മനുഷ്യന്‍ എന്ന പദത്തിന് വ്യക്തികള്‍ക്കിടയില്‍ മറ്റു പര്യായപദങ്ങളുപയോഗിക്കരുത് എന്നതാണ് മനുഷ്യാവകാശം അര്‍ഥമാക്കുന്നത്. പ്രത്യേകിച്ചും `പ്രാഥമികമായ` അവന്റെ സ്വാതന്ത്ര്യങ്ങളിലെങ്കിലും. പ്രാഥമികമായ സ്വാതന്ത്ര്യം കൊണ്ട് അര്‍ഥമാക്കുന്നത് ശ്വസിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, വസ്ത്രം ധരിക്കുന്നത്, യാത്ര പോകുന്നത്, ജോലി ചെയ്യുന്നത്, അത് ഉപേക്ഷിക്കുന്നത്, ജിവിക്കുന്നത്, മരിക്കുന്നത്, കല്ല്യാണം കഴിക്കുന്നത്, പ്രണയിക്കുന്നത്, മക്കളെ ഉത്‌പാദിപ്പിക്കുന്നത് തുടങ്ങിയ പ്രാഥമിക കാര്യങ്ങളിലെങ്കിലും പറ്റില്ല, പറ്റും എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുക എന്നതാണ് എന്നാണ്. ("നടപ്പിലാക്കുക" അവിടെ നില്‍ക്കട്ടെ). ഇത് അങ്ങനെയല്ലാതായിരിക്കുമ്പോള്‍ നമുക്ക് ഒരു ഉടമസ്ഥനുണ്ടാവുന്നു. ഇക്കാര്യങ്ങള്‍ അയാള്‍ നമുക്ക് വേണ്ടി ചെയ്തു തരുന്നു. ഇത് പഴയ ഗോത്രവര്‍ഗകാലഘട്ടത്തിലെ ബോധമാണ്. സൌദി അറേബ്യയിലെ പല തൊഴിലുടമകളും ഈ ബോധത്തിനുടമകളാണ്. അല്ലെങ്കില്‍ സൌദിയുടെ പൊതുബോധം ഇപ്പോഴും അടിമ ഉടമ രീതിയിലാണ്. ഞാന്‍ ശമ്പളം കൊടുക്കുന്നയാളുടെ രക്ഷിതാവാണ് ഞാനെന്ന്. നമ്മുടേത് ജാതീയതയിലധിഷ്ടിതമെന്നതുപോലെ.
ഇതൊരു നല്ല ഉദാഹരണമാണ്. (കാര്യങ്ങള്‍ മനസ്സിലാകാത്ത കാലഘട്ടത്തിന്റെ ഉപകരണങ്ങളാണ് ഉദാഹരണങ്ങള്‍. ഇന്നാവട്ടെ ഉദാഹരണങ്ങള്‍, യൂസര്‍നൈമുകള്‍, പാസ്സ്‌വേര്‍ഡുകള്‍ തുടങ്ങിയവയ്ക്കാണ് ക്ഷാമം). എന്റെ ഉള്ളില്‍ ജാതീയതയില്ല, ഇങ്ങനെ ഞാന്‍ പറയുമ്പോഴും അന്യജാതിയില്‍പെട്ട ഒരു പെണ്‍കുട്ടിയെ എന്റെ മകന്‍ കല്ല്യാണം കഴിച്ചാലോ? ആവാമെന്ന് ഞാന്‍ വിചാരിക്കും. അത് താഴ്‌ന്ന ജാതിയില്‍ പെട്ടതായാലോ. ആവാമെന്നു ഞാന്‍ വിചാരിക്കാം. സ്വജാതിയില്‍ നിന്ന് ബന്ധമുണ്ടായതുപോലെ ഈ കുടുമ്പങ്ങളുമായി എന്റെ കുടുമ്പങ്ങള്‍, പോട്ടെ എനിക്കുപെരുമാറാമോ? അവിടെ എന്തെങ്കിലും വിശേഷമുണ്ടായാല്‍ പങ്കെടുക്കാമോ? അതാക്കെ എങ്ങനെ പറ്റും?
അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജാതിവിരുദ്ധന്‍ എന്ന് സ്വയം പുകഴ്‌ത്താറുള്ള ഞാന്‍ എന്റെ ആഴത്തിലുള്ള ഉള്ളിലെ സിസ്റ്റത്തില്‍ പിന്നെയും 'അണ്‍ഇന്‍സ്റ്റാള്‍' ആവാതെ കിടക്കുന്ന ജാതീയതയെ കണ്ടെത്തുന്നു. ചുരുക്കത്തില്‍ സമൂഹം എന്ന 'സര്‍വറില്‍' നിന്നു കൂടി അത് മാറ്റിയാലേ പൂര്‍ണമായും ഇത്തരം ചില തകരാറുകള്‍ മാറുകയുള്ളൂ.
അങ്ങനെമാറേണ്ട ഒരു തകരാറിന്റെ, 'അണ്‍ഇന്‍സ്റ്റാള്‍' ആവാതെ സൌദി സമൂഹത്തില്‍ കിടക്കുന്ന അടിമത്തത്തിന്റെ ഭാഗങ്ങളാണ് ആന്തരികമായി, അദൃശ്യമായി ഇവിടത്തെ സമൂഹത്തേയും അതോടൊപ്പം തൊഴില്‍ മേഖലയെയും നിയന്ത്രീക്കുന്നത്. ഇത് ശിക്ഷയാണ്.
ഞാന്‍ ചെയ്യാനുദ്ദേശിച്ച ബ്ലോഗ് അടുത്ത ആഴ്ച്ചത്തേയ്ക്കുമാറ്റി ഇതു ടൈപ്പുചെയ്തത് എന്റെ ബ്ലോഗു സുഹൃത്തുക്കളുമായി ഇങ്ങനെ ചിലതു കൂടി പങ്കുവെയ്ക്കണമെന്ന് തോന്നിയതിനാലാണ്. സംഭവം ഇങ്ങനെ വായിക്കാം. ഒരാള്‍ക്ക് അത്യാവശ്യമായി ഒന്നു `പുറത്ത്` പോയി വരണം എന്ന് തോന്നി കമ്പനിയെ സമീപിച്ചാല്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നുപറയും. ഈ പുറത്തുപോകലിന് 'എക്സിറ്റ് റീ എന്‍ട്രി വിസ' ആവശ്യമാണ്. ചെലവുകള്‍ മൊത്തം വഹിക്കാമെന്നു പറഞ്ഞാല്‍ കമ്പനിയുടെ മറുപടി ഇങ്ങനെയായിരിക്കും.
നീ പോയി തിരിച്ചു വന്നില്ലെങ്കിലോ?
എങ്കില്‍ എന്നെ എക്സിറ്റടിച്ചോളൂ.
ഇല്ല കമ്പനി ആരെയും എക്സിറ്റടിക്കില്ല.
എക്സിറ്റ്, റീഎന്‍ട്രി തുടങ്ങിയവ ചെയ്തുതരാന്‍ തൊഴിലുടമയ്ക്കേ പറ്റൂ. എന്തിന് ഒരു ചെറിയ പരാതി പോലീസ് സ്റ്റേഷനില്‍ പറയാന്‍ പോലും തൊഴിലുടമ വേണം.
