Thursday, March 16, 2006

പെണ്ണെഴുത്ത്‌

പെണ്ണെഴുത്ത്‌ എന്നൊരു വിഷയം ചര്‍ച്ചയ്ക്ക്‌ വരുമ്പോള്‍ സാധാരണ കണ്ടുവരാറുള്ള ഒരു അനുഭവം മറ്റുപല എഴുത്തുകളേയും അതില്‍ കൂട്ടിക്കലര്‍ത്താന്‍ ശ്രമിക്കുന്നതാണ്‌. മ്മറ്റൊരെഴുത്തുപോലെയുമല്ല പെണ്ണെഴുത്ത്‌ എന്നത്‌. അത്‌ പ്രകൃതിയുടെതന്നെ വര്‍ഗ്ഗീകരണവുമായി ബന്ധപ്പെട്ടതാണ്‌. മനുഷ്യന്‍ എന്നത്‌ സ്ത്രീ പുരുഷദ്ദ്വയത്തിനു പറയുന്ന പേരാണ്‌. അവയില്‍ ഒന്നിനെ എടുത്തുകളഞ്ഞാല്‍ പിന്നെ അവിടെ മനുഷ്യന്‍ എന്ന പേരിന്‍ അത്ര വലിയ പ്രസക്തിയില്ല. പിന്നീട്‌ അവ സ്ത്രീ എന്നും പുരുഷനെന്നും വേര്‍തിരിയുന്നു. ദളിതെഴുത്ത്‌, പ്രവാസ രചന തുടങ്ങിയ പാര്‍ശ്വവല്‍കൃത രചനകളൊക്കെ നിലനിന്നോട്ടെ. അത്തരം വര്‍ഗീകരണം വേണോ വേണ്ടെയോ എന്നത്‌ മറ്റൊരു ചര്‍ച്ചയായി നമുക്ക്‌ മാറ്റിവെയ്ക്കാം. ഏന്നാല്‍ ഇവയില്‍ നിന്നൊക്കെ വിഭിന്നമായതാണ്‌ പെണ്ണെഴുത്ത്‌ എന്ന സങ്കല്‍പം.

സ്ത്രീ എന്നത്‌ പ്രകൃതി തന്നെ നിശ്ച്ചയിച്ചിട്ടുള്ള വര്‍ഗീകരണമാണ്‌ എന്നുപറഞ്ഞുവല്ലോ. പ്രകൃതിക്ക്‌ അതിന്റേതായ വിശദീകരണവുമുണ്ട്‌ അതിന്‌. എന്നാല്‍ മറ്റെല്ലാ വര്‍ഗീകരണങ്ങളും മനുഷ്യന്റെ ഇടപെടല്‍കൊണ്ടോ സാഹചര്യങ്ങള്‍ കൊണ്ടോ പിന്നീടുണ്ടായതാണ്‌. മനുഷ്യന്‍ എന്ന തികച്ചും തുല്ല്യപ്രാധാന്യമുള്ള രണ്ട്‌ ദ്വന്ദ്വങ്ങളില്‍ ഒന്ന് കായിക ശക്തികൊണ്ട്‌ തന്റെ അനാഥ ബോധത്തെ മറികടക്കുന്നതിന്‌ (ഇതു കുടുമ്പം, ലിംഗപരമായ ചില വ്യത്യാസങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി വിശാലമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്‌.) മറ്റൊന്നിന്റെ സ്വാതന്ത്ര്യത്തെ പിടിച്ചെടുത്തതില്‍ നിന്നുള്ള മോചനമാണ്‌ സ്ത്രീ സ്വാതന്ത്ര്യം കൊണ്ട്‌ അര്‍ഥമാക്കുന്നത്‌. പെണ്ണെഴുത്‌ സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തിയെ ചര്‍ച്ച ചെയ്യാനാവൂ. അവിഷ്കാരം എന്നത്‌ പ്രാഥമികമായ സ്വാതന്ത്ര്യമാണ്‌.

സ്ത്രീ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളെ നിരീക്ഷിക്കുമ്പോള്‍ മൂന്നു വ്യത്യസ്തമായ ധാരകള്‍ നമുക്ക്‌ കണാനാവും. അവയിലൊന്ന്‌ സ്വാതന്ത്ര്യത്തിന്റെ മൊത്തം കുത്തക പുരുഷനാകയാല്‍ പുരുഷനായി സ്വാതന്ത്ര്യം നേടുക എന്നതാണ്‌. ഇതധികവും പുരുഷനാവാന്‍ കൊതിച്ച്‌ നടക്കാതെ പോയ സ്ത്രീകളുടെ മോഹഭംഗത്തിന്റെ പ്രതിഫലനമായേ കാണാനാവൂ. ഇതേതാണ്ട്‌ അധികാരം ഭൂര്‍ഷ്വാ പാര്‍ട്ടികളാണ്‌ കൈകാര്യം ചെയ്യുന്നത്‌ എന്നതിനാല്‍ ഭൂര്‍ഷ്വാ സ്വഭാവത്തിലേക്കു മാറി അധികാരം പിടിച്ചെടുക്കാന്‍ കമ്മൂണിസ്റ്റുകള്‍ കാണിക്കുന്ന വ്യഗ്രത പോലെ ഒരു അപചയമാണ്‌.

