Saturday, July 15, 2006

പുഴയുടെ ഒഴുക്കുപേലെ‌ ജീവിതം

പുഴയുടെ ഒഴുക്കുപേലെയാണെനിക്ക്‌ ജീവിതം. അതൊരു ജലാശയമായി നിറഞ്ഞതാവാം. പുറത്തേക്കൊഴുകാന്‍ അതിന്‌ നൂറുകണക്കിനു സാധ്യതകളുണ്ട്‌. അല്ലെങ്കില്‍ നീരുറവയായി പെട്ടെന്ന്‌ പൊട്ടി ഒലിച്ചതുമാവാം. രണ്ടായാലും തുടര്‍ന്ന്‌ പുഴ വഴിയന്വേഷണത്തിലാണ്‌. കടലെത്തുന്ന ദൂരത്തോളം അതന്വേഷണം തുടരുന്നു. അന്തിമലക്ഷ്യം അടുത്താകാം, അകലെയാവാം. അതിനിടയില്‍ ഓരോ എലിമടയിലും കയറിയിറങ്ങേണ്ടതുണ്ട്‌. നൂറുകണക്കിന്‌ വഴികളെ ശരിയാണെന്ന്‌ ധരിച്ച്‌ പിന്തുടരുകയും അതങ്ങനെയല്ലെന്നറിയുമ്പോള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്‌. ഒരു ശരിയായ വഴി കണ്ടെത്തുന്നതിന്‌ സാധ്യമായ നൂറുകണക്കിനു പഴുതുകളെ തിരയേണ്ടതുണ്ട്‌. പല വഴികളും യാദൃശ്ചികമായി വന്നുപെടുന്നതാവാം. മുന്‍കൂട്ടി പ്ലാന്‍ചെയത്‌ എല്ലാ അര്‍ഥത്തിലും നമ്മുടെ ഇഷ്ടത്തിന്‌ ചലിപ്പിക്കാവുന്ന ഒരു യന്ത്രം പേലെയുള്ള ജീവിതവും അത്‌ നല്‍കുന്ന ഉല്‍പന്നങ്ങളും തികച്ചും ബോറാണ്‌.

ഇങ്ങനെയാണ്‌ ശാസ്ത്രത്തേയും സാഹിത്യത്തേയും എനിക്കുനോക്കിക്കാണാനാവുന്നത്‌. കാരണം ഇവരണ്ടും ജീവിതം തന്നെയാണ്‌. ജീവിതം ഇല്ലാതായാല്‍, വേണ്ടെന്നുവെച്ചാല്‍ പിന്നെ പ്രപഞ്ചവും അതിലടങ്ങിയിരിക്കുന്ന ഒന്നും നമ്മെ അലോസരപ്പെടുത്തുന്നില്ല. സാഹിത്യത്തിലെ പുതിയ പ്രവണതകള്‍ അന്വേഷിക്കുമ്പോള്‍ ഈ ഉദാഹരണം എന്നെ സഹായിക്കാറുണ്ട്‌. എല്ലാറ്റിനും ഒരേപോലെ ഉതകുന്ന ഒരു ഉദാഹരണവുമില്ല എന്ന വിശ്വാസത്തെ തല്‍ക്കാലം നമുക്ക്‌ മാറ്റി നിര്‍ത്താം.

