Sunday, April 23, 2006

ശ്ലീലാശ്ലീലങ്ങളുടെ അതിര്‍ വരമ്പുകള്

‍ശ്ലീലാശ്ലീലങ്ങളുടെ അതിര്‍ വരമ്പുകള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്‌ മറ്റ്‌ എല്ലാത്തിലുമെന്നപോലെ വ്യത്യസ്ഥമായ ധാരാളം ഘടകങ്ങളെ ആശ്രയിച്ചാണ്‌. ആപേക്ഷികമാണെന്ന്‌ ചുരുക്കം.
എനിക്ക്‌ ഹൈസ്കൂളില്‍ ഇംഗ്ലീഷെടുത്തത്‌ ഒരു രുഗ്മിണി ടീച്ചറായിരുന്നു. യുവതിയും സുന്ദരിയുമായിരുന്നു അവര്‍. അവരുടെ സാരിയുടുക്കല്‍ രീതി പ്രമാദം. നിതംമ്പത്തില്‍ നിന്ന്‌ കേറാവുന്നത്ര കേറിയും ജഘനത്തില്‍ "തോന്ന്യാസത്തി"ന്റെ അതിര്‍ വരമ്പോളം ഇറങ്ങിയും ലജ്ജാവിവശകളായ സാരിഞ്ഞൊറികള്‍ സ്വയം മറയ്ക്കുന്നതിനെ ഇടയ്ക്കൊക്കെ ഇടതുകൈയുടെ തള്ളവിരലുകൊണ്ട്‌ പ്രതിരോധിച്ചും അവര്‍ പാസ്സീവ്‌ വോയിസും ആക്ടീവ്‌ വോയ്സും പഠിപ്പിച്ചു. ഒരു കൌമാരക്കാരന്‌ പാസ്സീവും ആക്ടീവുമായി ശ്രദ്ധതെറ്റാന്‍ വേറെന്തുവേണം? എന്തെങ്കിലും ചോദിച്ച്‌ പലപ്പോഴും എന്റെ നേരെ വിരല്‍ ചൂണ്ടി ഉത്തരം മുട്ടി മിഴിച്ചു നില്‍ക്കുമ്പോള്‍ "താനെവിടെയാടോ ശ്രദ്ധിക്കുന്നതെന്ന്‌" ചോദിച്ചാല്‍ രണ്ടക്ഷരം പഠിപ്പിക്കുന്ന അധ്യാപികയല്ലെ ഞാനെന്ത്‌ മറുപടി പറയാനാണ്‌. പണ്ട്‌ എന്‍. എന്‍ പിള്ള പറഞ്ഞ "ബൈ ദ നാച്ച്വറല്‍ ഇന്‍സ്റ്റിംഗ്റ്റ്‌" എന്ന ഉത്തരം പോതും.