ഇങ്ങനെ ഒരു മറുപടി ലഭിക്കുമ്പോള്‍ തൊഴിലാളിയുടെ ഉള്ളിലുണ്ടാവുന്ന വികാരം ഞാന്‍ ജയിലിലായി എന്നതാണ്. ഈ ശ്വാസം മുട്ടല്‍ ജയില്‍ ശിക്ഷപോലെ അസഹനീയവുമാണ്. ഇത് ഞാനും ഒരിക്കല്‍ അനുഭവിച്ചതാണ്. താന്‍ പോയി തിരിച്ചു വന്നില്ലെങ്കിലോ എന്ന് ചോദിച്ച് എന്റെ ആനുകൂല്ല്യങ്ങള്‍ തടഞ്ഞുവെച്ചു. അപ്പോള്‍ ഞാനിങ്ങനെ ചോദിച്ചു.
ഞാന്‍ ജനിച്ചത് താങ്കളുടെ കമ്പനിക്ക് പണിചെയ്യാനാണോ? എനിക്ക് സൌകര്യമുണ്ടെങ്കില്‍ വരും. അല്ലെങ്കില്‍ നാട്ടില്‍ വയലില്‍ ചരിഞ്ഞുപെയ്യുന്ന നാല്‍പത്തൊന്നാം നമ്പര്‍ മഴ നോക്കിനില്‍ക്കും. അത് എനിക്ക് ഇത്രയും കാലം പണിചെയ്തതിന് തരാനുള്ള പണം തടഞ്ഞു വെയ്ക്കുന്നതിന് കാരണമാക്കുന്നത് എന്തിനാണ്? അതെന്റെ പണമാണ്. കമ്പനിയുടെ "ഓശാരമല്ല".
അപ്പോള്‍ ഒരു ഹലാലയില്ലാതെ തന്നു.
സ്നേഹം പോലും ചിലപ്പോള്‍ ഇങ്ങനെ അസഹനീയമാവാറുണ്ട്. ഞാന്‍ പണ്ടൊരിക്കല്‍ താമസിച്ചിരുന്ന റൂമില്‍ എനിക്കൊരു സഹമുറിയനുണ്ടായിരുന്നു. ഒമ്പതുമണി കഴിഞ്ഞാല്‍ അയാള്‍ വാതിലില്‍ കാത്തിരിക്കും. ഞാനാവട്ടെ തോന്നിയപോലെയാണ് മുറിയില്‍ വരികയും പോവുകയും ചെയ്യുന്നത്. അങ്ങനെ കഴിയാറുള്ളൂ. അല്ലെങ്കില്‍ അത്തരം ചില സ്വാതന്ത്ര്യങ്ങളില്‍ ഞാനനുഭവിക്കു` സുഖം അനിര്‍വചനിയമാണ്. ഇതൊക്കെ ആദ്യം അംഗീകരിച്ചതും ഇതൊന്നും അയാളെ ഉപദ്രവിക്കില്ല എന്നു ബോധ്യമായതുമാണ്. പ്രശ്നം അതല്ല. ഒമ്പതു മണികഴിഞ്ഞാല്‍ ചോദ്യമാവും. എന്താണിത്രയും വൈകിയത്. ഞാനുറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വൈകുമെങ്കില്‍ പറയണ്ടേ? സംഗതി സ്നേഹം കൊണ്ടാവണം. ഈ സ്നേഹം എന്നെ ശ്വാസം മുട്ടിക്കുന്നു. ഞാന്‍ "മഹസ്സലാമ" പറഞ്ഞു പതിനെട്ടു ദിവസം കൊണ്ട്.
ഈ മാനസികമായ തടവ് (സ്നേഹത്തിന്റെ മാനസികമായ തടവ് തല്‍ക്കാലം ഇതില്‍ നിന്ന് ഒഴിവാക്കാം) മനുഷ്യാവകാശങ്ങളുടെ, സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കുതിര കയറ്റമാണ്. മറ്റു ജി. സി. കളില്‍ ഉള്ളവര്‍ക്ക് ഇത് മനസ്സിലാവില്ല. ഇത്‌തന്നെയാണ് സൌദി അറേബ്യന്‍ പ്രവാസിയെ മറ്റുള്ളവരില്‍ നിന്ന് വിഭിന്നനാക്കുന്നത്.
ഇങ്ങനെ `വളര്‍ത്തുമനുഷ്യരെ` സൃഷ്ടിക്കുന്നില്ല എന്നതും മനുഷ്യന്റെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതില്‍ ലോകത്തില്‍ മറ്റാരേക്കാളും താല്‍പര്യം കാണിക്കും എന്നതുമാണ് ആധുനിക "മുതലാളിത്ത"ത്തില്‍ എനിക്ക് താല്‍പര്യമുണ്ടാക്കുന്നത്. അതുതന്നെയാണ് അവരുടെ വളര്‍ച്ചയ്ക്കും കാരണം. അതിന്റെ ദോഷങ്ങളെയും ചില ഒറ്റപ്പെട്ട സംഭവങ്ങളേയും നമുക്ക് തീര്‍ച്ചയായും ചര്‍ച്ചചെയ്യാം. അപ്പോഴും അവരുടെ പൊതുബോധം മറ്റുള്ളവരേക്കാള്‍ മെച്ചമാണ്. ആബോധത്തിലും മേല്‍പറഞ്ഞ ചവറുകളുണ്ടാവാം. അവര്‍ അവ തിരുത്താന്‍ ആവുന്നത്ര ശ്രമിക്കുന്നു. ആ തിരുത്തിയ ബോധം കോപ്പിയടിച്ചാണ് ഇന്നിക്കാണുന്ന പരിമിത സ്വാതന്ത്ര്യമെങ്കിലും ലഭിക്കുന്നത്. (അപ്പോള്‍ സൌദി അറേബിയ മുതലാളിത്തമല്ലേ എന്നു ചോദിക്കാം. അല്ല അതു മുതലാളിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയ ഫ്യൂഡല്‍ സമൂഹമാണ്)
വിവക്ഷകള്‍
1- സ്വാതന്ത്ര്യം
തീരുമാനമെടുക്കാനും നടപ്പിലാക്കാനും കഴിയുക എന്നത്.
നിബന്ധനകള്‍ക്ക് വിധേയം.
നിബന്ധനകള്‍
മറ്റുള്ളവര്‍ക്കും ഈ സ്വാതന്ത്ര്യമുണ്ടെന്ന് അംഗീകരിക്കലും അനുവദിക്കലും.
പൊതുസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല നമ്മുടെ വ്യക്തിസ്വാതന്ത്ര്യം എന്ന് ഉറപ്പു വരുത്തല്‍. കാരണം സമൂഹം എന്നത് നിലനില്‍ക്കേണ്ടതുണ്ട്.
