Friday, October 17, 2008

അബ്ദുല്ലക്കുട്ടി സ്റ്റാന്ററ്റീസ്‌

(“ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായിരിക്കുന്നത് പോലെ മുസ്ലിമുമാണ്” ഈ രൂപത്തില്‍ ഒരു അഭിമുഖം 16/10/2008 കേരള കൌമുദിയില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചതിനെ അധികരിച്ച്)
അബ്ദുല്ലക്കുട്ടി കൃത്യമായി സംഘടിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട്‌ മിലിറ്റന്റ്‌ 'പ്രത്യയശാസ്ത്രങ്ങളുടെ' തോണിയിൽ കാലിടുക എന്ന വൈരുദ്ധ്യത്തിലാണ്‌ നിൽക്കുന്നത്‌. വ്യക്തിപരമായി അദ്ദേഹം അനുഭവിക്കുന്ന സംഘർഷത്തിന്റെ അളവ്‌ പുറത്തെന്തൊക്കെ പ്രകടിപ്പിച്ചാലും അതീവ തീവ്രമായിരിക്കും. ഒരു സാധാരണക്കാരനെ സംബന്ധിച്ച്‌ ഇത്തരം "രണ്ടും" ആയിരിക്കലുകൾ വലിയ പ്രശ്നമുണ്ടാക്കുകയില്ല. കാരണം അയാൾ ഈ രണ്ടിന്റേയും ആഴത്തിലേക്ക്‌ പോകേണ്ടതില്ല. എന്നാൽ അബ്ദുല്ലക്കുട്ടിയെപോലെ പ്രമുഖനും നിരന്തരം പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരാളുടെ കാര്യം അങ്ങനെയല്ല.


അബ്ദുല്ലക്കുട്ടിയുടെ "ഇസ്ലാം" എന്ന അവസ്ഥ അദ്ദേഹം തെരഞ്ഞെടുത്തതല്ല. അത്‌ അദ്ദേഹത്തിൽ ജന്മ സിദ്ധമാണ്‌. മാത്രമല്ല, അദ്ദേഹത്തിന്റെ വളരെ അടുത്ത ബന്ധങ്ങളൊക്കെ ഈ മതത്തിൽ നിന്നുള്ളവരുമാണ്‌. വളരെ അടുത്ത ബന്ധങ്ങൾ നമുക്ക്‌ ആവശ്യമായിവരുന്നത്‌ നമ്മുടെ വളരെ ലോലവും തീവ്രവും മറ്റാരുമായും പങ്കുവെയ്ക്കാൻ അത്ര എളുപ്പമല്ലാത്തതുമായ ചില വികാരങ്ങൾ പങ്കുവെക്കേണ്ടി വരുമ്പോഴും നമ്മുടെ ശേഷി ശരാശരിയിൽ താഴ്‌ന്നിരിക്കുമ്പോഴുമാണ്‌. നമ്മുടെ ശേഷിയെപ്പറ്റി ബോധമുണ്ടാവുന്നത്‌ പ്രായം അതിരുവിടുന്നു എന്ന തോന്നലുണ്ടാവുമ്പോഴും ഒരു ആശ്രയം ആവശ്യമാകുന്നു എന്ന തോന്നലുണ്ടാവുമ്പോഴുമാണ്‌. അവിടെ നാം വിട്ടുവീഴ്ചകൾക്ക്‌ തയ്യാറാവുന്നു. യുക്തിവാദി ശരണം വിളിക്കാൻ തുടങ്ങുന്നു. അമ്മയുടെ തലോടലുകളും പെങ്ങളുടെ സാന്ത്വനിപ്പിക്കലുകളും ജ്യേഷ്ടന്റെ "പോട്ടെടാ" പറയലുകാളുമൊക്കെയായി അതു നമ്മെ പിന്നെയും പിന്നെയും സജ്ജരാക്കുന്നു.