കവിതകളിലെ പുതിയ പ്രവണതകളാണ്‌ ഇന്ന്‌ ഏറ്റവും കൂടുതല്‍ ശകാരം കേള്‍ക്കുന്നത്‌. അത്‌ പക്ഷെ, എന്നുമുണ്ടായിരുന്നു. നേരത്തെ പുതുമകള്‍ വളരെ പതുക്കെ മാത്രമേ വന്നിരുന്നുള്ളൂ. അതിനാല്‍ ശകാരം പുതുമകളുണ്ടാകുന്നില്ല എന്നരൂപത്തിലായിരുന്നു എന്നാലിത്‌ വളരെ ചുരുങ്ങിയ ആളുകളില്‍ നിന്നേ കേള്‍ക്കാറുള്ളൂ. ഇന്നിപ്പോള്‍ പുതുമകള്‍ക്കായി ഒരുപാടു കാത്തിരിക്കാന്‍ പുത്തന്‍ തലമുറയ്ക്ക്‌ ക്ഷമയില്ല. കാരണം അവനറിയാം അവന്റെ ജീവിതം കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ മാറുന്നുവെന്നും സര്‍വോപരി നിമിഷം പ്രതി ഉരുകി ഒലിച്ചുപോകുന്ന പരിമിതമായൊരു ഐസ്ക്രീമാണെന്നും. അതിനിടയില്‍ പരമാവധി നന്‍മയേയും പുതുമയേയും അന്വേഷിക്കുകയാണവന്‍. പുതുമയെ എതിര്‍ക്കുന്നവരാവട്ടെ പഴമയുടെ സുഖങ്ങളില്‍ രമിക്കുന്നവരാണ്‌. അതിനെ തന്നെയാണ്‌ മതം എന്ന അര്‍ഥത്തില്‍ ഞാന്‍ നിര്‍വചിക്കുന്നതും. കാരണം പഴമയുടെ സുഖം നാലതിരുകള്‍ക്കിടയില്‍ ഉറഞ്ഞുപോയൊരു അളവുകോലാണ്‌. ഇതുപയോഗിച്ച്‌ മാറുന്നതിനെ അളക്കാനാവില്ല. ഇക്കാലത്ത്‌ അനുവാചകനും സാഹിത്യസൃഷ്ടിയുടെ വേദന പങ്കുവെക്കേണ്ടതുണ്ട്‌ കാരണം ആസ്വാദനവും ഒരു തരം സാഹിത്യ പ്രവര്‍ത്തനമാണ്‌. സര്‍ഗവേദന അതിനുമുണ്ടായേ പറ്റൂ. പഴയ പരിചയം ഈ വേദനയെ വളരെ ലഘൂകരിക്കുകയും ഒരു മയക്കം സംഭാവനചെയ്യുകയും ചെയ്യുന്നു. ഈ രസത്തെ കളയാതിരിക്കാനാണ്‌ പഴമയുടെ കടുംപിടുത്തക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

മലയാളികളുടെ ശാപം പോലുള്ള ഒരു വികാരമാണ്‌ നൊസ്റ്റാള്‍ജിയ. പാരമ്പര്യം എന്നത്‌ അവന്‌ ഒരിക്കലും ഉപേക്ഷിക്കാനാവില്ല. എന്നുമാത്രമല്ല പരമ്പരാഗതമായി ചെയ്ത കാര്യങ്ങള്‍ അതേപോലെ കടുകിട തെറ്റാതെ ചെയ്യണമെന്നും നിര്‍ബന്‍ധമുണ്ട്‌. പല പരമ്പരാഗതതൊഴിലുകളും നോക്കിയാലറിയാം ശിലായുഗത്തിലെ നമ്മുടെ അപ്പൂപ്പന്‍മാര്‍ ഉപയോഗിച്ച അതേ ആയുധങ്ങള്‍ അതേ രീതിയില്‍ ഉപയോഗിക്കുന്നതിനാണവര്‍ക്ക്‌ താല്‍പര്യം. പറ്റുമെങ്കില്‍ ആദം ഉപയോഗിച്ച കല്ലും ദണ്‍ഡും തന്നെ ഉപയോഗിച്ചു കളയും നാം. ഇത്‌ സാഹിത്യത്തിനും ബാധകമാണ്‌. ഇന്നും പലര്‍ക്കും ചങ്ങമ്പുഴ മാത്രമാണ്‌ കവി. ചിലര്‍ക്ക്‌ കവിത്രയങ്ങളും. ഒരേപോലെ വസ്ഥുക്കള്‍ നിര്‍മിച്ചു വിടുന്ന ധാരാളം യന്ത്രങ്ങള്‍ ഇന്നു നിലവിലുണ്ട്‌. സാഹിത്യം ഈ യന്ത്രത്തിന്റെ ഉല്‍പന്നമാവരുത്‌.

