ബോധം എന്നത് തലച്ചോറിന്റെ ഒരു ഉത്പന്നമാണ്. അതായത് ബോധം ഉത്പാദിപ്പിച്ചെടുക്കുന്ന ഫാക്റ്ററികളാണ് തലച്ചോറുകള്‍. ഇവ തികച്ചും വ്യക്തിഗതവുമാണ് (മനസ്സ്, ചിന്ത എന്നിവയൊക്കെ ഭൌതികമാണെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമായിരിക്കും. പക്ഷെ അങ്ങനേയാണ്) തലച്ചോര്‍ സൃഷ്ടിക്കുന്ന ബോധങ്ങളെ നിക്ഷേപിക്കുന്ന സ്ഥലമാണ് പൊതുഇടം അല്ലെങ്കില്‍ സമൂഹം.
കാര്യങ്ങള്‍ വ്യക്തമാകാത്ത കാലത്തെ സൌകര്യങ്ങളാണ് ഉദാഹരണങ്ങള്‍ എന്നത്. കമ്പ്യൂട്ടര്‍ പ്രചാരത്തിലായതോടെ തലച്ചോറുമായി ബന്ധപ്പെട്ട പല സമസ്യകള്‍ക്കും നമുക്ക് അതില്‍ നിന്ന് ഉദാഹരണങ്ങളെടുക്കാനാവുന്നുണ്ട്. ഇത് വസ്തുതകളെ യാന്ത്രികവത്കരിക്കാനുള്ള ശ്രമമല്ല. വളരെ അടുത്ത ചില കാര്യങ്ങളെ പകരമായിക്കാണിച്ചുകൊണ്ട് ചിന്തയെ സംവദിപ്പിക്കാനുള്ള പരിശ്രമമാണ്. കമ്പ്യൂട്ടറും തലച്ചോറും തമ്മിലുള്ള കാതലായ സകല വ്യത്യാസങ്ങളും അംഗീകരിച്ചു തന്നെ നമുക്ക് പേഴ്സണല്‍ കമ്പൂട്ടറുകളേയും സെര്‍വറുകളേയും നെറ്റുവര്ക്കുകളേയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്, വ്യക്തികള്‍, സമൂഹം, ഇവയ്ക്കിടയിലുള്ള ബന്ധങ്ങള്‍ തുടങ്ങിയ വിശദീകരിക്കുന്നതിന്. (ഇവയുമായി ബന്ധമുള്ള ആളുകള്‍ക്ക് ഇതൊക്കെ ഇതിനേക്കാള്‍ നന്നായി മനസ്സിലായിട്ടുണ്ടാവണം)
സമൂഹം വ്യക്തി തുടങ്ങിയ സംവര്‍ഗങ്ങളില്‍ ഏതിനാണ് മേല്‍കൈ എന്നതിനെ സംബന്ധിച്ച് വിവിധങ്ങളായ തലങ്ങളില്‍ മഹാന്മരായ പലരും ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളതാണ്. (തോമസ് ഹബ്, ആദംസ്മിത്, കാറല്‍ മാക്സ് etc) വ്യക്തിവാദികളായവര് വ്യക്തികള്‍ക്ക് പ്രാധാന്യം നല്കുന്ന ഏകപക്ഷീയതയിലും സമൂഹവാദികളായവര് സമൂഹത്തിന് പ്രാധാന്യം നല്കുന്ന ഏകപക്ഷീയതയിലും ഊന്നി നിന്നുകൊണ്ടു പ്രവര്‍ത്തിച്ചു. വ്യക്തിവാദികള്‍ സമൂഹത്തേയും സമൂഹവാദികള് വ്യക്തികളേയും അവഗണിക്കുകയും ഹനിക്കുന്നതില്‍ കുറ്റം കണാതിരിക്കുകയും ചെയ്തു. ഇതിന്റെ അനന്തര ഫലങ്ങളും കൂടി ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു സംഗതി കാടുകയറുമെങ്കിലും. വ്യക്തിവാദികളായവര് സമൂഹത്തിനു എന്തുസംഭവിച്ചാലും എനിക്കൊന്നുമില്ല എന്ന രൂപത്തിലുള്ള