മാർക്സിസ്റ്റു പാർട്ടിയിലെ അംഗത്വം അബ്ദുല്ലക്കുട്ടി സ്വയം തെരഞ്ഞെടുത്തതാണ്‌. വലിയ അധ്വാനമില്ലാതെ വേണമെങ്കിൽ അത്‌ കളയാം. നാം തെരഞ്ഞെടുക്കുന്ന വിശ്വാസങ്ങളേക്കാൾ എത്രയോ ശക്തമാണ്‌ ജന്മസിദ്ധമായ നമ്മുടെ വിശ്വാസം. നമ്മുടെ അബോധത്തെ നിയന്ത്രിക്കുന്നത്‌ അതാണ്‌. ഭൗതികവാദങ്ങളൊക്കെ വ്യക്തിപരമായ കാര്യമാവുമ്പോൾ മതങ്ങൾ സമൂഹത്തിന്റെ അധീശ ശ്ക്തിയിലാണ്‌ നിലനിൽക്കുന്നത്‌. ഇത്‌ തെളിയിക്കാൻ ചെറിയ ഒരു ഉദാഹരണം പറയാം. ഒരു ഭൗതികവാദി ഒരു മതവിശ്വാസിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാൽ (പെണ്ണുങ്ങളിലാണ്‌ കുതിര കയറാൻ എളുപ്പം) പെൺകുട്ടിക്ക്‌ അവളുടെ മതത്തിൽ തുടരുന്നതിൽ സമൂഹത്തിന്റെ എതിർപ്പുണ്ടാവില്ല. ഒരു നല്ല ഭൗതികവാദിക്കും എതിർപ്പുണ്ടാകേണ്ടതില്ല. കാരണം ഭൗതികവാദിക്ക്‌ സ്വാതന്ത്ര്യത്തെ ബഹുമാനിക്കേണ്ടതുണ്ട്‌. എന്നാൽ തിരിച്ച്‌ ഒരു മതവിശ്വാസി ഒരു ഭൗതികവാദിയായ പെൺകുട്ടിയെ കല്ല്യാണം കഴിച്ചാലോ? ഇത്തരം ഒരു സാമൂഹ്യചുറ്റുവട്ടത്തിലാണ്‌ അബ്ദുല്ലക്കുട്ടിക്ക്‌ താൻ എന്തിലാണ്‌ കൃത്യമായും നിൽക്കേണ്ടതെന്ന് മനസ്സിലാകാത്തത്‌.


ഇസ്ലാം ചിട്ടായായി സംഘടിപ്പിക്കപ്പെട്ടതിൽ യുദ്ധം ഒരു പ്രധാന ഘടകമാണ്‌. അന്നത്തെ ഗോത്രവർഗജീവിതത്തിൽ യുദ്ധം എന്നത്‌ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വിപ്ലവം ആത്യന്തിക ലക്ഷ്യമായി സംഘടിപ്പിക്കപ്പെട്ട മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ഇങ്ങനെ തന്നെയാണ്‌. യുദ്ധത്തിൽ പാലിക്കപ്പെടേണ്ട ധാരാളം അച്ചടക്കങ്ങളിലൊന്നാണ്‌ മേൽഘടകത്തിനു കീഴടങ്ങുക എന്നത്‌. ഇത്‌ രണ്ടിലും ഒരേ പോലെയാണ്‌. ഇനി ഒരു കമ്മ്യൂണിസ്റ്റുകാരന്‌ മതവിശ്വാസിയാകാമോ എന്നതുപോലെ ഒരു മുസ്ലിം വിശ്വാസിക്ക്‌ കമ്മ്യൂണിസ്റ്റാകാമോ എന്നതും ചർച്ചചെയ്യേണ്ടതുണ്ട്‌. ഇതിൽ ഏതെങ്കിലുമൊന്ന്‌ പറ്റില്ല എന്നുവന്നാൽ അബ്ദുല്ലക്കുട്ടി "റിസ്കി"ലാവും.


വൈരുദ്ധ്യാതിഷ്ടിത "ഭൗതികവാദം" അടിത്തറയായിട്ടുള്ള മാർക്സിസം ഉള്ളവരിൽ നിന്ന് ബലം പ്രയോഗിച്ച്‌ പിടിച്ചെടുക്കുന്നതിൽ ഒരു മനസ്സാക്ഷിക്കുത്തും കാണുന്നില്ല. എന്നാൽ ഇസ്ലാമാകട്ടെ ഒരാളുടെ മുതൽ അയാളുടെ പൊരുത്തപ്പെടൽ കൂടാതെ പിടിച്ചെടുക്കുന്നത്‌ പൊറുക്കാനാവാത്ത തെറ്റായിക്കാണുന്നു. പണ്ട്‌ ഭൂപരിഷകരണം നടപ്പിലാക്കിയ കാലത്ത്‌ ഈ അടിസ്ഥാനത്തിൽ പല മുസ്ലിംഗളും ജന്മിയുടെ സ്വത്ത്‌ സ്വീകരിക്കാതിരുന്നിട്ടുണ്ട്‌. പാർട്ടി ഇങ്ങനെയൊരു തീരുമാനമെടുത്ത്‌ യുദ്ധസജ്ജമായാൽ അബ്ദുല്ലക്കുട്ടിയെപോലുള്ളവരുടെ നിലപാടെന്തായിരിക്കും? ധാരാളം അന്ത വിശ്വാസങ്ങളും അശാസ്ത്രീയതകളും മതത്തിന്റെ പിന്തുണയോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌. പലതും, അതിന്റെ തുടക്കത്തിൽ മതത്തിനെതിരാവുമോ എന്ന ഭീതിയിലാണ്‌ ഈ എതിർപ്പുകൾ. പിൽകാലങ്ങളിൽ മതമേലാവുകാർ ഈ ഞാണിന്മേലും ബാലൻസുചെയ്യാൻ ശീലിക്കുമ്പോഴാണ്‌ ഈ നിരോധനങ്ങൾ അലിയുന്നത്‌. എന്നാൽ മാർക്സിസ്റ്റുകാരന്‌ ഇത്തരം വിശ്വാസങ്ങളോട്‌ പോരടിക്കേണ്ടതുണ്ട്‌. കാരണം വിപ്ലവത്തിന്റെ മുന്നണിപോരാളികളാവേണ്ടത്‌ തികച്ചും മാർക്സിസ്റ്റു ഭൗതികവാദബോധം സാമൂഹ്യചാലകശക്തിയായിരിക്കുന്ന ഒരു ജനതയാണ്‌. ജനാധിപത്യത്തിൽ എല്ലാം വോട്ടായതിനാൽ മാർക്സിസ്റ്റുകാർ തൽക്കാലം ക്ഷമിക്കുന്നെന്നേയുള്ളൂ. ഇസ്ലാം, വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരിപൂർണ്ണമാണ്‌. അങ്ങനെയല്ല എന്നു വിശ്വസിക്കുന്നയാൾ അതിൽ നിന്നും പുറത്തുപോകും. ഈ പുറത്താകലുകൾക്ക്‌ പോളിറ്റ്ബ്യൂറോ കൂടി തീരുമാനമെടുക്കേണ്ടതില്ല. ദൈവമാണ്‌ ഇതിൽ മെംബർഷിപ്പ്‌ കൊടുക്കുന്നത്‌.