അശ്ലീലം എന്നതിന്‌ കൃത്യമായ ഒരു നിര്‍വചനവുമില്ല. കേരളത്തില്‍ ഹിന്ദുക്കളില്‍ മാറുമറയ്ക്കുന്നതായിരുന്നു അശ്ലീലം. 'നിങ്ങളെന്താണ്‌ മാറുമറയ്ക്കാതിരിക്കുന്നത്‌' എന്ന ചോദ്യത്തിന്‌ വടക്കെമലബാറിലെ ഒരു സ്ത്രീ "താനെന്നെ വേശ്യയെപോലെയാണോ പരിഗണിക്കുന്നത്‌" എന്നു കയര്‍ത്തതായി ഒരു സായിപ്പ്‌ രേഖപ്പെടുത്തിയതിനെ ഞാനെവിടെയോ വായിച്ചിട്ടുണ്ട്‌. അന്നു മാറുമറച്ചിരുന്ന സ്ത്രീകളെയൊക്കെ അതായത്‌ മറ്റുമതക്കാരെ, ഇതുപോലെ പരിഗണിച്ചിരുന്നു എന്നു കരുതാം. അല്ലെങ്കില്‍ മാറുമറയ്ക്കല്‍ പുരുഷന്‍മാരില്‍ കാമോദ്ദീപകമായതിനാല്‍ വേശ്യകള്‍ ഈ വഴി സ്വീകരിച്ചിരുന്നു എന്നും കരുതാം. എന്തായാലും മാറുമറയ്ക്കാതിരിക്കലായിരുന്നു കുലസ്ത്രി പരിഗണനയുടെ മാനദണ്‍ഡം. ഇതു മൂത്ത്‌ വലിപ്പത്തിനനുസരിച്ച്‌ മുലക്കരം വരെ ഈടാക്കിയിരുന്ന നാടായിരുന്നു നമ്മുടേത്‌. ഇന്നും വളരെ അത്യാവശ്യത്തിനുമാത്രം ശരീരം മറച്ചു നടക്കുന്നവരെ നമുക്ക്‌ ഇന്ത്യയില്‍ കാണാം. അല്‍പവസ്ത്രധാരിണികളായ നായികമാര്‍ അരങ്ങു തകര്‍ത്താടുന്നത്‌ ഇന്ത്യന്‍ സിനിമകളില്‍ ഒരു സാധാരണ കാഴ്ചയാണ്‌. അതൊരു കുഴപ്പമായി നാമാരും കണ്ടിട്ടില്ല. നാട്ടിന്‍പുറത്തൊക്കെ പൊതുസ്ഥലങ്ങളില്‍ യുവതികള്‍ ഒറ്റമുണ്ടുടുത്ത്‌ കുളിക്കുന്നതു പോലും കാണാം.

താലിബാന്‍ ഭരണത്തില്‍ അഫ്ഘാനിലും, മറ്റു ചില ഇസ്ലാമിക രാജ്യങ്ങളിലും സ്ത്രീ ശരീരം തന്നെ അശ്ലീലമാണ്‌.(മടമ്പിനുമീതെ പര്‍ദ ഉയര്‍ന്നാല്‍ വെടിവെയ്ക്കാനുള്ള ഉത്തരവു നല്‍കിയത്‌ മുല്ലാ ഉമറായിരുന്നു) അത്‌ മൂത്ത്‌ സ്ത്രീകളുടെ ശരീരത്തില്‍ നിന്നുവേര്‍പെട്ട നിലയിലുള്ള ശരീരഭാഗങ്ങള്‍, മുടി, നഖം, പെണ്‍കുഞ്ഞുങ്ങള്‍, സ്ത്രീയാകാവുന്ന ഭ്രൂണം വരെ അശ്ലീലപട്ടികയില്‍ ഉള്‍പെടുത്തപ്പെട്ടിട്ടുണ്ട്‌. ക്രോമോസോമിനെപ്പറ്റി പണ്ട്‌ ജ്ഞാനമില്ലാത്തതിനാലാവാം 'എക്സ്‌' ക്രോമോസോമിനെ ഒഴിവാക്കിയത്‌. കൂടാതെ സ്ത്രീകള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍, സഞ്ചരിക്കുന്ന പാതകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, ബേങ്കുകള്‍ എല്ലാം പുരുഷന്‍മാര്‍ക്ക്‌ വിലക്കപ്പെട്ടിരിക്കുന്ന്‌. (സ്ത്രീകളെന്നുപറഞ്ഞാല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതലാണ്‍)

