Saturday, July 29, 2006

പ്രണയം, ജീവിതത്തിന്റെ വസന്തകാലം.

പ്രണയമുണ്ടാവുക എന്നത്‌ ജീവിതത്തിന്റെ വസന്തകാലമാണ്‌. ഓരോ ചില്ലകളും അപ്പോള്‍ പൂവിടും. അടിയിലെ പുല്‍നാമ്പുകള്‍ മഞ്ഞുതുള്ളിയുടെ വൈഡൂര്യക്കമ്മലിടും. സുഗന്ധവും നിറവും വഹിച്ച്‌ മനസ്സിലെ താഴ്‌വരകളില്‍ ഇളംകാറ്റു വീശും. പൂമ്പാറ്റകള്‍ മധു തേടും. മന്‍മഥന്‍ സര്‍വായുധ വഭൂഷണനായി അഞ്ചാവനാഴികളിലും ശരങ്ങള്‍ നിറയ്ക്കും.

എന്നാലിങ്ങനെ ഒരവസ്ഥയുണ്ടാക്കാനുള്ള കഴിവ്‌ എന്റെ വരണ്ടഭൂമികയായ മനസ്സിനില്ല. അവിടെയും പുഷ്പ്പങ്ങളുണ്ടാവാറുണ്ട്‌. "ഗന്ധമെഴാത്തവ, വര്‍ണ്ണമെഴാത്തവ" തീണ്ടാനാഴിപ്പൂവുകള്‍, കള്ളിമുള്‍പ്പൂവുകള്‍. പ്രേമിക്കുന്നവരോടെനിക്ക്‌ അടങ്ങാത്ത അസൂയയാണ്‌. അതും കാലം തെറ്റിയെങ്കില്‍ അത്യഗാധമായ അസൂയ. ഈ ഒരു അവസ്ഥ തലച്ചേറിന്റെ ഏതെങ്കിലും ഭാഗത്തിന്റെ പ്രത്യേകമായ ചില ചേരുവകള്‍ കൊണ്ടുണ്ടാകു`താവാം.എന്റെ സമൂഹത്തില്‍ ഒരുകാലത്ത്‌ പ്രേമം ക്രിമിനല്‍ കുറ്റമായിരുന്നു. അവിടെ എല്ലാകാര്യങ്ങളിലും മേലെ നിന്നുള്ള ഒരു നിയന്ത്രണം, ഒരു തെരഞ്ഞെടുത്ത്‌തരല്‍ തുടങ്ങിയവ നിലനിന്നിരുന്നു. പെണ്‍കുട്ടികളേയാണ്‌ മറ്റൊല്ലാ നിയന്ത്രണങ്ങളിലുമെന്നപോലെ ഇതും ബാധിച്ചത്‌. ഈ ഒരു കാര്യത്തിന്‌ ഒരു കൈ മാത്രം അടിച്ച്‌ ശബ്ദമുണ്ടാക്കാനാവാത്തതിനാല്‍ പലരും അനാഥപ്രേതങ്ങളായി അലഞ്ഞു തിരിഞ്ഞു.