"നാം നിങ്ങൾക്ക്‌ ഈ വിശ്വാസം പരിപൂർണ്ണമാക്കിതന്നിരിക്കുന്നു" എന്നതിൽ ഈ വിശ്വാസത്തിൽ എല്ലാം ഉൾകൊണ്ടിരിക്കുന്നു എന്നാണ്‌ അർത്ഥം. അതായത്‌ രാഷ്ട്രീയം, സാംബത്തികം, ഭൗതിക, ആത്മീയം തുടങ്ങി എല്ലാ മേഖലയും. ഇങ്ങനെ എല്ലാമേഖലയും ഉൾകൊണ്ടിരിക്കുന്ന ഒരു വിശ്വാസം കയ്യിലിരിക്കുന്ന ഒരാൾ എന്തിനാണ്‌ മറ്റൊന്നിൽ പ്രവർത്തിക്കുന്നതും വിശ്വസിക്കുന്നതും? മാർക്സിസവും ഇതേപോലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയാണ്‌. അബ്ദുല്ലക്കുട്ടിക്ക്‌ ജീവിതത്തിന്റെ ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും മതവുമായി സന്ധിചെയ്യാതിരിക്കാനാവില്ല. അങ്ങനെ സന്ധിചെയ്യാതിരിക്കണമെങ്കിൽ അപാരമായ ഇച്ഛാശക്തി ആവശ്യമാണ്‌.


വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രംവേണ്ട ചില "കാണിക്കലുകളിൽ" മാത്രം സന്ധിചെയ്ത്‌ മതത്തിൽ ഒരു സാധാരണക്കാരന്റെ കാലും (ആഴത്തിലുള്ള തത്വശാസ്ത്ര പ്രശ്നങ്ങളിലൊന്നും ഇസ്ലാം കാര്യത്തിൽ ഉത്തരം പറിയേണ്ടുന്നകാര്യം അബ്ദുല്ലക്കുട്ടിക്കില്ല. ചുരുക്കം ചില കവാത്തുകൾ ചെയ്ത്‌ 'ഞമ്മളും ഇങ്ങളെയാളാ' ന്ന് കാണിച്ചാൽ മതി) പ്രമുഖമായ സ്ഥാനമുള്ള മാർക്സിസ്റ്റു പാർട്ടിയിൽ ഒരു കാൽ ശക്തമായും ഉറപ്പിച്ചു കൊണ്ട്‌ അബ്ദുല്ലക്കുട്ടിയുടെ നില "സ്റ്റാന്ററ്റീസ്‌" പൊസിഷനിലാണ്‌.

9 comments:

മാരീചന്‍ said...

കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകുന്ന രണ്ടുവളളത്തില്‍ കാലും വെച്ച് നില്‍ക്കുന്ന അബ്ദുളളക്കുട്ടിയുടെ നില്‍പ്പ് സ്റ്റാന്‍ഡ് അറ്റ് ഈസ് ആണോ? വലിയ ഈസൊന്നുമല്ല ഈ നില്‍പ്പ് എന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ നന്നായി അറിയുന്നവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാം. അബ്ദുളളക്കുട്ടിയ്ക്കും നന്നായി കാര്യമറിയാം..

കല്ലേച്ചി പറയുമ്പോലെ പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനമൊന്നുമില്ല കുട്ടിക്ക്. പറയാനൊരു എംപി സ്ഥാനം. രണ്ടുതവണ മത്സരിച്ചവര്‍ക്ക് പഞ്ചായത്തിലും പാര്‍ലമെന്റിലും ഇനിയവസരം നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി കടുത്ത തീരുമാനമെടുത്തിരിക്കുന്നു. അത്രയേറെ പ്രധാനപ്പെട്ട സാഹചര്യമാണെങ്കിലേ തീരുമാനത്തില്‍ ഇളവുണ്ടാകൂ.. അബ്ദുളളക്കുട്ടിയാകട്ടെ പാര്‍ട്ടി നേതൃത്വത്തിന് അത്തം ചതുര്‍ത്ഥിയും കണ്ണൂര്‍ സീറ്റില്‍ കുട്ടിയിനി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ വേറെ നടക്കണം..