യൂറോപ്പ്യ‍ന്‍ രാജ്യങ്ങളില്‍ കണങ്കാലില്‍ സൌന്ദര്യം ആരോപിക്കപ്പെട്ടിരിക്കുന്നതിനാല്‍ അത്‌ കാണിക്കുന്നത്‌ സൌന്ദര്യത്തിന്റെ ലക്ഷണമാണ്‌. അതിനാലാവും ഹാഫ്‌ പാവാടയുടുത്ത പ്രമുഖകളായ പലരും കാലിന്‍മേല്‍ കാലുകയറ്റിയിരിക്കുന്നത്‌ ടെലിവിഷനില്‍ കാണാം. ഇങ്ങനെ കഷ്ടപ്പെടുന്നവരില്‍, ഒരു കാല്‍ എടുത്തുമാറ്റേണ്ടി വരുന്ന അവസരത്തില്‍ നില്‍ക്കേണ്ടിവരുന്നവരില്‍, അമേരിക്കന്‍ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറി മാഡ്‌ലിന്‍ ആള്‍ബ്രൈറ്റും ഇപ്പോഴത്തെ സെക്രട്ടറി കോണ്‍ഡലീസ റൈസും ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ്‌ താച്ചറും ഒക്കെപ്പെടും. ബ്രിട്ടനിലെ പ്രധാനമന്ത്രിയായാലും അമേരിക്കയിലെ സെക്രട്ടറിയായാലും ഇവരൊക്കെ അടിസ്ഥാനപരമായി സ്ത്രീകളാണല്ലോ.

ചില സ്ഥലങ്ങളില്‍ ബിക്‌നി ധരിച്ച്‌ പരസ്യമായി ക്യാറ്റ്‌വാക്ക്‌ നടത്തുന്നവരുണ്ട്‌. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉളുപ്പില്ലാതെ. സ്വീഡന്‍ പോലുള്ള ചില സ്ഥലങ്ങളില്‍ നഗ്നത തന്നെ ഒരു പ്രശ്നമേയല്ലത്രെ. ബ്രസീലിലെ ഏതോ ആദിവാസികള്‍ക്കിടയില്‍ പരിമിതമായതോതില്‍ വസ്ത്രമുപയോഗിക്കാന്‍ അതിലെ മൂപ്പനേ അധികാരമുള്ളൂവത്രെ. അവരാവട്ടെ ഒരു വിധം പൊതുസമൂഹവുമായി തട്ടിച്ചു നോക്കുമ്പോള്‍ ആധുനികമായ പല സംവിധാനങ്ങളും ഉപയോഗിക്കുന്നവരുമാണ്‌.
(ഇനിയും എനിക്കു പരിചയമില്ലാത്ത ധാരാളം കാര്യങ്ങള്‍, നാം അശ്ലീലമെന്നു കരുതുന്നവസ്ത്രധാരണ രീതികളും ആചാരങ്ങളും, ഉള്ള അനവധി സ്ഥലങ്ങളുണ്ടാവാം.)
നിരന്തരമായി നിങ്ങള്‍ യാതൊന്നിനെ മറയ്ക്കുന്നുവോ അത്‌ പരസ്യമാക്കാന്‍ നിങ്ങള്‍ക്ക്‌ പ്രയാസമുണ്ടാകും. ഇങ്ങനെ പല നാടുകളിലേയും കാലങ്ങളിലേയും സംസ്കാരം പരിശോധിച്ചാല്‍ ചോദ്യം പിന്നെയും ബാക്കിയാവും, എന്താണ്‌ അശ്ലീലം? മറ്റ്‌എല്ലാറ്റിനേയും പോലെ സ്ഥലകാലങ്ങളാല്‍ നിയന്ത്രിക്കപ്പെടേണ്ട സംസ്കാരത്തിന്റെ ഒരു ഭാഗം

