Saturday, March 18, 2006

പ്രവാസിയല്ല pervasive

ഒരു പ്രവാസിയുടെ ശ്രദ്ധിക്കപ്പെടാതെ പോയ അസ്തിത്വ ദുഃഖമാണിത്‌. (പ്രവാസി എന്ന മലയാള പദത്തേക്കാള്‍ pervasive എന്ന ഇന്‍ഗ്ലീഷ്‌ പദമാണ്‌ നമ്മുടെ അവസ്ഥ സൂചിപ്പിക്കുന്നതിനു യോജ്യം)

തന്തയില്ലായ്മ എന്നൊരു പ്രയോഗം ഭാഷയിലുണ്ട്‌. പാട്രിയാര്‍ക്യല്‍ കുടുമ്പങ്ങള്‍ രൂപപ്പെടുകയും അങ്ങനേയുള്ള സദാചാരത്തിനു പ്രാധാന്യം ലഭിക്കുകയും ചെയ്ത ഒരു കാലഘട്ടത്തിന്റെ സംഭാവനയാവണം ഈ തെറിപ്പദം. സമൂഹം അങ്ങീകരിച്ചാലും ഇല്ലെങ്കിലും അച്ഛന്‍ എന്ന ഒരു ഘടകം മക്കളുണ്ടാവാന്‍ ഇപ്പോഴും അത്യാവശ്യമാണ്‌, അതു ശാസ്ത്രം. പിന്നെ ഇങ്ങനേയൊരു പദം അവഹേളിക്കലായി കരുതപ്പെടുന്നതിന്റെ പ്രസക്തിയെന്താണ്‌?

തന്തയില്ലായ്മ എന്ന പ്രയോഗം കൊണ്ട്‌ അര്‍ഥമാകുന്നത്‌ ഒരിക്കലും ഈ ശാസ്ത്രസത്യമല്ല. മറിച്ച്‌ പുരുഷ പ്രധാനമായ സമൂഹത്തില്‍ പെരുമാറേണ്ട പല പെരുമാറ്റ രീതികളും പാലിക്കപ്പെടേണ്ട പല മര്യാദകളും അതിലുപരി സംസ്കാരവും പാലിക്കപ്പെടുന്നില്ല എന്നതാണ്‌ ഈ പദം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌.

ഒരു കുട്ടി കാര്യങ്ങളെ ഗ്രഹിക്കുന്നത്‌ വളരെ വേഗത്തിലും ആഴത്തിലുമാണ്‌. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു അടിയൊഴുക്കും അവന്‍ അസത്യമോ കളങ്കമോ ആയി മനസ്സിലാക്കുന്നില്ല. അവനെ സംബന്ധിച്ചിടതോളം എല്ലാം അറിവുകള്‍ മാത്രമാണ്‌. അവന്റെ ധാരണയില്‍ അവന്‍ കാണുന്നതാണ്‌ ലോകം. ആദ്യം അത്‌ അമ്മയുടെ മണവും മുലയുടെ ചൂടും മുലപ്പലിന്റെ രുചിയും ഒക്കെയായി തികച്ചും അമ്മയുടെ ഏതാനും ചില ശരീര ഭാഗങ്ങളില്‍ ഒതുങ്ങുന്നു. പിന്നീട്‌ അത്‌ അല്‍പ്പാല്‍പ്പമായി വികസിക്കാന്‍ തുടങ്ങും. കാരണം അയാളുടെ തലച്ചോര്‍ മറ്റെന്തിനേക്കാളും വേഗത്തില്‍ വികാസം പ്രാപിക്കുകയാണ്‌. തലച്ചോറിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ അതില്‍ നിക്ഷേപിക്കുന്ന വിവരങ്ങളാണ്‌ അയാളുടെ പില്‍ക്കാല പെരുമാറ്റങ്ങളെ രൂപപ്പെടുത്തുന്നത്‌. അല്ലെങ്കില്‍ പില്‍ക്കാലത്ത്‌ അയാളുടെ എല്ലാ പെരുമാറ്റ രീതികളിലും ചെറുപ്പത്തില്‍ ലഭിക്കുന്ന ഈ വിവരങ്ങളുടെ ഒരു സ്വാധീനമുണ്ടായിരിക്കും. ഇതിനെ "മാതൃ" എന്ന പദം കൊണ്ട്‌ സൂചിപ്പിക്കാം. ഇവിടെ "മാതൃ" എന്നു പറയുന്നത്‌ മാതാവിന്റെ എന്ന അര്‍ഥത്തിലല്ല കുഞ്ഞായിരിക്കുമ്പോള്‍ ലഭിച്ച ചുറ്റുപാടുകളുടെ സ്വാധീനം എന്ന അര്‍ഥത്തിലാണ്‌. മാതൃ സംസ്കാരം, മാതൃ ഭാഷ തുടങ്ങി.