നാറാത്ത് ലോക്കല്‍കമ്മിറ്റി മെമ്പര്‍മാത്രമായ കുട്ടിയുടെ പാര്‍ട്ടിയിലെ ആരോഹണവും ഏതാണ്ട് ഒടുങ്ങിയ മട്ടാണ്. ഒരു സംഘടനാ സമ്മേളനം കൂടി കഴിയുമ്പോള്‍ നാറാത്തെ ബ്രാഞ്ച് കമ്മിറ്റി അംഗമായിട്ടായിരിക്കും കുട്ടി വളരുക... അതൊക്കെ കൂട്ടി വായിച്ചു നോക്കുമ്പോള്‍ ഈ വിശ്വാസ പ്രഖ്യാപനത്തിന് അര്‍ത്ഥം വേറെയാണെന്നാണ് തോന്നുന്നത്. കുട്ടിയുടെ മനസിലെന്ത് എന്നതിന് ഉത്തരം കിട്ടാന്‍ കുറേക്കൂടി കാത്തിരുന്നാല്‍ മതി.

കടത്തുകാരന്‍/kadathukaaran said...

ഇടതുപക്ഷ പ്രവര്‍ത്തകന്‍റെ ആണും പെണ്ണും കെട്ട നിലപാടുതറതന്നെയാണ്‍ എന്നും മതവും പാര്‍ട്ടി ആദര്‍ശവും. ഇതൊരൊറ്റപ്പെട്ട സംഭവമല്ല, മറിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ, പാര്‍ട്ടി പ്രവര്‍ത്തകന്‍റെ മുഖം മൂടിക്കു പിന്നിലെ വര്‍ഗ്ഗീയ കാളകൂടവിഷം നിഴലിട്ട മുഖമാണത്. മകന്‍ മതമില്ലെന്ന് ചേര്‍ത്തോളൂ എന്ന് ഹെഡ്മാസ്റ്ററോട് പറയുന്ന ഡയലോഗ് കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഒരു പരീക്ഷണത്തിനോ വൃഥാ ശ്രമത്തിനോ മുതിരാതെ വിദ്യാര്‍ത്ഥി നേതാവ് സ്വന്തം മകനെ മമ്മോദീസ് മുക്കിക്കുടഞ്ഞ് എടുത്തു കൊണ്ടുവന്നതും വേറെയൊന്നിനുമല്ല, അബ്ദുള്ളക്കുട്ടിക്ക് മതവും പാര്‍ട്ടിയും തമ്മിലുള്ള അകലം അറിയില്ലെങ്കില്‍ അത് പഠിപ്പിച്ചുകൊടുത്തോളാം എന്ന് ജില്ലാ സിക്രട്ടറി ശശി പറയുമ്പോഴും തെളിയുന്നതും മറ്റൊന്നല്ല. അബ്ദുള്ളക്കുട്ടിയെ സംബന്ധിച്ച് വെറും ഒരു പാര്‍ട്ടിപ്രവര്‍ത്തന പാരമ്പര്യമല്ല പാര്‍ട്ടിയും മതവും വെച്ച് നോക്കുമ്പോള്‍ കാണേണ്ടത്, കാരണം അബ്ദുള്ളക്കുട്ടിയുടെ തുടക്കവും നടത്തവും നിരീശ്വരവാദത്തിന്‍റെതാണ്, അല്ലാതെ സാദാ ഒരു കമ്യൂണിസ്റ്റ് കാരന്‍റെ മതം 'വേ' പാര്‍ട്ടി 'റേ' അല്ല. അവിടെയാണ്‍ കുട്ടിയുടെ ഇന്നത്തെ വെളിപാട് ആഴങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത് കാണനാകുന്നത്.

"ഇസ്ലാം ചിട്ടായായി സംഘടിപ്പിക്കപ്പെട്ടതിൽ യുദ്ധം ഒരു പ്രധാന ഘടകമാണ്‌. അന്നത്തെ ഗോത്രവർഗജീവിതത്തിൽ യുദ്ധം എന്നത്‌ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു".