എനിക്കൊരു സുഹൃത്തുണ്ട്‌. ഒരു തരം കാസിനോവ ഇഫക്ടുള്ള ഒരാള്‍. ഞാനയാളെ നമിക്കുന്നു. ഒരു പ്രേമമുണ്ടാവുക എന്നു പറയുന്നത്‌ അയാളെ സംബന്ധിച്ചിടത്തോളം അയത്നലളിതമായൊരു കാര്യമാണ്‌. അയാളുടെ എല്ലാ പ്രണയങ്ങളെപ്പറ്റിയും പ്രതിപാദിക്കുക വിഷമകരമാണ്‌ ഒരെണ്ണം ഉദാഹരിക്കാവുന്നതാണ്‌. വിദ്യാസമ്പന്നയും സുന്ദരിയും ധനാഡ്യയും "ചന്ദൃകാ" സമാനയുമായ ഒരു നാല്‍പതുകാരിയാണ്‌ കഥാനായിക. ഭര്‍ത്താവു മരിച്ച ഈ സ്ത്രീയെ വെറുതെ തന്റെ അനുശേചനമറിയിക്കുന്നതില്‍ നിന്നായിരുന്നു തുടക്കം. അതിനു പ്രത്യുപകാരമായി "ഇതുപോലെ ആരും എന്നെ അനുശോചനമറിയിച്ചിട്ടില്ല, നന്ദി" എന്നു പറയുന്നതിനൊരു വിളി. പിന്നെ മറുവിളി, വീണ്ടുമൊരു വിളി, മറുവിളി.............ഇപ്പോഴാണെനിക്ക്‌ ജീവിക്കണമെന്നു തോന്നുന്നത്‌. ഈ വിളികളില്‍ ഞാനൊരിക്കലുമറിഞ്ഞിട്ടില്ലാത്ത ജീവിതത്തിന്റെ സുഗന്ധങ്ങളറിയുന്നു. ഇന്നലെവരെ വെടിമരുന്നിന്റെ ഗന്ധമുള്ള നരച്ച സായാഹ്നങ്ങളായിരുന്നു. ഇന്ന്‌ മുല്ലയും ഇലഞ്ഞിയും പാലയും പൂത്തപോലെ. ടെലിഫോണ്‍ മണിയല്ല ശ്രീ കോവിലിലെ ദേവസാനിധ്യമാണെനിക്കോരോ ഫോണ്‍ നാദവും കൊണ്ടുവരുന്നത്‌. അതീന്ദൃയമായി നിന്റെ സാനിധ്യം അതെന്നെ അറിയിക്കുന്നു. എല്ലാം വെറുതെയാവാം, എങ്കിലും ഞാന്‍ പ്രേമിക്കുന്നു.

എന്തൊക്കെയായാലും ഒരാള്‍ക്ക്‌ ജീവിക്കാനുള്ള കാരണമാകുന്ന ഒരു സ്വപ്നമായി, സാന്ദ്വനമായി അയാള്‍ മാറിയിരിക്കുന്നു. നല്ലത്‌. ഒരു ജന്‍മം തന്നെ സഫലമാവുകയാണ്‌. അതിനാല്‍ തന്നെ ഈ പ്രണയത്തെ ദൂരെ നിന്നു നോക്കിക്കാണുന്നതിലുപരി ഞാനെപ്പോഴും പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

ചിലരുണ്ട്‌. പ്രേമമവര്‍ക്കുണ്ടാവാം. "പ്രസവമേലാത്തൊരമ്മതന്‍മാറിലെ, പ്രകടമാവാത്ത വെണ്‍മുലപ്പാലുപോല്‍" പ്രണയമുണ്ടായിട്ടെന്തു കാര്യം? അത്‌ തീര്‍ച്ചയായും മറ്റൊരാളിലേയ്ക്ക്‌ പടര്‍ന്നു കയറേണ്ടതുണ്ട്‌. നേരെ നേരെ അറിയിക്കണമെന്നില്ല. എങ്കിലും മറ്റു പലതരത്തിലും അത്‌ അറിയിക്കലാവാം. പ്രണയം തികച്ചും വ്യത്യസ്ഥമായൊരു അവസ്ഥയാണ്‌. വിവാഹം അതിന്‌ ബദലാവുകയില്ല. പുരുഷനെ സംബന്ധിച്ചിടത്തോളം അമ്മ, സഹോദരി, ഭാര്യ, മകള്‍ എന്നതെല്ലാം വ്യത്യസ്ഥ സ്ത്രീ പദവികളാണ്‌. ഇതൊന്നും ഒന്ന്‌ മറ്റൊന്നിന്‌ പകരമാവുകയില്ല. കാമുകിയും സുഹൃത്തുമൊക്കെ വേറെ വേറെ അവസ്ഥകളാണ്‌. ഭാര്യയും കാമുകിയും എന്ന രണ്ടവസ്ഥയെ ഒന്നിച്ചു കൂട്ടിക്കുഴയ്ക്കാനാവില്ല. അങ്ങനെ കരുതുന്നവരുണ്ടാകാം. അവര്‍ ഒന്നുകില്‍ എന്നെപ്പോലെ "പ്രണയമുണ്ടാകായ്ക" എന്ന രോഗമുള്ളവരാകാം. അല്ലെങ്കില്‍ പേടിച്ചിട്ട്‌ ഒളിക്കുന്നവരോ അടക്കി നിര്‍ത്തുന്നവരോ ആകാം.

ജീവിതത്തില്‍ വളരെ തുച്ഛമായൊരു കാലമാണ്‌ പ്രണയമുണ്ടാകുന്നത്‌. കന്നുകാലികളില്‍ ചെനയെന്നപോലെ. അത്‌ സാധാരണ കൌമാരത്തിലാവാം. വളരെ ദുര്‍ലഭമായി വയസ്സാവുമ്പോഴുമാവാം. വയസ്സാവുമ്പോഴാണ്‌ പ്രണയമെങ്കില്‍ അയാളിലെ പ്രണയാവസ്ഥയുടെ കൌമാരം ഇപ്പോഴാണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍ വൃദ്ധനമാരുടെ പ്രണയചാപല്ല്യങ്ങള്‍ അരോചകങ്ങളാണ്‌. പ്രേമിച്ചാല്‍ വിവാഹം കഴിക്കണമെന്നത്‌ ഒരു അബദ്ധവിശ്വാമാണ്‌. വിവാഹത്തിനുള്ള പി. എസ്‌. സി ടെസ്റ്റല്ല പ്രേമം.

എനിക്ക്‌ പ്രേമിക്കന്‍ കഴിവില്ലെന്ന്‌ പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്‌. സാധാരണ രൂപത്തിലല്ല അതെന്നേയുള്ളു. എനിക്ക്‌ തീര്‍ച്ചയായും ഒരു കാമുകിയുണ്ട്‌. പക്ഷെ അതിതുവരെ രൂപമാര്‍ജ്ജിച്ചിട്ടില്ല. എന്റെ ഭാവനയില്‍ ചിലപ്പോള്‍ പമേല ചിലപ്പോള്‍ െ‍എശര്യ, ചിലപ്പോള്‍ ഡയാന, മോണിക്കാ ലെവിന്‍സ്കി............... മീര കൃഷ്ണനെയെേന്നോണം. കന്യകകള്‍ യേശുവിനെയെന്നേോണം. ഇവിടെ ഞാന്‍ തന്നെ കാര്‍വര്‍ണന്‍, ഞാന്‍ മനുഷ്യപുത്രന്‍. ഒരാള്‍ എന്തിനാണ്‌ മേല്‍പറഞ്ഞ ഈ ഒരു അവസ്ഥകൈവരിക്കാതെ അയാളുടെ ജീവിതം നശിപ്പിച്ചു കളയുന്നത്‌? ഇങ്ങനെ പ്രണയമനുഭവിക്കാതെ മരിച്ച ജന്‍മങ്ങള്‍ക്കാണ്‌ നീചയോനികളില്‍ പുനര്‍ജന്‍മമുണ്ടാകുന്നത്‌. അല്ലാതെ പാപം ചെയ്തവര്‍ക്കല്ല. മനുഷ്യനേക്കാള്‍ നീച ജന്‍മങ്ങളാവുമ്പോള്‍ മനുഷ്യന്റെ സാമൂഹ്യനിയന്ത്രണങ്ങളുടെ അടിമത്വം അതിനെ ബാധിക്കുന്നില്ല. അങ്ങനെ അത്‌ പ്രണയമറിയുന്നു. മോക്ഷം പ്രാപിക്കുന്നു.

(ലോകത്തില്‍ പ്രണയത്തിനാര്‍ത്തി പൂണ്ട്‌ ഉഴറിനടന്ന്‌, എന്നാല്‍ ലഭിക്കാതെ മരിച്ചുപോയ ആയിരങ്ങള്‍ക്ക്‌)

ഫലിതം.