പിന്‍കുറിപ്പ്‌
സൌദിയില്‍ നാലു സ്ത്രീകള്‍ക്ക്‌ ഒരു ടാക്സിയില്‍ പോകാനാവില്ല. മുന്‍പിലത്തെ സീറ്റില്‍ അന്യപുരുഷനൊപ്പം ഇരിക്കുന്നത്‌ കുറ്റകരമാണ്‌. അത്‌ "റിസര്‍വ്ഡ്‌ ഓണ്‍ലി ഫോര്‍ വൈവ്‌സ്‌" ആണ്‌. ഇതു പറയുമ്പോള്‍ നാം നമ്മെ നോക്കിയാണ്‌ ചിരിക്കേണ്ടത്‌. നമ്മുടെ നാട്ടില്‍ ടാക്സികള്‍ ട്രിപ്പടിക്കാറുണ്ട്‌. സ്ത്രീയും പുരുഷനും ഷഫ്‌ള്‍ചെയ്തു മടിയില്‍ കയറി ഇരുന്നാണ്‌ യാത്ര. വേറൊരു അശ്ലീലമാണ്‌ ബസ്സില്‍ തൂങ്ങിനിന്ന്‌ തിരക്കില്‍ യാത്രചെയ്യുക എന്നത്‌ അതിനിടയില്‍ ഒരു സ്ത്രീയും പുരുഷനും സഹകരിച്ചാല്‍ എന്തും നടത്താം. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പുരുഷന്‍/സ്ത്രീ മാത്രം ഇരിക്കുന്ന സീറ്റില്‍ മറ്റൊരു സ്ത്രീ/പുരുഷന്‍ ഇരിക്കുക ഏറ്റവും വലിയ തെറ്റായാണ്‌ പരിഗണിക്കപ്പെടുന്നത്‌. ("സംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതില്‍ കുരുത്തക്കേടുകള്‍ക്കുള്ള പങ്ക്‌" എന്ന വിഷയം ചര്‍ച്ചയ്ക്കുവിടുന്നു) എന്നാല്‍ ഇക്കാര്യത്തില്‍ നാമൊഴികെ മറ്റു സ്റ്റേറ്റിലുള്ളവരെല്ലാം നമ്മേക്കാള്‍ സംസ്കരിക്കപ്പെട്ടവരാണ്‌. അങ്ങനെ ഒരു വിവേചനം മറ്റ്‌എവിടേയും കാണില്ല എന്നുതോന്നുന്നു.

ഫലിതം
കൃഷ്ണമേനോന്‍ ലണ്ടനില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ അടുത്ത വീട്ടിലുള്ള ഒരു ഇംഗ്ലീഷ്‌കാരന്റെ കൂടെ ഒരു സിനിമയ്ക്ക്‌ പോകുന്നതിനു തീരുമാനിച്ചു. ഇതറിഞ്ഞു അയാളുടെ നാലു പെണ്മക്കളും അവരുടെ കൂടെ കൂടി. കൃഷ്ണമേനോനാവട്ടെ കുട്ടികളുടെ ബഹളവും എല്ലാം കൂടെ അസ്വസ്ഥനായിരുന്നു. വരുന്ന വണ്ടികളൊക്കെ ആളുകള്‍ കൂടുതലാണെന്ന കാരണത്താല്‍ അവരെ കയറ്റാതെ ഓടിച്ചുപോയി. അവര്‍ നടന്നു പോകാന്‍ തീരുമാനിച്ചു. നടക്കുന്നതിന്നിടയില്‍ കൃഷ്ണമേനോന്‍ തന്റെ വാക്കിംഗ്‌ സ്റ്റിക്‌ തറയില്‍ തട്ടി റ്റക്ക്‌, റ്റക്ക്‌ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതില്‍ മുഷിവു തോന്നിയ ഇംഗ്ലീഷ്‌കാരന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു. "മിസ്റ്റര്‍ മേനോന്‍, ഒരു റബ്ബറിന്റെ എന്തെങ്കിലും നിന്റെ വടിയുടെ തലക്ക്‌ ഒട്ടിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒച്ചയുണ്ടാകുമായിരുന്നോ?"കൃഷ്ണ മേനോന്‍ ചിരിച്ചു. പിന്നെ ഇങ്ങനെ തിരിച്ചു ചോദിച്ചു."ഇതേ റബ്ബര്‍ വിദ്യയുടെ ബുദ്ധി നീ നേരത്തെ പ്രയോഗിച്ചിരുന്നെങ്കില്‍ നമുക്കിങ്ങനെ നടന്നു കഷ്ടപ്പെടെണ്ടിവരുമായിരുന്നോ?"(ആവശ്യമുള്ളവര്‍ ആലോചിച്ചു ചിരിക്കുക. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ നാണിക്കേണ്ട കല്ലേച്ചിയോടു ചോദിച്ചോളൂ)
-------------------------------------------------------------

10 comments:

ദാവീദ് said...