ഈ അടുത്തടുത്ത വണ്ടു വാചകങ്ങള്‍ താങ്കളുടേതു തന്നെയാണ്. രണ്ടു വാചകങ്ങളും താങ്കളെ തിരിഞ്ഞ് നോക്കി നിന്ന് കൊഞ്ഞനംകുത്തുന്നത് താങ്കള്‍ക്ക് കാണാനാകുന്നില്ലെ? ഗോത്രങ്ങള്‍ക്കിടയില്‍ ഈ യുദ്ധങ്ങള്‍ സാര്‍വത്രികം എന്ന് താങ്കള്‍ തന്നെ പറയുമ്പോള്‍ ആ ഗോത്രങ്ങള്‍ക്കിടയില്‍ ഒരു മതം അതും ഇസ്ലാം മാത്രം എന്ന് എന്തുകൊണ്ട് താങ്കള്‍ നിര്‍ബന്ധപൂര്‍വ്വം തെറ്റിദ്ധരിക്കുന്നു? അങ്ങിനെ ഇസ്ലാം മാത്രമേ ഉണ്ടായിരുന്നുവെങ്കിലേ താങ്കള്‍ മുദ്ദേശിച്ച അര്‍ത്ഥം ആ വരികള്‍ക്ക് ലഭിക്കൂ, കാരണം ആ യുദ്ധങ്ങളിലൊക്കെ വിജയത്തെപോലെ തന്നെ പരാജയങ്ങളും മുസ്ലീംകള്‍ക്കുണ്ടായൈരുന്നു എന്നാണ്‍ ചരിത്രം, വിലപ്പട്ട പ്രധാന പല വിജയങ്ങളുണ്ടായിരുന്നുവെങ്കിലും...

Anonymous said...

"ഇസ്ലാം ചിട്ടായായി സംഘടിപ്പിക്കപ്പെട്ടതിൽ യുദ്ധം ഒരു പ്രധാന ഘടകമാണ്‌. അന്നത്തെ ഗോത്രവർഗജീവിതത്തിൽ യുദ്ധം എന്നത്‌ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു".

ഈ അടുത്തടുത്ത വണ്ടു വാചകങ്ങള്‍ താങ്കളുടേതു തന്നെയാണ്. രണ്ടു വാചകങ്ങളും താങ്കളെ തിരിഞ്ഞ് നോക്കി നിന്ന് കൊഞ്ഞനംകുത്തുന്നത് താങ്കള്‍ക്ക് കാണാനാകുന്നില്ലെ? ഗോത്രങ്ങള്‍ക്കിടയില്‍ ഈ യുദ്ധങ്ങള്‍ സാര്‍വത്രികം എന്ന് താങ്കള്‍ തന്നെ പറയുമ്പോള്‍ ആ ഗോത്രങ്ങള്‍ക്കിടയില്‍ ഒരു മതം അതും ഇസ്ലാം മാത്രം എന്ന് എന്തുകൊണ്ട് താങ്കള്‍ നിര്‍ബന്ധപൂര്‍വ്വം തെറ്റിദ്ധരിക്കുന്നു? അങ്ങിനെ ഇസ്ലാം മാത്രമേ ഉണ്ടായിരുന്നുവെങ്കിലേ താങ്കള്‍ മുദ്ദേശിച്ച അര്‍ത്ഥം ആ വരികള്‍ക്ക് ലഭിക്കൂ, കാരണം ആ യുദ്ധങ്ങളിലൊക്കെ വിജയത്തെപോലെ തന്നെ പരാജയങ്ങളും മുസ്ലീംകള്‍ക്കുണ്ടായൈരുന്നു എന്നാണ്‍ ചരിത്രം, വിലപ്പട്ട പ്രധാന പല വിജയങ്ങളുണ്ടായിരുന്നുവെങ്കിലും...“

(ഇവിടെ ഞാനുദ്ദേശിക്കുന്നത് ഗോത്രവര്‍ഗകാലഘട്ടത്തിലുണ്ടായ മതങളുടെ എണ്ണത്തയോ മുസ്ലിംഗള്‍ ചെയ്തയുദ്ധങളിലേറ്റ വിജയപരാജയത്തേയൊ കുറിച്ച് കണക്കെടുക്കുകയല്ല. മറിച്ച് ഇസ്ലാം ഈ രൂപത്തില്‍ ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ യുദ്ധത്തിനു പരമ പ്രധാനമായ പങ്കുണ്ടായിരുന്നു എന്ന് കാണിക്കുകയാണ്. അതിന്റെ ഫലങളല്ല അത് രൂപപ്പെട്ട സാഹര്യമാണ് പരമര്‍ശം. എന്റെ വാചകങള്‍ വായിച്ചാല്‍ ഈ ഉദ്ദേശാര്‍ഥം ലഭിക്കുകയില്ലേ?)
കല്ലേച്ചി

കിരണ്‍ തോമസ് തോമ്പില്‍ said...

മാരിചാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരു വസ്തുതയാണെങ്കിലും കല്ലേച്ചി പറഞ്ഞവയോടാണ്‌ എനിക്ക്‌ ആഭിമുഖ്യം. കാരണം ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങളില്‍ പലകാര്യവും ഒരു കാട്ടിക്കൂട്ടലായി ചെയ്യാന്‍ കഴിയില്ല. വിവാഹവും സുന്നത്തും മാമോദിസയുമൊക്കെ മതവുമായി വളരെ അധികം ബന്ധപ്പെട്ട്‌ നില്‍ക്കുന്ന കാര്യങ്ങളാണ്‌. എന്നാല്‍ ഹിന്ദു സമുദായത്തില്‍ അങ്ങനെ അല്ല. അവിടേ മതവും സമുദായവും രണ്ടും രണ്ടാണ്‌.