അത്തരം ചിലകാര്യങ്ങളില്‍ ദേശ, കാല വിധേയമായുണ്ടാക്കുന്ന നീക്കുപോക്കുകളെ അംഗീകരിക്കല്‍
2- വളര്‍ത്തുമനുഷ്യര്‍
ഒരു രാജ്യത്തെ മനുഷ്യര്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവ സര്‍ക്കാര്‍ ലഭ്യമാക്കി അക്വേറിയത്തിലെ മീനുകളെ പോലെ പോറ്റപ്പെടുന്നതാണ് യതാര്‍ഥ സ്വര്‍ഗമെന്നു തെറ്റിദ്ധരിപ്പിക്കുന്ന സിദ്ധാന്തങ്ങള്‍ ഭരണകൂടരൂപമാര്‍ജ്ജിച്ചാല്‍ അവിടെ ജീവിക്കേണ്ടി വരുന്ന ജനങ്ങള്‍
20 comments:
പ്രിയ കല്ലേച്ചി,
ആ 'വളര്‍ത്തു മനുഷ്യനു' ലഭിക്കുന്ന 'സുഖ'ങ്ങളെക്കുറിച്ചാണു (ഇന്‍ഷുറന്‍സ്, ക്രെഡിറ്റ്, ലോണ്‍) നമ്മുടെ ആധി. സ്വാതന്ത്ര്യം എന്നാല്‍ ഇഷ്ടമുള്ളത് 'വാങ്ങാ'നുള്ളതാണെന്നും ലോകമെന്നാല്‍ വിപണിയാണെന്നും കരുതി നമ്മള്‍ സ്വാതന്ത്ര്യം സ്വപ്നം കാണുന്നു. അക്വേറിയത്തിലെ മീനിനെപ്പോലെ കണ്ണാടിയില്‍ സ്വന്തം പ്രതിരൂപം കണ്ട് പുറം ലോകമെന്നു കരുതി സുഷുപ്തിയിലാഴുന്നു. പ്രായോജകരില്ലാത്ത പ്രതീക്ഷകളെ കുഴിച്ചു മൂടുന്നു.
-നല്ല പോസ്റ്റ്...
ഗള്‍ഫുകാര്‍ അനുഭവിക്കുന്ന ഈ മാനസിക അടിമത്തത്തെക്കുറിച്ച് പറഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമായില്ലെന്നു വരും. എന്നാല്‍ മാറുന്ന ലോകസാഹചര്യങ്ങളില്‍ ഈ അടഞ്ഞ ലോകത്തിനു വാതിലുകള്‍ പണിയാന്‍ മലയാളി തന്നെ മുന്നിട്ടിറങ്ങും എന്നൊരാഗ്രഹം ബാക്കി നില്‍ക്കുന്നു. മനുഷ്യനെ കൂട്ടില്‍ തളച്ച് പുല്ലും വെള്ളവും കൊടുത്താല്‍ സ്വാതന്ത്ര്യവാഞ്ച ഇല്ലാതാകുമോ. “ബന്ധുരകാഞ്ജനക്കൂട്ടിലാണെങ്കിലും...”
"ഒരു രാജ്യത്തെ മനുഷ്യര്‍ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവ സര്‍ക്കാര്‍ ലഭ്യമാക്കി അക്വേറിയത്തിലെ മീനുകളെ പോലെ പോറ്റപ്പെടുന്നതാണ്"
സര്‍ക്കാര്‍ എന്നത്, നല്ല ഒരു സമൂഹത്തില്‍ ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കുന്ന ഒരു സംവിധാനമാകണം. അത് ജനങ്ങളില്‍ നിന്ന് അന്യമാവരുത്. അവിടെ, ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, തുടങ്ങിയവ ആര്‍ജ്ജിക്കാനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയുമാണ്.
2. "മനുഷ്യന്റെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതില്‍ ലോകത്തില്‍ മറ്റാരേക്കാളും താല്‍പര്യം കാണിക്കും എന്നതുമാണ് ആധുനിക "മുതലാളിത്ത"ത്തില്"
ഇവിടെ ശക്തമായി വിയോജിക്കേണ്ടി ഇരിക്കുന്നു. മുതലാളിത്തം സ്വാതന്ത്രം ഒന്നും തരുന്നില്ല, പകരം ഉണ്ടെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ്. സോഫ്റ്റ്‍ഡ്രീങ്ക്സ് തന്നതെ എടുക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന നിരവധി ലഘുപാനീയങ്ങളെ ഇല്ലാതാക്കി, പകരം പെപ്സി/കൊക്കക്കോള തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അവര്‍ നമുക്ക് നല്‍കുന്നത്.
ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍, സ്വതന്ത്രസോഫ്റ്റ്‍വെയറുകളുടെ ചെറുത്തുനില്‍പ്പില്ലായിരുന്നെങ്കുല്‍ എന്ത് സ്വാതന്ത്രമാണ് അവര്‍ വച്ചുനീട്ടുന്നത്? Xp യും OS X ഉമോ?
വിദ്യാഭ്യാസത്തില്‍, ഒന്നോ രണ്ടോ ശതമാനത്തിന് ഒരുപാട് സ്വാതന്ത്രം നല്‍കുമ്പോള്‍ ഭഹുഭൂരിപക്ഷത്തിനും അവര്‍ വച്ചുനീട്ടുന്ന സ്വാതന്ത്രം എന്താണ്?.
ഗ്ലോബലൈസേഷന്റെ തുടക്കത്തില്‍ കര്‍ഷകരോട് (പ്രത്യേകിച്ച് കുരുമുളകു കര്‍ഷകരോട്) അവര്‍ പറഞ്ഞത്, ഒരുപാട് ഉപഭോക്താക്കള്‍ നമ്മുടെ വിപണിയില്‍ വരുമെന്നും, ആരെ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം കിട്ടുമെന്നും, അതുവഴി വിലകൂടുതല്‍ കിട്ടുമെന്നുമായിരുന്നു..... അവര്‍ കൊണ്ടുവന്ന സ്വാതന്ത്രത്തിന്റെ വിലയറിയാന്‍ എനിക്ക് ദൂരെയെങ്ങും പോകേണ്ടതില്ല....
നല്ല പോസ്റ്റ്, ആദ്യഭാഗത്തോട് യോജിക്കുന്നു...
(ഈ പോസ്റ്റ് വായിക്കാന്‍ എന്തോ പ്രശ്നം, അക്ഷരങ്ങളെല്ലാം കൂടിക്കിടക്കുന്നതുപോലെ... ടെംപ്ലേറ്റില്‍ എന്തോ പ്രശ്നമുണ്ട് എന്നു തോന്നുന്നു... ഞാന്‍ ഗ്നൂ/ലിനക്സില്‍ ഫയര്‍ഫോക്സ് ഉപയോഗിച്ചാണ് വായിക്കുന്നത്, അതോണ്ടോണോന്നറിയില്ല....)
അല്ലാ അറിയാന്‍ മേലാഞ്ഞിട്ട് ചോദിയ്ക്യാ, സൗദി സായിപ്പിന്റെ വല്ല ക്ഷണപത്രവും കിട്ടിയിട്ടാണോ ആരെങ്കിലുമൊക്കെ അങ്ങോട്ട് പോയത്? ഒരു സ്കൂളിലു ചേര്‍ന്ന, യൂണിഫോമും, റ്റൈയും, കാല്‍സ്രായും, ഷൂവുമോക്ക് അവിടേ ചിലപ്പോ നിയമങ്ങളാവും. അത് പറ്റില്യാന്ന് ഒരു തോന്നലുണ്ടായാ ഒരു പായ കടലാസ്സില്‍ ഒരു റ്റി.സിയ്ക് അപേക്ഷിയ്കുക. അത്ര തന്നെ.