പ്രതിബദ്ധതയില്ലായ്മയിലേക്കു ചുരുങ്ങാന്‍ തുടങ്ങി. ഇതു മുതലാളിത്തത്തിന്റെ ലക്ഷണമായി പരിഗണിക്കപ്പെട്ടു. അങ്ങനെ വ്യക്തികളുടെ നിലനില്‍പ്പിനു വേണ്ടി, സൂക്ഷ്മാംശങ്ങളുടെ നന്മയ്ക്കുവേണ്ടി അധിനിവേശങ്ങളുണ്ടാവനും സാമ്രാജ്യത്വ സ്വഭാവം പ്രകടിപ്പിക്കനും തുടങ്ങി. ഒരു വിഭാഗം ചീര്‍ത്തു. മരങ്ങള്‍ക്കായി കാടു നശിപ്പിക്കപ്പെട്ടു. സമൂഹവാദികളായവര്, കമ്മൂണിസ്റ്റ് ഇടതുപക്ഷവാദികള്‍ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളിലേയ്ക്ക് കുതിരയോടിച്ചു കയറ്റി അവരെ അടിമകളാക്കിയോ നശിപ്പിച്ചോ കാരാഗ്രഹത്തിലടച്ചോ തൊഴിലിടങ്ങളിലേക്ക് ആട്ടിത്തെളിച്ചോ ചീര്‍ത്തു. നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാനാവും. കാടു നിലനിര്‍ത്താന്‍ മരങ്ങള്‍ നശിപ്പിച്ചു.
സൂക്ഷ്മങ്ങളായ അടിസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണ് പ്രപഞ്ചത്തിന്റെ മൊത്തം നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും കാരണമാവുന്നത്. ജീവിവര്‍ഗങ്ങളില്‍ കോശങ്ങള്‍, ക്രോമൊസോമുകള്‍, ജീനുകള്‍; വസ്തുക്കളില്‍ ആറ്റങ്ങള്‍, ന്യൂക്ലിയര്‍ അതിനുള്ളിലെ ചെറിയ ഘടകങ്ങള്‍ തുടങ്ങിയവയും അവയ്ക്കിടയിലെ ബലങ്ങള്‍ തുടങ്ങിയവയും ഇത്ര വലിയ പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഇവയിലുണ്ടാകുന്ന ചെറിയചെറിയ പൊട്ടിത്തെറികളും തകര്‍ച്ചകളും നാശങ്ങളും ക്രമേണ പ്രപഞ്ചത്തെ മൊത്തം ബാധിക്കുന്നു. ഇതില്‍ ഏതാണ് പ്രധാനമെന്ന് ചോദിച്ചാല്‍ സാര്‍വജനീനമായ ഒരു ഉത്തരമില്ല. പ്രാധാന്യം മാറിമറിഞ്ഞു വരാം. ഇവിടെ സമൂഹത്തിന്റെ നിലനില്‍പ്പിന് വ്യക്തിഹത്യയാവാമോ എന്നചോദ്യം ഉയര്‍ന്നുവരാം. ഓര്‍ക്കുക വ്യക്തികളില്‍ വളരെ വിരളമായവര്‍ മത്രമേ സമൂഹത്തിലെ സൂക്ഷ്മയാതാര്ഥ്യങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ളവരായുള്ളൂ. ബാക്കിയെല്ലാവരും കോളങ്ങള്‍ നിറയ്ക്കുന്ന അക്ഷരങ്ങള്‍ മാത്രമാണ്.