കടത്തുകാരന്‍/kadathukaaran said...

ഇസ്ലാമിനെ വളര്‍ത്തിയത് യുദ്ധമാണെന്ന വിമര്‍ശനങ്ങള്‍ വളരെയധികം വായിച്ചിട്ടുണ്ട്, ഇതാദ്യമായാണ്‍ ഞാന്‍ വായിക്കുന്നത് യുദ്ധങ്ങള്‍ ഇസ്ലാമിനെ ചിട്ടയോടെ സംഘടിപ്പിക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചു എന്നത്... ആ വാദം അങ്ങിനെ തന്നെ ഇരിക്കട്ടെ ഇതേക്കുറിച്ച് വിവരമുള്ള ആരെങ്കിലും ഇടപെടും വരെ.

ഇസ്ലാം മതത്തിന്‍റെ വളര്‍ച്ച കമ്യൂണിസ്റ്റ് ആദര്‍ശത്തിന്‍റെ വളര്‍ച്ചയുമായി ബന്ധിപ്പിക്കാന്‍ താങ്കള്‍ നടത്തിയ ശ്രമം, വിരോധാഭാസമായിട്ടാണെങ്കിലും ദഹിക്കാതെ പോകുന്നു. മേല്‍ഘടകത്തിന്‍ കീഴടങ്ങുക എന്നത് ഇസ്ലാമിലില്ല, ഒരാളുടെ വിവരമില്ലായ്മ ഉപദേശം തേടിപ്പികുമായിരിക്കും, മറ്റൊരാളില്‍ അത് പുരോഹിതനിലായിരുന്നാലും അത് മനുഷ്യന്‍റെ പരിമിതിയാണ്, ഇസ്ലാമിന്‍റെ മാത്രമല്ല. ഇസ്ലാമില്‍ അവന്‍റെ വഴികാട്ടി അവന്‍റെ മത ഗ്രന്‍ഥവും അവരുടെ നബിയുടെ പ്രവര്‍ത്തനവുമാണ്. അതുകൊണ്ട് തന്നെ അവിടെ മേല്‍ഘടകമെന്നത് അതേക്കുറിച്ചറിയാത്തവരുടെ ഉമ്മാക്കി മാത്രമാണ്. യുദ്ധം കൊണ്ട് പ്രചരിപ്പിക്കപ്പെടുന്നത്, അല്ലെങ്കില്‍ കൃത്രിമമായി ഉണ്ടാക്കപ്പെടുന്നതിന്‍റെ ദീര്‍ഘായുസ്സില്‍ അന്ധമായി വിശ്വസിക്കാതിരിക്കുക...

ജിവി/JiVi said...

"ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങളില്‍ പലകാര്യവും ഒരു കാട്ടിക്കൂട്ടലായി ചെയ്യാന്‍ കഴിയില്ല. വിവാഹവും സുന്നത്തും മാമോദിസയുമൊക്കെ മതവുമായി വളരെ അധികം ബന്ധപ്പെട്ട്‌ നില്‍ക്കുന്ന കാര്യങ്ങളാണ്‌."

കിരണ്‍ എഴുതിയത് ശരിയായ കാര്യമായാണ് തോന്നിയത്. പക്ഷെ, ഇത് മത ദര്‍ശനങ്ങളുമായി എത്രകണ്ട് ഒത്തുപോകുന്നതാണ് എന്ന് ഒരന്വേഷണത്തിന് ശ്രമിക്കാമോ? പൌരോഹിത്യത്തിന്റെ അമിത ഇടപെടലിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്ത ഒന്നായി ഇതിനെ കാണാനാണ് എനിക്കിഷ്ടം. ഹിന്ദുമതത്തില്‍ ജനിച്ച ഒരവിശ്വാസിക്ക് സാമൂഹ്യമായ ഒരു കീഴ്വഴക്കം എന്ന രീതിയില്‍ പല മത-ആചാരനുഷ്ഠാനങ്ങളിലും പങ്കുകൊള്ളാനാവും. എന്നാല്‍ മുസ്ലീം/കൃസ്ത്യന്‍ മതങ്ങളില്‍ ജനിച്ച അവിശ്വാസികള്‍ അങ്ങനെ ചെയ്താല്‍ അത് വിശ്വാസത്തിന്റെ വിജയമായും നിരീശ്വരത്വത്തിന്റെ പരാജയവുമായൊക്കെ വ്യാഖ്യാനിക്കാന്‍ ആ മതങ്ങളുടെ അധികാരകേന്ദ്രങ്ങള്‍ രംഗത്തുവരും.
(ചര്‍ച്ച വഴിമാറ്റുന്നെങ്കില്‍ കല്ലേച്ചി ക്ഷമിക്കുക. അബ്ദുള്ളക്കുട്ടിയുടെ കൌശലങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല)