സൗദി അറേബ്യയും ഫ്യൂഡലിസത്തില്‍ നിന്ന് മുതലാളിത്ത പാതയിലേക്ക്!
രണ്ടു കാര്യങ്ങള്‍ ചര്‍ച്ചക്ക് വെക്കുന്നുണ്ട്...
1) മുതലാളിത്തം നല്‍കുന്ന സ്വാതന്ത്ര്യം.
ലോകമെന്നാല്‍ വിപണിയാണെന്നും വിപണിയെന്നാല്‍ കുത്തകവത്കരിച്ച മുതലാളിത്തവത്കരണമാണെന്നും ചോദ്യം ചെയ്യപ്പെടാത്ത വിധത്തില്‍ അത് നമ്മളെ ധരിപ്പിക്കുണ്ട്.
ഈ വിപണിയില്‍ ഏതു സോഫ്റ്റ് ഡ്രിങ്ക് കുടിക്കണമെന്നതാണു സ്വാതന്ത്ര്യം- കോക് വേണോ പെപ്സി വേണോ എന്ന തെരഞ്ഞെടുപ്പ്. ഒരു മനോരമാ ജീവനക്കാരനു ലഭിക്കുന്ന ആനുകൂല്യങ്ങളും 'ലെഷര്‍ ട്രിപ്പും' ശബ്ദവും സ്വപ്നവുമില്ലാത്ത ബെസ്റ്റ് സെല്ലര്‍ ഉല്‍പ്പന്ന മാതൃകകളെ സൃഷ്ടിക്കുമെന്നും മുതലാളിത്തത്തിനറിയാം.
2) ഈ ക്രമത്തിനു വെളിയില്‍ പോയിക്കൂടേ എന്ന ചോദ്യം. രാജ്യാതിര്‍ത്തികളുടെ റഫറന്‍സില്‍ പറഞ്ഞാല്‍ എവിടെ പോകാന്‍! പാലക്കാടന്‍ ഗ്രാമത്തിലെ സ്വച്ഛന്ദതയില്‍ വരെ മാനസികമായ ഒരധിനിവേശത്തിലല്ലേ നമ്മള്‍! ഭാര്യയെ ഏറെ സ്നേഹിക്കുന്നവര്‍ ജാക്സണ്‍ കമ്പനിയുടെ പ്രഷര്‍ കുക്കര്‍ വാങ്ങണം എന്ന പാഠം അതിരുകള്‍ കടന്നെത്തുന്നില്ലേ അവിടെയും!
സമരങ്ങള്‍ക്കു പകരം സമരസപ്പെടണം എന്ന, അതുല്ല്യ ചേച്ചിയുടെ അഭിപ്രായം ഈ അവസ്ഥയുടെ ഒരു സൃഷ്ടി തന്നെയാവുന്നു.
muthalalitham ennathine kammyoonist pakshatthuninnu noakkikkanunnathinu pakaram rantil ninnum thullyamaaya akalam paalicchu nokkikkaanentiyirikkunnu. athu verum kokkakkolanisashan maathramalla. kootuthal pinneetu. ee ororuttharkkum marrupati parrayentathunt.
ജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ ലഭ്യമാക്കുക എന്ന കര്‍ത്തവ്യം സര്‍ക്കാറിനുണ്ട് എന്നതു മാത്രമല്ല അത് കാലികമായി പരിഷകരിക്കപ്പെടേണ്ടതുമുണ്ട്. ഉദാഹരണത്തിന്, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, വിദ്യാഭ്യാസം എന്ന പഴയ പ്രാഥമികാവശ്യങ്ങള്‍ക്കൊപ്പം ഇന്ന് മൊബൈല്‍ ഫോണിന് റൈഞ്ചു കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ ചില കാര്യങ്ങള്‍ നല്‍കുന്നു എന്നതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യത്തില്‍ അനാവശ്യമായ കടന്നുകയറ്റത്തിന് സര്‍ക്കാറുകള്‍ ശ്രമിക്കരുത്. കാരണം സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു അന്ന്യമാവുകയോ പീഡനോപകരണമാവുകയോ ചെയ്യരുത്. അതുതാങ്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അത് സര്‍ക്കാറുകളുടെ കാര്യം. അതും വ്യക്തികളും സംഘടനകളും ഒക്കെ വേറെ വേറെയാണ്.
രണ്ട്. മുതലാളിത്തം എന്നത് ഒന്നിനും കൊള്ളാത്തതാണെന്നു പ്രചരിപ്പിച്ചതു കമ്മ്യൂണിസം അതും പില്‍ക്കാല കമ്മ്യൂണിസമാണ്. അതൊടുക്കം കാര്യങ്ങളെ വളരെ ലഘൂകരിക്കുന്ന അവസ്ഥയില്‍ വരെ ചെന്നെത്തി. അങ്ങനെ, മുതലാളിത്തത്തിന്റെ പര്യായ പദമായി അമേരിക്ക മാറി. അവിടെ തന്നെ ഭരണകൂടം, ഭരണ വര്‍ഗം, സാധാരണക്കാരായ ജനങ്ങള്‍, തൊഴിലാളി വര്‍ഗങ്ങള്‍, കുത്തകകള്‍ ഇങ്ങനെ വിവിധങ്ങളായ കാര്യങ്ങള്‍ ചിത്രത്തിലില്ലാതായി. മറിച്ച് ഒരു അമേരിക്കക്കാരനെ റോഡില്‍ വെച്ചുകണ്ടാല്‍ കല്ലെടുത്തെറിയണമെന്ന ഒരു ത്വരവരെ അതു വളര്‍ന്നു. ഓര്‍ക്കുക, അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വയം ക്ഷയിച്ചില്ലാതായാതാണ്. കാരണം 1800കളിലുള്ള മുതലാളിതന്നെയാണ് ഇന്നത്തേതെന്നും കണ്ട് അയാളോട് അന്നത്തെപ്പോലെ സമരം ചെയ്യാന്‍ നിന്നാല്‍ അതു ശരിയാകുമോ?. അതാണു ഞാന്‍ പറഞ്ഞത് ആധുനിക മുതലാളിത്തം എന്ന്. ഇതിന് തകരാറുകളുണ്ട്. സമ്മതിക്കുന്നു. അതില്ലത്തതാരാണ്. ആരാണ് സാമ്രാജ്യത്വത്തിനു ശ്രമിക്കാതിരുന്നത്?
ഇതിന്റെ തുടര്‍ച്ചയായി ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളിടേണ്ടതുണ്ട്. സദ്ദാം വധം തുടങ്ങിയവ. അപ്പോള്‍ അതേപ്പറ്റി കൂടുതല്‍ പറയാം.