പറഞ്ഞു വരുന്ന പോയിന്റു ശരിയാണ്. ഓരോ രാജ്യത്തിലെയും സംസ്കാരത്തിലെയും ‘നാട്ടുനടപ്പ്’ വച്ച് ശ്ലീലവും അശ്ലീലവും മാറും എന്ന് തിരിച്ചറിയാന്‍ നമ്മള്‍ ശീലിക്കണം എന്നു മാത്രം.

അതല്ലേ കല്ലേച്ചി പറഞ്ഞു വന്നത് ?

Anonymous said...

എല്ലാ മറയ്ക്കലുകള്‍ക്കുള്ളിലും ഭീകരമായി പൊട്ടുന്ന എന്തോ ഒന്നിന്റെ വയറുകള്‍ തമ്മില്‍ മുട്ടാന്‍ കാത്തിരിപ്പുണ്ടാവും. സദാചാരവാദികളോട് ഭീകരവാദികള്‍ നിപ്പിള്‍ ചോദിക്കാറുണ്ടോ ആവോ?

Anonymous said...

ഞാൻ പുതിയ ബ്ലോഗിടാൻ ശ്രമിക്കുന്നത് രണ്ട് ദിവസമായി. സൌദി അറേബ്യ ഫൂഡൽ സ്വഭാവത്തിൽ നിന്ന് ഉപഭോക്തൃസ്വഭാവത്തിലേക്ക്. നടക്കുന്നില്ല. പബ്ലിഷ് ചെയ്യാനാണ് പറ്റാത്തത്. ദയവായി പറഞു തരൂ.

സുഗതരാജ് പലേരി said...

കല്ലേച്ചി, ഓരോ വ്യക്തിയും വർന്ന് വരുന്ന പരിതസ്ഥിതിയാണ്‌ അവന്റെ വ്യക്തിത്വം നിർണ്ണയിക്കുന്നത്‌. നമ്മൾ പറയുന്ന നാട്ട്നടപ്പ്‌. ഓരോ വ്യക്തിയുടെയും ശ്ലീലാശ്ലീല മാനദണ്ഡം അതിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കുമെന്നാണ്‌ എനിക്കുതോന്നുന്നത്‌.

Anonymous said...

റബര്‍ വിദ്യ മനസ്സിലായില്ല. പറഞ്ഞു തരൂ, പ്ലീസ്...

Anonymous said...

റബര്‍ വിദ്യ മനസ്സിലായില്ല. പറഞ്ഞു തരൂ, പ്ലീസ്...

Unknown said...

കല്ലേച്ചീ,
റബ്ബര്‍ വിദ്യ മനസ്സിലായി.:-D

തീര്‍ച്ചയായും അശ്ലീലം അളക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ്. അത് മനസ്സില്‍ നിന്നാണ് ഉല്‍ഭവിയ്ക്കുന്നതും. വ്യക്തിയുടേതായാലും സമൂഹത്തിന്റേതായാലും. ഫുള്‍ സ്ലീവ് ഷര്‍ട്ടിന്റെ കൈ രണ്ട് മടക്ക് മടക്കിയാല്‍ അശ്ലീലം ഒരു മടക്കാണെങ്കില്‍ കുഴപ്പമില്ല എന്ന രീതിയിലുള്ള weird അശ്ലീല നിര്‍വചനങ്ങളോടും അതിനെ കണ്ണടച്ച് പിന്തുടരുന്നവരോടും എനിയ്ക്കുള്ള വികാരം സഹതാപമാണ്. :-)

ഓടോ: റബ്ബര്‍ വിദ്യ എന്താണെന്ന് കല്ലേച്ചി പറഞ്ഞു തരും. ഒരിക്കല്‍ പറഞ്ഞ് തന്നാല്‍ പിന്നെ ‘മറക്കല്ലേ‘... :-)

Unknown said...

ആഴമുള്ള ഒരു വിഷയം തന്നെ. മനുഷ്യമനസ്സിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ സ്വയം വിചാരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെ തന്നെ തോന്നണമെന്നില്ലല്ലോ?

