Thursday, October 30, 2008

ചെചോരി

ഒരു പളുങ്കുഭരണിയില്‍ ഞാന്‍ ശേഖരിക്കുന്നത്‌ വാക്കുകളാണ്‌. ഏതുഭാഷയില്‍ നിന്നായാലും ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത്‌ മനസ്സിലെ ഈ ചെപ്പില്‍ വീഴും. ചെറുപ്പത്തില്‍ വളപ്പൊട്ടുകളും പുളിംകുരുകളും മയില്‍പ്പീലിയും മറ്റും അടുത്തവീട്ടിലെ പെണ്‍കുട്ടികള്‍ക്കൊപ്പം ശേഖരിച്ചിരിക്കണം.

ഉറുദുവിലാണ്‌ എനിക്കു പ്രിയപ്പെട്ട പലവാക്കുകളുമുള്ളത്‌. അവ കേള്‍ക്കുമ്പോള്‍ അവയുടെ നാദം പിന്നെയും നിലനില്‍ക്കുന്നതായി തോന്നും. ഉറുദുവില്‍ നിന്ന് ധാരാളം ഉദാഹരണങ്ങളുണ്ട്‌. തമിഴിലും അതെ. രണ്ടും സംഗീതത്തിന്റെ ഭാഷയാണ്‌. മലയാളത്തില്‍ മധുര മൊഴി അമ്മഭാഷയായതിനാല്‍ അവിടെ നില്‍ക്കട്ടെ. "സയനോര" എന്നവാക്ക്‌ ജാപ്പനീസില്‍ നിന്നു കേട്ട നല്ല പദമാണ്‌. സ്നേഹിക്കുന്നവര്‍ക്ക്‌ പങ്കുവെയ്ക്കാവുന്ന ഏറ്റവും മധുരമുള്ള വാക്യം സിംഗളത്തില്‍ നിന്നാണെന്ന് തോന്നിയിട്ടുണ്ട്‌. "മമ ആട്ടെ ആതിരേയ്‌" ഇത്‌ കേള്‍ക്കുമ്പോള്‍ ധനുമാസം ഓര്‍മവരും. കക്കാടിന്റെ കവിതയും.
നന്ദി എന്നത്‌ 'തഗാലോഗില്‍' നിന്ന് (ഫിലിപ്പിന്‍ ഭാഷ) "സലാമത്‌"

സുഖമാണോ എന്ന ചോദ്യം മധുരതരമായി അനുഭവപ്പെട്ടത്‌ കിഷില്‍ (ഇറാന്റെ അധീനതയിലുള്ള ഒരു ദീപ്‌)പോയപ്പോള്‍ കേട്ട ബലൂചി ഭാഷയില്‍ നിന്നുമാണ്‌. "ചെചോരി"

വാല്‍
ആളുകള്‍ക്ക്‌ പലതരത്തിലുള്ള ഹോബികളുമുണ്ട്‌.മുനീറിന്‌ (മുന്‍ മന്ത്രി) നാണയശേഖരണം സ്റ്റാമ്പു ശേഖരണം ഹോബിയാണ്‌.(ഫിലാറ്റലി, നുമിസ്മാറ്റിക്സ്). ആനയെ വളര്‍ത്തലായിരുന്നു പക്രന്‍കാക്കയ്ക്ക്‌ (നാദാപുരത്തു ജീവിച്ചിരുന്ന ഒരു ആനപ്രേമി) ഹോബി.(ആനാറ്റലി) ബാലകൃഷ്ണന്‌ (സിനിമാ നടനും ഫോട്ടോഗ്രാഫറുമായ തടിച്ച ബലകൃഷ്ണന്‍) മദ്യകുപ്പികള്‍ ശേഖരിക്കല്‍ (കുപ്പ്യാറ്റലി) നാട്ടിലെ ചില പ്രമാണിമാര്‍ക്കു് വിവാഹത്തിലൂടെ ഭാര്യമാരെ ശേഖരിക്കലാണ് ഹോബി.(ഭാര്യാറ്റലി)
ഇത്തരക്കാര്‍ ജാഗ്രതൈ