മരിച്ചവരെക്കുറിച്ചു ഓര്‍ക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ പേരിനുമുന്‍പില്‍ കഥാവശേഷനോടുള്ള ബഹുമാനാര്‍ഥം "മരിച്ചോര്‍ത്തും" എന്നോരു പ്രയോഗം നടത്താറുണ്ട്‌ ഞങ്ങള്‍. "മരിച്ചോര്‍ത്തും കൃഷ്ണന്‍ നായര്‍" നടത്തിയിരുന്ന "മാറ്റൊലി" എന്ന പ്രയോഗം ഇപ്പാഴിപ്പോഴാണ്‌ കൂടുതല്‍ മനസ്സിലായി വരുന്നത്‌. ചിലര്‍ സ്വന്തം സൃഷ്ടികളുടെ മാറ്റൊലിയും ചിലര്‍ മറ്റുള്ളവരുടെ മാറ്റൊലിയും. കേ. എല്‍ മോഹനവര്‍മയുടെ നോവലുകള്‍ കാണുക. ഓഹരി, സിനിമാ സിനിമ തുടങ്ങി ഒരേ ഫ്രയിമിലുള്ള അനവധി. ഒന്നു മനസ്സിരുത്തിശ്രമിച്ചാല്‍ ഏതൊരാള്‍ക്കും അദ്ദേഹത്തിന്റെ മറ്റൊരു നോവലെഴുതാം. പേരുകള്‍ എത്രവേണമെങ്കിലുമുണ്ടല്ലോ. കഥാപാത്രങ്ങളുടെ പേരുകളും ചില സന്ദര്‍ഭങ്ങളും മേറ്റെവ്ച്ചാല്‍മതി. ഗള്‍ഫ്‌, അമേരിക്ക, ലോട്ടറി, പാര്‍ല്യമെന്റ്‌, ഫുട്ബോള്‍ തുടങ്ങി എത്ര വേണമെങ്കിലും.

ഇത്‌ പറയുമ്പോള്‍ സാഹിത്യത്തിലെ പരിണാമ സിദ്ധാന്തക്കാരെ, സാഹിത്യഡാര്‍വിനിസ്റ്റുകളെ പരിപൂര്‍ണമായി പിന്താങ്ങാന്‍ എനിക്കാവില്ല. കാരണം അവരില്‍ പലരും പരിണാമം എന്ന വികാരത്തെ ഒരു തീവ്രവാദം പോലെ കൊണ്ടു നടക്കുന്നവരാണ്‌. അവര്‍ക്ക്‌ കവിതയില്ലായ്മ എന്നൊരവസ്ഥ മനസ്സിലാക്കാനാവില്ല. കാരണം അവര്‍ക്ക്‌ അത്തരമൊരു അവസ്ഥയില്ല. അവര്‍ കവിതയ്ക്കുവേണ്ടി വാദിക്കുന്ന അമൂര്‍ത്തമായ അളവുകോലുപയോഗിച്ച്‌ ഏത്‌ ആടിനേയും പട്ടിയാക്കാം. അത്‌ മറ്റൊരു മതമാവുകയാണ്‌. അക്കൂട്ടര്‍ക്ക്‌ കലാകൌമുദി പ്രസിദ്ധീകരിച്ച "ദൈവമേ, അങ്ങു വലിയവന്‍. ഇങ്ങു ചെറിയവന്‍" എന്ന പോലുള്ള ജല്‍പനങ്ങള്‍ മഹാകാവ്യങ്ങളാവും. -പ്രാര്‍ഥന എന്ന ഈ കവിത എഴുതിയ ആളെ അദ്ദേഹത്തിന്റെ 'രോഗാവസ്ഥ'പരിഗണിച്ച്‌ മാപ്പുസാക്ഷിയാക്കാനും ഇത്തരം കവിതകള്‍ പ്രസിദ്ധീകരിക്കുന്ന കലാകൌമുദിയുടെ എഡിറ്ററെ വെടിവെച്ചു കൊല്ലാനും ഈ കോടതി വിധിക്കുന്നു. കാരണം ഈ വാരിക മലയാളികുറേക്കാലം നെഞ്ചേറ്റിലാളിച്ചിരുന്നു. ഈ കവി എഴുതിയ, എഴുതാന്‍ പോകുന്ന മറ്റു കവിതകളെ ഈ തര്‍ക്കത്തിനു പുറത്തു നിര്‍ത്തിയിരിക്കുന്നു.

