Tuesday, April 11, 2006

ഉമ്പായി അറിഞ്ഞിട്ടില്ലാത്ത ഏതോ

ഉമ്പായി അറിഞ്ഞിട്ടില്ലാത്ത ഏതോ ഹിന്ദുസ്ഥാനി രാഗമാണ്‌. ഗസലുകളുടെ അഭൌമമായ സംഗീത ധാരയായി, ഒരു കൊച്ചുജലാശയം മെല്ലെ നിറഞ്ഞ്‌ പതുക്കെ തുളുമ്പുന്നത്ര ശാന്തമായി അദ്ദേഹം പാടിക്കൊണ്ടിരിക്കവേ ഒപ്പം നിന്റെ ഓര്‍മ്മകള്‍ എന്നില്‍ നിറയുകയായിരുന്നു. നീപറയാറില്ലേ അവര്‍ക്കൊക്കെ എന്തു സന്തോഷമാണ്‌, നീ അവരുടെ കൂടെയുണ്ടല്ലോ എന്ന്‌. (ആപ്‌ ജിസ്കെ കരീബ്‌ ഹൊതേ?..) നിന്റെ മറ്റനവധി"പോയത്തങ്ങളില്‍" ഒന്ന്‌. നിന്റെ, എന്നെ മണിയടിക്കാനുള്ള വെറും 'ഇസലായി' ഞാന്‍ കരുതിയിരുന്ന അതൊരു ഗസലാണ്‌.

ഹിന്ദുസ്ഥാനി രാഗങ്ങള്‍ സമ്മാനിക്കുന്ന അവാച്യമായ സംഗീതത്തിന്റെ ചിറകുകളില്‍ മെല്ലെ പറക്കുകയായിരുന്നു കഴിഞ്ഞ രാത്രിയില്‍. പലരുടേയും പാട്ടുകളില്‍ പാടുന്ന ആളുണ്ടാവാറില്ല എന്നാല്‍ ഉമ്പായിയുടെ ഗസലുകളില്‍ ഉമ്പായിയുണ്ട്‌. ഞങ്ങള്‍ ആറുപേരുണ്ടായിരുന്നു ഒരു ഹോണ്ടാസിവിക്കില്‍ കുത്തിനിറച്ചായിരുന്നു യാത്ര. പാക്കിസ്താനിയും ഹൈദ്രബാദിയും കവിയും അധ്യാപകനും പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസ വിച്ക്ഷണനുമായ ഒരാളും"പിന്നെ രോഗിയയ്‌ കൂടെയീ ഞാനും". കവി പിന്നീട്‌ കംപ്ലൈന്റ്‌ പറഞ്ഞു ഈ അസുഖകരമായ ഇരുത്തം അയാള്‍ക്ക്‌ പുറം വേദന സമ്മാനിച്ചെന്ന്. പ്രവാസം സമ്മാനിച്ച സമ്പാദ്യങ്ങളില്‍ ചിലതാണത്‌. വഴി ഞങ്ങളെ അറിയാന്‍ കുറച്ചു സമയമെടുത്തു.
9.30 നാണ്‌ പരിപാടി ആരംഭിച്ചത്‌. മിര്‍സായുടെ പാട്ടുകളുണ്ടായിരുന്നു കൂട്ടത്തില്‍. (ജബ്‌ ദീപ്‌ ജ്ജലേ ആനാ, ജബ്‌ ശ്യാം ധലേ ആനാ.. പ്യാര്‍, ഇഷ്ഖ്‌, ദീവാനി, മുഹബ്ബത്ത്‌, പാഗല്‍, ഷാദി, ദില്‍ തോട്‌ന തുടങ്ങിയ കുറച്ചു പദങ്ങള്‍ പഠിച്ചാല്‍ ആര്‍ക്കും ഒരു റ്റിപ്പിക്കല്‍ ഹിന്ദിപ്പാട്ടെഴുതാം എന്നതില്‍ നിന്നുള്ള മോചനമായിരുന്നു യേശുദാസിനു ലഭിച്ച എല്ലാ പാട്ടുകളും.) ഞങ്ങളില്‍ ഉറുദു സംസാരിക്കുന്നവര്‍ ഈ ഭാഷയിലും വിശേഷിച്ചും ഗസലുകളിലും ശായരികളിലും തല്‍പര്യമുള്ളവരും തരക്കേടില്ലാത്ത വിവരമുള്ളവരുമായിരുന്നു. അതിനാല്‍ ഈ ഭാഷയുടെ ഉള്‍പിരിവുകളും മുഴക്കങ്ങളും മനസ്സിലാകാത്ത പല ഉറുദു വാക്കുകളുടേയും അര്‍ഥങ്ങളും അവര്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നു. അല്ലെങ്കില്‍ സംഗീതത്തിനെന്തിനാണ്‌ ഒരു ഭാഷ. അതു തന്നെ ഒരു ഭാഷയാണല്ലോ. മുളം തണ്ടില്‍ കാറ്റൂതിയുണ്ടാവുന്ന നാദത്തെ പരാവര്‍ത്തനം ചെയ്യേണ്ടതില്ല. ആസ്വദിച്ചാല്‍ മതി. അനുഭവ തലത്തില്‍ ഒന്ന് എത്തിക്കഴിഞ്ഞാല്‍ പിന്നെ വിശദീകരണങ്ങള്‍ ആവശ്യമില്ല. ബോള്‍പെന്ന് എന്താണെന്ന് നമാര്‍ക്കുക്ം പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. കവിതയുടെ അര്‍ഥമറിഞ്ഞാല്‍ കവിത ആസ്വദിക്കാം എന്നേയുള്ളൂ. എന്നാല്‍ ഉറുദുവില്‍ പാട്ടെഴുതുന്നതിന്‌ വാക്കുകളെ തപ്പിപ്പോകേണ്ടതില്ല. ഏതുവാക്കിലും മണിമുഴങ്ങുന്നതുകേള്‍ക്കാം. വ്യവഹാരഭാഷതന്നെ സംഗീതാത്മകമാണ്‌. സംഗീതത്തിനു വേണ്ടി ലോകത്തിലൊരു ഭാഷയുണ്ടെങ്കില്‍ അത്‌ ഉറുദു ആയിരിക്കണം. അത്രയും മധുരമാണതിന്റെ ദീര്‍ഗവും ഹൃസ്വവും. അവയൊക്കെ സാധാരണ ഉപയോഗിക്കുന്ന വാക്കുകളുമാണ്‌. ആ ഭാഷയുടെ ഉത്ഭവം പുല്ലാങ്കുഴലില്‍ നിന്നണെന്നു ഞാന്‍ വിചരിച്ചോട്ടെ. മലയാളത്തില്‍ ഇത്തരം വാക്കുകള്‍ നാം മറ്റൊരുശേഖരത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നു തോന്നുന്നു. ഉറുദുവിലേക്ക്‌ എന്നെ നയിക്കുന്നത്‌ ചെറുപ്പത്തിലേ കേട്ടു പരിചയിച്ച്‌ ഹിന്ദിപ്പാട്ടുകളുടെ മാധുര്യമാണ്‌.