മുതലാളിത്തം സ്വാതന്ത്ര്യം തരുന്നില്ല, തോന്നിപ്പിക്കുകയാണ്. ഇതൊന്നുകൂടി വ്യക്തമാക്കിയാല്‍ കൊള്ളാം. ശങ്കരന്റെ മായവാദമെങ്ങാനുമാണോ? സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ കാര്യമണോ വിഷയം. എങ്കില്‍ കേട്ടോളൂ. സര്‍ക്കാര്‍ ഒരു നിയമം പാസ്സാക്കിയാല്‍ മതിയായിരുന്നു അമേരിക്കയില്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉത്‌പാദിപ്പിക്കരുതെന്ന്. അങ്ങനെ മുതലാളിത്തഭരണകൂടം ചെയ്തില്ല എന്നതാണ് സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള തെളിവ്. മറ്റു ഭരണക്രമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ തത്വശാസ്ത്രത്തിന്റേയും സ്വരാജ്യസ്നേഹത്തിന്റേയും പേരുപറഞ്ഞു ഇത്തരക്കാരെ ജയിലിലടക്കുമായിരുന്നു.
ആഗോളവത്‌കരണം വേറൊരു പോസ്റ്റില്‍ ചര്‍ച്ചയ്ക്കു വെയ്ക്കാം. പിന്നെ ലിനെക്സ്, ഫയര്‍ ഫോക്സ് തുടങ്ങിയവയില്‍ താങ്കളെ സഹായിക്കന്‍ ഞാന്‍ അശക്തനാണ്. ഇത്തരം കാര്യങ്ങളില്‍ വിവരമുള്ള ധാരാളം ആളുകല്‍ നമ്മുടെ സുഹൃദ് വലയത്തിലുണ്ട്. അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു.
അതുല്ല്യ എന്റെ പോസ്റ്റു ശരിക്കു വായിച്ചോന്നറിയില്ല. ഞാന്‍ പറയുന്നത് റ്റി.സി ചോദിച്ചപ്പോള്‍ തരില്ല എന്നു പറഞ്ഞതിനേ പറ്റിയാണ്. സ്കൂളും രാജ്യവും ഒരേപോലെ കാണരുത്. സ്കൂളില്‍ വേണമെങ്കില്‍ ടി.സി യും വേണ്ടെന്നു വെച്ചു പോകാതിരിക്കാം. ഇതങ്ങനെയല്ല. കാര്യം പിടികിട്ടീന്നു കരുതുന്നു.
കയ്യൊപ്പ്
പറയുന്ന ലോകം നാം മുതലാളിത്തത്തിനു വിട്ടുകൊടുത്ത ലോകമാണ്. രണ്ടാമത്തെ ചോദ്യം നമ്മുടെ തകരാറുകളെ മറ്റുള്ളവരുടെ മുകളില്‍ വെച്ചുകെട്ടുന്നതുപോലെ തോന്നുന്നു. വേറൊന്നു, ലോകത്തിന്റെ മാറ്റത്തെയും വികാസത്തേയും എല്ലാ അര്‍ത്ഥത്തിലും ഉള്‍കൊള്ളാന്‍ നമുക്കു കഴിയണം. പിന്നെ സമരങ്ങളും സമരസപ്പെടലും. സമരസപ്പെടേണ്ടെങ്കിലും നമ്മുടെ സമരങ്ങള്‍ കാലത്തിനനുസരീച്ച് പുനര്‍നിര്‍വചിക്കാനും അതിനനുസരിച്ചു മാറ്റാനും നമുക്ക് കഴിയണ്ടെ. 1800കളിലെ കൂലി കൊടുക്കാത്ത് മുതലാളിക്കു പകരം ഇന്നത്തെ മുതലാളി ഒരു തൊഴിലാളിയുടെ മേക്സിമം പൊട്ടെന്‍ഷ്യല്‍ ഉപയോഗിക്കാനാവശ്യമായ എല്ലാം നല്‍കിയാണ് തൊഴിലാളിയെ ചൂഷണം ചെയ്യുന്നത്. അങ്ങനേ ഒരു ഫാക്റ്ററിയില്‍ കൂലികൂടുതലിനു സമരം ചെയ്യണമെന്ന് ഒരു തൊഴിലാളിയോടു പറഞ്ഞു നോക്കൂ. പോയി പണി നോക്കാന്‍ പറയും. അതായത് ഇന്നുള്ള മറ്റു പലതും പത്തു വര്‍ഷം മുന്‍പുള്ള മുതലാളിത്തത്തിന്റെ അത്രയെങ്കിലും മാറേണ്ടിയിരിക്കുന്നു. ഇന്നത്തെ സമരങ്ങളില്‍ മനം മടുത്തവരുടെ സ്വരമാണ് അതുല്ല്യചേച്ചി പ്രകടിപ്പിച്ചത്.
ഇതില്‍ പലതും എന്റെ പോസ്റ്റിനു പുറത്തായിപ്പോയിട്ടുണ്ട്. അതില്‍ കുറച്ചൊക്കെ എന്റെ തകരാറുകളുമുണ്ട്.
പ്രിയ കല്ലേച്ചി.
രണ്ടാമത്തെ ചോദ്യം.
'ചോദ്യം' കൈയൊപ്പിന്റേതല്ല. 'ടി സി വാങ്ങിക്കൂടേ' എന്നതിന്റെ മറുപടി മാത്രം. സമരം ചെയ്യേണ്ടതിനോടെല്ലാം സമരസപ്പെടുന്നത് സമരത്തോടുള്ള വിരക്തി കൊണ്ടു മാത്രമല്ല. താല്‍കാലിക സ്വര്‍ഗ്ഗങ്ങളില്‍ സംതൃപ്തരായി അഭിരമിക്കുന്നതു കൊണ്ടു കൂടിയാണെന്ന്. പറുദീസാനഷ്ടത്തെക്കുറിച്ചോര്‍ക്കുന്നതു കൊണ്ടു കൂടിയാണെന്ന്.
തുറന്ന കമ്പോളമല്ല മുതലാളിത്ത കമ്പോളം. അത് കുത്തകകളുടേതാണു. ചെറു മീനുകളെ വിഴുങ്ങിയ വമ്പന്‍ സ്രാവുകളുടേത്. വിപണിയുടെ വളര്‍ച്ച അല്ല, വലയാണതെന്ന് കൊറിയയും ജപ്പാനും തായ്‌ലന്റും (ഏഷ്യന്‍ പുലികള്‍) അര്‍ജന്റീനയും തൊണ്ണൂറുകളില്‍ കാണിച്ചു തന്നല്ലോ.
സ്വതന്ത്ര സോഫ്റ്റ്വെയറും ഒരു സമരമാണു. കുത്തകകള്‍ക്കെതിരെയുള്ള കലാപം. മോണ്‍സാന്റോക്കെതിരെ കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രതിഷേധം പോലെ ഒന്ന്. അത് വിപണി വിരുദ്ധമല്ല.
ആകാശത്തെ നിയമം കൊണ്ട് മറക്കാനാവില്ലല്ലോ.
"...ഒരു മനോരമാ ജീവനക്കാരനു ലഭിക്കുന്ന ആനുകൂല്യങ്ങളും 'ലെഷര്‍ ട്രിപ്പും' ശബ്ദവും സ്വപ്നവുമില്ലാത്ത ബെസ്റ്റ് സെല്ലര്‍ ഉല്‍പ്പന്ന മാതൃകകളെ സൃഷ്ടിക്കുമെന്നും മുതലാളിത്തത്തിനറിയാം."