സാഹിത്യത്തിലെ പരിണാമ സിദ്ധാന്തം ശരിയായി ഫലിക്കേണ്ടതിന്‌ അതിന്റെ പ്രകൃതി അതിനനുസരിച്ച്‌ പാകമാകേണ്ടതുണ്ട്‌. വായനക്കാരനാണ്‌ സാഹിത്യത്തിന്റെ പ്രകൃതി. അത്‌ തീര്‍ച്ചയായും യോഗ്യമായതിനെ വളരാനനുവദിക്കും. നമുക്കറിയാം കുമാരനാശാന്റെ കാലത്ത്‌ കക്കാടിന്റെയോ എം ഗോവിന്ദന്റേയോ കവിതകള്‍ പ്രസിദ്ധികരിക്കപ്പെട്ടിരുന്നെങ്കില്‍ ഗതിയെന്താവും എന്ന്‌. കാരണം അന്നുവരെ നിലനിന്നിരുന്ന ഭാവുകത്വത്തെ നിരാകരിക്കുന്ന പില്‍കാല കവിതകള്‍ക്ക്‌ അന്ന്‌ മണ്ണ്‌ പാകമായിരുന്നില്ല. ഈ വാദമുന്നയിച്ച്‌ ചില ചവറുകളെ എഴുന്നള്ളിക്കാന്‍ ഇന്ന്‌ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുന്നതായിരിക്കും. കവി മുന്‍പെ പറക്കുന്ന പക്ഷിയവുമ്പോള്‍ എല്ലാ അര്‍ഥത്തിലും ഒരു പാടുമുന്‍പേ പറക്കരുത്‌. എനിക്കുമനസ്സിലാവാത്ത രൂപത്തിലെഴുതുന്ന ഏതു കാവ്യവും എന്നെ സംബന്ധിച്ചു ചവറാവും. തികച്ചും വ്യക്തിപരമായ ക്ലിഷ്ട ബിംബങ്ങളും മറ്റും ഉപയോഗിക്കുന്ന കവികള്‍ ജാഗ്രതൈ. വായനക്കാരനും അവന്റെ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളുണ്ട്‌. മാത്രമല്ല വായനക്കാരനുള്ളത്ര സ്വാതന്ത്ര്യം എഴുത്തുകാരനില്ല. നാം കൂടുതല്‍ മെച്ചമായതിലേക്കാണ്‌ പരിണമിക്കേണ്ടത്‌. വേറെ ചില അനുവാചകരുണ്ട്‌. അവര്‍ക്ക്‌ പവിത്രന്‍ തീക്കുനിയുടെ കവിതയിലുപരി അയാളുടെ മീന്‍വില്‍പന എന്ന ജോലിയിലും ധാരിദ്ര്യത്തിലുമാണ്‌ കൌതുകം. ജോണ്‍ എബ്രഹാമിന്റെ നാറ്റത്തിലും അയ്യപ്പന്റെ കള്ളുകുടിയിലും കമലാദാസിന്റെ മതംമാറ്റത്തിലും ഒക്കെ താല്‍പര്യമെടുക്കുന്നവരാണവര്‍. ഇങ്ങനെയുള്ള ചുരുക്കം ചില ആളുകളെങ്കിലും ജാതി, മതം, തുടങ്ങിയ പലതും സാഹിത്യത്തെ അളക്കുന്നതിനുള്ള അളവുകോലായെടുക്കാറുണ്ട്‌. അവര്‍ക്ക്‌ ഇവരുടെ കലാസൃഷ്ടികള്‍ നാലാം സ്ഥാനത്തേ വരുന്നുള്ളു. രണ്ടാം സ്ഥാനം പ്രത്യയശാസ്ത്രപ്രതിബദ്ധതയ്ക്കും മൂന്നാംസ്ഥാനം പേരുപറയാനിഷ്ടപ്പെടാത്ത ചില വികാരങ്ങള്‍ക്കും കൊടുത്തിരിക്കുന്നു. എന്നാല്‍ കവിത പിടിതരാതെ മാരീചനായി അതിനുമപ്പുറത്തെവിടേയോ തുള്ളിച്ചാടിക്കൊണ്ടിരിക്കുകയാണ്‌.