തലച്ചോറില്‍ ഭാഷ രൂപപ്പെടുന്നതിന്‌ ഒരു യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി നോം അവ്രം ചോംസ്കി നിരീക്ഷിക്കുന്നുണ്ട്‌. ഒരുകുട്ടി രണ്ടുവയസ്സാവുമ്പോഴേക്കും ഇത്രയധികം സങ്കീര്‍ണമായ ഭാഷ പോലെയുള്ള ഒരു പ്രതിഭാസത്തെ കൈവശപ്പെടുത്തുന്നതിലുള്ള അത്ഭുതമാണ്‌ ചോംസ്കിയെ ഇങ്ങനെയൊരു നിരീക്ഷണത്തിലേക്ക്‌ നയിക്കുന്നത്‌. (അദ്ദേഹത്തിന്റെ യു. ജി. തിയറി കാണുക) എനിക്കു തോന്നുന്നു ഈ യന്ത്രം ഭാഷയ്കുമാത്രമായിരിക്കില്ല, മാത്രമല്ല ഒരിക്കല്‍ കാര്യങ്ങള്‍ പകര്‍ത്തിയാല്‍ പിന്നീട്‌ കഴിവുകുറഞ്ഞു വരികയോ അല്ലെങ്കില്‍ ആദ്യം പകര്‍ത്തപ്പെടുന്ന വിവരങ്ങള്‍ക്ക്‌ കീഴ്‌പ്പെട്ടു മാത്രം പില്‍കാല വിവരങ്ങള്‍ ശേഖരിക്കപ്പെടുകയോ ചെയ്യുമായിരിക്കണം. അബോധത്തില്‍ ഈ വിവരങ്ങളാവണം പ്രാധാന്യം നേടുന്നത്‌. ഏെ. റ്റി. കോവൂര്‍ പറഞ്ഞത്‌ ഇവിടെ ശ്രധേയമാണ്‌ "എന്റെ അബോധത്തില്‍ ഞാന്‍ ദൈവത്തെ വിളിക്കും. എന്നാലത്‌ കൃസ്ത്യന്‍ ദൈവമായിരിക്കുകയും ചെയ്യും. എന്നാല്‍ വേണമെങ്കില്‍ ഒരു ദൈവത്തിനേയും വിളിക്കാത്ത ഒരു കുട്ടിയേ വളര്‍ത്താന്‍ എനിക്കാവും" എന്ന്. മതം, സംസ്കാരം, ഭാഷ എന്നിങ്ങനേ മാതൃ എന്ന പദത്തിലുള്‍പ്പെടുത്താവുന്ന ധാരാളം സംഗതികളുണ്ട്‌. നമുക്കറിയാം മതൃഭാഷപോലെ സംവദിക്കപ്പെടുന്ന ഒരുഭാഷയുമില്ല, നിങ്ങള്‍ നൂറുകണക്കിനു ഭാഷകളില്‍ ഡോക്റ്റ്രേറ്റെടുത്ത ആളായാലും ശരി. മറ്റെല്ലാ ഭാഷകളും അധികവും മാതൃ ഭാഷയിലേക്കു തര്‍ജ്ജമചെയ്താണ്‌ മനസ്സിലാക്കപ്പെടുന്നത്‌. കമലാ സുരയ്യയും, എം മുകുന്ദനും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌ ഭാഷകള്‍ കൊണ്ട്‌ അമ്മനമാടിയിട്ടുള്ളവരാണ്‌ അവരൊക്കെ. ചിന്തയുടെ ഭാഷ എന്നത്‌ മാതൃഭാഷ തന്നേയായിരിക്കുമെന്നു ചുരുക്കം. പെരുമാറ്റത്തിലെല്ലാം എല്ലാ തരത്തിലുള്ള മാതൃ ഇടപെടലുകളും ഉണ്ടായിരിക്കുകയും ചെയ്യും.