Anonymous said...

kiran thoamasin~ ath manasilaakunnath athinte bhagamayirunna parichayam kontaan~
ഇസ്ലാമിനെ വളര്‍ത്തിയത് യുദ്ധമാണെന്ന വിമര്‍ശനങ്ങള്‍ വളരെയധികം വായിച്ചിട്ടുണ്ട്, ഇതാദ്യമായാണ്‍ ഞാന്‍ വായിക്കുന്നത് യുദ്ധങ്ങള്‍ ഇസ്ലാമിനെ ചിട്ടയോടെ സംഘടിപ്പിക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചു എന്നത്..
Thankal mukalilatthe thankalute vari sookshicchu vaayichaal rantum onnu thanneyaanennu kanaam.
മേല്‍ഘടകത്തിന്‍ കീഴടങ്ങുക എന്നത് ഇസ്ലാമിലില്ല
islam enna vaakkinte arttham thanne anusarikkuka ennalle?
ചര്‍ച്ച വഴിമാറ്റുന്നെങ്കില്‍ കല്ലേച്ചി ക്ഷമിക്കുക. അബ്ദുള്ളക്കുട്ടിയുടെ കൌശലങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല
illa, kaaranam itharam prathisandikal thanneyaan abdullakkutti neriataan poakunnath
kallechi

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ ഇന്നത്തെ മാധ്യമത്തില്‍ വന്ന വാര്‍ത്ത
അബ്ദുല്ലക്കുട്ടിയുടെ പേടി എനിക്കില്ല: മേമി
കണ്ണൂര്‍: 'അബ്ദുല്ലക്കുട്ടി മയ്യിത്ത് നമസ്കരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഓര്‍മയില്ല. ഞാന്‍ പള്ളിക്ക് പുറത്തുനിന്നു. അവനും അവിടെ വന്നുനിന്നു. രണ്ടുപേരും നമസ്കരിച്ചില്ല എന്നത് ശരിയാണ്. മറ്റൊരാള്‍ വിലക്കുന്നുവെന്ന് കരുതി സ്വന്തമായി ബോധ്യമുള്ള കാര്യത്തില്‍നിന്ന് മാറുന്നത് വിഡ്ഢിത്തമാണ്. അബ്ദുല്ലക്കുട്ടി പാര്‍ട്ടിയുമായി അടുത്തശേഷം നമസ്കാരമോ മതകാര്യങ്ങളോ ചെയ്യാറില്ലായിരുന്നു.' ^ എ.പി അബ്ദുല്ലക്കുട്ടി എം.പി 'വാരാദ്യമാധ്യമം' അഭിമുഖത്തില്‍ പരാമര്‍ശിക്കുന്ന സി.പി.എം നാറാത്ത് ലോക്കല്‍ കമ്മിറ്റി അംഗം കെ.വി.മൊയ്തീന്‍ എന്ന 'സഖാവ്മേമി' പറയുന്നു.

അബ്ദുല്ലക്കുട്ടി ഉമ്മാമയുടെ മയ്യിത്ത് നമസ്കരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ മൌനം പാലിച്ച മേമി പിന്നീട് സ്വന്തം മാതാവിന്റെ മയ്യിത്ത് നമസ്കരിച്ചു എന്ന അഭിമുഖത്തിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കെ.വി.മൊയ്തീന്‍. 1969ല്‍ പാര്‍ട്ടി അംഗമായ മേമി, അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാവാണ്.

അബ്ദുല്ലക്കുട്ടിയുടെ മഹല്ലായ നാറാത്ത് പള്ളി കമ്മിറ്റിയില്‍ ഇപ്പോള്‍ കറകളഞ്ഞ കമ്യൂണിസ്റ്റുകളായ രണ്ടുപേര്‍ മതവിശ്വാസികളായി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുതന്നെ പള്ളിയിലും മതകാര്യങ്ങളിലും വിശ്വാസമില്ലാത്ത തന്റെ നിലപാട് ഉറച്ച ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന് മേമി വിശദീകരിക്കുന്നു. അതാണ് മാതൃകാ കമ്യൂണിസ്റ്റിന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു.

'എന്റെ ഉമ്മാന്റെ മയ്യിത്ത് നമസ്കരിച്ചത് ഉമ്മയോടുള്ള സ്നേഹംകൊണ്ടാണ്. ഉമ്മയും ഉപ്പയും മതവിശ്വാസികളായിരുന്നു. ഞങ്ങള്‍ മരിച്ചാലെങ്കിലും മയ്യിത്തിനോടുള്ള കര്‍മം ചെയ്യണമെന്ന് അവര്‍ പറഞ്ഞിരുന്നു. മത കര്‍മങ്ങളൊന്നും പാര്‍ട്ടി തടയാറില്ല. പള്ളിക്കുവേണ്ടി ഭൂമി വഖഫ് ചെയ്യണമെന്ന ഉമ്മയുടെ വസ്വിയത്തനുസരിച്ച്, പള്ളിയില്‍ പോകാത്ത ഞാന്‍ പള്ളിക്കമ്മിറ്റിക്ക് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കി. എന്റെ മക്കളോടും ഭാര്യയോടും ഞാന്‍ മതകാര്യത്തിലും പാര്‍ട്ടി കാര്യത്തിലും നിര്‍ബന്ധം പിടിക്കാറില്ല. അവര്‍ക്ക് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാം' ^ മൊയ്തീന്‍ വിശദീകരിച്ചു.