-കൈയൊപ്പിന്റെ ആദ്യത്തെ കമന്റില്‍ നിന്നാണു. 'പുതിയ മുതലാളിത്തിനറിയാം' എന്നു വായിച്ചാല്‍ 'കാലത്തിനനുസരിച്ചുള്ള മാറ്റം' എന്ന കല്ലേച്ചിയുടെ നിരീക്ഷണം ചേര്‍ത്തുവെക്കാം എന്നു പ്രതീക്ഷിക്കുന്നു.
നന്ദി കല്ലേച്ചി.
ennal free software chathiyanennan chila kammyoonistu groupkalenkilum parayunnath
കല്ലേച്ചി എഴുതിയ ആദ്യഭാഗത്തോടു പൂര്‍ ണ്ണമായും യോജിക്കുന്നു,
ഒരു ജനതയെ മുഴുവന്‍
അരാഷ്റ്റ്രീയവല്‍ക്കരിച്ച്,
അടക്കിഭരിക്കുന്ന
ഗള്‍ ഫ് രാജാക്കന്‍ മാരുടെ നാട്ടില്‍
സമീപകാലത്ത് വന്ന
ചില സ്വാതന്ത്രങ്ങള്‍ പോലും ലോകജനതയെ ഭയന്നിട്ടാണ്
പക്ഷെ രണ്ടാം ഭാഗം വല്ലാതെ രസിച്ചു!!.
കാരണം മുതലാളിത്തം നല്കിയ സ്വാതന്ത്രം
ആവോളം
കാണുകയും കേള്‍ക്കുകയും
ചെയ്യുന്നവരാണല്ലോ നാം
കൂടുതല്‍ അത്തരം സ്വാതന്ത്രത്തെക്കുറിച്ച് ശേഷം വരുന്നവര്‍
പുകഴ്ത്തും എന്ന പ്രതീക്ഷയോടെ................
(സാമ്യമുള്ള ചില വസ്തുതകള്‍ ഇവിടെ കുറിക്കുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷയോടെ:)
ജനുവരി 11 മുതല്‍ 17 വരെ യു. എ. ഇ-യില്‍ നടക്കുന്ന ആദ്യ 'ഇന്‍ഡോ-ആരബ് സാംസ്കാരികോല്‍സവ'ത്തിന്റെ അറിയിപ്പ് ബൂലോഗത്ത് കണ്ടപ്പോള്‍ വെറുതെ ചിന്തിച്ചു, "ഇവിടെയല്ലാതെ വേറെയേതെങ്കിലും ഗള്‍ഫ് രാജ്യത്തായിരുന്നു ജോലിയെങ്കില്‍ ഒന്ന് പോകാന്‍ കഴിയുമായിരുന്നു" - എന്ന്. അതിനുള്ള സാധ്യതയില്ലാത്തതിനാല്‍ "സാന്നിദ്ധ്യം കൊണ്ടല്ലെങ്കിലും മനസ്സുകൊണ്ട് ഞാനും അവിടെ ഉണ്ടാവും" - എന്നൊരു കമന്റിട്ട് തൃപ്തനായി.
ഒരാഴ്ച്ചയ്ക്കുള്ളില്‍ സംഘാടകരില്‍ ഒരാളായ സുഹൃത്തിന്റെ 'ക്ഷണക്കത്ത്' കിട്ടിയപ്പോള്‍ അല്‍ഭുതപ്പെട്ടുപോയി. ഉള്ളില്‍ തവിഞ്ഞുകിടന്ന കനലുകള്‍ ഒന്നുകൂടി തെളിഞ്ഞു. സന്ദര്‍ശക വിസ, ചിലവുകള്‍, എയര്‍ ടിക്കറ്റ് മുതലായ കാര്യങ്ങളില്‍ മുക്കാല്‍പ്പങ്കും സംഘടകര്‍ വഹിക്കുമെന്നതിനാല്‍ ഈ അവസരം യു. എ. ഇ. സന്ദര്‍ശനത്തിനുള്ള 'സുവര്‍ണ്ണവസര'മാണെന്ന് തോന്നി.
പാസ്‌പോര്‍ട്ട് കോപ്പി സ്‌കാന്‍ ചെയ്ത് അറ്റാച്ച്‌മെന്റാക്കി, വരാനുള്ള സമ്മതം അറിയിച്ചുകൊണ്ട് പ്രിയ സുഹൃത്തിന് മെയിലയച്ചു. ഒരാളെങ്കുലും'സൗദി നിവാസി'യായി പങ്കെടുക്കണമല്ലോ എന്നൊരു സ്വാര്‍ഥതയും ഉണ്ടായിരുന്നു ആ ശ്രമത്തിനു പിന്നില്‍!
ആദ്യമായി അവിടം സന്ദര്‍ശിക്കുകയല്ലേ...! മാത്രവുമല്ല... പ്രമുഖരായ അടൂരും സക്കറിയയും സാറ ടീച്ചറും മേതിലും കെ. ജി. എസ്സ്-ഉം ശിഹാബുദ്ദീനും ഒക്കെയായിട്ടുള്ള ഒന്നാം നിരയും പ്രവാസ ഭൂമികയിലെ ശ്രദ്ധേയരായ എഴുത്തുകാരും അറബി ഭാഷയിലെ പ്രമുഖരും ചലച്ചിത്രരംഗത്തെ പ്രതിഭകളും എല്ലാമെല്ലാം ഒത്തുചേരുന്ന ഒരു മഹോല്‍സവം... എനിക്ക് ഇത്തിരിയൊക്കെ 'ഹാലിളകി'പ്പോയി എന്നത് സത്യം. നാലുദിവസം അവിടെ തങ്ങണം, മെയില്‍ വഴിയും ബൂലോഗം വഴിയും പരിചയമുള്ള ഒത്തിരിയാള്‍ക്കാരെ (സങ്കുചിതമനസ്കന്‍, പെരിങ്ങോടന്‍, ദില്‍ബാസുരന്‍, നേരില്‍ക്കാണാനും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നൊക്കെ തോന്നി.
'മൈ കൊമ്പനി'യില്‍ (എന്റെ കമ്പനിയെന്ന് മലയാളം) ഒന്നാം ബോസ്സിന്റെ അനുവാദത്തിനായി സമീപിച്ച് അദ്ദേഹത്തിന് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിച്ചപ്പോള്‍... "യാഹീ... നീ ഗാംബ്ലിങ്ങിന് പോകുവാണോ?" - എന്ന ചോദ്യം കേട്ട് കുന്തം വിഴുങ്ങേണ്ടിവന്നു. ഒടുവില്‍ അയാള്‍ക്ക് മനസ്സിലായി 'ഇവിടത്തെപ്പോലെ ഉടവാളെടുത്ത് നൃത്തവും പാട്ടുമൊക്കെ നടത്തുന്ന എതോ ഒരു മൈക്കേല്‍ ജാക്സോണ്‍ ദുബായില്‍ വരുന്നുണ്ട്' എന്ന്. നാലുദിവസത്തേക്ക് അദ്ദേഹത്തെ ഞെക്കിപ്പിഴിഞ്ഞ് സമ്മതിപ്പിച്ച്, അപേക്ഷയില്‍ ഒപ്പും ചാര്‍ത്തിച്ച് വലിയമുതലാളിയുടെ അനുവാദത്തിനായി വിശ്വസ്തനായ ജോര്‍ദ്ദാനിയായ സാമ്പത്തിക വിദഗ്‌ദ്ധനെ ഏല്‍പ്പിച്ചു. അയാളാവുമ്പോള്‍ യുക്തിയോടെ അറബി ഭാഷയില്‍ ഉദ്ബോധിപ്പിച്ച് കാര്യം സാധിച്ചെടുത്തോളുമെന്ന് ഞാനും ഉപദേഷ്ടാക്കളായ സുഹൃത്തുക്കളും വിശ്വസിച്ചു.
