാവനകള്‍ തങ്ങളാലാവും വിധം നല്‍കുകയും അതാതുകാലഘട്ടങ്ങളില്‍ അതിന്റെ ഗുണവശങ്ങള്‍ അനുഭവിക്കുകയും ചെയ്തവരാണ്‌. അവര്‍ ഇന്ന്‌ സിനിമയുടെ ഏറ്റവും പുതിയ കണ്ടു പിടുത്തങ്ങളിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. ഇവരുടെ കാഴ്ച്ചപ്പാടില്‍ അവര്‍തെറ്റുകാരും ഇവര്‍ ശരിയുടെ പക്ഷത്തു നില്‍ക്കുന്നവരുമായിരുന്നു. ഇന്ന്‌ അവരുടെ ശരികള്‍ ഇവര്‍ പകര്‍ത്തുകയാണ്‌. അപ്പോള്‍ ഇവരേക്കാള്‍ ബുദ്ധിശാലികള്‍ അവരാകുന്നു. അപ്പോള്‍ അത്രയും കാലം ഫോട്ടോഗ്രാഫിയില്‍ നിന്നു ലഭിക്കുന്ന ജ്ഞാനം, അക്കാലയളവില്‍ ഇതിന്റെ ഭാഗമാവാതെ മരിച്ചുപോയ നിരവധി പ്രതിഭകളുടെ കഴിവ്‌ ഉപയോഗിക്കാനാവാതിരിക്കല്‍, നിരവധി ചരിത്ര മുഹൂര്‍ത്തങ്ങളുടെ തിരുശേഷിപ്പുകള്‍ ലഭിക്കാതിരിക്കല്‍, ഫോട്ടോയെ ഒരു ഭാഷയായും കലയായും ഉപയോഗിക്കാനാവാതിരിക്കല്‍ തുടങ്ങിയ നഷ്ടം അങ്ങനെ നോക്കുമ്പോള്‍ വന്‍ നഷ്ടം തന്നെയാണ്‌. ഇപ്പോഴും ഇവിടെ വരുന്ന മാഗസിനുകളിലും പത്രങ്ങളിലുമുള്ള ചിത്രങ്ങളില്‍ പെയിന്റ്‌ വീഴുന്നുണ്ട്‌.

ഈ നഷ്ടങ്ങളെ കാലികമായി മനസ്സിലാക്കുകയും അവയെ കൂടുതല്‍ നഷ്ടങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കാതിരിക്കുകയും ചെയ്യുന്നതിന്‌ പുതിയ ഭരണകൂടം കാണിച്ച ധൈര്യം പ്രശംസനീയമാണ്‌.

ഫലിതം

പഞ്ചാബിയും ബംഗാളിയും തങ്ങളുടെ നാട്ടുകര്‍ക്ക്‌ സ്വാതന്ത്ര്യ സമരത്തിലുള്ള പങ്കിനെപറ്റി തര്‍ക്കിക്കുകയായിരുന്നു. ഒടുക്കം അവരൊരു തീരുമാനത്തിലെത്തി. ഒരാള്‍ ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ പേരുപറഞ്ഞാല്‍ മറ്റേയാളുടെ താടിയില്‍ നിന്ന്‌ ഒരു രോമം പറിക്കും.
ബംഗാളി, "ബൊങ്കിം ചൊന്ദ്രചാറ്റര്‍ജി" ഒരു രോമം പഞ്ചാബിക്ക്‌ നഷ്ടം. ഒന്നേ പൂജ്യം.
പഞ്ചാബി "ഭഗത്‌ സിംഗ്‌, തൂം പൈചാണാ" ബംഗാളിക്ക്‌ ഒരു രോമം നഷ്ടം. ഒന്നേ ഒന്ന്‌
ബംഗാളി "റൊബീന്ദ്രനാഥ്‌ ടോഘൂര്‍" രണ്ടേ ഒന്ന്‌
ഇതിനുശേഷം പഞ്ചാബി ഒരു പേരു പറഞ്ഞു പിന്നെ ബംഗാളി, കളി തുടര്‍ന്നു കൊണ്ടിരുന്നു. രോമം വീണുകൊണ്ടിരുന്നു. സ്കോര്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ പഞ്ചാബിക്കുത്തരം മുട്ടുമെന്നായപ്പോള്‍ അയാള്‍ ബംഗാളിയുടെ താടിമൊത്തമായിട്ട്‌ പിടിച്ചു വലിച്ചു. ഉറക്കെ വിളിച്ചു പറഞ്ഞു
"ജാലിയന്‍ വാലാ ബാഗ്‌"

4 comments:

paarppidam said...

its a good news

അഡ്വ.സക്കീന said...