അറിവു വികസിക്കുന്ന സമയത്താണ്‌ കുട്ടി പിതാവിനെ മണക്കുന്നത്‌. മതാവിനെപ്പോലെ വേറൊരു ജന്തു കൂടി തന്നെ ചുറ്റിപറ്റിയുണ്ടെന്ന് അവന്‍ തിരിച്ചറിയുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കുട്ടികള്‍ ഒരു റോള്‍മോഡലിനെ രൂപപ്പെടുത്തും. ഇങ്ങനെ രൂപപ്പെടുത്തുന്നതില്‍ പിതാവിന്റെ സ്വാധീനമുണ്ടായിരിക്കുമ്പോള്‍ അയാള്‍ക്ക്‌ "പിതൃ" എന്ന അര്‍ഥത്തിലുള്ള പെരുമാറ്റങ്ങള്‍ "മാതൃ" പെരുമാറ്റങ്ങളില്‍ ചില തിരുത്തലുകള്‍ വരുത്തി ക്രമീകരിക്കപ്പെടും. നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ഭൂരിഭാഗം വരുന്ന സ്ത്രീകളും അത്രയൊന്നും ശ്രദ്ധാലുക്കളല്ല ചുറ്റുപാടുകളെ സംബന്ധിച്ച്‌. ജനിച്ചു എന്നതു കൊണ്ടു ജീവിക്കുന്നു എന്നല്ലാതെ ചുറ്റുപാടുകളെ കാര്യമായി നിരീക്ഷിക്കണമെന്നോ അതില്‍ ഇടപെടണമെന്നോ കലഹിക്കണമെന്നോ തല്‍പര്യമില്ലാത്തവരാണ്‌. വിദ്യാഭ്യാസം ഉള്ളവര്‍ പോലും ചുറ്റുപാടുകളുടെ മാറ്റങ്ങളെ തങ്ങള്‍ക്ക്‌ ഉപദ്രവമുണ്ടാക്കും എന്നു തോന്നാത്തിടതോളം ശ്രധിക്കുന്നില്ല. ഇത്‌ പുരുഷന്മാരുടേയും സ്വഭാവമാണെങ്കിലും താരതമ്യേന പുരുഷന്മാര്‍ സ്ത്രീകളേക്കള്‍ ശ്രധാലുക്കളാണ്‌. സാമൂഹ്യ ഇടപാടുകളില്‍ അധികവും പുരുഷന്മാരാകും ഇടപെടുന്നത്‌ എന്നതു കൊണ്ടും ലോക പരിചയം അവര്‍ക്കാണ്‌ (അവരുടെ ലോകമാണ്‌ എന്നതും) കൂടുതലെന്നതുകൊണ്ടുമൊക്കെയാണിങ്ങനെ. പത്താം ക്ലാസ്സു കഴിഞ്ഞ ഒരു പുരുഷന്‍ പോസ്റ്റു ഗ്രാജുവേഷന്‍ കഴിഞ്ഞ സ്ത്രീകളേക്കാള്‍ അനുഭവങ്ങള്‍കൊണ്ട്‌ അവന്റെ ജ്ഞാനത്തെ വര്‍ധിപ്പിച്ചിരിക്കും.

പല അന്ധവിശ്വാസങ്ങളും സ്ത്രീകളാണ്‌ കൊണ്ടു നടക്കുന്നത്‌. തള്ള ദൈവങ്ങളും തന്ത ദൈവങ്ങളും നിലനില്‍ക്കുന്നത്‌ പലപ്പോഴും സ്ത്രീകളുടെ മാനസികാവസ്ഥയുടെ ഈ ഭയം കൊണ്ടാണ്‌. വീട്ടിലെ പുരുഷ പ്രജയെ പിന്നീട്‌ അവളുടെ ഇത്തരം അന്ധ വിഷ്വാസത്തിനനുസരിച്ച്‌ ചലിപ്പിച്ചെടുക്കാനുള്ള തലയണമന്ത്രങ്ങളും കണ്ണീരുകളുമൊക്കെ അവള്‍ പ്രയോഗിക്കും.