അടുത്തദിവസം രാവിലെ മറുപടികിട്ടി - വലിയമുതലാളി വക:
"ഇന്ന് അവനൊരുത്തന് ദുബായില്‍ കറങ്ങിവരാന്‍ അനുവാദം കൊടുത്താല്‍ നാളെ പലരും ഇതേ ആവശ്യവുമായി വരും. പോകുന്നവരൊക്കെ അവിടെ ജോലിനേടാന്‍ ശ്രമിക്കും. പിന്നെ അവരാരും തിരിച്ചുവരില്ല. അപേക്ഷ നിരസിച്ചിരിക്കുന്നു."
കണ്ണുതള്ളിപ്പോയി. നിരാശയും രോഷവും... പിന്നെ എന്തെല്ലാമോ! വൈകിട്ട് എയര്‍ അറേബ്യയുടെ ടിക്കറ്റ് വങ്ങിക്കൊള്ളണമെന്ന് ട്രാവല്‍ ഏജന്‍സിക്കാരന്‍ വിളിച്ചറിയിച്ചപ്പോള്‍, "തല്‍ക്കാലം ആവശ്യമില്ല. ഞാന്‍ യാത്ര വേണ്ടെന്നുവെച്ചു.." എന്നു മാത്രം പറഞ്ഞു.
കേവല സ്വതന്ത്ര്യമെന്ന വിഷയം എന്റെ തലയില്‍ തിളച്ചുയര്‍ന്നു. രണ്ടുമൂന്ന് സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ അവരൊക്കെ സമാധാനിപ്പിച്ചു, "എല്ലാം തലേലെഴുത്ത്!"
സുഹൃത്തിന് ക്ഷമാപണക്കത്തയച്ചു. ഞാന്‍ വന്നേക്കുമെന്ന് ബെന്യാമിനോട് പറഞ്ഞിരുന്നു. നാട്ടുകാരനായ എ. എം. മുഹമ്മദിനും മറുകുറിയയക്കണം. തലയ്ക്കൊരു പെര്‍പെരുപ്പ്.
സൗദികള്‍ അവരുടെ വിദേശയാത്രയെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ എന്തൊക്കെ ഉല്‍പ്പെടുത്തുന്നു എന്ന് ഒരു സുഹൃത്തുമായി ചര്‍ച്ച ചെയ്തപ്പോള്‍ അയാള്‍ പറഞ്ഞു. മൂന്നോ നാലോ കാര്യങ്ങള്‍. വളരെ കുറഞ്ഞ ബിസിനസ്സുകാര്‍ക്കു മാത്രമേ വിദേശയാത്ര ഗൗരവമായ പ്രശ്നമാവുകയുള്ളു. സാധാരണക്കാരായ സുഖാന്വേഷികള്‍... നിലവാരമുള്ള മദ്യം ആവോളം ആസ്വദിക്കാനുള്ള അവസരമായും, ആഗ്രഹിക്കുന്ന ലൈംഗികസ്വാതന്ത്ര്യത്തിനുള്ള വഴിയായും, പണമെറിഞ്ഞ് പണം വാരുന്ന 'ഗാംബ്ലിംഗ്' ഉള്‍പ്പെടെയുള്ള വിദ്യകള്‍ക്കോ കാറോട്ടം തുടങ്ങിയ റിസ്കുകള്‍ക്കോ...ഒക്കെയാണെന്ന് വിശകലനബിദ്ധികള്‍ പറയുന്നു. ഡി. എസ്. എഫ്-ഉമായി അനുബന്ധിച്ച് നറ്റക്കാറുള്ള ഒട്ടുമുക്കാല്‍ വാഹനാപകടങ്ങളുടെയും ഒരുപക്ഷത്ത് ഒരു സൗദി ഉണ്ടാവുമെന്ന് എല്ലാവരും പറയുന്നു. അതൊക്കെയാവാം വാസ്തവം. അതുകൊണ്ടാവണം ഒരു സാംസ്കാരികോല്‍സവത്തിന്റെ ബ്രോഷര്‍ കണ്ടിട്ട് "നീ ഗാംബ്ലിംഗിന് പോകുവാണോ?" എന്ന് കൊച്ചുമുതലാളി ചോദിച്ചത്!
എല്ലാം നിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വ്യാകുലത മാത്രമാണ് ശിവപ്രസാദേ. ('കല്ലേച്ചി'മാര്‍ ചിലപ്പോല്‍ ചിലതൊക്കെ പറയുന്നത് അവരുടെ നാവ് ചൊറിയുന്നതിനാലാവാമെന്ന് വര്‍ണ്യത്തിലാശങ്ക!) 'റ്റേക് ഇറ്റ് ഈസി' എന്ന് ആരോ ഉള്ളിലിരുന്ന് ചിരിക്കുന്നു. (കണ്ണുകള്‍ നിറഞ്ഞത് ആരും കണ്ടില്ല.. ങാ പോട്ടെ!)
ഗുണപാഠ ചോദ്യം: ദുബൈയില്‍ കാറോടിക്കുന്ന അതുല്യേച്ചി സൗദിയിലെ ഒട്ടകത്തെ പേടിക്കുന്നതെന്തിന്?
000
കല്ലേച്ചിയുടെ പോസ്റ്റും ശിവപ്രസാദിന്റെ കമന്റും വായിച്ചപ്പോള്‍ പ്രതികരിക്കാന്‍ തോന്നി. അതുല്യാജിയും കൂടെ വായിക്കുമെന്നു കരുതട്ടെ.
സൌദിയില്‍ എന്നെപ്പോലുള്ളവര്‍ (അതുവേണ്ട.. ഞന്‍) ജോലിതേടിവരുന്നതു ഇവിടെ അത്രയ്ക്കു ഇഷ്ടമായതുകൊണ്ടൊ, ഇവിടെ കിടന്നു ചത്താല്‍ മോക്ഷം കിട്ടുമെന്നു കരുതിയോ അല്ല. ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം അത്രയേ കരുതിയിട്ടുള്ളു. എല്ലാവര്‍ക്കും ദുഫായ്ക്കു വരാന്‍ പറ്റില്ലല്ലോ. അങ്ങനെ വരാന്‍ പറ്റാത്തവര്‍ക്കും ജോലി ചെയ്യേണ്ടേ. ഇവിടെ വരുന്നവരൊക്കെ ടി.സി വാങ്ങിപ്പോയാല്‍ പിന്നെ ഈ സൌദി മാമന്മാര്‍ക്കൊക്കെ ജീവിക്കേണ്ടേ. അപ്പൊ പിന്നെ കുറച്ചു സഹിച്ചു ഇവിടെ തന്നെ കഴിയാം എന്നു കരുതുകയാണ്‍ മിക്കവരും.