മറ്റുള്ളവര്‍ക്ക് വേണ്ടിയും പാര്‍ട്ടിക്കുവേണ്ടിയും കര്‍മംചെയ്യുന്നതും സ്വയം ബോധ്യപ്പെട്ട് തീരുമാനമെടുക്കുന്നതും രണ്ടും രണ്ടാണ്. മറ്റുള്ളവര്‍ പറയുന്നതു നോക്കി പ്രവര്‍ത്തിച്ചാല്‍ അബദ്ധംവരും. പിന്നെ തിരുത്തേണ്ടി വരും. അബ്ദുല്ലക്കുട്ടി മയ്യിത്ത് നമസ്കരിക്കാതിരുന്നത് മറ്റുള്ളവരെ പേടിച്ചായിരിക്കും. അങ്ങനെ ഒരു തെറ്റ് എനിക്ക് പറ്റില്ല.

ഞാന്‍ നമസ്കരിക്കാറില്ല. പക്ഷേ, നമസ്കരിക്കുന്നവര്‍ക്കു വേണ്ട ഗുണങ്ങള്‍ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. നോമ്പുകാരനില്‍ വേണ്ട സദ്വിചാരം നോമ്പെടുക്കുന്നവരേക്കാള്‍ എനിക്ക് എന്റെ പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ നേടാന്‍ കഴിയുന്നു. നമസ്കരിക്കുന്നതും നോമ്പെടുക്കുന്നതും നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. അത് ചെയ്യാതെ കുമ്പിടുകയും പട്ടിണി കിടക്കുകയും ചെയ്യുന്നവരല്ലേ അധികം പേരും?

ഇന്നത്തെ സാഹചര്യത്തില്‍ ഒരു മുസ്ലിമിന് വിശ്വാസം മുറുകെപ്പിടിച്ച് ജീവിക്കാന്‍ കഴിയില്ല. അതേസമയം, കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ മുസ്ലിമിന് മുതലാളിത്ത വ്യവസ്ഥയേക്കാള്‍ നല്ല നിലയില്‍ ജീവിക്കാന്‍ കഴിയും. കമ്യൂണിസ്റ്റ് വ്യവസ്ഥയില്‍ ഓരോ വ്യക്തിയും നല്ല മനുഷ്യരായിരിക്കും. ഇസ്ലാമും നല്ല മനുഷ്യരെയാണ് സൃഷ്ടിക്കുന്നത്.

കമ്യൂണിസ്റ്റുകാരന്‍ വൈരുധ്യാധിഷ്ഠിത ഭൌതികവാദിയാണ്. അയാള്‍ ജനകീയ ജനാധിപത്യം നടപ്പാക്കാന്‍ പ്രവര്‍ത്തിക്കേണ്ടവനാണ്. സ്വയം ബോധ്യപ്പെട്ട് ഇതിനായി പ്രവര്‍ത്തിക്കാനും ജീവിക്കാനും മരിക്കാനും പ്രതിജ്ഞാബദ്ധനാണ്.

മതകാര്യങ്ങള്‍ ഞാന്‍ വിലക്കാറോ പ്രോല്‍സാഹിപ്പിക്കാറോ ഇല്ല. പള്ളിക്കമ്മിറ്റിയിലുള്ള രണ്ടു സഖാക്കള്‍ എന്നോട് പള്ളികാര്യങ്ങളില്‍ ഉപദേശം തേടാറുണ്ട്. പള്ളിക്കമ്മിറ്റിയില്‍ തുടരാന്‍ ഒരു വിലക്കുമില്ല. പക്ഷേ, അവിടെ പാര്‍ട്ടിക്കെതിരെ വല്ല തീരുമാനവും വരുന്നുണ്ടെങ്കില്‍ അതിനെതിരെ നിലകൊള്ളണം. അവരോട് ഞാന്‍ പറയാറുണ്ട്' ^മേമി വിവരിച്ചു.

Anonymous said...

ഒരു സധാരണഭൌധികവാദിയുടെ തലത്തില്‍ നിന്നും ഒരു കമ്മ്യൂണിസ്റ്റുകാരന്റെ തലത്തില്‍ നിന്നും മേമി കാര്യങങളെ ഭംഗിയായി വിശദീകരിക്കുന്നത് മുകളില്‍ കാണുക
കല്ലേച്ചി