ഈ ഭാഷ മനസ്സിലാക്കണം എന്നത്‌ ഒരു ആര്‍ത്തിയായി കൊണ്ടുനടന്നാണ്‌ ഗള്‍ഫിലെത്തുന്നത്‌. അതു പഠിക്കാനായി കുറെസമയം പല പാക്കിസ്ഥാനികളുടെയും പിന്നാലെ നടന്നു കാര്യങ്ങള്‍ മനസ്സിലാകും എന്ന പരുവത്തിലാക്കിയെടുത്തു. ഷഹബാസിനേയും അര്‍ഷാദിനേയും, സാഹിദിനേയും, സിയായേയും അങ്ങനെ നിരവധി പേരോര്‍മ്മയില്ലാത്തവരേയും ഇവിടെ ഓര്‍മ്മിക്കട്ടെ.

ഒരു രാജ്യത്തു താമസിക്കുകയും ആനാട്ടിലെ ഭാഷ പഠിക്കാതിരിക്കുകയും ചെയ്യുക എന്ന ക്രിമിനല്‍ കുറ്റമാണ്‌ ഭൂരിഭാഗം "പ്രവാസികളെ" പോലെ ഞാനും ചെയ്തിട്ടുള്ളത്‌. അറബിയുടെ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌.

ഒരു രാത്രികൂടി ഉരുകിയൊലിക്കുകയാണ്‌ പതിരാത്രിക്കു ശേഷമായിരുന്നു മടക്കം. വണ്ടിയില്‍ ജഗജിത്സിംഗ്‌ പാടിക്കൊണ്ടിരുന്നു. കാറ്റുതട്ടാത്ത മേഘം പോലെ മനസ്സില്‍ പ്രണയം ഇളക്കമില്ലാതെ തൂങ്ങിനിന്നു.