Anonymous said...

കല്ലൂ,
അതിലിപ്പം ഒളിക്കാനൊന്നുമില്ല. ....
“സാറെ മറക്കല്ലേ.... എന്നും പറഞ്ഞു പോകുന്നിടത്തെല്ലാം ആള്‍ക്കാറ് ഓര്‍മ്മിപ്പിക്കാന്‍ നടക്കുന്ന ഒരു പരസ്യം ഇപ്പോള്‍ മലയാളം ചാനലുകളില്‍ വാരുന്നുണ്ട്. ഇന്നലെ ശ്രീമതി വിളിച്ചപ്പോള്‍ പറഞ്ഞു അതെന്താന്നും ചോദിച്ചു മോന്‍ നടക്കുന്നുണ്ട് എന്തു മറുപടിയാ കൊടുക്കേണ്ടേന്ന്?.
അപ്പോപിന്നെ കല്ലേച്ചിയായിട്ട് ഗോപ്യമാക്കണ്ട.!

ലേഖനം നന്നായി. ഈയിടെ ബ്ലോഗ്ഗര്‍ക്ക് പനി പിടിച്ചിട്ടുണ്ട്. നേരെയാകും.
ഫയര്‍ഫോക്ദ്നോക്കു
അതില്‍ ശരിയകും.

ലേഖനം ഇടാന്‍ നടക്കുന്നില്ല എന്നു തന്നെയല്ലെ ഉദ്ദേശിച്ചതു അതൊ സൌദി ഗവണ്മെന്റ് ഫ്യൂഡല്‍ സ്വഭാവത്തില്‍ നിന്നും ഉപഭോക്ത്രു സ്വഭാവത്തിലെയ്ക്കു പോകുന്നില്ലെന്നൊ?.
W.T.O യില്‍ അംഗമായ ശേഷം എന്തൊക്കെ മാറ്റങ്ങളാണ്‍ വരുത്താ‍ന്‍ അവര്‍ നിറ്ബന്ധിതരാകുന്നതു.

Kaippally said...

താങ്കള്‍ ചൂണ്ടിക്കാട്ടിയ ശ്ലീല/അശ്ലീലതയുടെ അതിര്‍ വരമ്പുകള്‍ സമൂഹങ്ങള്‍ നിശ്ചയിക്കുന്നത് നഗ്നമായ മനുഷ്യ ശരീരത്തിനോടുള്ള അറപ്പും, ലൈങ്കിക വികാരങ്ങളെ കുറിച്ചുള്ള കുറ്റബോധം, സംശയം, അന്ധവിശ്വാസം, അറിവില്ലായ്മയും എല്ലാമാണു.

ഒരു സ്ത്രീ എന്തു് വസ്ത്രം ധരിക്കണം എന്നുള്ളത് പലപ്പോഴും പുരുഷമേധാവിത്യമുള്ള എല്ലാ സമൂഹത്തിലിമുള്ള പുരുഷന്മാര്‍ തന്നെയാണു. ശരീര സൌന്ദര്യം പ്രദര്‍ശിപ്പിക്കണമോ വേണ്ടയോ എന്നുള്ളതു വ്യക്തിപരമായ തീരുമാനമായിരിക്കണം. ഒരു വ്യക്തിയുടെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതില്‍ സമൂഹം എന്തിനു ആകുലപ്പെടണം? വസ്ത്രം വിതാനം ആ വ്യക്തിയുടെ മൌലിക അവകാശമാണു്. അതിനെ വ്യാഖ്യാനിക്കുന്ന സമൂഹം ജോലിയില്ലാത്ത തെണ്ടിപിള്ളേരും.