ഒരുകുട്ടി അവന്റെ ചുട്ടുപാടുകളില്‍ തന്തയുടെ സാമീപ്യമറിയാതെ വളര്‍ന്നാല്‍ അവന്റെ മനസ്സിലെ ആണ്‍രൂപത്തിനെ പ്രതിനിധീകരിക്കുന്നത്‌ അയല്‍ വീട്ടുകാരനോ, അമ്മാവനോ അതുപോലെയുള്ള മറ്റാരെങ്കിലുമായിരിക്കും. അതോടെ അച്ഛന്റെ പല സൂക്ഷ്മമായ സ്വഭാവങ്ങളും അവനു ലഭിക്കാതെ വരുന്നു. അവന്‍ എന്നു പറഞ്ഞത്‌ കുട്ടികളെ പൊതുവായ അര്‍ഥത്തിലാണെങ്കിലും ആണ്‍കുട്ടികളേയാണ്‌ ഉദ്ദേശിക്കുന്നത്‌. അവരേയാണ്‌ ഇത്‌ കാര്യമായി ഭാധിക്കുന്നത്‌. അതായത്‌ തന്തയില്ലായ്മ എന്ന പ്രയോഗം തന്ത അയാളുടെ ജീവിതനുഭവങ്ങളില്‍ നിന്ന് വളര്‍ത്തിയെടുത്ത ധരാളം പെരുമാറ്റരീതികളെ മക്കളായ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്താന്‍ അവസരം ലഭിക്കാത്ത ആളുകള്‍ എന്നണ്‌ അര്‍ഥം.

ഇതു വയിക്കുന്നവര്‍ തെറ്റിധരിക്കരുത്‌, ഈ അര്‍ഥത്തില്‍ എന്റെ കുട്ടികളെ ഞാന്‍ നിരീക്ഷിക്കുകയാണ്‌ ഞാനും നിങ്ങളുമടങ്ങുന്ന ഒരു പ്രവാസിയുടെ ശ്രദ്ധിക്കപ്പെടാതെ പോയ അസ്തിത്വ ദുഃഖമല്ലേ ഇത്‌.
------------------------------------
ഫലിതം
-------
(കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ)
പോലിസുകാരും പട്ടളക്കരുമായി പണ്ട്‌ നന്ദാവനത്തുവെച്ചു തല്ലുണ്ടായപ്പോള്‍ കണക്കിന്‌ അടികിട്ടിയ ഒരു പോലീസുകാരന്‍ പട്ടാളക്കാരനോടു കയര്‍ത്തു.
"എനിക്കറിയാം ഈ പട്ടാളക്കാരധികവും വീട്ടില്‍ നിന്നകന്നു നില്‍ക്കുന്നതിനാല്‍ കുട്ടികളെങ്കിലും ഇത്രവൃത്തികെട്ടവരാവില്ല. എവിടെയാവും നിങ്ങള്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ ലഭിച്ച മക്കളെ സ്ഥാപിക്കുന്നത്‌?
"അങ്ങനേ സംഭവിക്കുന്ന ചുരുക്കം ചില തെണ്ടികളേയാണ്‌ ഞങ്ങള്‍ പോലീസില്‍ ചേര്‍ക്കുന്നത്‌"

---------------

6 comments:

ദേവന്‍ said...

കല്ലേച്ചി,
ഈ ലേഖനത്തിനൊരടിക്കുറിപ്പെഴുതി തുടങ്ങിയത് വളരെയേറെ വലിപ്പം കൂടിപ്പോയതിനാല്‍ സമകാലികത്തില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട് ഞാന്‍.

Anonymous said...

ദേവരാഗം, ഒരു ലിങ്ക് കൊടുക്കാമായിരുന്നു.ക്രിയേറ്റ്‌ എ ലിങ്ക് എന്നതിലൂടെ.
കല്ലേച്ചിയുടെ ചിന്തകള്‍ നല്ലതാണ്. അപ്പോ കഥകള്‍‌ക്കും കവിതകള്‍കുമൊക്കെയായി വെവ്വ്വ്വേറെ ബ്ലോഗുകള്‍ തുടങൂ.
-സു-

ഉമേഷ്::Umesh said...