ഫലിതം
അയല്‍ക്കാര്‍ തമ്മില്‍ ശണ്ഠയുണ്ടാകുന്നത്‌ ഇങ്ങനേയുമാവാം."നിങ്ങളുടെ ഭാര്യ പാട്ടു പഠിക്കുന്നുണ്ട്‌ അല്ലേ?""ആതെ""ഓഹോ, എങ്കില്‍ ഒരു 8500 രൂപ തരേണ്ടിവരും""അതിനു നിങ്ങളല്ലോ അവളെ പാട്ടു പഠിപ്പിക്കുന്നത്‌""അല്ല, എന്നാള്‍ ശല്യം സഹിക്കാതെ തൂങ്ങിച്ചത്ത എന്റെ സിന്ധിപ്പശുവിന്റെ വിലയാണത്‌"

8 comments:

അചിന്ത്യ said...

ഉം..ഗസലുകള്‍ എപ്പഴും വിരഹാര്‍ത്ത പ്രണയം തന്നെ മനസ്സില്‍ കൊണ്ടു വരുന്നത് എത്ര സ്വാഭാവികായിട്ടാ.
അത് വിപ്ലവകവിതകള്‍ എഴുതീട്ട്ള്ള ഗാലിബിന്‍റേം ഫയിസിന്‍റേം ആണെങ്കിപ്പോലും.വിപ്ലവത്തിന്‍റെയും ദേശീയബോധത്തിന്‍റേയും വാള്‍മുനത്തുമ്പിലും പ്രണയത്തിന്‍റെ ചോര പൊടിയണത് കാണാം.

കണ്ണൂസ്‌ said...

ഗാലിബും ഫയസും (ഫയസ്‌ അഹ്‌മദ്‌ ഫയസ്‌ അല്ലേ?) വിപ്ലവകാരികളായിരുന്നോ അചിന്ത്യേ? സാമൂഹ്യ വ്യവസ്ഥിതിയെ നിരാകരിക്കുന്ന കവിതകള്‍ ഗാലിബ്‌ എഴുതിയിട്ടുണ്ടെന്നത്‌ ശരി തന്നെ. പക്ഷേ, എനിക്കു തോന്നുന്നത്‌, അത്‌ അന്നത്തെ കവികള്‍ക്ക്‌ അനുവദിച്ചു കിട്ടിയിരുന്ന സ്വാതന്ത്ര്യം ആയിരുന്നു എന്നാണ്‌. ഒരു ബൊഹീമിയന്‍ ജീവിത ശൈലി ആയിരുന്നെങ്കിലും ഗാലിബ്‌ മനസ്സു കൊണ്ട്‌ ഒരു സുഖിമാന്‍ തന്നെയായിരുന്നു എന്നാണ്‌ മിക്ക ജീവചരിത്രകാരന്‍മാരും പറയുന്നത്‌. ഫയസിന്റെ കാര്യത്തിലാണെങ്കില്‍, ഉറച്ച ഇടതു പക്ഷ ചിന്താഗതിക്കാരന്‍ ആയിരുന്നിട്ടും അദ്ദേഹവും establishement വിട്ടു കളിച്ചിട്ടില്ല. ശരാബും ശബാബും നിറഞ്ഞു നില്‍ക്കുന്ന ഗസല്‍ ലോകത്ത്‌ തന്നെയാണ്‌ ഇവരുടെ മുദ്രകള്‍.

കല്ലേച്ചി, യേശുദാസ്‌ പാടി കുളമാക്കിയ ഹിന്ദി പാട്ടുകള്‍ എന്തെങ്കിലും പ്രത്യേകത ഉള്ളവയായിരുന്നുവെന്ന് തോന്നുന്നില്ല. ജവാനി,ദിവാനി, പാഗല്‍, സോന, ചുന്‌രി ഒക്കെ 90 കള്‍ക്ക്‌ ശേഷം ഹിന്ദിയില്‍ ആധിപത്യം സ്ഥാപിച്ചതാണ്‌. യേശുദാസ്‌ ഹിന്ദിയില്‍ പാടിയ കാലത്ത്‌ തരക്കേടില്ലാത്ത പാട്ടുകളായിരുന്നു വന്നു കൊണ്ടിരുന്നത്‌. അവയില്‍ ചിലത്‌ അങ്ങേര്‍ക്കും കിട്ടിയെന്ന് മാത്രം. (രവീന്ദ്ര ജൈന്‍ എഴുതി അദ്ദേഹം തന്നെ സംഗീതം പകര്‍ന്ന ചിത്‌ചോറിലെ " ജബ്‌ ദീപ്‌ ജലേ ആനാ" മിര്‍സയുടെ ഗാനം എന്നെഴുതിയത്‌ മനസ്സിലായില്ല.)