നമുക്കറിയാം സമൂഹത്തിലെ സൂക്ഷ്മ കോശങ്ങളായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളാണ് പിന്നീട് സമൂഹം ഏറ്റെടുക്കുന്നത് എന്ന്. എന്നാല്‍, സമൂഹത്തിലെ പൂര്വബോധങ്ങളില് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടാണ് അവയെ വ്യക്തികള്‍ പരിവര്‍ത്തനം ചെയ്യുന്നത്. ഈ പരിവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്ന ഇടമാണ് സമൂഹം. കൂലങ്കുഷമായി പരിശോധിച്ചാല്‍ മന്‍സ്സിലാക്കാം എല്ലാ കൂട്ടായ തീരുമാനങ്ങളും ഏതെങ്കിലും ഒരു വ്യക്തിയുടെ തീരുമാനത്തെ മറ്റുള്ളവര്‍ അംഗീകരിച്ചു നടപ്പില്‍ വരുത്തിയിട്ടുള്ളതാണ്. എല്ലാ ജനാധിപത്യതീരുമാനങ്ങളും അന്തിമായ വിശകലനത്തില്‍ ഏകാധിപത്യ തീരുമാനങ്ങളുടെ പൊതുഅംഗീകാരമാണെന്നു കാണാനാകും. അതില്‍ തെറ്റൊന്നുമില്ല അതു ശരിയാണെങ്കില്‍. സത്യം കണ്ടെത്താനുള്ള മാര്‍ഗമായി പലരും ജനാധിപത്യത്തെ തെറ്റിദ്ധരിക്കാറുണ്ട്. കൂടുതല്‍ ആളുകളുടെ അംഗീകാരം എന്നത് സത്യമായിരിക്കുക എന്നതിന്റെ മാനദണ്ഡമേയല്ല. അങ്ങനേയായിരുന്നെങ്കില് അരിസ്റ്റാക്കസ്സും അരിസ്റ്റോട്ടിലും ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞകാലത്, ബീ. സീ. 2300 കള്ക്കുമുന്പ്പ്, കോപ്പര്‍ നിക്കസ്സ് പറഞ്ഞ കാലത്ത്, ഗലീലി ഗലീലിയോ പറഞ്ഞകാലത്ത്, നാനൂറു വര്‍ഷം മുന്‍പ് പോലും അവയെ പിന്താങ്ങുന്നതിന് അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിലോകം മൊത്തം ഭൂമി പരന്നതാണെന്നു വിശ്വസിച്ചു. ഇന്നും ഇത്തരം വിശ്വാസികളെ കാണാം. ഭൂരിപക്ഷത്തിന്റെ അംഗീകാരമാണ് സത്യത്തിന്റെ മാനദണ്ഡമെങ്കില്‍ ഭൂമിപരന്നതായിരിക്കണമായിരുന്നു.
ഇങ്ങനെ സത്യത്തെ തിരിച്ചറിഞ്ഞ വ്യക്തികളാണു സമൂഹത്തെ തിരുത്താന്‍ നടക്കുന്നതും റബലുകളാകുന്നതും. വ്യക്തി ബോധത്തിന്റെ സകീര്ണത, അതുവരേയുണ്ടായിരുന്ന പൊതുധാരണയുമായി എത്രമാത്രം ഒത്തുപോകും തുടങ്ങി നിരവധി കാരണങ്ങള്‍ പൊതുബോധത്തില്‍ വ്യക്തിബോധം അംഗീകാരം നേടിയെടുക്കുന്നതിനുള്ള കാല താമസത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഗലീലിയോ പൊതുബോധത്തെ തിരുത്താന്‍ ശ്രമിച്ചതുകൊണ്ടു നേരിടേണ്ടിവന്ന പീഡനങ്ങള്‍ നമുക്കറിയാം. കോപ്പര്‍നിക്കസ് സ്വന്തം പേരുപോലും ഒളിപ്പിക്കേണ്ടിവന്ന സാഹചര്യം നമുക്കറിയാം. അങ്ങനെ നിരവധി ചരിത്ര സത്യങ്ങള്‍ നമുക്കറിയാം.