കവിത ഓരോകാലത്തും അതിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പുനര്‍നിര്‍വചിക്കപ്പെടേണ്ടതുണ്ട്‌. കാരണം എല്ലാ ആവശ്യങ്ങളും തൃപ്തിപ്പെടുത്തുമ്പോഴും കവിതയെന്ന ഒരു സങ്കല്‍പം മുറ്റെല്ലാറ്റില്‍ നിന്നും വിഭിന്നമായി നിലനില്‍ക്കേണ്ടതുണ്ടല്ലോ. അവ കഥയില്‍ നിന്നും മറ്റു സാഹിത്യരൂപങ്ങളില്‍ നിന്നും രണ്ടുക്യാരറ്റ്‌ മേന്‍മ അധികം അര്‍ഹിക്കുന്നുണ്ട്‌. അതിന്റേതായ ഒരു വ്യക്തിത്വവുമുണ്ട്‌. ഫുട്ബോളെന്നാല്‍ 11 പേര്‍ ചേര്‍ന്ന്‌ ഒരു പന്തിനു പിന്നാലെ പായുക എന്ന്‌ പറയുന്നതിനപ്പുറം ധാരാളം നിബന്‍ധനകളെ അത്‌ പാലിക്കേണ്ടതുണ്ട്‌. എങ്ങോട്ടെങ്കിലും അടിച്ചു കളയലല്ല, കൃത്യമായി ലക്ഷ്യത്തിലടിക്കാന്‍ ശ്രമിക്കലാണത്‌. അതു തന്നെ കവിതയും.

കവിതയെതന്നെ എടുത്തു പറയേണ്ടി വരുന്നത്‌ ഏറ്റവും പുതിയ പ്രവണതയനുസരിച്ച്‌ കവിത സാഹിത്യത്തിലെ മേല്‍കൈ നേടുകയോ കഥയ്ക്ക്‌ തുല്ല്യമായോ വരികയും ചെയ്തുകൊണ്ടിരിക്കുന്നത്‌ ഒരു കാലമാണിത്‌. കൂടുതല്‍ പരീക്ഷണങ്ങള്‍ ഇനിയും വരാന്‍ പോകുന്നത്‌ കവിതയിലുമാണ്‌. കൂട്ടത്തില്‍ എടുത്തുപറയേണ്ടത്‌ നമ്മുടെ നിരൂപണ സാഹിത്യത്തിന്റെ ശോച്യാവസ്ഥയെകുറിച്ചാണ്‌. അത്‌ കിടക്കപ്പായില്‍ നിന്ന്‌ ഒന്നു തിരിഞ്ഞു കിടക്കാനാവാത്ത പരുവത്തിലാണ്‌. ഒരു അമ്പതു വയസ്സെങ്കിലും ഉള്ള യുവത്വം അതിനുണ്ടാവേണ്ടതുണ്ട്‌. അപ്പോഴേ ശരിക്കും സാഹിത്യം അതിന്റെ വേഗം കണ്ടെത്തുകയുള്ളൂ. കാരണം എല്ലാ പരിണാമങ്ങളും കൂടുതല്‍ മെച്ചമായതിനെയാണ്‌ അന്വേഷിക്കുന്നത്‌. മുന്‍പിലത്തേതിനേക്കാള്‍ മോശമായതിനേയല്ല.