അതു പോലെ, ഗസല്‍ ആസ്വദിക്കാന്‍ അല്‍പ സ്വല്‍പം കവിതയും മനസ്സിലാക്കണം എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍. സംഗീതത്തിന്‌ ഗസലില്‍ പരിമിതമായ പ്രാധാന്യമേയുള്ളു.

കല്ലേച്ചി പറഞ്ഞ ഒരു കാര്യത്തോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു. ഉംബായിയുടെ കാര്യമാണത്‌. അസാധാരണ കഴിവുകളുള്ള ഈ ഗായകന്‍ ഗള്‍ഫ്‌ നാടുകളിലേയും ചില ടി.വി. ചാനലുകളിലേയും ഗസല്‍ സന്ധ്യകളില്‍ ഒതുങ്ങി പോവുന്നത്‌ കഷ്ടം തന്നെയാണ്‌.

പി.എസ്‌: കല്ലേച്ചിയുടെ ഈ പോസ്റ്റ്‌ പാതാളക്കരണ്ടിയില്‍ കണ്ട ഓര്‍മ്മയില്ല. വന്നിരുന്നോ?

അതു പോലെ, പോസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്‍പ്‌ ദയവ്‌ ചെയ്ത്‌ paragraph തിരിക്കുകയെങ്കിലും ചെയ്യുക. പലപ്പോഴും കല്ലേച്ചിയുടെ വലിയ പോസ്റ്റുകള്‍ വായിക്കപ്പെടാതെ പോവുന്നുണ്ട്‌ ഇതു കാരണം എന്ന് തോന്നുന്നു.

Achinthya said...

കണ്ണൂസ്സേ.
ഗാലിബ് വിപ്ലവവീര്യം തലക്കടിച്ച് വാളെടുത്തിറങ്ങീന്ന് ള്ള അര്‍ത്ഥത്തിലല്ല ഞാന്‍ വിപ്ലവകവിതകള്‍ ന്ന് പറഞ്ഞത്.അദ്ദേഹത്തിന്‍റെ കവിതകളിലെ പ്രണയേതരമെന്നു പ്രത്യക്ഷത്തില്‍ തോന്ന്യെക്കാവുന്ന, എങ്കില്‍ വിപ്ലവകരമായിട്ട് തന്നെയുള്ള ആശയങ്ങളുള്‍ക്കൊള്ളണ കവിതകള്‍-

“nahin kuch subha-o-zunnaar ke fande mein girayii
vafaadaari mein shaikh-o-barahman ki aazmaaish hai"...to begin with. Oh yes, about the shraab and shabaab ,but werent they all trying to drown themselves in it!

"maye se gharaz nishaath hai kis ru-siyaah ko
ik goonaa bekhidii mujhe din raath chaahiyE..."

And though we find it convenient to remember Ghalib for his urdu ghazals that you mentioned, he issaid to have written better in Persian.

Love

Thulasi said...

പോയത്തങ്ങങ്ങള്‍....
ഉപയോഗിക്കാതെ തുരുമ്പെടുത്തിരിക്കുകയായിരുന്ന വാക്കിനെ തിരികെ പിടിച്ച്‌ തന്നതിന്‌ നന്ദി.

ഉര്‍ദു സംഗീത ഭാഷ തന്നെയാണ്‌ . അതുകൊണ്ടല്ലേ ഉര്‍ദു പോപ്പിനും റോക്കും ഉര്‍ദു കേട്ടിട്ടു പോലുമിലാത്ത സ്ഥലങ്ങളില്‍ പോലും കേള്‍വിക്കാരുണ്ടാകുന്നത്‌.വിപ്ലവവും പ്രണയവും ഒരുപോലെ തലയ്ക്ക്‌ പിടിച്ച്‌ ഗസലുകള്‍ എഴുതികൂട്ടിയവരല്ലേ ആസ്‌മിയും സഹീറും?

സഹീറ്‌ താജ്‌മഹലിനെ കുറിച്ച്‌ പാടിയത്‌
Yeh chaman zar yeh jamna ka kinara yeh mahal
Yeh munaqqash dar-o-deevar yeh mehrab yeh taaq
Aik shahanshah nay daulat ka sahara lay ker
Hum ghareebon kee mohabbat ka uraya hai mazaaq

"മഴയില്‍ കുതിര്‍ന്ന മരങ്ങളേ ഓര്‍ക്കുന്നുവോ നിങ്ങളെന്‍ പോയ്പ്പോയ ബാല്യം..."