ഇന്നു സമൂഹത്തില്‍ കാണുന്ന പല സംഘര്‍ഷങ്ങളും മേല്പറഞ്ഞ കാര്യങ്ങള്‍ വെച്ച് പരിഗണിക്കാനും അതിനനുസരിച്ച് സഹിഷ്ണുതാപരമായ നിലപാടുകള്‍ കൈകൊള്ളാനും നമുക്ക് കഴിയും. നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന തീരുമാനങ്ങളെ പുരോഗതി കൈവരിക്കുകയുള്ളൂ. ഏല്ലാ ബോധങ്ങളും പൊതുവായാലും വ്യക്തിഗതമായാലും നിരന്തരം ഇടപെടുകയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും സ്ഥല കാലങ്ങള്‍ക്കനുസൃതമായ രീതിയില്‍ കൂടുതല്‍ മെച്ചമായതിലേക്ക് പരിഷ്കരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. എഴുതപ്പെട്ട എല്ലാ നിയമവ്യവസ്ഥകളും ചില സൌകര്യങ്ങള്‍ നല്‍കുന്നതോടൊപ്പം നിലച്ചുപോവുക എന്ന സ്വഭാവം കാണിക്കുന്നവയുമാണ്. എഴുതപ്പെടുന്ന കാലവുമായും സ്ഥലവുമായും മാത്രമേ അവയ്ക്കു ബന്ധമുള്ളൂ. മനുഷ്യന് എല്ലാകാലത്തും എല്ലാസ്ഥലത്തും ഏതണ്ടൊരുപോലെ പെരുമാറുന്നു എന്നതുമാത്രമാണ് അവയുടെ സാര്വജനീനതയ്ക്കു കാരണം. വിനിമയം ചെയ്യപ്പെടുന്ന മറ്റു ഭൌതിക വസ്തുക്കളൊക്കെ, ബന്ധങ്ങളൊക്കെ പക്ഷെ, വലിയ മാറ്റത്തിനു വിധേയമാകുന്നു.സ്ഥലകാലങ്ങളിലെ ചെറിയചെറിയ മാറ്റങ്ങള്‍ പോലും ചെറിയ മാനങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കും. ഇവയെ മൊത്തമായി നേരിടുന്നതിന് സ്ഥിരനിയമങ്ങള്ക്കു കഴിയില്ല. അങ്ങനേ കഴിയുമായിരുന്നെങ്കില്‍ ലോകത്തില്‍ ഇത്രയധികം നിയമങ്ങള്‍ ദിനം തോറും വന്നുകൊണ്ടിരിക്കേണ്ട ആവശ്യമില്ലല്ലോ.
മനുഷ്യന്റെ പല സൂക്ഷ്മമായ പ്രവര്‍ത്തനങ്ങളും ശാസ്ത്രത്തിന്റെ പരിധിയില്‍ വന്നു തുടങ്ങിയിട്ടില്ല.ഇന്നുകാണുന്ന പല സംഘര്‍ഷങ്ങളും ചിന്തകള്‍ ക്രിസ്റ്റലൈസ് ചെയ്തുപോയതിന്റെ ഫലമാണ്. മതങ്ങളാണ് ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ എന്നതിനാല്‍ അവയെ ഞാന്‍ ഇക്കാര്യത്തിനു പ്രതിസ്ഥാനത്തു നിര്‍ത്തുന്നു. പിന്നെ സാമൂഹ്യനിയമങ്ങളും മാര്‍ക്സിസവും മതമായി മാറുന്ന ധാരാളം ഭൌതികവാദങ്ങള്‍ പോലും. ഇവയൊക്കെ ഒരേ പോലെ പെരുമാറുന്നത് നിരീക്ഷിക്കണമെങ്കില്‍ ഇവര്‍ കാലദേശങ്ങളെ എത്രമാത്രം പരിഗണിച്ചിട്ടുണ്ട്, ആ പരിഗണനയുടെ ആഴമെത്രയുണ്ട് എന്നൊക്കെ പരിശോധിച്ചാലറിയാം ഇവരിലെ പുരോഗതിയുടെ സാന്ദ്രത. യെരൂശലേമിലെ വെള്ളപ്പൊക്കമുണ്ടാകുന്ന ഇടങ്ങളില്‍ ഉത്ഭവിച്ച കൃസ്തുമതം നീ മലമുകളില്‍ വീടു പണിയുക എന്നു പറഞ്ഞതിനെ അതേ അര്‍ഥത്തില്‍ എടുക്കുന്നതുപോലെ തീവ്രവാദ നിലപാടു തന്നേയാണ് തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം യാതാര്‍ഥ്യമായാല്‍ പരിഗണിക്കപ്പെടുന്നതുപോലെ അതല്ലാത്തപ്പോഴും തൊഴിലാളികള്‍ പരിഗണിക്കപ്പെടണമെന്നും കൂലിയും വേതനവും ലഭിക്കണമെന്നും തര്‍ക്കിക്കുന്നതും.എഴുതപ്പെട്ട നിയമങ്ങളെ അല്ലെങ്കില്‍ സമൂഹത്തിലെ സാന്ദ്രീകരിച്ച നിയമങ്ങളെ, വിശ്വാസങ്ങളെ, ബോധങ്ങളെ മുറുകെ പിടിച്ചവരാണ് ആദിവാസികളായിപ്പോയവര്. ആദിവാസി എന്നത് പൊതുധാരയുമായി വലിയ ബന്ധമില്ലാതായിപ്പോയവര് എന്ന അര്‍ഥത്തില്‍. ജേകബ് അമ്മന്‍ എന്ന പാതിരി ഒരു കൂട്ടം മനുഷ്യരെ തങ്ങളുടെ പഴഞ്ചന്‍ ഇവാഞ്ചലിക്കല്‍ നിയമങ്ങളില്‍ ഒതുക്കി നിര്‍ത്തിയതിനാലാണ് നോര്‍ത്ത് അമേരിക്കയിലെ അമ്മിഷ് ഗോത്രം ഉണ്ടായത്. 19ആം നൂറ്റാണ്ടു വരെ മറ്റു പൊതുസമൂഹവുമായി പൊരുത്തപ്പെട്ടു പോവുകയും അവരുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുകയും ചെയ്ത സാധാരണ മനുഷ്യരായിരുന്നു അവരും. ഇന്ന് ഒരു തരത്തിലുള്ള പുതിയ കണ്ടുപിടുത്തങ്ങളേയും പ്രവേശിപ്പിക്കാത്ത ഇക്കൂട്ടര്‍ മുളയാണികളും വള്ളികളും ഉപയോഗിക്കുന്നവരാണ്.സ്വഗോത്രത്തില്‍ നിന്നുമാത്രം വിവാഹം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ പാരമ്പര്യ രോഗങ്ങളുടെ ശതമാനവും പൊതുസമൂഹത്തിനേക്കാള് പതിന്മടങ്ങ് കൂടുതലാണ് ഇക്കൂട്ടരില്‍.
ഇത്ര തീവ്രമല്ലെങ്കിലും തങ്ങളുടെ അനുയായികളെ ആദിവാസികളാക്കുന്നതില് എല്ലാമതക്കാരും ശ്രമിക്കുന്നുണ്ട്. അതറിയണമെങ്കില്‍ പൊതുസമൂഹവുമായി എത്രമാത്രം അവര്‍ അകന്നു നില്‍ക്കുന്നുണ്ട് എന്ന് നിരീക്ഷിച്ചാല്‍ മതിയാകും. തീവ്രവാദം ഉടലെടുക്കുന്നത് ശാസ്ത്രത്തിനെതിരെ മുഖം തിരിഞ്ഞു നില്ക്കുന്നവരിലാണ്. കാരണം ശത്രുക്കളെ ഫലപ്രഥമായി നേരിടാനവര്ക്ക് ആയുധങ്ങളില്ല. പൊതുബോധം എന്നത് സ്വകാര്യ ബോധങ്ങളുടെ കൂട്ടായ്മയാണ്. ഇനി ഇവയ്ക്കിടയിലെ ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ഫലിതം