വീണ്ടും.
പുഴയുടെ ഒഴുക്കുപേലെയാണെനിക്ക്‌ ജീവിതം. അതൊരു ജലാശയമായി നിറഞ്ഞതാവാം. പുറത്തേക്കൊഴുകാന്‍ അതിന്‌ നൂറുകണക്കിനു സാധ്യതകളുണ്ട്‌. അല്ലെങ്കില്‍ നീരുറവയായി പെട്ടെന്ന്‌ പൊട്ടി ഒലിച്ചതുമാവാം. രണ്ടായാലും തുടര്‍ന്ന്‌ പുഴ വഴിയന്വേഷണത്തിലാണ്‌. കടലെത്തുന്ന ദൂരത്തോളം അതന്വേഷണം തുടരുന്നു. അന്തിമലക്ഷ്യം അടുത്താകാം അകലെയാവാം. അതിനിടയില്‍ ഓരോ എലിമടയിലും കയറിയിറങ്ങേണ്ടതുണ്ട്‌. നൂറുകണക്കിന്‌ വഴികളെ ശരിയാണെന്ന്‌ ധരിച്ച്‌ പിന്തുടരുകയും അതങ്ങനെയല്ലെന്നറിയുമ്പോള്‍ ഉപേക്ഷിക്കേണ്ടതുമുണ്ട്‌. ഒരു ശരിയായ വഴി കണ്ടെത്തുന്നതിന്‌ സാധ്യമായ നൂറുകണക്കിനു പഴുതുകളെ തിരയേണ്ടതുണ്ട്‌. പല വഴികളും യാദൃശ്ചികമായി വന്നുപെടുന്നതാവാം.

അത്പോലെ ശരിയായ സാഹിത്യസൃഷ്ടി കണ്ടെത്തുന്നതിനാണ്‌ ഇന്നുള്ള ഈ പിടച്ചിലുകള്‍. അതിനാല്‍ തന്നെ തര്‍ക്കങ്ങള്‍ സ്വാഗതാര്‍ഹമാണ്‌.

3 comments:

Anonymous said...

good

ജ്യോതിര്‍മയി /ज्योतिर्मयी said...

കല്ലേച്ചി,
ശക്തിയുള്ള ലേഖനം. മെച്ചമായ രീതികള്‍ കണ്ടെത്തണം എന്നതിനോടു യോജിയ്ക്കുന്നു, അതു പാരമ്പര്യത്തെ എതിര്‍ത്തിട്ടുവേണം എന്നതിനോടു യോജിപ്പില്ല. പാരമ്പര്യം എന്നത്‌ ഒരിരുമ്പുചട്ടക്കൂടാണെന്നു തോന്നുന്നവര്‍ അതില്‍ നിന്നും സ്വതന്ത്രരാവന്‍ ശ്രമിയ്ക്കണം. പാരമ്പര്യം നല്ല വളക്കൂറുള്ളമണ്ണാണെന്നു തോന്നുന്നവര്‍ അതില്‍ വേരൂന്നി തലയെടുപ്പോടെ ആകാശം മുട്ടെ വളരട്ടെ.

[ഓ.പു:(ഓണത്തിനിടയിലെ പുട്ട്‌:)- തലക്കെട്ടിലെ അക്ഷരത്തെറ്റു ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു].

Anonymous said...

തത്വശാസ്ത്രങ്ങളുടെ അടുപ്പില്‍ ചുട്ടെടുത്ത ഇഷ്ടികയാണ്‌ പുരോഗമനം എന്നു( പു.ക.സ.യുടെ പുരോഗമനമനം പോലെ) എന്നു പറയാത്തിടാത്താണ്‌ കല്ലേച്ചിയുടേ ചിന്തയുടെ ശക്തി.(അറുപതുകളിലും 2006 ലും ഒരേ പുരോഗമനം പറയുന്നത് പുരോഗമനം അമൃത് കുടിച്ചു പോയതിനാലാണ്‌)
പുരോഗമനം ഏറ്റവും പുതിയതിനെ അറിയുവാനും സ്വീകരിക്കാനുമുള്ള മാനസികാവസ്ഥയാണ്‌. കവിതയില്‍ പേന എന്നെഴുതിയാല്‍ കവിത പോക്ക് എഴുതിയവന്‍ ചാക്ക്. തൂലിക, മഷിയില്‍ മുക്കി എന്നൊക്കെയായല്‍ .. ഹായ് ഹായ്....
അനുഭവത്തെ മാസ്മരികമാക്കുന്നത് അങ്ങനെയാണ്‌...
ചിന്തകള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍...