Sunday, March 05, 2006

ആഗോളവത്‌കരണം

ലോകം മൊത്തം പട്ടിണിയിലായിരിക്കുമ്പോള്‍, യുദ്ധഭീതിയിലായിരിക്കുമ്പോള്‍, ആഗോളവത്‌കരണം അതിന്റെ കരാള ഹസ്ഥങ്ങളുപയോഗിച്ച്‌ നമ്മെ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ പ്രേമ ഗാനമാലപിക്കാനാവും? അത്തരം ഘട്ടങ്ങളില്‍ ഇങ്കിലാബിനു പകരം ഐ ലവ്‌ യൂവും പ്രേമ ഗാനങ്ങളും എഴുതുന്നവര്‍ മൂരാച്ചികളാണ്‌. ഇതാണ്‌ ഇടതുപക്ഷക്കാരന്‍ സാഹിത്യതേയും സിനിമയേയും കലയേയും ലാവണ്യപരമായ ഏതു മണ്ണാങ്കട്ടയേയും അധികരിച്ച്‌ സംസാരിച്ചാല്‍ പറയാന്‍ പോകുന്നത്‌. ഓര്‍ക്കുക മനോഹരങ്ങളായ പ്രേമഗാനങ്ങള്‍ മാര്‍ക്സ്‌ രചിച്ചിട്ടുണ്ട്‌. അപ്പോള്‍ മേല്‍പറഞ്ഞ വാദങ്ങള്‍ അദ്ദേഹത്തോടും പറയാം. ഇതൊക്കെ നേരത്തെ തയ്യാര്‍ ചെയ്തതാണ്‌. അതിന്‌ എല്ലാകാലത്തും ഒരേ രൂപമണ്‌. ഒരു ഇടതുപക്ഷസഹയാത്രികനാണ്‌ ഞാന്‍ എന്നുപറഞ്ഞു ഒരാള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്ത്‌ ഞങ്ങള്‍ക്കറിയാം നിങ്ങളെന്താണ്‌ പറയാന്‍ പോകുന്നത്‌ എന്ന് കേള്‍വിക്കാരന്‌ പറയാം. ചുരുങ്ങിയത്‌ സദസ്സില്‍ നിന്നിറങ്ങിപ്പോയി പുക വലിക്കാം. മനുഷ്യന്‌ കേവലം വയറു മാത്രമല്ല മനസ്സ്‌ എന്നൊരു അവയവം കൂടിയുണ്ടെന്നും അത്‌ അളന്നെടുക്കാന്‍ പറ്റുന്നൊരു അളവുകോലും മനുഷ്യന്‍ ഇതുവരേ കണ്ടുപിടിച്ചിട്ടില്ലെന്നും ഇവര്‍ മറക്കുന്നു. ആവസാനത്തെ കോരനും കഞ്ഞി പാത്രത്തില്‍ ലഭിക്കുന്നവരേ ഞനെന്തിനു കാത്തിരിക്കണം? നമുക്ക്‌ നമ്മുടെ പാത്രത്തില്‍ പല്‍കഞ്ഞികുടിച്ചും അയാള്‍ക്കുവേണ്ടി വാദിച്ചുകൂടെ? പെരുമ്പടവം ചോദിച്ചപോലെ "സാഹിത്യത്തേയും കലയേയും ഇത്രയും പരിഗണിച്ച ഒരു സിദ്ധാന്തവുമില്ല, മാര്‍ക്സിസം പോലെ. എന്നിട്ടും മുന്‍നിര എഴുത്തുകാരില്‍ ഭൂരിഭാഗവും നിങ്ങളുടെ സഹയാത്രികരാവുന്നില്ല എന്ന് നിങ്ങള്‍ എന്തുകൊണ്ട്‌ ചിന്തിക്കുന്നില്ല?"

സ്വാതന്ത്ര്യം മറ്റെല്ലാംപോലെ പ്രധനമായതാണ്‌. മേല്‍പറഞ്ഞകമ്മൂണിസ്റ്റ്‌ വാദം തന്നേയണ്‌ പല മതങ്ങളും അവരുടെ രൂപത്തില്‍ പറയുന്നത്‌. സ്പോര്‍ട്‌സിനേയും കലകളേയും എതിര്‍ക്കുന്ന ചില ഇസ്ലമിക്ക്‌ വിഭാഗങ്ങളുണ്ട്‌. അവരുന്നയിക്കുന്ന ചോദ്യവും ഏതാണ്ടിതേ പോലെ തന്നെയാണ്‌. ലോകം പട്ടിണിയിലായിരിക്കുമ്പോള്‍ പ്രത്യുത്‌പാദനപരമല്ലാത്ത സ്പോര്‍ട്‌സ്‌ പോലെയുള്ള ഉല്ലാസ വ്യായാമങ്ങള്‍ക്‌ പണമിറാക്കുന്നത്‌ നിരോധിക്കപ്പെടേണ്ടതാണ്‌. കമ്മൂണിസ്റ്റുകാരന്‍ ഇങ്ക്വിലാബ്‌ സിന്ദാബാദില്‍ തുടങ്ങി ലാല്‍സലാമില്‍ അവസാനിപ്പിക്കുന്നു. മുസ്ലിങ്ങള്‍ ബിസ്മിയില്‍ തുടങ്ങി അമ്മാബഹദിലും കൃസ്റ്റ്യാനികള്‍ സ്തോത്രത്തിലോ മറ്റോ തുടങ്ങി ഹാലേലൂയായില്‍ അവസാനിപ്പിക്കുന്നു. നോ ഡിഫറെന്‍സ്‌.

പണ്ട്‌കമ്പൂട്ടറുകളെ എതിര്‍ത്തപ്പോഴും -ഇടയ്ക്ക്‌ പറയട്ടെ ഈ 'ചരിത്രപരമായ മണ്ടത്തം' അവരെ വളരെക്കാലം വേട്ടയാടുക തനെ ചെയ്യും- പുറത്തെന്തൊക്കെ പറഞ്ഞാലും വിപ്ലവം സാധ്യമാകാതെ പോകുമോ എന്ന ഭീതിയായിരുന്നു സഖാക്കന്മാരുടെ താത്വികചാര്യന്മാര്‍ക്ക്‌. ഇനി പുറത്തെന്താണു പറഞ്ഞത്‌? ലക്ഷക്കണക്കായ തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടം വരും. സംഭവിച്ചതെന്താണ്‌? കോടിക്കണക്കിന്‌ പുതിയ തൊഴിലവസരങ്ങള്‍. സന്ദര്‍ഭത്തിനനുസരിച്ചു മാറാന്‍ തയ്യാറായവര്‍ക്കൊന്നും തൊഴില്‍ നഷ്‌ടം വന്നില്ല. ഇപ്പോഴും പുതിയ പുതിയ തൊഴില്‍ മേഖലകള്‍ ഇതില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനിയും തുടരാനാണു സാധ്യത. അതും വര്‍ധിച്ച വരുമാനം നല്‍കുന്നവ. അതിലൊക്കെ ഉപരിയാണ്‌ സമയവും സ്ഥലവും ലാഭിക്കാനാവുക എന്നത്‌. നമുക്കറിയാം കമ്മൂണിസ്റ്റുകാരന്‍ തൊഴില്‍ എന്നുപറയുന്നത്‌ സമയം മെനക്കെടുത്തുന്ന പരിപാടിക്കാണ്‌. ഇനി അവര്‍പറയുന്നതുപോലെ കമ്പൂട്ടറുകളെ നാം ഉപേക്ഷിച്ചാലോ? അന്നും ഇവര്‍ തൊഴില്‍ നഷ്‌ടത്തിന്റെ പേരില്‍ കൊടിപിടിക്കും. ഇനികമ്പൂട്ടറുകളേ വെല്ലുന്ന പുതിയ ഉപകരണം എ. ഐ. പോലുള്ള സ്വയം പ്രവര്‍ത്തിത ബുദ്ധികള്‍- വന്നാലോ? അന്നും ഇവര്‍ തൊഴില്‍ നഷ്‌ടത്തിന്റെ പേരില്‍ കൊടിപിടിക്കും. അതിനു പോകുന്ന സമയത്തിനു മറ്റെല്ലാം മാറ്റിവെച്ചു പുതിയ ടെക്നോളജി സ്വായത്തമാകാന്‍ ശ്രമിച്ചാലോ? അപ്പോള്‍ അത്‌ പ്രതിവിപ്ലമാവില്ലേ. എന്നാല്‍ ഇത്‌ മാര്‍ക്സ്‌ പറഞ്ഞതിന്‌ വിരുദ്ധമല്ലേ? അയാളോട്‌ പോകാന്‍ പറ. അദ്ദേഹം പറഞ്ഞു "യന്ത്രങ്ങളിലല്ല, അതിനെ ഉപയോഗപ്പെടുത്തുന്ന സംബ്രധായങ്ങളിലാണ്‌ തകരാറ്‌ എന്നു മനസ്സിലാക്കാന്‍ തൊഴിലാളികള്‍ക്ക്‌ കുറച്ചു കാലം വേണ്ടി വന്നു" മൂലധനം ഈ സംഭവത്തെ ഇങ്ങനെ വിവരിക്കുന്നു.

17-ം ശതകത്തില്‍ യൂറോപ്പില്‍ മിക്ക സ്ഥലങ്ങളിലും റിബണ്‍ ലൂമുകള്‍ക്ക്‌ എതിരായി ലഹള നടന്നു. റിബണ്‍ ലൂം കണ്ടുപിടിച്ചത്‌ ജര്‍മനിയിലാണ്‌. 1579-തില്‍ എഴുതിയിട്ടുള്ളതും 1636-ഇല്‍ വെനീസില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമായ ലല്‍സിലോട്ട്‌ എന്ന ഒരു ഇറ്റലിക്കാരന്റെ പുസ്ഥകത്തില്‍ ഇങ്ങനേ പറയുന്നു. "അമ്പതു കൊല്ലം മുന്‍പ്‌ ഡാന്‍സിരിലെ അറ്റോണ്‍ മുള്ളര്‍ പട്ടണത്തില്‍ അത്‌ഭുതകരമായ ഒരു യന്ത്രം കണ്ടു. അത്‌ നാലുമുതല്‍ ആറുവരെ തുണ്ടുകളെ ഒരേസമയത്തു നെയ്യും. പക്ഷേ, അനേകം വേലക്കാര്‍ക്ക്‌ അതുകൊണ്ട്‌ വേല ഇല്ലാതാകുമെന്നു നഗരസഭ ഭയപ്പെട്ടു. യന്ത്രത്തെ നശിപ്പിക്കുകയും കണ്ടുപിടിച്ചവനേ മുക്കികൊല്ലുകയോ മറ്റോ ചെയ്തു. 1629-ത്‌ വരേ ലെഡ്‌സണില്‍ ഈ യന്ത്രം ഉപയോഗത്തില്‍ വന്നിരുന്നില്ല. തൊഴിലാളികളുടെ എതിര്‍പ്പുമൂലം ആദ്യത്തില്‍ അത്‌ നിരോധിക്കാന്‍ നഗരസഭ നിര്‍ബന്ധിതമായി. 1651-ല്‍ ആണു പരിമിതമായ വ്യവസ്ഥകളോടുകൂടി അതിനെ ഉപയോഗപ്പെടുത്തുവാന്‍ അനുവധിച്ചത്‌. 1676-ല്‍ കൊളോണില്‍ ഇതേ യന്ത്രത്തെ തന്നെ നിരോധിച്ചു. അതേ അവസരത്തില്‍ ഈ യന്ത്രത്തെ ഏര്‍പ്പെടുത്തിയതു കൊണ്ട്‌ ഇന്‍ഗ്‌ളണ്ടിലും തൊഴിലാളികളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. 1685-ല്‍ ഇതിനെ ജര്‍മനിയില്‍ ഒട്ടാകെ നിരോധിച്ചു. ഹാംബര്‍ഗില്‍ ഇതിനെ പൊതുസ്ഥലത്തുവെച്ചു കത്തിച്ചു കളഞ്ഞു. ലോകത്തില്‍ ഒട്ടാകെ ഒരിളക്കമുണ്ടാക്കിയ ഒന്നാണ്‌ ഈയന്ത്രം. വാസ്ഥവത്തില്‍ യന്ത്രത്തറിയുടെ മുന്‍ഗാമിയാണിത്‌. അതുകൊണ്ടു തന്നെ വ്യവസായ വിപ്ലവത്തിന്റേയും. 1630-ല്‍ ഒരു ഡച്ചുകാരന്‍ ലണ്ടന്റെ സമീപ പ്രദേശത്തില്‍ കാറ്റിന്റെ ശക്തി കൊണ്ട്‌ ഓടുന്ന ഒരു അറക്കമില്‍ സ്ഥാപിച്ചു. ജനങ്ങള്‍ അതു നശിപ്പിച്ചു കളഞ്ഞു. 18-ആം ശതകത്തിന്റെ ആദ്യത്തിലും ഇത്തരം അറക്കമില്ലുകളെ സ്ഥാപിക്കുന്നതിന്‍ പൊതുജനങ്ങളുടെ ശക്തിയായ എതിര്‍പ്പു നേരിടേണ്ടിവന്നു. പര്‍ല്ല്യമെണ്ട്‌ ഈ എതിര്‍പ്പിനെ അനുകൂലിച്ചിരുന്നു. 1758-ഇല്‍ വെള്ളത്തിന്റെ ശക്തി കൊണ്ട്‌ ഓടിക്കുന്നതായ ഒരു ഷിയറിംഗ്‌ യന്ത്രത്തെ -കമ്പിളി കത്രിക്കുന്ന യന്ത്രം-ആദ്യമായി എവരെറ്റ്‌ സ്ഥാപിച്ചു. അതുകൊണ്ട്‌ വേലയില്ലാതായ നൂറു കണക്കിന്‌ തൊഴിലാളികള്‍ അതിനെ കത്തിച്ചു കളഞ്ഞു. ആര്‍ക്‌ രൈറ്റിന്റെ കാര്‍ഡിംഗ്‌ എഞ്ചിന്‌ എതിരായി 50,000 തൊഴിലാളികള്‍ ഹര്‍ജി കൊടുത്തു. 19-ആം ശതകത്തിലെ ആദ്യത്തെ പതിനഞ്ചു കൊല്ലത്തില്‍ ഇങ്ങ്ലണ്ടിലെ വ്യവസായ ഡിസ്റ്റ്രിക്റ്റുകളില്‍ വ്യാപകമായ ലഹളകള്‍ നടന്നിട്ടുണ്ട്‌. തൊഴിലാളികള്‍ യന്ത്രങ്ങളെ അടിച്ചുടച്ചു കളഞ്ഞിരുന്നു. യന്ത്രങ്ങളിലല്ല, അതിനെ ഉപയോഗപ്പെടുത്തുന്ന സംബ്രധായങ്ങളിലാണ്‌ തകരാര്‍ എന്നു മനസ്സിലാക്കാന്‍ തൊഴിലാളികള്‍ക്ക്‌ കുറച്ചു കാലം വേണ്ടി വന്നു" മൂലധനം -വിവര്‍ത്തനം. പി. കേശവമേനൊന്‍ പുറം 138-139.
ജോസഫ്‌ മാരി ജാക്വാഡിനെ ഫ്രാന്‍സിലേ ലിയോണില്‍ നിന്ന് തൊഴിലാളികള്‍ ഓടിക്കുമ്പോള്‍ തൊഴിലാളികളുന്നയിച്ച വാദം തൊഴില്‍ നഷ്‌ടം തന്നെയായിരുന്നു. കാരണം അതുവരെ ഉപയോഗിച്ചിരുന്ന ലൂമുകള്‍ക്കു പകരം അദ്ദേഹം കൂടുതല്‍ ക്ഷമതയുള്ള ലൂമുകള്‍ കണ്ടുപിടിച്ചു. നെപ്പോളിയനില്‍ നിന്ന് പട്ടും വളയും വങ്ങിച്ചു. ജാക്വാഡ്‌ മരിക്കുമ്പോള്‍ ഈ സ്ഥലത്ത്‌ 30,000 ലൂമുകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു എന്നത്‌ വിരോധാഭാസമായി തോന്നാം. എങ്കില്‍ പിന്നെ ജക്വാഡിനെ എതിര്‍ത്തതെന്തിനയിരുന്നു എന്നു ചോദിച്ചാല്‍ ഒരു ആര്‍കിടെക്‍ച്വറല്‍ ഉത്തരം ലഭിക്കും. "അത്‌ അന്നിന്റെ ആവശ്യമായിരുന്നു"

ചരിത്രം തുറന്ന പുസ്ഥകം പോലെ നമ്മുടെ മുന്നിലുണ്ട്‌. ഒരു പുതിയ ഉപകരണം ആദ്യമായല്ല നമ്മുടെ തൊഴില്‍ ശാലകളില്‍ കടന്നു വരുന്നത്‌. ഏതൊരു പുതിയ ഉപകരണവും അതുവരേയുള്ള ജോലിയെ അതിനേക്കള്‍ ഭംഗിയായി ചെയ്യുകയും ജീവിതത്തെ മാറ്റിമറിക്കുകയും ചിലരുടെയൊക്കെ ജോലികളയുകയും ചെയ്തിട്ടുണ്ട്‌. അവയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയും കാലക്രമേണയുള്ള പരിഷ്കരണങ്ങള്‍ക്ക്‌ വിധേയമാവുകയും ചെയ്തിട്ടുണ്ട്‌. കാരണം നാം കൂടുതല്‍ മെച്ചപ്പെട്ടതിനെയാണ്‌. തേടിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ ആശയതലത്തിലും കലാ സാഹിത്യ തലത്തിലും സംഭവിച്ചിട്ടുണ്ട്‌. ഇതെല്ലാം ഉള്‍പ്പെട്ട ആകത്തുകയ്ക്കാണ്‌ ജീവിതം എന്ന്‌ പേര്‍. കമ്മൂണിസ്റ്റുകാരെപോലുള്ളവര്‍ അതാതുകാലത്തു അതിനെ എതിര്‍ക്കുകയും ദയനീയമായി പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്‌. ദയനീയം എന്നു പറഞ്ഞത്‌ ബോധപൂര്‍വമാണ്‌. അവര്‍ക്ക്‌ തള്ളിപ്പറഞ്ഞതിനെ തനെ പില്‍കാലത്ത്‌ അംഗീകരിക്കേണ്ടിവരുന്നു എന്നതിനാലാണ്‌ അങ്ങനെ ഒരു പദം ഉപയോഗിച്ചത്‌. ഇതവര്‍ക്കു മാത്രമല്ല ഇന്റര്‍നെറ്റിനെ, റ്റി. വിയെ, ചാനലുകളെ ഒക്കെ തള്ളിപ്പറയുകയും പില്‍കാലത്ത്‌ ഉപയോഗിക്കേണ്ടിവരികയും ചെയ്ത എല്ലാ മതങ്ങള്‍ക്കും ബാധകമാണ്‌. കാര്യങ്ങളെ ഇവരുടെ ഇടയിലെങ്കിലും വൈകിപ്പിക്കാനായി എന്നതാണ്‌ അതുകൊണ്ടുള്ള നേട്ടം. തകരാറാവട്ടെ ഇവരുടെ ശത്രുക്കള്‍ ഇവരേക്കാള്‍ പത്തുകാതം മുന്നിലായിരിക്കും എന്നതും. ഇതാണ്‌ മുതലാളിത്ത ടോമുകള്‍ എല്ലായ്‌പ്പോഴും വിജയിക്കാനുള്ള കാരണം. അപ്പോള്‍ ഇവരുടെ മുന്‍കയ്യിലായിരുന്നു ലോകം വികസിക്കുന്നതെങ്കിലോ? ദുരന്തത്തിന്‌ ഭരണാധികാരം കിട്ടിയതുപോലിരിക്കും.നമുക്കറിയാം ഒരാളുടെ ജീവിതം വളരെ തുഛമാണെന്ന്. അതിനിടയില്‍ ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ നേട്ടങ്ങള്‍ക്ക്‌ അവന്‍ അര്‍ഹനാവട്ടെ. ദയവായി തടയരുത്‌. നിങ്ങള്‍ വേണ്ടതു ശാസ്ത്രസാഹിത്യങ്ങളെ എതിര്‍ക്കുകയല്ല. അവയൊക്കെ സ്വതന്ത്രമായി അവയുടെ പണിചെയ്യട്ടെ. ഈ നേട്ടങ്ങളെ എല്ലാവരിലും എത്തിക്കാനാവശ്യമായ നടപടികളെടുക്കുകയാണ്‌. അതായത്‌ വിതരണത്തിലെ അസമത്വത്തിലാണ്‌ നിങ്ങള്‍ പോരാടേണ്ടത്‌. ഇതൊക്കെ ചരിത്രത്തില്‍ പാഠങ്ങളായി അവശേശിക്കേ തെറ്റിദ്ധരിപ്പിക്കുന്ന കേപ്ഷനുകളുണ്ടാക്കരുത്‌. അതിനാലാണ്‌ ഞാന്‍ പറഞ്ഞത്‌ നിങ്ങള്‍ പറയുന്നതില്‍ ഞങ്ങള്‍ക്ക്‌ വിശ്വാസമില്ലാതായിരിക്കുന്നു എന്ന്‌. മാര്‍ക്സിനെ കൊണ്ട്‌ "ഇതാണ്‌ മാര്‍ക്സിസമെങ്കില്‍ ഞാനൊരു മാര്‍കിസ്റ്റല്ല" എന്ന പ്രസിദ്ധ വാചകം പറയിപ്പിച്ചവരാണു നിങ്ങള്‍.

നമുക്കിങ്ങനെ അവസാനിപ്പിക്കാം. കമ്മൂണിസം തുടങ്ങിയ മതകീയ സ്വഭവങ്ങളൊക്കെ കാര്യങ്ങളെ എതിര്‍ക്കുന്നത്‌ തങ്ങളുടെ ലോകം സൃഷ്ടിക്കാന്‍ ഇവ പര്യാപ്തമല്ല എന്നു കാണുമ്പോഴാണ്‌.
--------------------------------------------
ഫലിതം
--------
ഇന്റര്‍നെറ്റില്‍ കണ്ടത്‌
എല്ലവര്‍ഷവും അമേരിക്കയിലേക്ക്‌ റഷ്യയില്‍ നിന്ന്‌ ഒരു പട്ടി യാത്ര ചെയ്യുമായിരുന്നു. ഒരു തീര്‍ഥയാത്ര പോലെ. ഒരിക്കല്‍ ഒരു അമേരിക്കന്‍ പട്ടി അതിനോടു ചോദിച്ചു.
"വാല്‍സലാം സഖാവേ, തങ്കള്‍ എല്ലാവര്‍ഷവും ഇവിടെ വരാറുണ്ടല്ലോ ഇതെന്താ തീര്‍ഥ യാത്രയാണോ?"
"അതൊക്കെ നിങ്ങള്‍ മുതലാളിമാരുടെ പരിപാടികളാണ്‌."
"പിന്നെന്താ റഷ്യയില്‍ ഭക്ഷണമില്ലേ?"
"അവരവരുടെ ആവശ്യമനുസരിച്ച്‌ സുലഭം"
"വിദ്യാഭ്യാസം?"
"എല്ലാവര്‍ക്കും"
"പിന്നെന്താ സഖാവെ ഇങ്ങോട്ടു വര്‍ഷം തോറും?"
അതുകേട്ടു റഷ്യന്‍ പട്ടി പറഞ്ഞു
"ഒന്നു കുരയ്ക്കണ്ടെ സഖാവേ, വാല്‍സലാം"
--------------------------------------

3 comments:

Anonymous said...

ചിലെരെങ്കിലും പറയാതെ മനസില്‍ സൂക്ഷിക്കുന്ന കാര്യങളാണ്‌ കല്ലേച്ചിയുടെ കവണയില്‍ നിന്ന്‍ തെറിക്കുന്നത്‌. ഗോലിയാത്തിന്റെ തിരുനെറ്റി ബുള്ളറ്റ് പ്രൂഫ് ആയിരുന്നുവോ?

പോസ്റ്റുകളുടെ വേഗം കുറച്ചാല്‍ വൈകിയെത്തുന്നവര്‍ക്കുകൂടി വായിക്കാം

രാജ് said...

ഫലിതം ബോധിച്ചു.

കല്ലേച്ചി|kallechi said...

spead breaker ahead