ഞാനും എന്റെ പെണ്ണും
"നമുക്ക്‌ പണത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ കൂടിവരികയാണ്‌. നിനക്കാണെങ്കില്‍ ചെലവ്‌ അതിനനുസരിച്ച്‌ ചെയ്യാനും അറിയില്ല. ഞാന്‍ വല്ല ഹര്‍ക്കത്തുള്‍ മുജാഹിദീനിലോ മറ്റോ ചേരുകയാണ്‌. മരിച്ചാലും വേണ്ടില്ല. നിന്റെ തിടുക്കം തീരുമല്ലോ."
"വെഷമം തോന്നരുത്‌. തീവ്രവാദസംഘടനയില്‍ അംഗമാവുന്നതിന്‌ മിനിമം യോഗ്യതയായി ഒരു ബുള്ളറ്റ്‌ കടന്നു പോകാനുള്ള ശരീരമെങ്കിലും വേണം. അതാവട്ടെ എന്നിട്ട്‌ ആലോചിക്കാം"

7 comments:

Anonymous said...

"നാട്ടിലെ ചില പ്രമാണിമാര്‍ക്കു് വിവാഹത്തിലൂടെ ഭാര്യമാരെ ശേഖരിക്കലാണ് ഹോബി.(ഭാര്യാറ്റലി)
ഇത്തരക്കാര്‍ ജാഗ്രതൈ."

ഈ കല്ലേച്ചിക്ക്‌ ഭാഷാബോധം തീരെയില്ല!
ഭാര്യമാരെ ശേഖരിക്കുന്ന ഹോബിക്ക് ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷില്‍ ‘ബീവ്യാറ്റലി’ എന്നാണ് പറയുന്നത്. ഈ ശാഖയില്‍ ബിരുദമെടുത്ത ചില ‘പണ്ഡിതന്മാര്‍’ നമ്മുടെ നാട്ടില്‍ സുലഭമായി കണ്ടുവരുന്നു.

കാര്യങ്ങള്‍ വിശദമായി പരിശോധിക്കാതെ മേലില്‍ ഇങ്ങനെ വിവരക്കേട് എഴുന്നള്ളിക്കരുത്. കേട്ടോ?

മുസാഫിര്‍ said...

നല്ല എഴുത്ത് കല്ലേച്ചി.ഉറ്ദു ഗസലുകള്‍ ഇഷ്ടമാണ്,ചിലവയുടെ അര്‍ത്ഥം അറിയില്ലെങ്കിലും.പിന്നെ ചില പദങ്ങളും.
തന്‍‌ഹായി : ഏകാന്തത.
ആംസൂ : കണ്ണുനീര്‍
ഹമി തുമീ കോ ബാലോബാച്ചി : ഞാന്‍ നിന്നെ സ്നേഹിക്കുന്നു (ബംഗാളി)

Anonymous said...

ചെചൊരി അല്ല “ചെതൂരി” ആണ് ശരിയായ പദം എന്ന് കൂട്ടം സുഹൃത്തുക്കള്‍

Anonymous said...

ഉര്‍ദുവിലുള്ള സംഗീതാത്മകത നേരത്തെ ഞാനൊരു പോസ്റ്റില്‍ ചൂണ്ടിക്കണിച്ചിരുന്നു, മുസാഫിര്‍. ഒരുപാട് സുഹൃത്തുക്കള്‍ അന്ന്‌ പുതിയ പദങള്‍ പരിചയപ്പെടുത്തിയിരുന്നു

ash said...

ക്ല്ലേച്ചിയുടെ blog നന്നാവുന്നുണ്ട്... ആശംസകള്‍.....

reshma said...

ഈ ബ്ലോഗില്‍ എഴുതൂലേ ഇനി?

reshma said...

ഈ ബ്ലോഗില്‍ എഴുതൂലേ ഇനി?