സൌദിയില്‍ സിനിമയുണ്ടായത് നന്നായി.
നൂതനാശയങ്ങളെ അവര്‍ അംഗീകരിച്ചുതുടങ്ങിയല്ലോ.
ഇതിന്ടെ പേരില്‍ മൌലവിമാരെ കുറ്റം പറഞ്ഞോളൂ
രണ്ട് കൊടുത്താലും തരമില്ല.
കാന്തപുരത്തെ പോലുള്ളവരെയാണെങ്കില്‍ ഞാനും കൂടിയേനേ.
പക്ഷേ ആരേയും വിശ്വസിക്കാത്ത ദൈവത്തെ വിശ്വസിക്കുന്നതെന്തിന്
ഈ ചോദ്യം അല്‍ പ്പം കടന്നുപോയില്ലേ
താങ്കളുടെ വിശ്വാസം ഏതാണെന്നറിയില്ല.
ആരേയും വിശ്വസിക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ടല്ലേ
ദൈവം ദൈവമാകുന്നത്

സില്‍ ക്ക് സ്മിതയ്ക്കും ഷക്കീലമുള്ളത്ര ആരാധകര്‍
നാട്ടിന്‍ പുറത്തെ ഒരു പെണ്‍ കുട്ടിക്കുണ്ടോ?
സൌന്ദര്യത്തെയല്ല, തുറന്നു കാട്ടുന്നതാണിവിടെ
ആരാധിക്കപ്പെടുന്നത്
ഈ നിയമം ഏകീകരിക്കപ്പെടാനാവാശ്യപ്പെടാന്‍
നമുക്കര്‍ ഹതയുണ്ടോ?

Anonymous said...

മൌലവിമാര്‍ ആദ്യം ചെയ്യേണ്ടത്‌ തങ്ങളുടെ ജനങ്ങളില്‍ വിശ്വാമര്‍പ്പിക്കുക എന്നതാണ്‌. ആരെയും വിശ്വസിക്കാതെ ദൈവത്തെ എങ്ങനെ വിശ്വസിക്കും? ദൈവവിശ്വാസത്തിന്‌ മറ്റുള്ളവരെ സംശയിക്കുന്നതെന്തിന്‌?
...സൌദികള്‍ക്ക് അവനവനെതന്ന്നെ വിസ്വാസമില്ല പിന്നല്ലെ ജനങളെ. ആങ്ങളയെയും പെങ്ങ്ങളെയും തനിചചാക്കി വീടിനകത്തിരുത്താറില്ല ഇവര്‍. ഇവരുടെ നാറിയ കഃകള്‍ പുറം ലോകത് അറിയാറില്ലെന്നതാണ് സത്യം.

Anonymous said...

മൌലവിമാര്‍ ആദ്യം ചെയ്യേണ്ടത്‌ തങ്ങളുടെ ജനങ്ങളില്‍ വിശ്വാമര്‍പ്പിക്കുക എന്നതാണ്‌. ആരെയും വിശ്വസിക്കാതെ ദൈവത്തെ എങ്ങനെ വിശ്വസിക്കും? ദൈവവിശ്വാസത്തിന്‌ മറ്റുള്ളവരെ സംശയിക്കുന്നതെന്തിന്‌?
...സൌദികള്‍ക്ക് അവനവനെതന്ന്നെ വിസ്വാസമില്ല പിന്നല്ലെ ജനങളെ. ആങ്ങളയെയും പെങ്ങ്ങളെയും തനിചചാക്കി വീടിനകത്തിരുത്താറില്ല ഇവര്‍. ഇവരുടെ നാറിയ കഃകള്‍ പുറം ലോകത് അറിയാറില്ലെന്നതാണ് സത്യം.