വോള്റ്റയറോട് ഒരിക്കല്‍ ഒരു പാതിരി ഇങ്ങനെ ചോദിച്ചു. "താങ്കളുടെ അമ്മ വകയിലാണോ അച്ഛന് വകയിലാണോ ഒരു കുരങ്ങുണ്ടായിരുന്നത്?""എന്റെ അച്ഛന് വകയിലും അമ്മ വകയിലും കുരങ്ങുകളായിരുന്നു എന്നുപറയുന്നതില്‍, അങ്ങനേയായിരുന്നെങ്കില് എനിക്കഭിമാനമുണ്ട്. താങ്കളെ പോലെ തനിക്കജ്ഞാതമായ കാര്യങ്ങളില്‍ വേണ്ടാതെ തലയിടുന്ന ഒരു പാതിരി ആയിരുന്നില്ല എന്നു പറയുന്നതിലും"(പരിണാമ സിദ്ധാന്തം ചര്‍ച്ചചെയ്യപ്പെടുകയും അതിനെ മനസ്സിലാക്കിയവര്‍ വളരെ ചുരുക്കവും എതിര്‍ക്കുന്നവര്‍ കൂടുതലുമായ ഒരു കാലത്താണ് ഇതെന്ന് ഓര്‍ക്കുക)
Saturday, April 15, 2006
Subscribe to:
Post Comments (Atom)
6 comments:
ഫലിതം
കല്ലേച്ചി ഏത് സ്കൂളിലാ പഠിച്ചത്. എനിക്ക് പലതും എഴുതണമെന്നുണ്ട്. ഒന്നിനും കഴിയുന്നില്ല. കല്ലേച്ചി പഠിച്ച സ്കൂളിൽ ഞാൻ പോയി ഒന്നുകൂടെ പഠിച്ചാൽ ചിലപ്പോൾ രക്ഷപ്പെട്ടേനെ.
കല്ലേച്ചി ഇതൊരു ഭംഗി വാക്കല്ല. "വളരെ ഗംഭീരമായിരിക്കുന്നു".
പൊതുബോധമെന്നത് ശീതീകരിച്ച ഫ്രെയിമുകളുടെ ഉള്‍വശമാണ്. പ്രത്യയശാസ്ത്രങ്ങള്‍ മിനുസപ്പെടുത്തിയ ഇരിപ്പിടമിട്ടുതരുന്നത് താങ്കള്‍ നില്‍ക്കാതിരിക്കാനാണ്. ഇരിപ്പിന് ആലസ്യമുണ്ട്. നില്പ്പിന് കുതറലും. കസേരയിലിരിക്കാത്തവനെ ഫ്രയിമിലൊതുക്കാം. ചുറ്റും നോക്കൂ രണ്ടിടത്തുമില്ലാത്ത എത്രപേരുണ്ട്? നമ്മള് എല്ലാം സംരക്ഷിക്കാന്‍ ചുമതലയുള്ളവര്‍ എന്നുപറഞ്ഞുതന്നു കൊണ്ടേയിരിക്കുന്നു. മാറ്റങ്ങള്‍ക്കൊപ്പം ജീവിതത്തെ വിടാത്ത തോട്ടിയായി സംരക്ഷണം മാറുന്നത് അങ്ങനെയാണ്.
ഞാൻ എന്നെപ്പറ്റിത്തന്നെ ചിന്തിക്കുന്നു. അഹം ബ്രഹ്മാസ്മി. കാരണം ഞാൻ ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്. കടലിൽ നിന്നെടുക്കുന്ന ഏതു തുള്ളിയിലും കടലുള്ളതുപൊഅലെ.
തീർച്ചയായും നന്ദിയുണ്ട്.
kallechi
കല്ലേച്ചിയ്ക്ക് വായിക്കുവാൻ ഒരു പി.ഡി.എഫ് ഫയൽ കമെന്റായി രേഖപ്പെടുത്തുന്നു
താങ്കളുടെ ലേഖനങള്‍ ഞാന്‍ വായിക്കാറുണ്ട്. എനിക്ക് കൃഷി ഇഷ്ടമാണ്. തീര്‍ച്ചയായും താങ്കളുടെ സഹായം എനിക്ക് ആവശ്യമാണ്. ഈ ലേഖനം വായിച്ച് അഭിപ്രായം ഞാന്‍ തുടര്ന്നെഴുതാം
ലേഖനം ഗംഭീരം..
മനുഷ്യത്തത്തോടു കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നത് പലപ്പോഴും സാമൂഹികവാദം അല്ലേ?..
വ്യക്തിയോ സമൂഹമോ ആദ്യം നന്നാവേണ്ടത് എന്നത് പഴയൊരു ചോദ്യമാണ്..
Post a Comment