Higher primates അതായത് great apesല്‍ പെട്ട കുരങ്ങകള്‍, എല്ലാം തന്നെ monogomous ബന്ധങ്ങളില്‍ ജീവിക്കുന്നവയാണു. മറ്റു ആണ്‍ കുരങ്ങുകള്‍ അവന്റെ ഇണയോട് കാമാഭ്യര്ത്ഥന നടത്തുന്ന ആണ്‍ കുരങ്ങുകളെ വിരട്ടി ഓട്ടിക്കാറുണ്ട്. ഈ സ്വഭാവം മനുഷ്യന്റെ പൂര്‍വികരിലും ഉണ്ടായിരുന്നിരിക്കണം.

വസ്ത്രങ്ങളും സമൂഹത്തിന്റെ ലൈങ്കിക ബോധവും തമ്മില്‍ വളരെ അടുത്ത ബന്ധം നിലനില്കുന്നു. ഇന്ന് സമൂഹങ്ങള്‍ നഗ്നതയെ ഭയക്കുന്നത് sexual anarchy ഭയന്നാണു. മനുഷ്യനു തോന്നുന്ന ലൈങ്കിക വികാരങ്ങള്‍ മറച്ചുപിടിക്കാമായിരുന്നു എങ്കില്‍ നാം ജനനേന്ത്രിയങ്ങള്‍ മറക്കുമായിരുന്നില്ല. വികാരങ്ങള്‍ക്കുള്ള് കടിഞ്ഞാണാണു വസ്ത്രങ്ങള്‍.
എന്നാല്‍ മനുഷ്യരെല്ലാവരും നഗ്നരായാല്‍ യാതൊരു sexual tensionsഉം ബാക്കി നില്ക്കില്ല. അപ്പോള്‍ മറകളില്ലാതെ പരസ്പരം വികാരങ്ങള്‍ വിളിച്ചറിയിക്കാം.

കാടു കയറിയോ? സോറി.

വസ്ത്രങ്ങള്‍ പലതിന്റേയും ചിഹ്നങ്ങളായാണു നാം ഇന്നു കാണ്ന്നതു്. സംസ്കാരങ്ങളും, സാമ്പത്തും, മത വിശ്വാസവും, പ്രായവും, പ്രദേശവും എല്ലാം വിളിച്ചറിയിക്കുന്ന ഒരു മറ. ഒരു ലേബല്‍. ഈ മറ മാറ്റിയാല്‍ നാമെല്ലാം സമം. ഒരു utopian scenario യില്‍ എല്ലാവരും നഗ്നരായിരുന്നാല്‍ പൂര്ണമായ സമത്യം നിലനില്ക്കിലേ?

സാധാരണ ജനം മനുഷ്യനും മൃഗവു തമ്മില്‍ തിരിച്ചറിയാന്‍ പലപ്പോഴും എടുത്തു പറയാറുള്ള ഒരു പ്രത്യേകത വസ്ത്രം മാത്രമാണു. മനനം ചെയ്യുന്നവനാണു് മനുഷ്യന്‍ എന്ന കാര്യം അവനറിയുന്നോ?

ഞാന്‍ ഇത വീണ്ടും കാടു കയറി കുരങ്ങന്മാരെ എല്ലാം ചവിട്ടി കൊല്ലുന്നു. ക്ഷമിക്കു.

പിന്നെയും ബാക്കി നില്ക്കുന്നു ചോദ്യം. ശ്ലീല അശ്ലീലങ്ങളുടെ അതിര്‍ വരബ്. അങ്ങനെ ഒന്നുണ്ടായിരുന്നു എങ്കില്‍ എത്ര എളുപ്പമായിരുന്നു ജീവിതം. എത്ര ജീവന്‍ രക്ഷിക്കാമായിരുന്നു. എത്ര യുദ്ധങ്ങള്‍ ഒഴിവാകാമായിരുന്നു. എത്ര ബ്ലൊഗ് പോസ്റ്റുകള്‍ ഒഴിവക്കാമായിരുന്നു.

ഉത്തരം എനിക്കറിയില്ല, പിന്നെ എന്തിനിതെല്ലാം എഴുതി. വേറെ ഒന്നും വായിക്കാനില്ലാത്തതു കൊണ്ടു വയിച്ചു, വിശകലനം ചെയ്തു, അത്രമാത്രം