രണ്ടാമത്തെ ധാര ഇത്രയും കാലം സ്വതന്ത്ര്യം കൈകാര്യം ചെയ്തതു പുരുഷന്മാരാണ്‌ അതിനാല്‍ അവരോടു പ്രതികാരം ചെയ്യാന്‍ അധികാരവും സ്വാതന്ത്ര്യവും കയ്യടക്കിയിട്ട്‌ അവരെ അടിമയാക്കിയിട്ടു വേണം എന്നു കരുതുന്ന തരത്തിലുള്ളതാണ്‌. ഇതേതാണ്ട്‌ ദളിതന്‌ അധികാരം ലഭിച്ചിട്ടു വേണം നമ്പൂതിരിയെ 60 വാര അകലേ നിര്‍ത്തി കഞ്ഞി പകര്‍ന്നു കൊടുക്കാന്‍ എന്നതു പോലേയുള്ള പ്രതികരവാഞ്ഛാ അപചയമാണ്‌. മന്ത്‌ ഒരു കാലില്‍ നിന്നു മറ്റേ കാലിലേക്കു മാറുമ്പോഴുള്ള മാറ്റമേ ഇതുകൊണ്ടുണ്ടാവൂ.

മൂന്നാമത്തേതും ശരിയായതും എന്നാല്‍ വളരെ നേര്‍ത്തതുമായ ധാരയായി യതാര്‍ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത്‌ സ്ത്രീ എന്ന മനുഷ്യധ്വയത്തെ തിരിച്ചറിയുകയും തുല്ല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്‌. ഇതാണ്‌ ഞാന്‍ പറഞ്ഞത്‌ ആത്യന്തികമായുണ്ടാകേണ്ടതു മനുഷ്യന്റെ പൊതുഭാഷയാണെന്ന്‌. ഇപ്പറഞ്ഞതിനെല്ലാം കേരളത്തില്‍ നിന്നു തന്നെ ഉദാഹരണങ്ങള്‍ നമുക്ക്‌ കണ്ടെത്താവുന്നതാണ്‌.

മനുഷ്യന്റെ മൊത്തം ജനസംഖ്യയില്‍ പകുതിയിലേറെ സ്ത്രീകളാണ്‌. ലിംഗപരമായ വ്യതിയാനം എന്നത്‌ മറ്റൊരു വ്യത്യാസം പോലെയല്ല. അത്‌ ക്രോമൊസോമുകളിലും ജീനുകളിലുമുള്ള വ്യതിയാനമാണ്‌, അടിസ്ഥാനപരമായ വ്യതിയാനമാണ്‌. അത്ര അടിസ്ഥാനപരമയ മറ്റൊരു വര്‍ഗീകരണവുമില്ല. ഈ വ്യതിയാനം മറ്റു ധാരാളം ജൈവപരമായ ഭിന്നതകളും വികാരങ്ങളും ഉത്‌പാദിപ്പിക്കുന്നുണ്ട്‌. അവപ്രകടിപ്പിക്കുന്നതിനാണ്‌ അവര്‍ക്ക്‌ ഭാഷ വേണമെന്നു പറയുന്നത്‌. അത്‌ മനുഷ്യന്റെ വിമോചനവുമായി ബന്ധപ്പെട്ടതാണ്‌. കാരണം മനുഷ്യന്‍ പൂര്‍ണ സ്വതന്ത്രനാവുന്നതിനു, പൂര്‍ണമായി സംസാരിക്കപ്പെടുന്നതിന്‌ രണ്ടുപകുതിയും അത്‌ ആര്‍ജ്ജിക്കേണ്ടതുണ്ട്‌.

മറ്റെല്ലാ വ്യത്യാസങ്ങളും വേണമെങ്കില്‍ മാറ്റിയെടുക്കവുന്നതാണ്‌. അതായത്‌ അതത്ര ശാശ്വതമായതൊന്നുമല്ല. ഏന്നാല്‍ സ്ത്രീ പുരുഷ വ്യതിയാനങ്ങളില്‍ ഒന്നിനെ വേറൊന്നില്‍ ലയിപ്പിച്ചോ നശിപ്പിച്ചോ നമുക്ക്‌ അവസാനിപ്പിക്കാനാവില്ല. ഭാഷയില്‍, വ്യകരണത്തില്‍ എല്ലാം ധാരാളം സ്ത്രൈണത നിലവിലുണ്ട്‌. എന്നാല്‍ അതു ആവശ്യമുള്ളതിനെ മാത്രം അവന്‍ വളര്‍ത്തിയെടുത്തിട്ടുണ്ടായതാണ്‌. ഇതുപോലെ അടിച്ചമത്തപെട്ടവര്‍ക്കും അടിമകള്‍ക്കും ഒക്കെ വേണ്ടി ഭാഷ വളര്‍ത്തപ്പെട്ടിട്ടുണ്ടാവണം. അവ അത്രയ്ക്ക്‌ പ്രകടമല്ല, അല്ലാതെയും ഭഷയ്ക്കു നിലനിലക്കാനാവും.

1 comment:

ഡാലി said...

കല്ലേച്ചി, ഇങ്ങനെ ഒന്ന് എഴുതിയിട്ടുണ്ട് ഈ പോ‍സ്റ്റിനെ കുറിച്ചും, ഇതിനു മുന്‍പത്തെ പെണ്ണെഴുത്തു പോസ്റ്റിനെ കുറിച്ചും
http://vanithalokam.blogspot.com/2007/08/blog-post_20.html