നാലും അതിനു മുകളിലും മാസങ്ങളിലെ ശമ്പളം കുടിശ്ശികയിട്ടിട്ട് ഒരു മാസത്തെ ശമ്പളം കൊടുക്കുന്ന എത്രയെങ്കിലും കമ്പനികള്‍ ഇവിടെ കാണാം. “ജോലി ചെയ്യുന്നവന്‍ വിയര്‍പ്പിന്റെ വില ആ വിയര്‍പ്പുണങ്ങും മുന്‍പു കൊടുക്കണ”മെന്ന് വി:ഖുറാന്‍ പറയുമ്പോള്‍ ആ നാട്ടില്‍ തന്നെയാണിങ്ങനെ ശമ്പളം കൊടുക്കാതെ ജോലി ചെയ്യിപ്പിക്കുന്നതെന്നോര്‍ക്കണം. ഇവിടെയാണ്‍ അതുല്യയുടെ കമന്റ് വായിക്കേണ്ടതു. “അങ്ങിനെയുള്ളവന്‍ എന്തിനാ അവിടേയ്ക്കു പോയതു/പോയിട്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരികെ പോന്നൂടെ” എന്ന്. അതു ശ്രീമതി അതുല്യ മാത്രമല്ല ഏതൊരാളും ചോദിച്ചുപോകുന്ന ചോദ്യം തന്നെ. (നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ളതു തന്നെ.
“ഓ. അവിടെ ഇപ്പോ പഴയതുപോലൊന്നുമല്ല”
“എന്നാപ്പിന്നെ എന്തിനാ അളിയാ അവിടെ പറ്റിപ്പിടിച്ചു നില്‍ക്കുന്നെ ഇങ്ങു പോരരുതോ?”
എന്ന പോലെയാണിതും. അതിനുള്ള ഉത്തരം:-
1.25 ലക്ഷം മുടക്കിയാവും മിക്കവരും സൌദിയിലേയ്ക്കു വിസ തരപ്പെടുത്തി വരുന്നതു. അതും കിടക്കാടം/പെണ്ണുമ്പിള്ളയുടെ താലിമാല ഒക്കെ വിറ്റിട്ട്. വരുമ്പോള്‍ ഏജന്റ് പറയുന്നതു അവിടെ അതു കിട്ടും ഇതു കിട്ടും എന്നൊക്കെയാവും. ഇവിടെ വന്നുകഴി യുമ്പോഴാവും പറഞ്ഞതിന്റെ പാതി പോലും ഇല്ല എന്നറിയുക. പിന്നെ ഇത്രയും കാശും മുടക്കി വന്നിട്ട് അത്രയുമെങ്കിലും ഇല്ലാതെ എങ്ങിനെ തിരികെ പോകും എന്ന ചിന്തയില്‍ സൌദി പറയുന്ന ശമ്പളത്തില്‍ നില്‍ക്കാന്‍ ബാധ്യസ്ഥനാവുകയാണ്‍ പലരും. തിരികെ പോകുന്നവരും ഇല്ലതില്ല. പക്ഷെ വിരളം.
അതില്‍ തന്നെ ഇഖാമയുടെയും മെഡിക്കലിന്റെയും “വല്ലപ്പോഴും“ നാട്ടിലേയ്ക്കു പോകണമെങ്കില്‍ ആ ടിക്കറ്റിന്റെയും ഒക്കെ കാശ് തരുന്ന നക്കാ-പിച്കാ ശമ്പളത്തില്‍ നിന്നും “പിടിക്യ്ക്കുന്ന” കഫീലന്മാരാണ്‍ ഇവിടെ അധികവും.
ഇതൊക്കെ അറിയാത്തവര്‍ പറഞ്ഞാല്‍ പോട്ടെ വിവരക്കേടെന്നു പറയാം. അല്‍പ്പമെങ്കിലും(പറഞ്ഞ് കേട്ടെങ്കിലും) അറിയാവുന്ന അതുല്യാജി (നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെപ്പോലെ) അങ്ങനെ എഴുതിയതില്‍ ദു:ഖമുണ്ട്.
(അടി ഇരന്നു വാങ്ങുന്ന ശീലം എനിക്കു പണ്ടെയുള്ളതാ...!)
(അടി ഇരന്നു വാങ്ങുന്ന ശീലം എനിക്കു പണ്ടെയുള്ളതാ...!)
dont worry be happy
ഇത് പഴയ അവസ്ഥകളുടെ തുടര്‍ച്ച മാത്രമാണല്ലോ കല്ലേച്ചി! ക്ടാത്തന്‍ പുതിയ തമ്പ്രാക്കളുടെ മുന്നില്‍.
ithonnum orikkalum avasaanikkukayilla. loakam namukku kooti labhikkunna vareykkum. inn mataruteyoa loakatthil naam jeevikkukayaan
എത്താനല്പം വൈകി,
കല്ലാച്ചി,ശിവപ്രസാദ്, നന്ദു തുടങ്ങിയവര്‍ പറഞ്ഞതിന്റെ താഴെ എന്റെയൊരു കയ്യൊപ്പ് കൂടി. ശ്ക്തിയോടെ തന്നെ.
അടിമ രാജ്യത്ത് നിന്നും ഈയുള്ളവന്‍ ..
എത്താനല്പം വൈകി,
കല്ലാച്ചി,ശിവപ്രസാദ്, നന്ദു തുടങ്ങിയവര്‍ പറഞ്ഞതിന്റെ താഴെ എന്റെയൊരു കയ്യൊപ്പ് കൂടി. ശ്ക്തിയോടെ തന്നെ.
അടിമ രാജ്യത്ത് നിന്നും ഈയുള്ളവന്‍ ..ഗള്‍ഫുകാര്‍ അനുഭവിക്കുന്ന ഈ മാനസിക അടിമത്തത്തെക്കുറിച്ച് പറഞ്ഞാല്‍ ആര്‍ക്കും ഇഷ്ടമായില്ലെന്നു വരും.
സര്‍ക്കാര്‍ ഒരു നിയമം പാസ്സാക്കിയാല്‍ മതിയായിരുന്നു അമേരിക്കയില്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉത്‌പാദിപ്പിക്കരുതെന്ന്. അങ്ങനെ മുതലാളിത്തഭരണകൂടം ചെയ്തില്ല എന്നതാണ് സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള തെളിവ്. മറ്റു ഭരണക്രമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ തത്വശാസ്ത്രത്തിന്റേയും സ്വരാജ്യസ്നേഹത്തിന്റേയും പേരുപറഞ്ഞു ഇത്തരക്കാരെ ജയിലിലടക്കുമായിരുന്നു.
good answer.
നല്ല പോസ്റ്റ്
Post a Comment