കല്ലേച്ചി എഴുതി:

നമുക്കറിയാം മതൃഭാഷപോലെ സംവദിക്കപ്പെടുന്ന ഒരുഭാഷയുമില്ല, നിങ്ങള്‍ നൂറുകണക്കിനു ഭാഷകളില്‍ ഡോക്റ്റ്രേറ്റെടുത്ത ആളായാലും ശരി. മറ്റെല്ലാ ഭാഷകളും അധികവും മാതൃ ഭാഷയിലേക്കു തര്‍ജ്ജമചെയ്താണ്‌ മനസ്സിലാക്കപ്പെടുന്നത്‌.

ഡോ. കെ. എം. ജോര്‍ജ്ജ് ഇതിനെപ്പറ്റി “അമേരിക്കയില്‍ പോയ കഥ” എന്ന യാത്രാവിവരണത്തില്‍ എഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ യാത്രയില്‍ കേട്ട മൂന്നു ചോദ്യങ്ങളില്‍ ഒന്നായ “നിങ്ങള്‍ ഏതു ഭാഷയില്‍ ചിന്തിക്കുന്നു?” എന്ന ചോദ്യത്തെപ്പറ്റി. അതു വായിച്ചതില്‍പ്പിന്നെ ഇതിനെപ്പറ്റി ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ടു്.

ജീവിതത്തിലെ ആദ്യത്തെ പത്തുമുപ്പതു കൊല്ലക്കാലം ഞാന്‍ മലയാളത്തിലാണു ചിന്തിച്ചിരുന്നതു്. മറ്റു ഭാഷകള്‍ പറയേണ്ടി വരുമ്പോള്‍ മലയാളത്തില്‍ ചിന്തിച്ചിട്ടു് ആ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയാണു പറഞ്ഞിരുന്നതു്.

പക്ഷേ കുറെക്കാലമായി എനിക്കു് ഇംഗ്ലീഷിലും ചിന്തിക്കാന്‍ പറ്റുന്നുണ്ടു്. അതായതു്, ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ എനിക്കു് മലയാളം->ഇംഗ്ലീഷ് പരിഭാഷ ആവശ്യമില്ല. വേറേ ഒരു ഭാഷ ഉപയോഗിക്കുമ്പോള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ ചിന്തിച്ചിട്ടു് പരിഭാഷപ്പെടുത്തുകയാണു ചെയ്യുന്നതു്.

എന്റെ കമ്പനിയില്‍ ജോലിചെയ്യുന്ന വിയറ്റ്നാം കാരിയായ ഒരു വലിയ മാനേജര്‍ (അവര്‍ വിയറ്റ്നാമില്‍ ജനിച്ചു് ഫ്രാന്‍സില്‍ പഠിച്ചു് അവിടെത്തന്നെ ജോലി ചെയ്യുന്നു. വല്ലപ്പോഴും ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി അമേരിക്കയില്‍ വരാറുണ്ടു്.) ഇംഗ്ലീഷ് സംസാരിക്കുന്നതു രണ്ടു പരിഭാഷകള്‍ക്കു ശേഷമാണെന്നു് അവര്‍ തന്നെ പറഞ്ഞിട്ടുണ്ടു്. വിയറ്റ്നാമീസ് -> ഫ്രഞ്ച് -> ഇംഗ്ലീഷ്. അവര്‍ വിയറ്റ്നാമില്‍ വച്ചു് ഇംഗ്ലീഷ് പഠിക്കാഞ്ഞതു കൊണ്ടു് നേരിട്ടു് വിയറ്റ്നാമീസ് -> ഇംഗ്ലീഷ് പരിഭാഷ സാദ്ധ്യമല്ല!

ഇങ്ങനെയും സംഭവിക്കാം എന്നു് അപ്പോഴാണു മനസ്സിലായതു്!

രസകരമായ വസ്തുത, സംസാരിക്കാന്‍ മാത്രമാണു് ഈ ബുദ്ധിമുട്ടു് എന്നതാണു്. മറ്റൊരു ഭാഷയിലുള്ള എന്തെങ്കിലും മനസ്സിലാക്കാന്‍ നമുക്കു് മാതൃഭാഷയിലേക്കു പരിഭാഷപ്പെടുത്തേണ്ട ആവശ്യമില്ല. കല്ലേച്ചി പറയുന്നതുപോലെ, ചിന്തയ്ക്കു് ഒരു ഭാഷ ഉള്ളതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നതു്.