കണക്കില്‍ അഗ്രഗണ്യനായിരുന്നു ഐസക്‌ ന്യൂട്ടണ്‍ എന്നതിന്‌ സര്‍ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഒരു പക്ഷെ, അദ്ദേഹത്തോളം പോന്ന ഒരാള്‍ അക്കാലത്തുണ്ടായിരുന്നില്ല. അദ്ദേഹത്തിന്‌ പൂച്ചകളെ വലിയ ഇഷ്ടമായിരുന്നു. ഒരു തള്ളപ്പൂച്ചയും ഒരു കുഞ്ഞിപ്പൂച്ചയും അദ്ദേഹത്തിനോടൊപ്പം എപ്പോഴുമുണ്ടായിരുന്നു. അകത്ത്‌ കണക്ക്‌ തലക്‌ക്‍പിടിച്ച്‌ ഉലാത്തിക്കൊണ്ടിരിക്കവേ ഈ പൂച്ചകള്‍ പുറത്തേയ്ക്ക്‌ പോവുകയും കാറ്റു മൂലം വാതിലടഞ്ഞാല്‍ ന്യൂട്ടണെ ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അദ്ദേഹം അതിനൊരുപാധികണ്ടു പിടിച്ച്‌ തന്റെ വേലക്കാരനോട്‌ ഇങ്ങനെ പറഞ്ഞു. "വാതിലിന്‌ രണ്ടു തുളയുണ്ടാക്കുക. ഒന്നൊരു വലുതും ഒന്ന്‌ ചെറുതും."
"ഇതെന്തിനാണ്‌ സാര്‍ രണ്ടു തുള?"
"ഒന്ന്‌ വലിയ പൂച്ചയ്ക്ക്‌ വരാനും മറ്റേത്‌ ചെറിയ പൂച്ചയ്ക്ക്‌ വരാനും."
"അങ്ങു ക്ഷമിക്കണം. അതിന്‌ വലിയ തുള പോരെ ചെറിയ പൂച്ചയ്ക്കും?
(ഐസക്‌ ന്യൂട്ടണ്‍ എന്റെ ബോസിനെ പോലെ അല്ലാത്തതിനാല്‍ "കൂടുതല്‍ ചോദ്യം വേണ്ട. പറയുന്നതങ്ങ്‌ ചെയ്താല്‍ മതി" എന്ന് എന്തായാലും പറഞ്ഞു കാണില്ല)

5 comments:

rathri said...

പ്രണയത്തെ ടെലിവിഷൻ ചാനലുകൾ പബ്ലിക്‌ ആയി വലിച്ചിഴക്കുന്ന ഒരു കാലത്താണ്‌ നമ്മൾ ജീവിക്കുന്നത്‌. പ്രശസ്തനായ ഒരു എഴുതുകാരൻ പറഞ്ഞതുപോലെ പ്രണയം ഉണ്ടാകുന്നത്‌ privacy ഉണ്ടാകുമ്പോളാണ്‌. രഹസ്യാത്മകതിയില്ലാതെ പ്രണയം അസാധ്യം.

ബഷീർ പറഞ്ഞതു പോലെ പ്രണയിക്കുമ്പോൾ നിങ്ങൾ പ്രണയിനി നടന്നു പോകുന്ന നടവരമ്പുകളേയും, ഇടവഴികളെയും, അവിടെ നിൽക്കുന്ന ശീമക്കൊന്നകളെയും സ്നേഹിക്കുന്നു!!

പ്രണയിക്കുബ്ബോൾ തീർച്ചയായും 35 കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കൂ :).

Unknown said...

പ്രണയം തികച്ചും വ്യത്യസ്ഥമായൊരു അവസ്ഥയാണ്‌. വിവാഹം അതിന്‌ ബദലാവുകയില്ല.
ശരി തന്നെ? എനിക്ക് ചെറുതായി തോന്നിയിരുന്നു.

പ്രണയിക്കുബ്ബോൾ തീർച്ചയായും 35 കഴിഞ്ഞ സ്ത്രീകളെ പ്രണയിക്കൂ :)

രാത്രിഞ്ചരന്‍ മാഷേ, പോയിന്റ് വെല്‍ നോട്ടഡ്! :)

ഇടിവാള്‍ said...

അസ്സലായിരിക്കുന്നു എഴുത്ത്‌...
നേരത്തെ കണ്ടില്ല. കണ്ണൂസിനു നന്ദി!

Anonymous said...

ഓട്ടോഗ്രാഫിലെ ചെറിയ പൊട്ടും അവള്‍ നിനക്കായ് എഴുതിയ കുഞ്ഞു കത്തുകളും തരളിതമാക്കിയ ഒരു മനസ്സ് - പ്രണയം ജീവിതത്തിലെ അത്യന്തം നിര്‍ണായകമായ ഒരു അനുഭവം തന്നെ ആണ്...എങ്കിലും ഒരു പ്രണയമെങ്കിലും വിവാഹത്തിലെത്തിയില്ലെങ്കില്‍ അതു ഒരു orgasm പോലും ഇല്ലാത്ത ലൈംഗിഗ ബന്ധങ്ങള്‍ പോലെ ആയിരിക്കില്ലേ?

കെവിൻ & സിജി said...

be frank, free and fearless. പിന്നെ പ്രണയം എവിടെനിന്നു വന്നു എന്നു ചോദിച്ചാല്‍ മതി.