അബാദ്‌ പ്ലാസയില്‍ ഒതുങ്ങാതെ പോയതുകൊണ്ടാകാം ടീവിയില്‍ ഒതുങ്ങിപ്പോകുന്നു എന്നതോന്നലുകള്‍ ഒന്നും ഇല്ലാതെ ഉമ്പായി ( അബാദ്‌ പ്ലാസയില്‍ പാടുന്ന സമയത്ത്‌ ജോണ്‍ അബ്രഹാം കല്‍പ്പിച്ച്‌ നല്‍കിയ പേരായിരുന്നു പോലും 'ഉമ്പായി" ) പാടി കൊണ്ടിരിക്കുകയാണ്‌. അടുത്തകാലത്തായി സച്ചിതാനന്ദന്റേയും ഒ.എന്‍.വി യുടേയും ഗസലുകള്‍ക്ക്‌ സംഗീതം നല്‍കി പാടിടുണ്ട്‌.

കണ്ണൂസ്‌ said...

അചിന്ത്യേ,

ഖിജ്‌ര്‍ സുല്‍ത്താന്‍ കോ രഖേ ഖാലിഖ്‌-എ-അക്ബര്‍ സര്‍സബ്സ്‌,
ഷാ കേ ബാഗ്‌ മേം യേ താസാ നിഹാല്‍ അച്ഛാ ഹേ...

എന്നും എഴുതിയിരുന്നു ഗാലിബ്‌. ഖിജ്‌ര്‍ സുല്‍ത്താന്‍ ബഹദൂര്‍ ഷാ സഫറിന്റെ മകന്‍ ആയിരുന്നു. മുഗള്‍ സാമ്രാജ്യം നിലനിന്നിരുന്നുവെങ്കില്‍ ഉള്ള കിരീടാവകാശി.

തുളസീ,

സഹീറിനെ പറ്റി എനിക്കധികം അറിയില്ല. പക്ഷേ, ഇത്തരം വരികള്‍ ഈ കവികളുടെ മൊത്തത്തില്‍ ഉള്ള attitude-നെ അല്ല കാണിക്കുന്നത്‌ എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. അടിസ്ഥാന പരമായി ഇസ്ലാം സംസ്കാരത്തോട്‌ ഇഴുകി ചേര്‍ന്ന് കിടക്കുമ്പോഴും ഗസല്‍ എഴുതിയിരുന്ന കവികള്‍ക്ക്‌ അനിയന്ത്രിതമായ സ്വാതന്ത്ര്യം സമൂഹം അനുവദിച്ചു കൊടുത്തിരുന്നു. അവര്‍ പലപ്പോഴും അത്‌ ഉപയോഗിച്ചു എന്നു മാത്രം.

കാഅബ ടൂഠ്‌ ജായേ തോ
ബനാ ലേംഗേ ഹം ഉസേ
ടൂഠാ യേ ദില്‍ ദര്‍ദ്‌ സേ
തോ ബനായാ നഹി ജായേഗാ

എന്ന് നാസിര്‍ കാസ്‌മി പാടിയപ്പോള്‍ കിട്ടിയ കയ്യടി, ഇതിന്റെ മലയാള പരിഭാഷ യൂസഫലി കേച്ചേരി എഴുതിയാല്‍ കിട്ടുമെന്ന് തോന്നുന്നുണ്ടോ? മറിച്ച്‌, ഒരു കൊടിയ വിവാദത്തിനുള്ള വെടിമരുന്ന് ആവും അതെന്ന് തോന്നുന്നില്ലേ?

Thulasi said...

kannuse,
check this link for more on Sahir

http://www.upperstall.com/people/sahir.html

കല്ലേച്ചി said...

ഈ പോസ്റ്റ് ഇടുമ്പോൾ കമ്പൂട്ടർ എനിക്ക് മലയാളത്തിനുപകരം കുറെ ചതുരക്കള്ളികളായിരുന്നു കാണിച്ചു തന്നത്. അത് ഒന്നും ചെയ്യാൻ പറ്റിയില്ല. ക്ഷമിക്കണം. ഒരു കാര്യം കൂടി മനസ്സിലായി നിങളെല്ലാം ഗസലിന്റെ ആശാന്മാരാണെന്ന്. ഉരുദുവിലെ ശായരി പൊഅലെ ഒന്ന് മലയാളതിലും പരീക്ഷിക്കവുന്നതാണ്

കല്ലേച്ചി said...

മിർസ എന്നയാൾ എഴുത്തുകാരനല്ല. ജിദ്ദയിൽ ജീവിക്കുന്ന ഒരു ആലപ്പുഴക്കാരൻ പാട്ടുകാരനാണ്. വേദിയിൽ അയാളായിരുന്നു ഈ പാട്ടു പാടിയിരുന്നത്.