വേറേ ആരെങ്കിലും ഈ വഴിക്കു ചിന്തിച്ചിട്ടുണ്ടോ?

viswaprabha വിശ്വപ്രഭ said...

ഓരോരോ ഘട്ടങ്ങളായി എനിക്കും ഇതുപോലെ ചിന്തയുടെ മാദ്ധ്യമം മലയാളം വിട്ട് സന്ദര്‍ഭത്തിനനുസരണമായ ഭാഷയിലേക്കു മാറിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഇംഗ്ലീഷും ഹിന്ദിയും അറബിയും എന്റെ ചിന്തയുടെ ഉപകരണങ്ങളായി മാറുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

യുക്തമായ വാക്കുകള്‍ മലയാളത്തില്‍ പെട്ടെന്ന് ഓര്‍മ്മ വരാത്തതിനാല്‍ മാത്രം, മനപ്പൂര്‍വ്വമല്ലാതെ, നാം ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ക്കുന്നത് ഇതിന്റെ ഭാഗമാണെന്നു തോന്നുന്നു.

ചിന്തയ്ക്കു തന്നെ വ്യക്തമായി വേര്‍പ്പെടുത്താനാവാത്ത രണ്ടു ഭാഗങ്ങളുണ്ട്. അവതരണം വേണ്ടി വരാത്ത, ഭാഷയേ ആവശ്യമില്ലാത്ത ഒറ്റപ്പെട്ട ചിന്താശകലങ്ങളും (Mental Imagery) അവയെ അന്യോന്യം പൊരുത്തപ്പെടുത്തി, ഏച്ചുകൂട്ടി ഉടനെത്തന്നെയോ പിന്നീടോ ആരോടെങ്കിലും സംവദിക്കേണ്ടി വരാവുന്ന വസ്തുതകളാക്കി മാറ്റുന്ന പ്രക്രിയകളും(mnemOnic conception). ഇതില്‍ ആദ്യത്തെ ഭാഗത്തിനു ഭാഷ വേണ്ടി വരില്ല. രണ്ടാമത്തെ ഭാഗത്തിനാണ് ഭാഷ വേണ്ടിവരുന്നത്.(അതെത്ര അവികസിതമാണെങ്കില്‍ പോലും - ഉദാ: മൃഗങ്ങളുടെ പരസ്പരസംവേദനഭാഷ).

ഘടികാരം ഒരിക്കലും സമയം അറിയുവാന്‍ പോകുന്നില്ല, സ്കെയിലിനൊരിക്കലും സ്വന്തം നീളം അളക്കാന്‍ പറ്റില്ല എന്നൊക്കെ പറയുന്നതുപോലെയാണ് ഇക്കാര്യവും. സ്വയം ഉള്ളിലേക്കു തിരിഞ്ഞുനോക്കുവാന്‍ നമുക്കാവില്ല. അതുകൊണ്ട് ചിന്തയുടെ ഭാഷയെ പറ്റിത്തന്നെ നാം ചിന്തിക്കുമ്പോള്‍ ഉടന്‍ ഭാഷ സ്വയം കടന്നുവരികയായി. (മറന്നുപോവാന്‍ ഓര്‍മ്മിക്കാനാവാത്തതുപോലെ)

എന്തായാലും അന്യനുമായുള്ള സംവേദനം എന്ന ഘടകം അടങ്ങുന്ന എല്ലാ അവസരത്തിലും (ഭൂതഭാവിവര്‍ത്തമാനപ്രസക്തിയില്ലാതെത്തന്നെ; വരമൊഴിയോ വായ്മൊഴിയോ ആയാലും) ചിന്തയ്ക്കു ഭാഷയും വാക്കുകളും ആവശ്യം തന്നെ. വാക്കുകളുടെ ശേഖരത്തില്‍ (Cache of vocabulary) ഏതാണോ ഏറ്റവും എളുപ്പം ലഭ്യമായത്, അതുവെച്ചു നാം ചിന്തിക്കും. പക്ഷേ ഈ ശേഖരത്തിലെ ഓരോരോ വാക്കുകളും‍ ഏതു ഭാഷയിലാണെന്നത് ഒരുത്തന്റെ ഭാഷാപരിചയത്തെയും അവന്‍ ആ ചിന്ത ഉപയോഗിക്കാന്‍ പോകുന്ന വേദിയേയും ആശ്രയിച്ചിരിക്കും.

കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളില്‍ Network Layers എന്ന ആശയത്തിലേതുപോലെ മൌലികചിന്തയും അടിസ്ഥാനഭാഷയും പ്രത്യേകഭാഷകളും ഓരോരോ അടുക്കുകളില്‍ ആണെന്നു പറയാം. പക്ഷേ സംവേദനവിജ്ഞാനീയം(Cognitive science) ആ അടുക്കുകളെ ഇനിയും വ്യക്തമായി വേര്‍തിരിച്ചിട്ടില്ലിതുവരെ.


രസകരമായ മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചോട്ടെ: വടക്കുനാട്ടിലേക്കു പോകുന്നതു വരെ വലിയ കുഴപ്പമില്ലാതെ ഒരുവിധമൊക്കെ ശ്വാസം പിടിച്ച് ഏച്ചുകൂട്ടി തമിള്‍ സംസാരിക്കാന്‍ പറ്റുമായിരുന്നു. എന്നോ ഒരിക്കല്‍ ഹിന്ദി തമിഴിനെ മറികടന്നു. ഇപ്പോള്‍ തമിഴ് മാതൃഭാഷ ആയുള്ള ഒരാളോട് (ആ ബോധം വ്യക്തമായി മനസ്സിലുള്ളപ്പോള്‍) തമിഴിലോ ഹിന്ദിയിലോ സംസാരിക്കാന്‍ വയ്യ. രണ്ടു ഭാഷയിലേയും വാക്കുകള്‍ ക്രമരഹിതമായി ധാരാളമായി കടന്നുവന്ന് വാര്‍ത്താലാപം ആകെ കുട്ടിച്ചോറാക്കും! പക്ഷേ ഈ പ്രശ്നം അറബിയിലോ ഇംഗ്ലീഷിലോ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.

നാട്ടില്‍ അവധിക്കു വരുന്ന മലയാളി സംസാരത്തിനിടയില്‍ പുട്ടില്‍ നാളികേരം പോലെ (ഗള്‍ഫുകാരന്‍) അറബിയും (ഉത്തരേന്ത്യന്‍ പ്രവാസി) ഹിന്ദിയും തിരുകിച്ചേര്‍ക്കുന്നതിനെ പണ്ട് യാതൊരു ഉളുപ്പുമില്ലാതെ കളിയാക്കാറുണ്ടായിരുന്നു. പിന്നെ സ്വന്തം ശീലവും ഇങ്ങനെയായപ്പോള്‍ മനസ്സിലായി, ഇതൊക്കെ നമ്മുടെ നിസ്സഹായതകളില്‍ പെട്ടതാണെന്ന്!

ദേവന്‍ said...

സുനില്‍ ഞാന്‍ ലിങ്ക് കൊടുത്തു . കൊടുത്തപ്പോള്‍ അത് അവിടെ അടുത്ത പോസ്റ്റ് ആയി. അവസ്സാനം എന്തൊക്കെയോ ചെയ്തു ഇച്ചേലിക്കാക്കി
(ഓ ടോ. കാസറഗോട്ടുകാര്‍ക്ക് “ആക്കി “ പ്രയോഗം വളരെ കൂടുതലാണ്. ഒരു കാസറഗോടന്‍ ഒപ്പന
“റസാക്കിന്‍റെ കാവാസാക്കി
ഒരെമ്പോക്കി ഹലാക്കാക്കി
വെളിവില്ലാത്ത സ്പീഡാക്കി
അവനെങ്ങോട്ടോ കണക്കാക്കി
തോടും ചാടി സുയിപ്പാക്കി
ദേ കെടക്കണു താഴെ രണ്ടാക്കി)

Anonymous said...

ശീലം വേലികെട്ടിയ വളര്‍ച്ചയാണ്‌